കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ദീപികയ്ക്കുവേണ്ടി ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ-ന് അനുവദിച്ച അഭിമുഖത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തന്റെ കാഴ്ചപ്പാടു വ്യക്തമാക്കിയത്. ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് ഊർജം നൽകുകയാണ് നമ്മുടെ കടമ. ചരിത്രത്തിന്റെ ഭാഗമായുണ്ടായ അകൽച്ചകൾ പരസ്പര സംവാദങ്ങളിലൂടെയാണ് ഇല്ലാതാകുന്നതെന്നും കാതോലിക്കാബാവ അഭിമുഖത്തിൽ വിശദീകരിച്ചു.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
കത്തോലിക്ക-ഓർത്തഡോക്സ് സഭകളുടെ മേലധ്യക്ഷന്മാർ തമ്മിൽ 1964ൽ ആരംഭിച്ച കൂടിക്കാഴ്ചകളിൽ പുതിയൊരു ചരിത്രം കൂട്ടിച്ചേർത്തുകൊണ്ടാണ് അങ്ങ് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ചിരിക്കുന്നത്. ചരിത്രപരമായ ഈ കൂടിക്കാഴ്ചയെ എങ്ങനെ വിലയിരുത്തുന്നു?
വളരെയേറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ സന്ദർശനത്തെയും ഇതിന്റെ പരിണാമത്തെയും നോക്കിക്കാണുന്നത്. വളരെയേറെ നാളുകൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച രണ്ടു സഭകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഐക്യത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണ് എന്റെ മുൻഗാമികൾ ഇവിടെ വന്ന് മാർപാപ്പമാരെ കാണുകയും, മാർപാപ്പ കേരളത്തിലെത്തിയപ്പോൾ കാതോലിക്കാബാവയെ സന്ദർശിക്കുകയും ചെയ്ത്. പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ കൂടിക്കാഴ്ചകൾ. പൂർണമായ ഐക്യത്തിലേക്കെത്തുന്ന ഈ യാത്രയിൽ ഒരു കണ്ണിയാകുവാൻ സാധിച്ചതിൽ ഞാനും അഭിമാനം കൊള്ളുന്നു. ഈ പറഞ്ഞ ഐക്യം ഒരുപക്ഷേ എന്റെ കാലത്താവുകയില്ലെങ്കിലും വരാനിരിക്കുന്ന കാലത്ത് സംഭവിച്ചേക്കാമെങ്കിൽ അതിനൊരു ചെറിയ കൈത്താങ്ങായി എന്നു കരുതാനാണ് എനിക്കിഷ്ടം.
മാത്രമല്ല, 1964ൽ പോൾ ആറാമൻ മാർപാപ്പയുടെ കാലത്ത് ആരംഭിച്ച ഊഷ്മളമായ ഈ ബന്ധം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയിൽ പരിശുദ്ധാത്മാവുണ്ടെന്നു നമ്മൾ പറയുന്നു, ഐക്യത്തിന്റെ ഈ ആത്മാവ് ഇന്നു നമ്മിലൂടെയാണ് പ്രവർത്തിക്കുന്നത്. നമ്മൾ വെറും ഉപകരണങ്ങൾ മാത്രമാണ്. ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് ഊർജം നൽകുകയാണ് നമ്മുടെ കടമ.
ചരിത്രത്തിന്റെ ഭാഗമായുണ്ടായ അകൽച്ചകൾ പരസ്പര സംവാദങ്ങളിലൂടെയാണ് ഇല്ലാതാകുന്നത്. റോമിലും വിയന്നയിലുമൊക്കെ നടന്ന ചർച്ചകൾ, ഒന്നിച്ചു പഠിച്ച വൈദികരുടെയിടയിലെ ഊഷ്മളമായ ബന്ധം എന്നിവയെല്ലാം പരസ്പരമുള്ള അകലം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇങ്ങനെ എല്ലാക്കാലത്തും ഈ പരസ്പര സംവേദനത്തിനു തുറന്ന മനസു കാണിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഇടയധർമമാണ്. ഈ കൂടിക്കാഴ്ചയും ആ ചരിത്ര നിയോഗത്തിന്റെ ഭാഗമായാണ് ഞാൻ കാണുന്നത്.
