2003 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

2003 ജൂലൈ 22 മുതല്‍ 25 വരെ കോട്ടയം പഴയസെമിനാരി സോഫിയാ സെന്‍റര്‍ ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇയ്യോബ് മാര്‍ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാരൊഴിച്ച് ബാക്കി എല്ലാവരും സംബന്ധിച്ചു.

സുന്നഹദോസിന്‍റെ പ്രധാന തീരുമാനങ്ങള്‍ സുന്നഹദോസ് സെക്രട്ടരി തോമസ് മാര്‍ അത്താനാസിയോസ് (ചെങ്ങന്നൂര്‍) മെത്രാപ്പോലീത്താ വിശദീകരിച്ചു.

1. ബി ഷെഡ്യൂളില്‍പ്പെട്ട സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും 2002-2003-ലെ കണക്ക് പാസ്സാക്കി. ഓര്‍ത്തഡോക്സ് സഭാ മിഷന്‍ സൊസൈറ്റി പുനഃസംഘടിപ്പിച്ചു.

2. വള്ളിക്കാട്ടു ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ഡിസംബര്‍ 16, 17 തീയതികളില്‍ വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.
അതോടനുബന്ധിച്ച് ജൂബിലി സ്മാരകമായി സഭാസംബന്ധമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പാദനകേന്ദ്രവും, റിലീജിയസ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കുവാന്‍ തീരുമാനിച്ചു.

3. അമേരിക്കന്‍ ഭദ്രാസനത്തിന് പുതിയ ആസ്ഥാനം വാങ്ങുവാനുള്ള അനുമതി നല്‍കി.

4. മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് ഇവ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ കണ്‍വീനറായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രവര്‍ത്തിക്കും.

5. ജൂലൈ മാസം ആദ്യവാരം കൂടിക്കൊണ്ടിരുന്ന പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ഇനി മുതല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാളിനു ശേഷം (ജൂലൈ 12) കൂടുവാന്‍ തീരുമാനിച്ചു.

6. 2004 പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് കോട്ടയം പഴയസെമിനാരിയില്‍ അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായും പരുമല സെമിനാരിയില്‍ അഭി. ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും പ്രധാന കാര്‍മ്മികത്വം വഹിക്കും.

7. എന്‍.സി.സി.ഐ. യുടെ നാഷണല്‍ അസംബ്ലിയിലേക്ക് സഭാ പ്രതിനിധികളായി അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഫാ. സാബു കുറിയാക്കോസ്, ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, സൂസന്‍ ജേക്കബ് (മദ്രാസ്), പ്രിയാ ജേക്കബ് തുടങ്ങിയവര്‍ സംബന്ധിക്കുവാന്‍ തീരുമാനമായി.

8. റഷ്യന്‍ സഭയുടെ കിറില്‍ മെത്രാപ്പോലീത്താ 2004 ജനുവരി 10 മുതല്‍ 16 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നു. അതോടനുബന്ധിച്ച് രണ്ടു ദിവസം അദ്ദേഹം കേരളത്തിലും ഉണ്ടായിരിക്കും.

9. പള്ളികള്‍ പണിയുമ്പോള്‍ സഭയുടെ ഓര്‍ത്തഡോക്സ് പാരമ്പര്യങ്ങളും വാസ്തുശില്‍പ മാതൃകകളും ഉപയോഗപ്പെടുത്തി പള്ളികള്‍ പണിയുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലേക്കായി സഭയിലെ താല്‍പര്യമുള്ള ആര്‍ക്കിടെക്റ്റുമാരെ വിളിച്ചുകൂട്ടി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായെ സുന്നഹദോസ് ചുമതലപ്പെടുത്തി.

10. അടുത്ത സുന്നഹദോസ് 2004 ഫെബ്രുവരി 23-നു ശുബ്ക്കോനോ ശുശ്രൂഷയോടെ ആരംഭിച്ച് ഫെബ്രുവരി 28-നു പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടുകൂടി സമാപിക്കും.

(മലങ്കരസഭാ മാസിക, 2003 ഓഗസ്റ്റ്)