യോഗത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി | ജിജി തോംസണ്‍ ഐ.എ.എസ്.


എ. കെ. ആന്‍റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകള്‍. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആര്‍ഡി യുടെ ചുമതലയുണ്ടായിരുന്ന എനിക്ക് മുഖ്യമന്ത്രിയുടെ ഫോണ്‍വിളിയെത്തി. എത്രയുംവേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സര്‍ക്കാരിന്‍റെ വികസന കാര്യങ്ങള്‍ക്കായി ഒരു പ്രചാരണ വാചകം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
ഐടിയുമായി ബന്ധപ്പെട്ട ആധുനിക മുദ്രാവാക്യം ആയിരിക്കണമെന്നായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം. 15 മിനിട്ട് സമയമെടുത്തശേഷം ‘കേരള ഫാസ്റ്റ് ഫോര്‍വേര്‍ഡ്’ എന്ന വാചകവുമായി ഞാന്‍ ചെന്നു. കുഞ്ഞാലിക്കുട്ടിക്ക് വാചകം ഇഷ്ടമായി. മലയാളത്തിലുള്ള പേരല്ലേ നല്ലത് എന്ന അഭിപ്രായമായിരുന്നു കെ. എം. മാണിക്ക്. കേരളം അതിവേഗം ബഹുദൂരമെന്നും പിന്നീട് അതിവേഗം ബഹുദൂരമെന്നും പ്രചാരണ വാചകം മാറി; വാചകം ശ്രദ്ധ നേടി.

പരാതിക്കാരന്‍റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള അപാരമായ കഴിവുള്ള നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴേ പ്രശ്നത്തിന്‍റെ തീവ്രത മനസിലാകൂ. നിസ്വാര്‍ഥനായ നേതാവായിരുന്നു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇത്ര ശ്രദ്ധ കൊടുത്ത നേതാവില്ല. ഇതുവരെ ഉമ്മന്‍ചാണ്ടിയെ ക്ഷുഭിതനായി ഞാന്‍ കണ്ടിട്ടില്ല.

വികസന കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി കൊടുത്ത ശ്രദ്ധയ്ക്ക് ഒരുദാഹരണം പറയാം. കഴക്കൂട്ടംകാരോട് ദേശീയ പാതയുടെ വികസനം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ പാത നാലു വരിയായി വികസിക്കണം. മരങ്ങള്‍ മുറിക്കുന്നതിലെ എതിര്‍പ്പായിരുന്നു പദ്ധതിയുടെ പ്രധാന തടസം. പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചതനുസരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും, എല്ലാം പരിസ്ഥിതിവാദികളുടെ പ്രക്ഷോഭത്തില്‍ തടസ്സപ്പെടുകയാണെന്നും മന്ത്രിയുടെ മറുപടി. ഞാന്‍ ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം മരം മുറിച്ച് കാണിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

കേരളത്തിലെത്തിയ ഞാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് കവയത്രി സുഗതകുമാരിയുമായി ചര്‍ച്ച നടത്തി. എന്തു വന്നാലും മരം മുറിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. സംസ്ഥാനം വികസിക്കണമെങ്കില്‍ റോഡ് വികസിക്കണമെന്നും മുറിക്കുന്ന മരങ്ങള്‍ക്ക് പകരമായി നാലിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നും പറഞ്ഞു. ഇതൊക്കെ പറയുമെന്നും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നുമായി സുഗതകുമാരി. മുഖ്യമന്ത്രി സുഗതകുമാരിയുമായി സംസാരിച്ചു.

കഴക്കൂട്ടം സൈനിക സ്കൂള്‍ പരിസരത്തും കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാംപസിലും വൈദ്യന്‍കുന്നിലുമായി മരങ്ങള്‍ നടന്നാന്‍ 40 ഏക്കര്‍ കണ്ടെത്തി. മരങ്ങള്‍ വയ്ക്കണമെങ്കില്‍ ഫണ്ട് വേണം. കേന്ദ്രഫണ്ട് കിട്ടുമോയെന്ന് ആരായാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഗഡ്കരിയെ കണ്ടപ്പോള്‍ 10 കോടി അനുവദിച്ചു. മരങ്ങള്‍ മുറിച്ചതോടെ പാതയുടെ പണി ആരംഭിച്ചു. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ‘മാക്രോ ലുക്ക്’ അല്ല ‘മൈക്രോ ലുക്ക്’ വേണമെന്നു മനസ്സിലായി. പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പദ്ധതികളിലെ ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ചാലേ വലിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ.

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് സിഎസ്ആര്‍ ഫണ്ടിന്‍റെ വിനിയോഗത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ല. സിഎസ്ആര്‍ ഫണ്ട് വിഴിഞ്ഞത്തു തന്നെ വിനിയോഗിക്കണമെന്ന് ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതനുസരിച്ച് ആ ഭാഗം കരാറില്‍ ഉള്‍പ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അനുമതി ഉമ്മന്‍ചാണ്ടി നല്‍കിയിരുന്നു. മഴക്കാലത്ത് കിഴക്കേക്കോട്ടയില്‍ വെള്ളം പൊങ്ങിയപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്ന എന്‍റെ ഫോണിലേക്കെത്തിയ ഒരു സാധാരണക്കാരന്‍റെ വിളിയില്‍ നിന്നാണ് ഓപ്പറേഷന്‍ അനന്തയുടെ തുടക്കം.

ക്ഷുഭിതനായി വിളിച്ച ആള്‍, കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയാണെന്നും നിങ്ങളൊക്കെ എന്തിനാണ് ഭരണാധികാരികളായി ഇരിക്കുന്നതെന്നും ചോദിച്ചു. സ്ഥലം സന്ദര്‍ശിച്ച ഞാന്‍ കണ്ടത് സ്വകാര്യ വ്യക്തികള്‍ കയ്യേറിയതിനാല്‍ വീതി കുറഞ്ഞ് മലിനജലം കെട്ടികിടക്കുന്ന ഓടയാണ്. ജലം ഒഴുകാത്തതാണ് തമ്പാനൂരിനെ സ്ഥിരമായി വെള്ളക്കെട്ടിലാക്കിയത്. പിആര്‍ഡി ഓടകളുടെ ദൃശ്യം ചിത്രീകരിച്ചു. അടുത്ത മന്ത്രിസഭായോഗം തുടങ്ങുന്നതിനു മുന്‍പ്, തനിക്കൊരു കാര്യം പറയാന്‍ അനുവാദം തരണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചു. മലിനജലം കെട്ടിക്കിടക്കുന്ന ഓടകളുടെ വിഡിയോ യോഗത്തില്‍ അവതരിപ്പിച്ചു. ഇതു കേരളത്തിലാണോ എന്നായിരുന്നു മന്ത്രിമാരുടെ ചോദ്യം. കേരളത്തിലാണെന്നു മാത്രമല്ല സെക്രട്ടേറിയറ്റിന്‍റെ തൊട്ടടുത്താണെന്നായിരുന്നു എന്‍റെ മറുപടി.

നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. പദ്ധതി മുന്നോട്ടുപോയതോടെ തമ്പാനൂര്‍ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി. തന്‍റെ മുന്‍കൂര്‍ അനുവാദമില്ലാതെ വിഡിയോ പ്രദര്‍ശിപ്പിച്ചതിന് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ശാസിക്കാമായിരുന്നു. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ ശൈലി അങ്ങനെ അല്ലായിരുന്നു.