മുറിഞ്ഞുപോയത് നമ്മുടെ അഹംബോധം | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ

ചിലസന്ദര്ഭങ്ങളില് നമുക്കറിയാവുന്ന ഒരു ഭാഷയും മതിയാകില്ല ഉള്ളിലുള്ളതിനെ പുറത്തറിയിക്കാന്. അക്ഷരങ്ങള് ചിതറിപ്പോകും,വാക്കുകള് മുറിയും. എന്താണ് പറയേണ്ടത്,എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ നാം നിസ്സഹായരാകും. അങ്ങനെയൊരു അവസ്ഥയാണ് ഇപ്പോള്. നിങ്ങളെല്ലാവരുടെയും ഹൃദയത്തിലെന്നപോലെ എനിക്കുള്ളിലും ഇപ്പോള് ഡോ.വന്ദന ദാസ് എന്ന പെണ്കുട്ടിയാണ്. ഇന്ന് ഡോ.വന്ദനയുടെ ശ്വാസം ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന വീട്ടില് ആ കുട്ടിയുടെ മാതാപിതാക്കള്ക്ക് മുന്നില് നിന്നപ്പോള് ഞാന് പഠിച്ച വേദപുസ്തകങ്ങളിലെ വചനങ്ങളും വായിച്ചപുരാണങ്ങളിലെ അധ്യായങ്ങളുമൊന്നും മതിയാകാതെ വരുന്നതായി തോന്നി.

കത്രികക്കുത്തേറ്റ് മുറിഞ്ഞുപോയത് പരിഷ്‌കൃതര് എന്ന് അഭിമാനിക്കുന്ന നമ്മുടെയെല്ലാം അഹംബോധമാണ്. നാം എവിടെ നില്ക്കുന്നു എന്നതിന്റെ പ്രതീകമായി വേണം ഈ ദാരുണസംഭവത്തെ കാണേണ്ടത്. സ്വന്തം കര്ത്തവ്യനിര്വഹണത്തിനിടെ ആ പാവം കുട്ടിക്കെതിരേയുയര്ന്ന ആയുധത്തിന്റെ മറ്റേയറ്റത്തുള്ളത് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ്-ലഹരി. അതിന്റെ രാക്ഷസക്കൈകള് എത്രത്തോളം സമൂഹത്തെ വരിഞ്ഞുമുറുക്കി എന്നത് ഇന്നലെ മുതല് പേടിപ്പെടുത്തുന്ന സ്വപ്‌നമായി മാറിക്കഴിഞ്ഞു. നാളെ നമ്മളില് ആര്ക്കും നേരെ ലഹരിമരുന്ന് കത്തിയുടെയോ തോക്കിന്റെയോ കോടാലിയുടെയോ രൂപത്തില് പാഞ്ഞുവരാം. മയക്കുമരുന്നും അത് സൃഷ്ടിച്ച മനോനില തെറ്റിയ അടിമകളും മരണവുമായി നിഴല്പോലെ പിന്നിലുണ്ട് എന്ന തോന്നലിന്റെ ഭീതിയിലായിക്കഴിഞ്ഞു മലയാളിയുടെ ജീവിതം. മയക്കുമരുന്നിന്റെ കച്ചവടവും ഉപയോഗവും തടയുന്നതില് നമ്മുടെ ഭരണസംവിധാനങ്ങള് പരാജയപ്പെടുന്നു എന്ന് പറയാതെ വയ്യ. അഴിമതിയുടെയും കൈക്കൂലിയുടെയും പഴുതിലൂടെ കുറ്റവാളികള് രക്ഷപ്പെടുകയാണ്. അത് ഒരു ജനതയുടെ സൈ്വരജീവിതത്തിനു ഭീഷണിയാകുന്നു എന്നത് ഭരണാധികാരികള് കാണാതിരിക്കരുത്. അനുഭവം വരുമ്പോള് മാത്രം ഉണര്ന്നെണീക്കുന്ന പതിവാണ് നമ്മുടെ സര്ക്കാര് സംവിധാനങ്ങളുടേത്. രണ്ടുദിവസംമുമ്പ് വരെ ബോട്ട് യാത്രയുടെ സുരക്ഷാപരിശോധനകളായിരുന്നു. അത് പാതിവഴിയിലുപേക്ഷിച്ച് ഇന്നിപ്പോള് ഡോക്ടര്മാരുടെ സുരക്ഷയായിരിക്കുന്നു പ്രധാന പരിഗണനാവിഷയം. അരുംകൊലകളാകരുത് നമ്മുടെ നിയമം നടപ്പാക്കലിന്റെ മുന്ഗണനാക്രമം നിശ്ചയിക്കേണ്ടത്.

