“കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതും ഉണ്ടോ?” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)


പുതുഞായറാഴ്ചയ്ക്കു ശേഷം ഒന്നാം ഞായറാഴ്ച (വി. യോഹന്നാന്‍ 21:1-14.)

ആഴ്ചവട്ടത്തിന്‍റെ ഒന്നാംനാള്‍ ആയ ഞായറാഴ്ച യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ യഹൂദന്മാരെ ഭയന്ന് വാതില്‍ അടച്ചിരിക്കെ അവര്‍ പാര്‍ത്ത ആ മുറിയില്‍ അവന്‍ വന്ന് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. “നിങ്ങള്‍ക്ക് സമാധാനം” എന്നു പറഞ്ഞ് തന്‍റെ കയ്യും വിലാപ്പുറവും അവരെ കാണിച്ചു. അവര്‍ക്ക് പാപമോചന അധികാരവും നല്‍കി. ഈ സമയത്ത് ശിഷ്യന്മാരില്‍ ഒരുവനായ തോമസ് അവിടെ ഉണ്ടായിരുന്നില്ല. ഈ സംഭവിച്ച കാര്യങ്ങള്‍ ഒക്കെ മറ്റു ശിഷ്യന്മാര്‍ തോമസിനോടു പറഞ്ഞപ്പോള്‍ തോമസ് പറഞ്ഞു ഞാന്‍ അവന്‍റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്‍റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കുകയില്ല (വി. യോഹന്നാന്‍ 20:25). അങ്ങനെ എട്ടുദിവസം കഴിഞ്ഞപ്പോള്‍ തോമസും ഉണ്ടായിരുന്ന ഒരു സമയത്തു യേശുതമ്പുരാന്‍ രണ്ടാമതും അവര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ട് തോമസിനെ വിളിച്ച് കര്‍ത്താവ് തന്‍റെ കൈകളും വിലാപ്പുറവും കാണിച്ചുകൊടുത്തു. അങ്ങനെ ശിഷ്യന്മാരെ എല്ലാവരെയും താന്‍ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു എന്ന് അവന്‍ ബോദ്ധ്യപ്പെടുത്തി. അവര്‍ അത് വിശ്വസിക്കുന്നു.
എന്നാല്‍ ഈ ശിഷ്യന്മാരെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മൂന്നര വര്‍ഷക്കാലം യേശുതമ്പുരാന്‍ അവരോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഈ ശിഷ്യന്മാരും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ ആയിരുന്നു. മുക്കുവര്‍, ചുങ്കം പിരിക്കുന്നവര്‍. ഇവര്‍ ഈ ജോലി എല്ലാം ഉപേക്ഷിച്ചാണ് യേശുവിനെ പിന്‍പറ്റിയത്. എന്നാല്‍ അവര്‍ ആരുടെ കൂടെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചുവോ ആ ആള്‍ ഇപ്പോള്‍ ശാരീരികമായി അവരോടൊപ്പം ഇല്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇനിയും എന്ത് എന്നുള്ളതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലാതെ ആശങ്കപ്പെട്ടിരുന്നവര്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ പഴയകാല ജീവിതത്തിലേക്ക്, പഴയ ജോലിയിലേക്ക് തിരച്ചുപോയി കഴിഞ്ഞപ്പോള്‍ ഇവരെ ഒന്നുകൂടി വിശ്വാസത്തില്‍ ഉറപ്പിക്കുവാനായി യേശുതമ്പുരാന്‍ മൂന്നാമതും അവര്‍ക്ക് പ്രത്യക്ഷപ്പെടുന്നു. പത്രോസ് മഗ്ദലനമറിയം ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് പല പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു എങ്കിലും ശിഷ്യസമൂഹത്തിനു മുഴുവനായി മൂന്നാം പ്രാവശ്യവും പ്രത്യക്ഷപ്പെടുന്നു. ഇതു മുറി അടച്ചിരിക്കുമ്പോള്‍ ഒന്നും അല്ല. അവര്‍ അവരുടെ പഴയജോലിയിലേക്ക് പ്രവേശിച്ച് അദ്ധ്വാനിച്ച് അവശരായി ഇരിക്കുമ്പോളാണ് അവന്‍ വന്നു പ്രത്യക്ഷപ്പെട്ട് അവരെ ധൈര്യപ്പെടുത്തുന്നത്.