ഈ കൂടിക്കാഴ്ചയിൽ അങ്ങയുടെ സന്ദേശം ആരംഭിച്ചത്, ഒരു കർത്താവും ഒരു മാമ്മോദീസായും ഒരു വിശ്വാസവുമാണുള്ളത് എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്. അങ്ങനെയെങ്കിൽ കത്തോലിക്കാ സഭയുമായുള്ള കൗദാശികമായ ഐക്യത്തിലേക്കുള്ള ഒരു ചുവടുവയ്പായി ഈ കൂടിക്കാഴ്ചയെ വ്യഖ്യാനിക്കുന്നതിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായമെന്താണ്?
കൗദാശികമായ ഐക്യത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ നമ്മൾ ഇതിനോടകം എടുത്തിട്ടുണ്ട്. ഒരു ഓർത്തഡോക്സ് വൈദികന്റെപോലും സേവനം ലഭ്യമല്ലാത്ത ഇടങ്ങളിൽ വിശുദ്ധ കുർബാനയും തൈലാഭിഷേകവും പോലുള്ള അവശ്യഘട്ടങ്ങൾ സംജാതമായാൽ കത്തോലിക്കാ വൈദികരുടെ സേവനം സ്വീകരിക്കാമെന്ന് സഭ തീരുമാനം എടുത്തിട്ടുണ്ട്. അതേപോലെ തന്നെ തിരിച്ചും. കൂടാതെ, ഓർത്തഡോക്സ് പള്ളികൾ ഇല്ലാത്ത ഇടങ്ങളിൽ വിശ്വാസികളുടെ മരണ നേരത്ത് കത്തോലിക്കാ ദേവാലയങ്ങളുടെ സെമിത്തേരിയിൽ മൃതസംസ്കാരം നടത്താനുള്ള സമ്മതവും ഇരുസഭകളും തമ്മിലുണ്ടായിട്ടുള്ളതാണ്.
ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ചപ്പോൾ അങ്ങ് സൂചിപ്പിച്ച, ‘വൈദികരുടെ ഒന്നിച്ചുള്ള തീർഥാടനം’ എങ്ങനെ പ്രായോഗികമാക്കാം എന്ന് വിശദമാക്കാമോ?
സഭകളിലെ വൈദികരുടെ ഒന്നിച്ചുള്ള തീർഥാടനം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓർത്തഡോക്സ് വൈദികർ റോമിൽ എത്തുകയും കത്തോലിക്കാ വൈദികരുമായി ഒന്നിച്ചു പഠനം നടത്തുകയും ചെയ്യുന്നത് ഇരുസഭകൾക്കും ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്. അതേപോലെതന്നെ കത്തോലിക്കാ വൈദികർക്കും വിദ്യാർഥികൾക്കും ഡൽഹിയിലോ ചെന്നൈയിലോ മുംബൈയിലോ കേരളത്തിലോ, ഓർത്തഡോക്സ് സഭയുടെ പഠന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
പരസ്പരമുള്ള ആശയവിനിമയം ഇതിലൂടെ സാധ്യമാവുകയും ഇരുസഭകളുടെയും സമൂഹത്തിന്റെയും വളർച്ച പരസ്പര പൂരകമാവുകയും ചെയ്യും എന്നതാണ് ഇതിന്റെ പരിണിതഫലം. ഇതുപോലുള്ള പരസ്പര ബന്ധിതമായ വളർച്ചയില്ലാതെ നമുക്ക് ഇന്നത്തെ കാലത്ത് മുന്നോട്ടു പോകാനാവില്ല എന്നത് ഒരു വസ്തുതയാണ്. ഒരുമിച്ചു യാത്ര ചെയ്യുക എന്നു പറഞ്ഞാൽ ഒരു സഭയുടെ ആരാധനക്രമ വ്യക്തിത്വം നഷ്ടപ്പെടുത്തുക എന്നർഥമില്ല. ഉദാഹരണത്തിന് ഒരു കത്തോലിക്കാ വൈദികൻ കോട്ടയം ദേവലോകത്ത് പഠനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വന്നാൽ അദ്ദേഹത്തിന്റേതായ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സൗകര്യം അവിടെയുണ്ട്.
