ഭീകരവാദവും മാരകരോഗങ്ങളും: ബോധവത്ക്കരണം അത്യാവശ്യം: പ. കാതോലിക്കാ ബാവാ


കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 8 മുതല്‍ 12 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്നു.

മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും തടയാന്‍ വ്യാപകമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ ഉള്‍പ്പെടെയുളള മാരക രോഗങ്ങള്‍ക്ക് ഇരയാകുന്ന നിര്‍ധനര്‍ക്ക് ചികിത്സ സഹായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് പ. ബാവാ ആഹ്വാനം ചെയ്തു. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചരമ ദ്വിശതാബ്ദി സമാപനം: ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് മുഖ്യാതിഥി

കോട്ടയം. പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന്‍റെ ചരമ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും. എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗം നവംബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് അംഗീകാരം നല്‍കി.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. സഖറിയ മാര്‍ അന്തോണിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ ധ്യാനം നയിച്ചു.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖറിയാസ് മാര്‍ നിക്കോളാവോസിനെ യോഗം അഭിനന്ദിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ. ഡോ. ഒ. തോമസ്, ഫാ ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ഏബ്രഹാം തോമസ്, ഫാ. എം. സി. കുര്യാക്കോസ്, ഫാ. എം. സി. പൗലോസ് എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

വനിതാ പ്രാതിനിധ്യം മെത്രാസന കൗണ്‍സിലിലേക്കും മെത്രാസന പൊതുയോഗത്തിലേക്കും വ്യാപിപ്പിക്കുവാനായി വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി എന്നിവയില്‍ അവതരിപ്പിച്ച് ഭരണഘടനാ ഭേദഗതി വരുത്തുവാനായി റൂള്‍സ് കമ്മിറ്റിക്കു വിടുവാന്‍ സുന്നഹദോസ് ഏകാഭിപ്രായമായി ശുപാര്‍ശ ചെയ്തു.

“ഇനി മുതല്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ ആസ്ഥാന ദൈവാലയം ഒഴികെയുള്ള യാതൊരു പള്ളികള്‍ക്കും കത്തീഡ്രല്‍ പദവി അനുവദിച്ചു നല്‍കുന്നതല്ല” എന്ന് 2010 ഫെബ്രുവരി സുന്നഹദോസില്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനം ഭേദഗതി ചെയ്യേണ്ടതില്ല എന്ന് സുന്നഹദോസ് ഏകാഭിപ്രായമായി നിശ്ചയിച്ചു.