ഇത് തിബെര്യാസ് കടലില്‍ വച്ചായിരുന്നു യേശുതമ്പുരാന്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ഇനിയും എന്ത്? എങ്ങനെ? എവിടെ നിന്ന് ആരംഭിക്കും? എങ്ങോട്ടേക്ക് പോകണം എന്നെല്ലാം ഉള്ള ചിന്തകളാല്‍ ഭാരപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പത്രോസും തന്‍റെ സഹപ്രവര്‍ത്തകരായ ആറ് ശിഷ്യന്മാരും, തോമസ്, നഥനയേല്‍, യാക്കോബ്, യോഹന്നാന്‍, വേറെ രണ്ടു പേര്‍ എന്ന് പറയുന്നത് ഒന്നു പത്രോസിന്‍റെ സഹോദരനായ അന്ത്രയോസും, നഥനയേലിനെ യേശുതമ്പുരാന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്ന ഫീലിപ്പോസും ആണ്. ഈ കൂട്ടത്തില്‍ തോമസും ഉള്ളതിനാന്‍ ആദ്യത്തെ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ തോമസില്ലെങ്കിലും പിന്നീടുള്ള എല്ലാ സമയത്തും ശിഷ്യന്മാരോടൊപ്പം തോമസും ഉണ്ടായിരുന്നു. ഈ ശിഷ്യന്മാരില്‍ ഏറ്റവും പ്രായംകൂടിയ പത്രോസ് അവരോടു പറയുന്നു, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു.” അപ്പോള്‍ മറ്റുള്ളവര്‍ നീ മീന്‍ പിടിക്കാന്‍ പോവുകയാണെങ്കില്‍ ഞങ്ങളും നിന്നോടൊപ്പം വരുന്നു എന്നു പറഞ്ഞ് എല്ലാവരും കൂടി മീന്‍ പിടിക്കാനായി പോകുന്നു. ഇതിനെ നാം മറ്റൊരു രീതിയില്‍ കാണണ്ട ആവശ്യകത ഇല്ല. കാരണം അവരുടെ തൊഴില്‍ ആണ് മീന്‍ പിടിക്കുക എന്നുള്ളത്. കാരണം കഴിഞ്ഞ കുറെ നാളുകളായി അവര്‍ ശരിക്ക് ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലായിരിക്കാം. കര്‍ത്താവ് ഏതായാലും ഉയിര്‍ത്തെഴുന്നേറ്റു ഇനിയും നമുക്ക് ആദ്ധ്വാനിച്ച് ജീവിക്കാം എന്നുള്ള ചിന്തയിലായിരിക്കാം അവര്‍ പഴയ ജോലിയിലേക്ക് തിരികെ പോയത്. ഏതായാലും അവര്‍ ഐകമത്യത്തോടെ എല്ലാവരും കൂടി പടകില്‍ കയറി രാത്രിയില്‍ മീന്‍ പിടിക്കാനായി പോകുന്നു. സാധാരണ രാത്രി സമയത്താണല്ലോ മീന്‍ പിടിക്കുന്നത്. എന്നാല്‍ ഈ പ്രാവശ്യം രാത്രി മുഴുവന്‍ അവര്‍ അദ്ധ്വാനിച്ചിട്ടും ഒന്നും ഒരു പൊടിമീനെപ്പോലും കിട്ടിയില്ല. മീന്‍ പിടുത്തത്തില്‍ വളരെ അഗ്രഗണ്യരായ ഈ മുക്കുവര്‍ രാത്രി മുഴുവനും ആദ്ധ്വാനിച്ചിട്ടും ഒരു മീനെപ്പോലും കിട്ടാതിരുന്നപ്പോള്‍ അവര്‍ വലിയ നിരാശയിലും സങ്കടത്തിലും ആയി. മാത്രമല്ല രാത്രി മുഴുവന്‍ ഉറങ്ങാതെ അദ്ധ്വാനിച്ചതിനാല്‍ വളരെ ക്ഷീണിതരായും അവര്‍ കാണപ്പെട്ടു.