വിനോദയാത്രചെയ്യുന്ന കുട്ടികളും ബോട്ടില് യാത്ര ചെയ്യുന്നവരും കുറ്റവാളിയെ ശുശ്രൂഷിക്കുന്ന ഡോക്ടര്മാരും ഒരേപോലെ സുരക്ഷിതരായിരിക്കണം. ഒരപകടമുണ്ടാകുമ്പോള് കുറച്ചുദിവസം അതുണ്ടാകാതിരിക്കാനുള്ള പാഴ്ശ്രമങ്ങള് നടത്തുകയും മറ്റൊന്നുണ്ടാകുമ്പോള് ആദ്യത്തേതിനെ മറന്ന് രണ്ടാമത്തേതിന്റെ പിറകേ പോകുകയും ചെയ്യുന്ന പതിവ് ശൈലി ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാമേഖലകളിലും സുരക്ഷാനിയമങ്ങള് പാലിക്കപ്പെടുന്നുണ്ട് എക്കാലവും ഉറപ്പിക്കപ്പെടണം. ജലരേഖകളായിപ്പോകരുത് ഉറപ്പുകളും,വാദ്ഗാനങ്ങളും. നാളെ ഒരു ഡോക്ടറിനുനേര്ക്കും അക്രമി കത്രികയോങ്ങരുത്. ഡോ.വന്ദനയ്ക്ക് നേരെയുണ്ടായ അക്രമത്തെ തടയുന്നതില് പോലീസിന് വീഴ്ച പറ്റി എന്ന പൊതുഅഭിപ്രായത്തില് ശരിയുണ്ട്. അക്രമാസക്തനായ ഒരാളുടെ മുന്നിലേക്ക് ആ പെണ്കുട്ടിയെ വലിച്ചെറിഞ്ഞ് കൊടുത്തിട്ട് മുറി പൂട്ടിമാറിനില്ക്കരുതായിരുന്നു നമ്മുടെ പോലീസിന്റെ ശൗര്യവും അതിലുപരി മനുഷ്യത്വവും. നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ വാത്സല്യവും സ്‌നേഹവും പ്രതീക്ഷയും സ്വപ്‌നങ്ങളുമൊക്കെയാണ്. അവയെ കുത്തിക്കൊല്ലാന് അനുവദിച്ചതില് നമുക്കെല്ലാവര്ക്കും പങ്കുണ്ട്.

ഡോ.വന്ദനയുടെ മാതാപിതാക്കളുടെ സങ്കടത്തില് പങ്കുചേരുന്നു. ഈ വലിയ വേദന സഹിക്കാന് അവരെ ദൈവം ശക്തരാക്കട്ടെ. അവരുടെ കണ്ണീരിന് ഒരു വാക്കും പകരമാകില്ല. എങ്കിലും പ്രപഞ്ചശക്തിയുടെ കരങ്ങളിലും ചേര്ത്തുപിടിക്കലിലും അവര് കുറച്ചെങ്കിലും സ്വസ്ഥരാകട്ടെ. ലോകമെങ്ങും മനുഷ്യരാശിയെ മയക്കിക്കൊല്ലുന്ന മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും നീരാളിപ്പിടുത്തത്തിനെതിരേ സമൂഹമന:സാക്ഷി ഒന്നിച്ച് അണിനിരക്കേണ്ട സമയമാണിത്. അതിനായി മതവിശ്വാസികളും നേതൃത്വവും സാമൂഹികസംഘടനകളും കൈകോര്ത്ത് ജനകീയമുന്നേറ്റം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതാകും ഡോ.വന്ദനയുടെ ആത്മാവിനോട് ചെയ്യാനാകുന്ന ഏറ്റവും കുറഞ്ഞ നീതി. അതിനൊപ്പം നമ്മുടെ ഭരണസംവിധാനത്തോട് ഒരിക്കല്ക്കൂടി പറയട്ടെ, അരുംകൊലകളുണ്ടാകുമ്പോള് മാത്രം ഉണരുന്നതാകരുത് നിങ്ങളുടെ ജാഗ്രത.