ഇ. കെ. ജോര്‍ജ് അച്ചന്‍: ഒരു സഹപാഠിയുടെ സ്മരണകള്‍ | ഫാ. കുര്യന്‍ ഉതുപ്പ് കണ്ണന്‍തുരുത്തില്‍

1982-86 ബാച്ചിലാണ് ഞാന്‍ വൈദിക സെമിനാരിയില്‍ പഠിച്ചത്. 1984-ല്‍ മൂന്നാം വര്‍ഷത്തിലെ ആദ്യ ദിനം തന്നെ ഒരു അപൂര്‍വ്വ വിദ്യാര്‍ത്ഥി ഞങ്ങളുടെ കൂടെ പഠിക്കുവാന്‍ എത്തി. ഞങ്ങള്‍ 20-നും 25-നും ഇടയില്‍ പ്രായമുള്ളവര്‍ എങ്കില്‍ പുതിയ വിദ്യാര്‍ത്ഥി ഒരു വൈദികനാണ് എന്ന് മാത്രമല്ല പ്രായം 50 വയസ്സ് ഉണ്ടാകാം. എന്നാല്‍ ഞങ്ങളുടെ സഹപാഠി ഞങ്ങളുടെ ആത്മമിത്രമായി തീര്‍ന്നു. വേദശാസ്ത്രത്തിന്‍റെ ആഴമായ പഠനത്തെക്കാള്‍ ആരാധനാപഠനം നടത്തുവാന്‍ അച്ചന്‍ ശ്രമിച്ചു. 1986-ല്‍ സെമിനാരി കോഴ്സ് അച്ചന്‍ ഞങ്ങളോടൊപ്പം പൂര്‍ത്തീകരിച്ചു. ഞങ്ങളുടെ നാലാം വര്‍ഷ പഠനം പൂര്‍ത്തീകരിക്കുമ്പോള്‍ അച്ചന്‍ വെള്ളൂരുള്ള ഭവനത്തില്‍ ഞങ്ങളെ ക്ഷണിക്കുകയും അവിടെ ഭക്ഷണം ഒരുക്കിയതും മധുരസ്മരണകളാണ്.

ഏകദേശം 35 വര്‍ഷക്കാലം ഇ. കെ. ജോര്‍ജ് അച്ചനോടൊപ്പം കോട്ടയം ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ എനിക്കു സാധിച്ചു. ഞാന്‍ വൈദികനായപ്പോഴും ‘സഹോദരന്‍’ എന്നാണ് അച്ചന്‍ വിളിച്ചിരുന്നത്. കാരണം ഞാന്‍ ഇഞ്ചക്കാട്ട് മഹാകുടുംബത്തിലെ ഒരു ശാഖയായ തോട്ടയ്ക്കാട് കൊടുവയലില്‍ കുടുംബത്തില്‍ ഒരു അംഗം എന്ന നിലയില്‍ എന്നോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിരുന്നു. ആ സഹോദരസ്നേഹം എന്നും അച്ചന്‍ നിലനിര്‍ത്തിയിരുന്നു. വൈദികന്‍ എന്ന നിലയില്‍ ധാര്‍മ്മിക അന്തസ്സ് (ങീൃമഹ ഉശഴിശ്യേ) എപ്പോഴും അച്ചന്‍ കാത്തുസൂക്ഷിച്ചിരുന്നു.

അച്ചന്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ ദൈവാലയങ്ങളിലും മാതൃകാപരമായി പൗരോഹിത്യശുശ്രൂഷ നിര്‍വ്വഹിച്ചു. സ്വന്തം കാര്യത്തെക്കാള്‍ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കി അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഉത്തമ വൈദികനായിരുന്നു ഇ. കെ. ജോര്‍ജ് അച്ചന്‍. വൈദികരുടെ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ഇ. കെ. ജോര്‍ജ് അച്ചന്‍ അവിടെ എത്തുകയും എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ ഈ സ്വഭാവ സവിശേഷത ഉള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു.