ഇങ്ങനെ ക്ഷീണിതരായും, നിരാശയിലും, സങ്കടത്തിലും രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയ ശിഷ്യന്മാര്‍ പുലര്‍ച്ചയായപ്പോള്‍ തീരത്ത് ഒരാള്‍ നിന്നുകൊണ്ട് അവരോടു ചോദിക്കുന്നു “കുഞ്ഞുങ്ങളേ കൂട്ടുവാന്‍ വല്ലതും ഉണ്ടോ.” ആദ്യം അവര്‍ക്ക് വളരെയധികം കോപം വന്നാലും തങ്ങളോട് സംസാരിക്കുന്നത് ആര്‍ എന്നു മനസിലാക്കാതെ അവര്‍ ഇല്ല എന്നു മറുപടി പറഞ്ഞു. പടകിന്‍റെ വലതുവശത്തു വലവീശുവിന്‍ എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും എന്നു പറഞ്ഞു. അവര്‍ ഉടനെ തന്നെ ഒട്ടും മടിക്കാതെയും സംശയിക്കാതെയും ചോദ്യം ചെയ്യാതെയും അതുപോലെ തന്നെ ചെയ്തു. പടകിന്‍റെ വലതുവശത്തു വലവീശി. അത്ഭുതം എന്നു പറയട്ടെ വല വലിച്ചു കയറ്റാന്‍ കഴിയാത്തവിധം വിവിധതരം വലിയ മത്സ്യങ്ങള്‍ വല നിറച്ച് അവര്‍ക്ക് ലഭിക്കുന്നു. ഈ സമയത്ത് ശിഷ്യന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞവനായ യോഹന്നാന്‍, കരയില്‍ നില്‍ക്കുന്നതും തങ്ങളോടു സംസാരിക്കുന്നതും തങ്ങളുടെ ഗുരുവായ യേശുവാണെന്നു മനസ്സിലാക്കി പത്രോസിനോടു പറയുന്നു, “അതു കര്‍ത്താവാകുന്നു.” ഇതു കേട്ട ഉടനെ ഒന്നുംചിന്തിക്കാതെ തന്നെ കര്‍ത്താവിന്‍റെ സന്നിധിയില്‍ എത്തുവാനായി പത്രോസ് അങ്കിഅരയില്‍ചുറ്റി കടലില്‍ എടുത്തുചാടി കര്‍ത്താവിന്‍റെ അടുക്കലേക്ക് എത്തുന്നു. ബാക്കിയുള്ള ശിഷ്യന്മാര്‍ മീന്‍നിറഞ്ഞ വലയുമായി ചെറു പടകുകളില്‍ കരയിലേക്ക് വരുന്നു. 153 വലിയ മീന്‍ നിറഞ്ഞ വല പത്രോസ് കരയിലേക്ക് വലിച്ചുകയറ്റി. ശിഷ്യന്മാര്‍ എല്ലാവരും കരയില്‍ എത്തിയപ്പോള്‍ തീക്കനലിന്മേല്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കാണുന്നു. യേശുതമ്പുരാന്‍ അവരോടു ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവാന്‍ കല്പിച്ചു. യേശുതമ്പുരാന്‍ അവര്‍ക്കുവേണ്ടി പ്രാതലും തയ്യാറാക്കി കാത്തിരിക്കുന്നു. അവര്‍ എത്തിയപ്പോള്‍ യേശുതമ്പുരാന്‍ അവരോടു വന്നു പ്രാതല്‍ കഴിക്കാനായി പറഞ്ഞു. അവന്‍ വന്ന് അപ്പവും മീനും അവര്‍ക്ക് കൊടുത്തു. ശിഷ്യന്മാര്‍ യേശുവിനോടൊത്തു പ്രാതല്‍ കഴിക്കുന്നു. ഈ ഭാഗത്തുനിന്നു നമുക്ക് മനസിലാക്കാന്‍ സാധിക്കുന്ന ചില ചെറിയ ചിന്തകള്‍

