Hama: Syria 22nd Dec. 1906
(സുറിയാനി തലക്കെട്ടെഴുത്ത്)
കഴിഞ്ഞ തുലാം 29 -ാം തീയതി അയച്ച എഴുത്തു കിട്ടി. …. കടവിലെ മെത്രാച്ചന്‍റെ വിയോഗ വാര്‍ത്തയും നിങ്ങളില്‍ എന്നപോലെ എന്നിലും പരിഭ്രമജന്യമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത നാളില്‍ ഇവിടെ നിന്നയച്ച എഴുത്തു കിട്ടിയിരിക്കുമെന്നു വിശ്വസിക്കുന്നു. അതില്‍ എന്‍റെ യാത്ര, ഇവിടെ എത്തിയ വിവരം, നടന്ന ചെയ്തി ഇതുകള്‍ വിസ്തരിച്ചിരുന്നു. ഇതേവരെ ഇവിടെതന്നെ ആയിരുന്നു. ദൈവസഹായത്താല്‍ രണ്ടാഴ്ചകൊണ്ട് ഇദ്ദേഹം വ്യത്യാസപ്പെട്ട ചില നൂതന രീതികള്‍ ഏര്‍പ്പെടുത്തി. എന്‍റെ സാമര്‍ത്ഥ്യം കൊണ്ടല്ല, ദൈവസഹായത്താല്‍ ഇപ്പോള്‍ ഒരുവിധം സുമാറായി. അടുത്ത നാളില്‍ ഇവിടെ നിന്ന് ഒറീശലേമിലേയ്ക്കു പോകണമെന്ന് വിചാരിക്കുന്നു. എഴുത്തുകള്‍ക്കു വിഘ്നം വന്നതില്‍ എനിക്കും വ്യസനം ഉണ്ട്. ഒന്നാമത് കഴിഞ്ഞ കുംഭം മുതല്‍ ഞാന്‍ ശ്ലീബാ റമ്പാച്ചനില്‍ നിന്നു വേര്‍പിരിഞ്ഞു ചില സ്ഥലങ്ങളില്‍ ചുറ്റിസഞ്ചരിച്ചു നിങ്ങളുടെ സുറിയാനി സഭയുടെ നിക്ഷേപം എല്ലാം കണ്ടു. ഇതിനിടയില്‍ പല എഴുത്തുകള്‍ ഞാന്‍ അയച്ചിട്ടും വിവരം അറിയാത്തവിധം കാണുന്നതില്‍ അതിശയിക്കുന്നു. സത്യസഭയായ നവീകരണക്കാരെ അകാരണം ഞാന്‍ അധിക്ഷേപിക്കുന്നില്ല. അവര്‍ എഴുതുന്നതില്‍ സഭ പകുതിയും വന്നിട്ടില്ലെന്നാണു ഞാന്‍ വിചാരിക്കുന്നത്. സുറിയാനി സഭയോളം ഇത്ര അരിഷ്ട സഭ ഭൂമിയില്‍ ഉണ്ടോ? മലയാളം എത്ര വിശേഷം! പാലക്കുന്നന്‍റെ ധൈര്യത്തെ ഞാന്‍ ശ്ലാഘിക്കുന്നു. മനോവേദന അതിര്‍ ലംഘിക്കുന്ന ഭയത്തെ ഓര്‍ത്തു ഇപ്പോള്‍ കൈവിടുന്നില്ല. ആളുവീതം എഴുത്തയച്ചാല്‍ നന്നായിരുന്നു. കയ്യില്‍ കാശില്ല. വാസ്തവത്തില്‍ കേവലത്തിലാണ് (നിങ്ങളുടെ) സിംഹാസനത്തില്‍ കഴിച്ചത്. പുറപ്പെട്ടപ്പോഴും തെണ്ടുകല്പനയാണ് നിങ്ങളുടെ പാത്രിയര്‍ക്കീസ് തന്നത്. 3 – ആകയാല്‍ സ്വദേശപിതാക്കളും വിദേശപിതാക്കളും അറിയാത്ത മക്കള്‍ കുലത്തില്‍ ഇല്ലാതിരുന്നാല്‍ ഏറ്റം നന്നായിരിക്കും. ഊര്‍ശ്ലേമിലോളം ഇങ്ങിനെ. പിന്നീടുള്ള പ്രോഗ്രാം മനസ്സിലെഴുതിയിട്ടുണ്ട്. ദൈവേഷ്ടം പാലിക്കട്ടെ.