എവിടെയും ആര്‍ജ്ജവത്തോടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന സ്വഭാവത്തിന്‍റെ ഉടമയായിരുന്നു അച്ചന്‍. ആരോടും പരിഭവമില്ലാതെ, പരാതി ഇല്ലാതെ എല്ലാവരെയും സ്നേഹിച്ച് കരുതിയ വൈദികനായിരുന്നു ഇ. കെ. ജോര്‍ജ് അച്ചന്‍. പുതുപ്പള്ളി പള്ളിയില്‍ ഏകനായി ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന അച്ചനെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. അച്ചന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും പരിശുദ്ധ സഭയിലും സമൂഹത്തിലും സൃഷ്ടിച്ച മാതൃക വേറിട്ടു നില്‍ക്കുന്നു. പൊങ്ങച്ചമില്ലാതെ, തലക്കനം കാണിക്കാതെ, വിനയപൂര്‍വ്വം പെരുമാറുന്ന അച്ചനെ വിസ്മരിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല.

പാമ്പാടി ദയറാ മാനേജരായിരുന്ന വന്ദ്യനായ പി. സി. യോഹന്നാന്‍ യോഹന്നാന്‍ റമ്പാച്ചനോടു കൂടി മദ്യവിരുദ്ധ മുന്നണിയുടെയും, ഓര്‍ഫനേജ് അസോസിയേഷന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളുകയും കേരളം മുഴുവന്‍ റമ്പാച്ചനൊപ്പം അതിനു വേണ്ടി സഞ്ചരിക്കുകയും ചെയ്തു.

പ. പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ദിനങ്ങളില്‍ അച്ചന്‍ സര്‍വ്വവ്യാപിയായി ദയറാ പള്ളിയിലും, പ. പാമ്പാടി തിരുമേനിയുടെ കബറിടത്തിലും അച്ചടക്കത്തിന്‍റെ ചുമതല വഹിക്കും. അത് ആരും ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായിരുന്നു.

വെള്ളൂര്‍ സെന്‍റ് തോമസ് പള്ളി ഇടവകാംഗം എന്ന നിലയില്‍ ബാല്യത്തില്‍ തനിക്ക് ലഭിച്ച അടിയുറച്ച വിശ്വാസം നിലനിര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പ. സഭയില്‍ സമാധാനം ഉണ്ടായപ്പോള്‍ യോജിച്ച സഭയില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ചു. പിന്നീട് സഭയില്‍ പിളര്‍പ്പ് ഉണ്ടായപ്പോഴും താന്‍ മനസിലാക്കിയ വിശ്വാസത്തില്‍ മുറുകെ പിടിച്ചു. തന്‍റെ ബന്ധുക്കള്‍, സ്നേഹിതര്‍ തുടങ്ങിയവര്‍ മറുവിഭാഗത്തില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് അവരോട് സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും അച്ചന്‍ കഴിഞ്ഞു. സഭയില്‍ സമാധാനം ഉണ്ടാകണം എന്നത് അച്ചന്‍റെ വലിയ ആഗ്രഹമായിരുന്നു.

സഭയില്‍ ആത്മിക നവോത്ഥാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും സമാന ചിന്താഗതി ഉള്ളവരെ ചേര്‍ത്ത് നിര്‍ത്തി അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

തനിക്ക് അറിവ് പകര്‍ന്നുതന്ന ഗുരുക്കന്മാരെ ഭക്തിയോടെ ബഹുമാനത്തോടെ പറയുമായിരുന്നു. പ്രത്യേകിച്ച് പുറകുളത്ത് എം. ഇ. ഈപ്പന്‍ കോര്‍എപ്പിസ്കോപ്പായെക്കുറിച്ച് തികഞ്ഞ ഭക്തിയോടെ സംസാരിക്കും.

മലയാള മനോരമ കുടുംബത്തോടും ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിനോടും പി. സി. യോഹന്നാന്‍ റമ്പാച്ചന്‍ പുലര്‍ത്തിയിരുന്ന ഹൃദയബന്ധവും സ്നേഹവാത്സല്യങ്ങളും അദ്ദേഹത്തിന്‍റെ കാലശേഷം അതേ അളവില്‍ നിലനിര്‍ത്തിയത് ഇ. കെ. ജോര്‍ജ് അച്ചനായിരുന്നു.