അദ്ധ്വാനശീലരായ ശിഷ്യന്മാര്‍

ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ് എന്ന് പത്രോസ് ശ്ലീഹാ പറയുന്നത് അവര്‍ കര്‍ത്താവിന്‍റെ ജോലി ഉപേക്ഷിച്ചതുകൊണ്ടോ നിരാശയുടെ ഫലമായിട്ടോ അല്ല. അവര്‍ക്ക് ആ കാലത്ത് പ്രത്യേകമായ ജോലി ഒന്നും ഉണ്ടായിരുന്നില്ല പരിശുദ്ധാത്മ ദാനം പ്രാപിച്ചിരുന്നില്ല. പൊതുവേ ദരിദ്രകുടുംബത്തില്‍ നിന്നും കടന്നുവന്നവരായതിനാല്‍ നിത്യവൃത്തിക്കും ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. ഈ ഒരു അവസ്ഥയില്‍ ചെറുപ്രായം മുതല്‍ അദ്ധ്വാനശീലരായതിനാല്‍ വെറുതെ ഇരിക്കുക എന്നത് അവരെ സംബന്ധിച്ചു വളരെ പ്രയാസം ഉണ്ടാക്കുന്ന സംഗതിയായതിനാല്‍ അവര്‍ അദ്ധ്വാനിച്ച് ജീവിക്കുവാനായി ഒരുങ്ങുന്നു. അങ്ങനെ അവര്‍ രാത്രി മുഴുവനും അദ്ധ്വാനിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷപ്പെടുന്നതുമൂലം അവരെ കൂടുതല്‍ ധൈര്യപ്പെടുത്തുന്നത് നിങ്ങളോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.

ഒരു ക്രിസ്തീയ ശുശ്രൂഷകനെ സംബന്ധിച്ചും അവന്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം എന്നുള്ളത് അവന്‍റെ ആത്മീയ ജീവിതവും ലൗകിക ജീവിതവും തമ്മില്‍ വേര്‍പിരിക്കുവാന്‍ സാധിക്കുകയില്ല എന്നുള്ളതാണ്. അതിനെ രണ്ടായി കാണുവാന്‍ സാധിക്കുകയില്ല. ഒരു നാണയത്തിന്‍റെ രണ്ടുവശം പോലെയാണ് നമ്മുടെ ആത്മീയ ജീവിതവും ലൗകിക ജീവിതവും. ലൗകിക ജീവിതത്തില്‍ നമുക്ക് ക്രിസ്തുവിന്‍റെ ആത്മീയ സാന്നിദ്ധ്യം അനുഭവിക്കുവാന്‍ കഴിയണം. ശിഷ്യന്മാര്‍ തങ്ങളുടെ അദ്ധ്വാനത്തിനായി പോയ സ്ഥലത്ത് ക്രിസ്തു എത്തിച്ചേര്‍ന്ന് അവരെ ധൈര്യപ്പെടുത്തുന്നു. ഒന്നും ലഭിക്കാതെ അല്പം നിരാശയില്‍ ആയിരിക്കുമ്പോള്‍ ആണ് ക്രിസ്തുവിനെ യോഹന്നാന്‍ ശ്ലീഹാ കാണുന്നത്. ക്രിസ്തു നമ്മുടെ സന്തോഷസമയത്തു മാത്രമല്ല നമ്മുടെ പ്രയാസസമയത്തും നമ്മോടൊപ്പം ഉണ്ടെന്നുള്ളതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് നമുക്ക് ഇവിടെ കാണുവാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളേ കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ച് അവര്‍ക്ക് വേണ്ടി പ്രാതല്‍ തയ്യാറാക്കി കാത്തിരിക്കുന്നവനായ കര്‍ത്താവ്. അവര്‍ ഭക്ഷണത്തിനുവേണ്ടി പ്രയത്നിച്ചു കൊണ്ടിരുന്നപ്പോള്‍ യാതൊന്നും കിട്ടിയില്ല എന്ന പരമാര്‍ത്ഥം കര്‍ത്താവിനു മനസ്സിലാവുകയും അവരുടെ നിസ്സഹായതയെയും അവിടുത്തെ സഹായത്തിന്‍റെ ആവശ്യകതയെയും കുറിച്ച് അവര്‍ക്ക് ബോധമുണ്ടാകുവാന്‍ വേണ്ടിയാണ് ഇപ്രകാരം ചോദിക്കുന്നത്. ചോദിക്കുക മാത്രമല്ല അവര്‍ക്ക് വേണ്ടി കര്‍ത്താവ് കരുതുകയും ചെയ്തു. ആയതിനാല്‍ മനുഷ്യന്‍ തന്‍റെ കഴിവില്‍ മാത്രം കൂടുതല്‍ ആശ്രയിക്കാതെ ദൈവകരുതലില്‍ കൂടുതല്‍ ശരണപ്പെടണം എന്ന് ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വില കല്പിക്കുന്നവരായ ശിഷ്യന്മാര്‍