റോമിലും റഷ്യയിലും ഞാൻ വിദ്യാർഥിയായിരുന്ന കാലത്തു പഠിച്ചിരുന്ന യൂണിവേഴ്സിറ്റികളെല്ലാം എനിക്ക് ആ സൗകര്യം ചെയ്തു തന്നത് ഞാൻ നന്ദിയോടെ ഓർക്കുന്നു. വിവിധ സഭാ സംസ്കാരങ്ങളോടുള്ള തുറവി യഥാർഥത്തിൽ സഭയുടെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തി ഓർത്തഡോക്സ് സഭയിലെ ധാരാളം വിദ്യാർഥികൾ റോമിൽ പഠിക്കുന്നുണ്ട്. കത്തോലിക്കാ സഭയുമായുള്ള ബന്ധം നിലനിർത്തണം എന്ന ഉദ്ദേശ്യമാണ് ഈ തീരുമാനത്തിനു പിന്നിൽ. തിരിച്ചും ഇതേപോലുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
സെന്റ് പോൾസ് ബസിലിക്കയിലെ അങ്ങയുടെ വിശുദ്ധ കുർബാനയർപ്പണം
ഇറ്റാലിയൻ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ കാര്യമാണ്. ആ അനുഭവത്തെ എങ്ങനെ
നോക്കിക്കാണുന്നു?
വിശുദ്ധ പൗലോസിന്റെ കബറിടത്തോടു ചേർന്നുള്ള ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചത് ഒരു ചരിത്രപരമായ ദൈവാനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. എന്റെ മുൻഗാമികൾ ആർക്കും റോമിലെ ബസിലിക്കകളിൽ വിശുദ്ധ കുർബാനയർപ്പണത്തിന് അവസരം ലഭിച്ചിരുന്നില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് എനിക്ക് അവസരം ലഭിച്ചതെങ്കിലും സന്ദർശകബാഹുല്യം നിമിത്തമാണ് സെന്റ് പോൾസ് ബസിലിക്കയിലേക്കു കുർബാനയർപ്പണം മാറ്റിയത്. വേദപുസ്തകത്തിലെ ചരിത്രമുറങ്ങുന്ന മണ്ണിൽ തികച്ചും ആത്മീയ അനുഭൂതി നൽകിയ ഒരു അവസരമായാണ് ഞങ്ങളുടെ കൂടെയുള്ള വൈദികരും മറ്റു സഹോദരങ്ങളും ഇതിനെ കണ്ടത്. അഞ്ചുവർഷം റോമിൽ ജീവിച്ച ഞാൻ ഈ കുർബാനയർപ്പണം മഹത്തായ ഒരു അനുഭവമായി കണക്കാക്കുന്നു.
റോമിലേക്ക് അങ്ങു വരുന്നത് റഷ്യയിൽനിന്നാണ്. ആ രാജ്യം ഇന്ന് യുദ്ധത്തിന്റെ നടുവിലാണ്. റഷ്യൻ പാത്രിയാർക്കീസുമായുള്ള സംഭാഷണത്തിൽ യുദ്ധം ഒരു വിഷയമായി ഉയർന്നിരുന്നോ? അതേക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?
റഷ്യയെയും യുക്രെയ്നെയും കുറ്റപ്പെടുത്തുന്നതിനേക്കാൾ, അവർ തമ്മിലുള്ള പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ കാര്യം. പുറമെ കാണുന്നതിനേക്കാൾ ധാരാളം സത്യങ്ങൾ ഉള്ളിലുണ്ട് എന്നതൊരു വസ്തുതയാണ്. അതുകൊണ്ട് ആ പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചു പരിഹാരം കാണണം എന്നതാണ് എന്റെ അഭിപ്രായം. റഷ്യൻ സന്ദർശനത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മാത്രമാണ് ഇക്കാര്യം ചർച്ചയായത്. മറ്റൊരിടത്തും യുദ്ധം ചർച്ചയുടെ ഭാഗമായിരുന്നില്ല.
