അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ നോമ്പ് ലഘൂകരണത്തിനെതിരെ കല്പന | പ. ഗീവര്‍ഗ്ഗീസ് രണ്ടാമന്‍ ബാവാ

നമ്പര്‍ 850

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)
വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ്
എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ.

നമ്മുടെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരന്മാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.

അനുഗ്രഹിക്കപ്പെട്ട വാത്സല്യമക്കളെ,

ശൂനോയോ പെരുനാളിനു മുമ്പുള്ള 15 നോമ്പ് സുറിയാനിക്കണക്കിനു ചിങ്ങം ഒന്നു മുതല്‍ പതിനഞ്ചു വരെയാണല്ലോ. എന്നാല്‍ ഈ നോമ്പും ശ്ലീഹാനോമ്പും, ഇരുപത്തഞ്ചു നോമ്പും എതൃകക്ഷികളുടെ പാത്രിയര്‍ക്കീസായ മാര്‍ അപ്രേം വെട്ടിക്കുറച്ച് 5, 3, 10 എന്നിങ്ങനെയാക്കി ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നതായി നാം അറിയുന്നു. ഈ പാത്രിയര്‍ക്കീസിനോടു ചേര്‍ന്നു നില്‍ക്കുന്ന മലങ്കരയിലെ ഒരു വിഭാഗം ആളുകള്‍ ഈ നോമ്പുകളില്‍ കല്യാണവും നടത്തിത്തുടങ്ങിയിരിക്കുന്നു. ഇതു വലിയ പാപവും ശാപത്തിനു കാരണവുമാണ്. നോമ്പ് നമ്മുടെ വിശുദ്ധിക്കും, വെടിപ്പിനും, പിശാചിനെ ജയിക്കുന്നതിനും ഉള്ള മാര്‍ഗ്ഗമാകുന്നു. നമ്മുടെ നോമ്പുകളെല്ലാം കാനോനില്‍ വ്യവസ്ഥപ്പെടുത്തപ്പെട്ടിട്ടുള്ളവയും നമ്മുടെ പിതാക്കന്മാര്‍ മുമ്പിനാലേ ആചരിച്ചുവന്നവയും അങ്ങനെ നമുക്കു ഭരമേല്പിക്കപ്പെട്ടിട്ടുള്ളവയുമത്രേ. നമ്മുടെ സഭ മാത്രമല്ല മറ്റു കിഴക്കന്‍ സഭകളായ അര്‍മ്മനായ, ഈഗുപ്തായ, യവനായ എന്നീ സഭകളും പൂര്‍വീകമായിത്തന്നെ ഈ നോമ്പുകള്‍ ആചരിച്ചുവരുന്നു. നോമ്പിന്‍റെ ദിവസങ്ങള്‍ വി. സഭയുടെ കാനോനില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അതിനെ ഭേദഗതി ചെയ്യുന്നതിന് ആര്‍ക്കും അധികാരമില്ല. അങ്ങനെയിരിക്കെ നോമ്പിന്‍റെ ദിവസങ്ങളെ വെട്ടിക്കുറയ്ക്കാന്‍ ഹോംസിലെ ഒരു പാത്രിയര്‍ക്കീസിന് എന്തധികാരമാണുള്ളത്? “നിന്‍റെ പിതാക്കന്മാരുടെ മുമ്പിനാലെ ഉള്ള അതിരിനെ നീ ലംഘിക്കരുത്” എന്ന് എഴുതപ്പെട്ടിരിക്കുന്നു. വി. സഭയുടെ കാനോന്‍ ഒന്നിലധികം പ്രാവശ്യം ഇതു നിഷ്കര്‍ഷാപൂര്‍വ്വം പ്രസ്താവിച്ചിട്ടുമുണ്ട്. വീണ്ടും “പൊതുവിനു ഭരമേല്പിച്ചിട്ടുള്ള നോമ്പിനെ അഴിക്കുന്നവന്‍ ശപിക്കപ്പെട്ടവനായിരിക്കും” എന്നു കാനോനില്‍ (കെപ്പാ 5 പാസോക്കാ 1. ഗന്‍ഗാറാ) പറഞ്ഞിരിക്കുന്നു. വി. സഭയുടെ പുരാതനമായ ഒരു ആചാരത്തെ ഒരാളുടെയോ ഏതാനും ചിലരുടെയോ ഇഷ്ടാനുസരണം ഭേദഗതി ചെയ്യുവാന്‍ പാടുള്ളതല്ല. നോമ്പു സാര്‍വ്വത്രിക സഭയുടെ നിയമവും പാരമ്പര്യവും ആയിരിക്കുമ്പോള്‍ അതിനെ ഏതെങ്കിലുംവിധത്തില്‍ ഭേദഗതി ചെയ്യണമെങ്കില്‍ അതിന് വിശ്വാസത്തിലും