പാ. മലയാളത്തേക്കു വന്നു എല്ലാം നടത്തുമെന്നും എല്ലാം ക്രമപ്പെടുത്തുമെന്നുമാണാശിച്ചിരിക്കുന്നത്. കാണാം, വീട്ടില്‍ കിട്ടാത്ത രാജന്‍ അന്യരാജ്യത്ത് എങ്ങിനെ. … എല്ലാ സ്ഥലങ്ങളിലും പള്ളിക്കൂടങ്ങള്‍ മുതലായ വകകള്‍ക്കു അത്യാവശ്യമാണ്. അതിന് ഉത്സാഹിപ്പിക്കുകയൊ നടത്തുകയോ ചെയ്യുന്നില്ല. മാസംതോറും ധര്‍മ്മശേഖരത്തിനു എഴുതുക തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ഈ അസഹ്യക്രമങ്ങളാല്‍ ജനങ്ങള്‍ അതിദുഃഖത്തിലും പശ്ചാത്താപത്തിലും, ചിലര്‍ അര്‍ദ്ധമനസ്സ് അന്യമതത്തിലും ഇങ്ങനെ പാര്‍ക്കുന്നു. ഈ പച്ച മലയാളത്തേക്കു വന്നാല്‍ എങ്ങനെ കലാശിക്കുമെന്നു കാണാം. ഈ ഭരണം ക്രമേണ കാണാം. യൗനാന്‍ കുടിലിനു സദൃശ്യം. എവിടെയെങ്കിലും ഇതിനിടയില്‍ നിന്നകന്ന് ഒരു കുടിലില്‍ പ്രവേശിക്കണമെന്നാണെന്‍റെ പ്രഥമോദ്ദേശ്യം. വീണ്ടും അന്ത്യോഖ്യാ സഭയോടുള്ള നമ്മുടെ സഖ്യതയ്ക്ക് ഇതുവരെയുള്ള എന്‍റെ അന്വേഷണത്തില്‍ യാതൊരു രേഖയും ഇവിടെ കാണുന്നില്ല. (സുറിയാനി) യുടെ കാലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ആ വിദ്വജ്ഞന്‍ അദ്ദേഹത്തിന്‍റെ (സുറിയാനി) എങ്ങനെയെങ്കിലും വിസ്തരിക്കുമായിരുന്നു.”
2
” …. നമ്മുടെ സഭ എല്ലാ സ്ഥലത്തും ഒന്നായിട്ടാണ് കിടക്കുന്നത്. ഈ ദേശത്തു വളരെ കുഴഞ്ഞിട്ടുണ്ട്. പാത്രിയര്‍ക്കീസിന്‍റെ സംഗതിയില്‍ വലിയ കുഴപ്പം ഉണ്ടാകാന്‍ മാര്‍ഗ്ഗമുണ്ട്. … വഴിക്കൊള്ളക്കാരും കള്ളന്മാരും നന്നാ വര്‍ദ്ധിച്ചു വരുന്നു. അതിക്രമം വര്‍ദ്ധിച്ചിരിക്കുന്ന സമയമാകയാല്‍ ആരുടെയും ഇഷ്ടം നടക്കും. പഴയ പാത്രിയര്‍ക്കീസില്‍ (അബ്ദല്‍ മിശിഹാ) വലിയ തെറ്റൊന്നും ഇല്ലായിരുന്നു. ചില പ്രധാനികളുടെ ഇഷ്ടം സാധിച്ചില്ലെന്നേയുള്ളു. തുറബ്ദീന്‍കാര്‍ എല്ലാവരും അദ്ദേഹത്തെ മാത്രമെ സ്വീകരിക്കുകയുള്ളു. ഈ ദേശത്തുള്ള മെത്രാന്മാരില്‍ സ്വന്തം ഇടവകക്കാര്‍ സ്വീകരിക്കുന്നവര്‍ രണ്ടോ കഷ്ടിച്ചാല്‍ മൂന്നോ മാത്രമേയുള്ളു. ഭരണശക്തി ഇല്ലെന്നു മാത്രമല്ല മദ്യമാംസാദികള്‍ നല്ലപോലെ ഉപയോഗിക്കുന്നവരാണ്. …. ഊര്‍ശ്ലേമിലെ മെത്രാനും മാംസം നല്ലതുപോലെ തിന്നുന്നുണ്ടെന്നാണ് കേള്‍വി. ..പുതിയ പാത്രിയര്‍ക്കീസിനെ വാഴിച്ചിട്ടു തിരിച്ചു ഇടവകയില്‍ ചെന്നപ്പോള്‍ പള്ളികളില്‍ കയറ്റാഞ്ഞതിനാല്‍ ചിലരെല്ലാം (മെത്രാന്മാര്‍) തിരിച്ചു ദയറായില്‍ എത്തി തുടങ്ങിയിരിക്കുന്നു. … പുതിയ ബാവായ്ക്ക് (അബ്ദള്ളായ്ക്ക്) മലയാളത്തെത്തി കുറെ പണം പിരിച്ചാല്‍ കൊള്ളാമെന്നുണ്ട്. രാജാവനുവദിക്കുന്ന പക്ഷം ക്യംതാ കഴിഞ്ഞാലുടന്‍ കുസ്തന്തീനോപോലീസിലേക്കുണ്ട്. ശത്രുക്കളുള്ളതിനാല്‍ കണ്ടെങ്കിലേ അറിഞ്ഞുകൂടു. യാത്ര മുടങ്ങുന്നപക്ഷം വലിയ മെത്രാച്ചന് അധികാരം അനുവദിക്കുന്നത് സംശയം ആണ്. എന്നാല്‍ പഴയ ബാവാ കല്പന അയയ്ക്കുന്നതിനു തയ്യാറാണ്. അവിടെ ചെന്നിരുന്നപ്പോള്‍ രഹസ്യമായി എന്നോടു പറയുകയുണ്ടായി. ….. സ്ലീബാറമ്പാച്ചന്‍ പോലും അറിയാതെഴുതുന്ന ഇക്കാര്യങ്ങള്‍ പിതാവിനോടുള്ള ബഹുമാനം മൂലം എഴുതി ആലോചിക്കുന്നു എന്നേയുള്ളു. … അനേകം വിലയേറിയ പുസ്തകങ്ങള്‍ ഇവിടങ്ങളില്‍ ചിതറിക്കിടപ്പുണ്ട്. … ഒരു കാശും കയ്യില്‍ ഇല്ല. എഴുതുന്നതിനു കടലാസിനു പോലും പണമില്ല. മലയാളത്തു ….. വല്ല മാന്യന്മാരും സഹായിച്ചെങ്കില്‍…….