ഓർത്തഡോക്സ് സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും കേരളത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കുന്ന മറ്റു മേഖലകൾ ഏതൊക്കെയെന്നാണ് അങ്ങയുടെ അഭിപ്രായം?
സമൂഹത്തിലെ അവശരായ ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് എന്റെ മനസിൽ ആദ്യമെത്തുന്നത്. ഈ സാമൂഹ്യ പുനരുദ്ധാരണത്തിനു വേണ്ടി മതബോധനമോ, മാധ്യമസംയോജനമോ, പരിശീലനങ്ങളോ നമുക്ക് യോജിച്ച് ആലോചിക്കാവുന്നതേയുള്ളൂ. പക്ഷേ അന്തിമമായ ലക്ഷ്യം ദരിദ്രരഹിതമായ സമൂഹമായിരിക്കണം. ധനവാന്മാർ വീണ്ടും ധനവാന്മാരും ദരിദ്രർ വീണ്ടും ദരിദ്രരുമാകുന്ന സാമൂഹ്യ വ്യവസ്ഥിതി അപഹാസ്യമാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ഏതു സംരംഭവും ഐക്യത്തിനുള്ള വഴികൾ തുറക്കും എന്നതും ഒരു സത്യമാണ്. ഒരുപാടു പേർ വിശന്നു വലയുമ്പോൾ, നമ്മുടെ വിരുന്നുമേശകളിലെ ബാക്കി വരുന്ന ഭക്ഷണം ചവറ്റുകുട്ടയിലേക്കാണ് പോകുന്നതെങ്കിൽ നമ്മുടെ ആത്മീയത ചോദ്യംചെയ്യപ്പെടേണ്ടതാണ്.
മറ്റുള്ളവരുടെ വയറു പട്ടിണിയിലാണെങ്കിൽ എന്റെ വയറു നിറയുന്നതിൽ ഞാൻ എങ്ങനെ സന്തോഷിക്കും? മറ്റുള്ളവർ കരയുമ്പോൾ ഞാൻ ചിരിക്കുന്നെങ്കിൽ എനിക്ക് മനഃസാക്ഷി ഇല്ലെന്നാണ് അർഥം. എല്ലാ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടത് ഇക്കാര്യമാണ്. ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഏവരും ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ആത്മീയ പ്രവർത്തനമാണ് നടത്തുന്നത്. ഇക്കാര്യത്തിൽ നമുക്ക് യോജിച്ചു ഒരുപാടു കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
സിഎംഎസ് കോളജിൽ പഠിക്കുന്ന കാലം മുതൽ ദീപികയിലെ വൈദികരെ എനിക്കറിയാം. സിഎംഐ സമൂഹത്തിന്റെ പരിലാളനയിലൂടെ വളർന്നു വികസിച്ച് കത്തോലിക്കാ സഭയുടെ ജിഹ്വയായി മാറിയിരിക്കുകയാണ് ദീപികയിന്ന്. സഭയ്ക്കു വേണ്ടി ശബ്ദിക്കുന്ന നീതിയുടെ നാവായി തുടരാൻ ദീപികയ്ക്കു സാധിക്കട്ടെ.
? ചരിത്രപരമായ ഒരു നിയോഗത്തിന്റെ സഹകാരിയെന്ന നിലയിൽ, ഫ്രാൻസിസ് മാർപാപ്പയെന്ന വ്യക്തിത്വത്തെ അങ്ങ് എങ്ങനെയാണ് മനസിലാക്കുന്നത്.
നമ്മുടെ തലമുറയുടെ ആവശ്യമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ സഭ മാത്രമല്ല ലോകം മുഴുവൻ ആദരിക്കുകയും ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സന്ദേശങ്ങൾക്ക് അതിന്റേതായ വിലയുണ്ട്.