ആചാരത്തിലും ഐക്യമുള്ള എല്ലാ സഭകളുടെയും കൂടെയുള്ള ഒരു സാര്‍വ്വത്രിക സുന്നഹദോസിനു മാത്രമേ അധികാരമുള്ളു. പതിനഞ്ചു നോമ്പ് ചിങ്ങം 1 മുതല്‍ 15 വരെയും ഇരുപത്തഞ്ച് നോമ്പ് പൗരസ്ത്യരായ നാം ധനു 1 മുതല്‍ 25 വരെയും ആചരിക്കുകയും ശ്ലീഹന്മാരുടെ നോമ്പ് സഭയുടെ ആരംഭം മുതല്‍ തന്നെ എഴുതപ്പെടാതെ പാരമ്പര്യമായി ആചരിച്ചുവരികയും ചെയ്യുന്നു എന്നു കാനോനില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ശ്ലീഹാനോമ്പിനെ ഇപ്രകാരം പാരമ്പര്യമായി നാം ആചരിച്ചുവരുന്നത് അപ്പോസ്തോലന്മാരുടെ എണ്ണപ്രകാരം പതിമൂന്നു ദിവസങ്ങളാണ്. എന്നാല്‍ അതില്‍ കൂടുതലായും ചിലര്‍ ആചരിക്കുന്നുണ്ടെന്നു കാനോനില്‍ കാണുന്നു. ശ്ലീഹാ നോമ്പിനെ പെന്തിക്കോസ്തിക്കുശേഷമുള്ള തിങ്കളാഴ്ച മുതല്‍ മിഥുനം 29 വരെ അതായത് ശ്ലീഹന്മാരുടെ തലവന്മാരുടെ പെരുനാള്‍ വരെയും, ചിലര്‍ പെന്തിക്കോസ്തി ഞായറാഴ്ചയുടെ ശേഷമുള്ള ഒരാഴ്ചയെ “ഹേവോറെ” ദിവസങ്ങളെപ്പോലെ വിചാരിച്ചുകൊണ്ട് അതിന്‍റെ ശേഷമുള്ള തിങ്കളാഴ്ച മുതല്‍ മിഥുനം 29 വരെയും ആചരിക്കുന്നു എന്നും, ചിലര്‍ പെന്തിക്കോസ്തിയുടെ ശേഷമുള്ള തിങ്കളാഴ്ച മുതല്‍ 50 ദിവസങ്ങള്‍ ആചരിക്കുന്നു എന്നും കാനോനില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ നോമ്പിലും ദൈവസംസര്‍ഗ്ഗത്തിലും കൂടുതല്‍ താല്‍പര്യമുള്ളവര്‍ ഈ നോമ്പിന്‍റെ ദിവസങ്ങള്‍ കൂട്ടിയിട്ടുള്ളതല്ലാതെ കുറച്ചിട്ടില്ല. കുറയ്ക്കുവാന്‍ ആര്‍ക്കും അധികാരവുമില്ല; അതു തെറ്റുമാണ്. നമ്മില്‍ നിന്നും പിരിഞ്ഞുപോയിട്ടുള്ള മാര്‍ത്തോമ്മാക്കാര്‍ പോലും ഈ ദിവസങ്ങളില്‍ കല്യാണം നടത്തുന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. അതിനാല്‍ വാത്സല്യമക്കളെ! നിങ്ങളുടെ സ്നേഹത്തോടു നാം അറിയിക്കുന്നതെന്തെന്നാല്‍ ഹോംസിലെ പാത്രിയര്‍ക്കീസിന്‍റെയും കൂട്ടരുടെയും നിയമലംഘനത്തില്‍ നിങ്ങള്‍ ഓഹരിക്കാരാകരുത്. പ്രിയരെ, ലോകമെങ്ങും അന്തഃഛിദ്രങ്ങളും കലാപങ്ങളും നടമാടുന്ന ഈ കാലത്ത് ലോകത്തിന്‍റെ നിലനില്‍പ്പിനും സമാധാനത്തിനും വേണ്ടി മനുഷ്യര്‍ ദൈവത്തിങ്കലേക്കു തിരിയുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. “നോമ്പാലും, കരച്ചിലാലും, വിലാപങ്ങളാലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിവിന്‍” (യോവേല്‍ 2:12) എന്നാണ് പ്രവാചകന്‍ മുഖാന്തിരം കര്‍ത്താവ് അരുളിച്ചെയ്യുന്നത്. വീണ്ടും “നോമ്പാലും പ്രാര്‍ത്ഥനയാലും അല്ലാതെ ഈ ജാതി (പിശാച്) ഒഴിഞ്ഞുപോകുന്നതല്ല” എന്നു നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ വി. സഭയാല്‍ കല്പിക്കപ്പെട്ടിട്ടുള്ള നോമ്പുകളെല്ലാം എത്രയും ഭക്തിയോടും വിശുദ്ധിയോടും കൂടി ആചരിക്കയും ദൈവത്തിങ്കലേക്കു തിരികയും ചെയ്യണം.