പടകിന്‍റെ വലതുവശത്തു വല വീശുവിന്‍. താന്‍ ആരെന്ന് വെളിപ്പെടുത്താതെ തന്നെ വലത്തു ഭാഗത്തു വലവീശുവാന്‍ നിര്‍ദ്ദേശിക്കുകയും അവര്‍ അത് അനുസരിക്കുകയും ചെയ്യുന്നു. നീ ആരാണ് ഞങ്ങളെ ഉപദേശിക്കുവാന്‍ അല്ലെങ്കില്‍ പഠിപ്പിക്കാന്‍, ഞങ്ങള്‍ നിന്നെക്കാള്‍ മീന്‍പിടുത്തത്തില്‍ ഗ്രാഹ്യം ഉള്ളവരാണ് എന്ന് പറഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഒന്നും ഏര്‍പ്പെടാതെ മറ്റുള്ളവര്‍ പറയുന്നതില്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും എന്ന് ചിന്തിച്ച് അവരുടെ വാക്കുകള്‍ക്ക് വില കല്പിക്കുന്ന ശിഷ്യന്മാര്‍. യാതൊരു ചോദ്യവും കൂടാതെ അവര്‍ അനുസരിക്കുകയും അവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. ഇത്രയും നാളായി അവര്‍ മുക്കുവര്‍ ആയിരുന്നിട്ടും ഇതുവരെയും അവരുടെ ജീവിതത്തില്‍ ലഭിക്കാത്ത വലിയ ഒരു പ്രതിഫലം ആണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 153 വലിയ മത്സ്യങ്ങള്‍, വല കീറാറായി എന്നു നാം വായിക്കുന്നു. അത്രക്ക് വലിയതും വല നിറച്ചും അവര്‍ക്ക് മത്സ്യത്തെ ലഭിക്കുന്നു. ഇവിടെ മൂന്നു അത്ഭുതങ്ങള്‍ നടക്കുന്നു.

1. പെട്ടെന്ന് വളരെ മത്സ്യം കിട്ടുന്നു. രാത്രി മുഴുവന്‍ ഇവര്‍ ഈ ഭാഗത്ത് എല്ലാം വല ഇട്ടതാണ്.

2. ഇത്രയും 153 വലിയ മത്സ്യങ്ങള്‍ നിറഞ്ഞ വല വലിച്ചു കയറ്റിയപ്പോള്‍ ഇത്രയും ഭാരം ഉണ്ടായിട്ടും വല കീറാതിരിക്കുന്നു.

3. അവര്‍ കരയ്ക്ക് എത്തുമ്പോള്‍ തീയും മത്സ്യവും കാണപ്പെടുന്നു.