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ ഇ. കെ. ജോര്‍ജ് അച്ചനോട് വലിയ സ്നേഹവാത്സല്യങ്ങള്‍ പുലര്‍ത്തുകയും അദ്ദേഹത്തിന്‍റെ കഴിവിനെ സഭയ്ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് പുതുപ്പള്ളി പള്ളി വികാരി എന്ന നിലയില്‍ ഫാ. സഖറിയാ പെരിയോര്‍മറ്റത്തിനൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കുകയും ആ പള്ളിയുടെ വ്യവഹാരത്തില്‍ ഓര്‍ത്തഡോക്സ് സഭ വിജയിക്കുകയും ചെയ്തത്. പുതുപ്പള്ളി പള്ളി വ്യവഹാരത്തില്‍ കാണിച്ച ശുഷ്ക്കാന്തി കണ്ടിട്ടാവാം, അന്ന് സുപ്രീംകോടതിയില്‍ നടക്കുന്ന സഭാക്കേസ് നടത്തുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ ബാവാ അച്ചനെ നിയോഗിച്ചത്. അച്ചന്‍ മാസങ്ങളോളം ഡല്‍ഹിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചാണ് കേസ് നടത്തിപ്പിന് നേതൃത്വം കൊടുത്തത്. 1995-ല്‍ മലങ്കരസഭയ്ക്കനുകൂലമായ വിധി വന്നതോടെ അച്ചന്‍റെ പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടായി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം എന്ന നിലയിലും ജോര്‍ജ് അച്ചന്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. പിന്നീടുള്ള കാലത്ത് പ. സഭാനേതൃത്വത്തിന് വഴിതെറ്റിയപ്പോഴൊക്കെ അതി രൂക്ഷമായി ഇ. കെ. ജോര്‍ജ് അച്ചന്‍ വിമര്‍ശിച്ചു. അതേസമയം സഭാനേതൃത്വത്തിലുള്ളവരോടുള്ള സ്നേഹബന്ധം ഉലയാതെ സൂക്ഷിക്കുകയും ചെയ്തു.

ഒരു മഹാസമുദ്രത്തിന്‍റെ മുമ്പില്‍ നിന്ന് അതിന്‍റെ ആഴവും പരപ്പും അളക്കുവാന്‍ ശ്രമിക്കുന്നതുപോലെയാണ് ഇ. കെ. ജോര്‍ജ് അച്ചനെക്കുറിച്ച് എഴുതുവാന്‍ ആരംഭിച്ചപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്ന ചിന്ത.

നന്മകള്‍ വിസ്മരിക്കുന്നത് ലോകസഹജമാണ്. ഒരു മനുഷ്യന്‍ നിര്‍വഹിച്ചിട്ടുള്ള നന്മകള്‍ അവനോടുകൂടെ കുഴിച്ചിടപ്പെടുമെന്ന് ഒരു അപൂര്‍വ്വ തത്വശാസ്ത്രമുണ്ട്. എന്നാല്‍ ഇ. കെ. ജോര്‍ജ് അച്ചനെ ഓര്‍ക്കുവാന്‍ വെള്ളൂര്‍ സെന്‍റ് തോമസ് പള്ളിയും പ്രത്യേകിച്ച് വികാരി ബഹു. കെ. സി. ഫിലിപ്പോസ് അച്ചനും കാണിച്ച നല്ല മനസ്സിന് അച്ചനെ സ്നേഹിച്ച എല്ലാവര്‍ക്കും വേണ്ടി നന്ദി അറിയിക്കട്ടെ.

വെയിലും ചൂടും ഏല്‍ക്കാത്ത ആ ഭാഗ്യാരാമത്തില്‍ ആ ധന്യാത്മാവിന് ശാന്തി ലഭിക്കട്ടെ. അനന്ത സന്തോഷത്തിന്‍റെ പ്രശാന്തമായ പറുദീസാ അങ്ങയ്ക്ക് ലഭിക്കട്ടെ. പറുദീസായുടെ അവകാശിയെ സമാധാനത്തോടു കൂടി വസിക്കുക. ഇഞ്ചക്കാട് മഹാകുടുംബയോഗത്തിന്‍റെ പ്രാര്‍ത്ഥനകള്‍.