ഇവിടെയുള്ള എതൃകക്ഷി മെത്രാന്മാര്‍ വിശ്വാസവിപരീതികളോടുകൂടി പ്രാര്‍ത്ഥിക്കയും അവരുടെ ശുശ്രൂഷകളില്‍ പങ്കെടുക്കയും അവരുടെ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയും മറ്റും ചെയ്തു തുടങ്ങിയിരിക്കുന്നു. ഹൂദായകാനോന്‍ ഒന്നാം കെപ്പാലയോന്‍ ഒന്നാം പാസോക്കായില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. (പൗലൂസ് ശ്ലീഹായുടെ) “അല്ലയോ എപ്പിസ്കോപ്പാ! അവിശ്വാസികളുടെ നിമിത്തം പള്ളിയില്‍ പോകുവാന്‍ സാധിക്കയില്ലെങ്കില്‍ ദുഷ്ടന്മാരുടെ പള്ളിയില്‍ വിശ്വാസികള്‍ പ്രവേശിക്കാതിരിപ്പാന്‍ വേണ്ടി നീ ഒരു ഭവനത്തില്‍ അവരെ (വിശ്വാസികളെ) കൂട്ടിക്കൊള്‍ക. പള്ളിയിലും ഭവനത്തിലും ഒരുമിച്ചു കൂടുവാന്‍ സാധിക്കയില്ലെങ്കില്‍ ഓരോരുത്തന്‍ തനിച്ചു പ്രാര്‍ത്ഥിക്കയോ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കയോ ചെയ്യട്ടെ.” വിശ്വാസവിപരീതികളോടുകൂടി ഭവനത്തില്‍വെച്ചുപോലും പ്രാര്‍ത്ഥിച്ചുകൂടാ എന്ന് കാനോന്‍ നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഇവര്‍ കാനോനെ ലംഘിച്ചു വിശ്വാസവിപരീതികളുടെ പള്ളിയില്‍ പോകയും അവരുടെ ശുശ്രൂഷകളില്‍ പങ്കുകൊള്ളുകയും ചെയ്യുന്നു. “മാനുഷികമായ സ്നേഹം നിമിത്തം നമ്മുടെ പട്ടക്കാരും ദയറായക്കാരും വിശ്വാസവിപരീതികളുടെ ശവസംസ്കാരത്തിനായി അന്മേനികളുടെ ഇടയില്‍ (അവരുടെകൂടെ) പോകുന്നു, എന്നാലും അവര്‍ സംഗീതങ്ങള്‍ പാടുന്നില്ല, (പ്രാര്‍ത്ഥിക്കുന്നില്ല)” എന്നു കാനോന്‍ പറയുമ്പോള്‍ വിശ്വാസവിപരീതികളുടെ സംസ്കാരത്തിനു അവരുടെ മേല്‍പട്ടക്കാര്‍ പ്രാര്‍ത്ഥന കഴിക്കുകയും, കശ്ശീശന്മാര്‍ വഴിക്കാലാ നടത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ ദൈവമാതാവിനെപ്പറ്റിയും മറ്റും വിശ്വാസവിപരീതം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ അവരുടെ മെത്രാപ്പോലീത്തായുടെ ആസ്ഥാനത്തുനിന്നും പുറപ്പെടുന്ന അവരുടെ സഭാനാവായ മാസികയില്‍ പ്രസിദ്ധപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അവര്‍ ശീശ്മയില്‍ നിന്നും വിശ്വാസവിപരീതത്തിലേക്കു പോകുകയാണ്. അവരും അവരുടെ പാത്രിയര്‍ക്കീസും എന്തും ചെയ്യട്ടെ. എന്നാല്‍ നാം നമ്മുടെ പിതാക്കന്മാരുടെ കാനോനാകളനുസരിച്ചു മുമ്പോട്ടു പോകയല്ലാതെ ഈ പാത്രിയര്‍ക്കീസിന്‍റെയും കൂട്ടരുടെയും നിയമലംഘനത്തിന് പങ്കുകാരായിത്തീരരുത്.