പടകിന്‍റെ വലത്തുഭാഗത്തു വല വീശുന്നത് ഇടത്തേതില്‍ നിന്ന് വലത്തേതിലേക്ക് – തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം. സത്പ്രവര്‍ത്തികള്‍ക്കുള്ള നിര്‍ദ്ദേശം അത് ആരില്‍ നിന്നായാലും അനുസരിക്കുന്നത് പ്രയോജനകരമാണ്. ഇവിടെ കര്‍ത്താവിന്‍റെ ശിഷ്യന്മാര്‍ നന്മയിലേക്കുള്ള ആഹ്വാനത്തെ ആദരിച്ചതിന്‍റെ ഫലമായി ശാരീരികവും ആത്മീയവുമായ രണ്ടുതരം പ്രയോജനങ്ങളും അവര്‍ക്ക് ലഭിക്കുന്നു. ഒന്നാമതായി അവരുടെ അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നു. വല നിറയെ മത്സ്യത്തെ ലഭിക്കുന്നു. രണ്ടാമതായി കര്‍ത്താവിനെ തിരിച്ചറിയുവാനും സാധിക്കുന്നു. ആയതിനാല്‍ നമ്മുടെ ആത്മീയ ജീവിതത്തിലായാലും ലൗകിക ജീവിതത്തിലായാലും നന്മകളെ അംഗീകരിക്കുവാനും മാത്രമല്ല നമ്മോട് ആരു പറയുന്നു എന്നല്ല എന്താണ് പറയുന്നു എന്ന് കേള്‍ക്കുവാനും അവയില്‍ നന്മയുണ്ടെങ്കില്‍ അവയെ അനുസരിക്കാനും കഴിയണം.

ഇവിടെ ഈ മീന്‍പിടുത്തം കര്‍ത്താവ് ശിഷ്യന്മാരെ ആദ്യം വിളിച്ചപ്പോള്‍ അവരോടു അരുളിച്ചെയ്ത ഒരു വാഗ്ദാനം ഉണ്ട്. “ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” തന്‍റെ ശിഷ്യന്മാരിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള വിവിധ ജാതികളായിട്ടുള്ള ജനതകളെ കര്‍ത്താവിനുവേണ്ടി സുവിശേഷം അറിയിക്കുന്നതിനെക്കുറിച്ചും അവരെ കര്‍ത്താവിനു വേണ്ടി നേടിന്നതിന്‍റെയും മുന്‍കുറിയാണ്. 153 മത്സ്യം എന്നു പറയുമ്പോള്‍ ലോകത്താകമാനമുള്ള വിവിധ ജാതികളെ സൂചിപ്പിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ സഭയുടെ സ്ഥാപനത്തെ സൂചിപ്പിക്കുന്നു. “നിങ്ങളോ അഅന്ധകാരത്തില്‍ നിന്നു തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ജാതിയും രാജകീയ പുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു (1 പത്രോസ് 2:9). സുവിശേഷ പ്രസംഗമായ വലയാല്‍ അജ്ഞാനാന്ധകാരം പൂര്‍ണ്ണമായ ലോകത്തില്‍ നിന്ന് ദിവ്യജ്ഞാനത്തിലേക്ക് മനുഷ്യ.ന്‍ വിളിച്ചടുപ്പിക്കുന്നു.

അദ്ധ്വാനശീലരായ കര്‍ത്താവിന്‍റെ ശിഷ്യന്മാര്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ക്ക് വില കല്പിച്ച് അദ്ധ്വാനിച്ചതിനാല്‍ ലോകജനതയെ അന്ധകാരത്തില്‍ നിന്നും ദൈവിക വെളിച്ചത്തിലേക്ക് നയിക്കുവാന്‍ ഇടയായി. നമുക്കും നാം ആയിരിക്കുന്ന സ്ഥലങ്ങളില്‍ നമുക്കു ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെയും ആത്മാര്‍ത്ഥതയോടെയും നിര്‍വ്വഹിക്കുവാനും അതിലൂടെ തിന്മയില്‍ നിന്നും മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുന്ന ദൈവീക ശുശ്രൂഷകരായി മാറുവാന്‍ ഉള്ള ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നമ്മെ സഹായിക്കട്ടെ.