അദ്ദേഹം എഴുതിയ ലേഖനങ്ങളൂം അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഞങ്ങളുടെ വൈദികർപോലും പ്രസംഗങ്ങളിൽ ഉദ്ധരിച്ചു ഞാൻ കേട്ടിട്ടുണ്ട്. പാവങ്ങളോടുള്ള പ്രത്യേക കരുണയെയും അദ്ദേഹത്തിന്റെ സമഗ്രമായ ലോകവീക്ഷണത്തെയും ഞാൻ ആദരവോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹം എപ്പോഴും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടിട്ടുള്ളവർക്കുവേണ്ടി സംസാരിക്കുന്നത് എന്നെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.
? സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏറെ തത്പരനായ അങ്ങ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ നല്ല സമരിയാക്കാരന്റെ ഉപമ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ഇരുസഭകൾക്കും ഒന്നിച്ചു ചെയ്യാൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടുകൾ എന്തെല്ലാമാണ്.
ക്രിസ്തു ഉപദേശം നൽകുക മാത്രമല്ല, കണ്ണീരൊപ്പുകയെന്ന ദൗത്യംകൂടി നിർവഹിച്ചവനാണ്. അതുകൊണ്ടുതന്നെ വേദനിക്കുന്നവന്റെ കണ്ണീരൊപ്പേണ്ടത് സഭയുടെ കടമയാണ്, ഔദാര്യമല്ല! കടമയെക്കുറിച്ചുള്ള ഈ ബോധ്യം നമ്മൾ കൂടുതൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഇന്ന് ഓരോ സഭയ്ക്കും അവരവരുടേതായ ചാരിറ്റി പ്രസ്ഥാനങ്ങളുണ്ട്. പക്ഷേ ഇവയൊക്കെയും നമ്മുടെ സമൂഹത്തിൽ അപര്യാപ്തങ്ങളാണെന്നു മനസിലാക്കാം.
കാരണം, ഇന്നും അനേകർ വീടില്ലാതെ വലയുന്നു, കുട്ടികൾ വിദ്യഭ്യാസമില്ലാതെ വിഷമിക്കുന്നു, മരുന്നിനും ഭക്ഷണത്തിനും വേണ്ടി വലയുന്നവരുടെ എണ്ണം കൂടിവരുന്നു. ഈ അടുത്ത നാളുകളിലാണ് സുഡാനിൽ അഞ്ഞൂറോളം കുഞ്ഞുങ്ങൾ പട്ടിണിമരണത്തിലേക്കു കടന്നുപോയത്. മറ്റൊരാളുടെ വേദനയിൽ എന്റെ കണ്ണു നിറയുന്നില്ലെങ്കിൽ എനിക്ക് മനസാക്ഷി ഇല്ലെന്നാണ് അർഥം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, സ്വന്തം മുഖത്തിന് ചന്തം വർധിപ്പിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളല്ല ഇന്നിന്റെ ആവശ്യം. ഒരു യുണൈറ്റഡ് റിലീജിയസ് കമ്യൂണിറ്റി ഫോർ സോഷ്യൽ ആക്ഷൻ ഉയർന്നു വരേണ്ടത് അത്യാവശ്യമാണ്. അതൊരു രജിസ്റ്റേർഡ് സൊസൈറ്റി ആവുകയും വിവിധ ഇടങ്ങളിൽ അതിനു യൂണിറ്റുണ്ടാവുകയും വേണം. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും വേണ്ടിയാവണം ഈ സംഘടന.
പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളെ ഈ സംഘടന ദത്തെടുക്കണം. അങ്ങനെ ദാരിദ്ര്യരഹിതമായ ഒരു സൊസൈറ്റിക്കുവേണ്ടി രാജ്യനിയമങ്ങൾക്കു വിധേയമായി രണ്ടു സഭകൾക്കും ഏറെ ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്. നമ്മുടെ സഭാത്മക വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഒന്നിച്ചു നിൽക്കുവാനാണ് ഇന്ന് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. ഫ്രാൻസിസ് പാപ്പായുടെ ‘ഫ്രത്തെല്ലി തുത്തി’ എന്ന ലേഖനത്തിലെ വാക്കുകൾ ഞാൻ പൂർണമായും ശരിവയ്ക്കുന്നതിനു പിന്നിലെ വികാരവും ഇതുതന്നെയാണ്.
(Deepika Daily, 13-09-2023)