ഇപ്പോള്‍ ഭിന്നസഭക്കാരായ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും കൂടി യോജിക്കണമെന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥനയും ധ്യാനവുമെല്ലാം ചില സ്ഥലങ്ങളില്‍ തുടങ്ങിയിരിക്കുന്നതായി അറിയുന്നു. വിശ്വാസത്തില്‍ ഐക്യതയില്ലാതെ എങ്ങനെ ശരിയായ ഐക്യമുണ്ടാകും? സഭ ഒന്നേയുള്ളു. അതിനു വിശ്വാസവും ഒന്നേയുള്ളു (എപ്പേസ്യ 4:5). ആ വിശ്വാസത്തോട് ഐക്യപ്പെടാത്ത ആരുമായും യോജിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. “ഈ വിശ്വാസവും കൊണ്ടല്ലാതെ ഒരുവന്‍ വന്നാല്‍ അവനെ ഭവനത്തില്‍ കയറ്റുകയോ കുശലം പറകയോ ചെയ്യരുത്” എന്നാണ് യോഹന്നാന്‍ ശ്ലീഹാ കല്പിക്കുന്നത്. യോജിക്കാവുന്നിടത്തോളം കാര്യങ്ങളില്‍ യോജിക്കരുതോ എന്ന് ചിലര്‍ ചോദിക്കും. “സംബന്ധികളല്ലാത്തവരോടുകൂടി സംബന്ധപ്പെടുവാന്‍ അധികാരമില്ല” എന്നു കാനോനില്‍ പറയുന്നു. ഇത് അവസാനകാലമാണ്. പുറമേയുള്ള നല്ല വാക്കുകളില്‍ കുടുങ്ങി വഞ്ചിതരാകരുത്. ഈയല്‍ തീയില്‍ വീഴുമ്പോലെ നമ്മുടെ ആളുകള്‍ അതില്‍ കുടുങ്ങിപ്പോകുന്നു. അതും ഇതുമെല്ലാം ഒന്നാണെന്നു പറയുന്നത് അബദ്ധമാണ്. അങ്ങനെയെങ്കില്‍ നാം രണ്ടായി നില്‍ക്കുന്നതെന്തിന്? ഇക്കാര്യത്തെപ്പറ്റി നാം പലപ്രാവശ്യം നിങ്ങളെ ഗുണദോഷിച്ചിട്ടുണ്ട്, വീണ്ടും ഗുണദോഷിക്കുന്നു. നിങ്ങള്‍ വിശ്വാസവിപരീതികളോടുകൂടി പ്രാര്‍ത്ഥിക്കയോ ആത്മീയ കാര്യങ്ങളില്‍ അവരോടുകൂടി സംബന്ധപ്പെടുകയോ ചെയ്യരുത്. ആത്മീയമായ തീഷ്ണതയും വിശ്വാസസ്ഥിരതയും നമ്മുടെ ആളുകളില്‍ നിന്നും മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഓരോരുത്തനും അവനവന്‍റെ അഭിപ്രായവും ഇഷ്ടവും യുക്തിയും അനുസരിച്ച് ദൈവിക സംഗതികളെ വ്യാഖ്യാനിക്കയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസം സത്യവിശ്വാസവും സഭയുടെ കല്പന ദൈവകല്പനയുമാണ്. ദൈവിക കാര്യങ്ങളെ വ്യാഖ്യാനിക്കയും പഠിപ്പിക്കയും ചെയ്യുന്നതു സഭയാണ്. അല്ലാതെ ആര്‍ക്കും സ്വന്തഇഷ്ടപ്രകാരം ചെയ്യാവുന്നതല്ല. “വിശ്വാസവിപരീതികളുമായി ഇണയില്ലാപ്പിണകൂടരുത്” (2 കൊരി. 6:14) എന്ന് അപ്പോസ്തോലന്‍ ആജ്ഞാപിക്കുന്നു. ശേത്തിന്‍റെ മക്കളും കായേന്‍റെ മക്കളും തമ്മിലുണ്ടായ സംസര്‍ഗ്ഗം (വിവാഹബന്ധം) ഒന്നാമത്തെ ലോകത്തെ നശിപ്പിച്ചു. അവര്‍ ജ്യേഷ്ഠാനുജന്മാരായിരുന്നുവല്ലോ. എങ്കിലും അവരുടെ സന്തതികള്‍ തമ്മിലുണ്ടായ സംബന്ധം ദൈവഹിതമായിരുന്നില്ല. അതിനാല്‍ വിശ്വാസവിപരീതികളുമായി ആത്മികമായ സംഗതികളില്‍ ഒരിക്കലും നിങ്ങള്‍ പങ്കുകൊള്ളരുത് എന്നു നിങ്ങളെ വീണ്ടും നാം പ്രബോധിപ്പിക്കുന്നു.

നമ്മുടെ ക്രിസ്തീയമായ ആചാരമര്യാദകളെ വിട്ടിട്ടു നാം പുറജാതി മര്യാദകളെ അനുകരിക്കരുത്. നിങ്ങളുടെ കുട്ടികള്‍ക്കു പള്ളികളില്‍ ഇടുന്ന ക്രിസ്തീയനാമങ്ങളെ വിളിക്കാതെ വിജാതികളുടെ നാമങ്ങള്‍ വിളിക്കുന്നു. അതുകൊണ്ട് നമ്മുടെ ആളുകളെ തിരിച്ചറിയാന്‍ പാടില്ലാതായിരിക്കുന്നു. വേഷത്തിലും വ്യത്യാസമില്ല! ഇവയെല്ലാം പുറജാതി മര്യാദകള്‍ നമ്മുടെ ഇടയിലേക്കു പകര്‍ത്തുവാനുള്ള വഴികളാണ്. നമ്മുടെ പൂര്‍വ്വ ശുദ്ധിമാന്മാരുടെയും മാതാപിതാക്കന്മാരുടെയും പേരുകള്‍ ഇടുന്നത് അവരെ ഓര്‍ക്കുന്നതിനും അവരുടെ പ്രാര്‍ത്ഥനകള്‍ മൂലം സഹായം ലഭിക്കേണ്ടുന്നതിനുമായിട്ടാണ്. പണ്ടത്തെ കാലത്ത് ചില ഓമനപ്പേരുകള്‍ വിളിക്കുമായിരുന്നെങ്കിലും എഴുത്തുകുത്തുകളില്‍ ആ പേരുകള്‍ വെയ്ക്ക പതിവില്ലായിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുട്ടികളുടെ ക്രിസ്തീയപേരുകള്‍ അവര്‍ക്കെന്നല്ല അവരുടെ മാതാപിതാക്കള്‍ക്കുപോലും അറിവാന്‍ പാടില്ലാത്ത നിലയിലായിട്ടുണ്ട്. മാമോദീസായില്‍ പേരിടുന്നതെന്തിനാണ്. അതിന്‍റെ ഒരു സ്മരണപോലുമില്ലാതെ മായിച്ചുകളയുന്നതിനായിട്ടാണോ? യഹൂദന്മാരുടെ ഇടയില്‍ തങ്ങളുടെ വംശത്തിലുള്ളവരുടെ പേരുകള്‍ ഇടുകയായിരുന്നു പതിവ്. നമുക്കും ആ പതിവുണ്ട്. അതിനെ ഇല്ലാതാക്കുന്നത് ജാതിമാറ്റമാണ്. പാശ്ചാത്യര്‍ക്കും, ഹിന്ദുക്കള്‍ക്കും, മഹമ്മദീയര്‍ക്കും അവരുടെ സ്വന്തം പേരുകളുണ്ട്. അവര്‍ സുറിയാനിക്കാരുടെ പേരുകള്‍ സ്വീകരിക്കുന്നില്ല. അവരുടെ പേരുകള്‍ മാറ്റുന്നില്ല. അതിനാല്‍ നമ്മുടെ ക്രിസ്തീയ നാമങ്ങള്‍ മാത്രമേ നിങ്ങളുടെ കുട്ടികള്‍ക്കു വിളിക്കാവൂ. ഈ സംഗതികളില്‍ നമ്മുടെ പട്ടക്കാരും സണ്ടേസ്കൂള്‍ അദ്ധ്യാപകന്മാരും ജാഗ്രതയോടുകൂടി ശ്രദ്ധപതിപ്പിക്കയും പഠിപ്പിക്കയും ചെയ്യണം. നമ്മുടെ വിശ്വാസവും ആചാരങ്ങളും മര്യാദകളും അന്യൂനം പാലിക്കപ്പെടുന്ന കാര്യത്തില്‍ നമ്മുടെ ആത്മീയമക്കള്‍ നിര്‍ബന്ധമുള്ളവരും വൈരാഗ്യമുള്ളവരുമായി കാണപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നു.

പ്രിയരെ, സമുദായക്കേസ് അടുത്ത ഒക്ടോബര്‍ 24-നു അവധി വച്ചിരിക്കയാണെന്നു നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. കേസിന്‍റെ നടത്തിപ്പിനു പണം ആവശ്യമായിരിക്കുന്നു. കഴിഞ്ഞമാസത്തില്‍ നടന്ന ഭദ്രാസനമീറ്റിംഗുകളില്‍ സന്നിഹിതരായിരുന്നവര്‍ കേസിന്‍റെ നടത്തിപ്പിന് പരിപൂര്‍ണ്ണവും ഹൃദയപൂര്‍വ്വവുമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുള്ളതിനെ നാം കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുന്നു. നാം കേസ് നടത്തുന്നത് ഒരു അസത്യത്തിനോ അനീതിക്കോ വേണ്ടിയല്ല. സത്യത്തിനും സഭയുടെ ശാശ്വതമായ സമാധാനത്തിനും വേണ്ടിയാണ്. നമ്മുടെ ന്യായമായ അവകാശസ്വാതന്ത്ര്യങ്ങളെ അപകടത്തിലാക്കുവാന്‍ ശത്രു പരിശ്രമിക്കുമ്പോള്‍ നാം അതിനെ സംരക്ഷിക്കുവാന്‍ ശ്രമിക്കേണ്ടതല്ലയോ? അതിനാല്‍ നിങ്ങളുടെ ഇടവകയ്ക്കു നിശ്ചയിച്ചിട്ടുള്ള തുക ഒട്ടും കാലതാമസത്തിനിടയാക്കാതെ അതതു ഭദ്രാസനയോഗങ്ങളിലെ തീരുമാനപ്രകാരം അയയ്ക്കേണ്ടതാണ്. ഈ വര്‍ഷത്തെ കാതോലിക്കാദിനപ്പിരിവ്, റിശീസ്സാ, മൂറോന്‍ഫണ്ട് എന്നിവ ഇനിയും അയച്ചിട്ടില്ലാത്ത പള്ളികളുണ്ട് എന്നു പറയേണ്ടി വന്നതില്‍ ദുഃഖിക്കുന്നു. ഇവ അയക്കാനുള്ള പള്ളിക്കാര്‍ അവ ഉടനെ നമ്മുടെ പേര്‍ക്ക് അയച്ചുതരണം.

ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ തോമ്മാശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ…… ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ…. ഇത്യാദി.

എന്ന്, 1951 ആഗസ്റ്റ് 10-നു കോട്ടയം സുറിയാനി സിമ്മനാരിയില്‍ നിന്നും.

_______________________________________________________________________________________

അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ നോമ്പ് ലഘൂകരണ കല്പന.