സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സ്ത്രീ ശക്തീകരണ ദര്‍ശനങ്ങള്‍ക്ക് ശേഷം സഭയില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് 1987 കാലഘട്ടത്തിലാണ്. സ്ത്രീകള്‍ക്ക് വേദപഠനത്തിന് അവസരം നല്‍കണമെന്ന ആവശ്യം 1980-കളില്‍ ആരംഭിച്ചതിന്‍റെ രേഖകള്‍ ലഭ്യമാണ്:

‘സഭയിലെ മഠങ്ങളിലെ സിസ്റ്റേഴ്സ് മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്കായി പഴയ സെമിനാരിയിലെ സോഫിയാ സെന്‍ററില്‍ വച്ച് വേദപഠനം നടത്തുന്നതിനുള്ള സാധ്യതകളെപ്പറ്റി പരിചിന്തനം ചെയ്യണമെന്നുള്ള വൈദിക സെമിനാരി ഫാക്കല്‍റ്റിയുടെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും അവര്‍ക്കായി പ്രത്യകം ക്ലാസ്സുകള്‍ എടുക്കുന്നതിനും അവരുടെ വായനയ്ക്കും പഠനത്തിനുമായി ലൈബ്രറി സൗകര്യപ്പെടുത്തി കൊടുക്കുന്നതിനും സെമിനാരി അധികൃതരെ ചുമതലപ്പെടുത്തണമെന്നും നിശ്ചയിക്കുകയും ചെയ്തു’ (1981-ലെ പ. സുന്നഹദോസ് നിശ്ചയം, 1976-83 വരെയുള്ള എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിശ്ചയങ്ങള്‍, നമ്പര്‍ 8, പേജ് 39).

കോട്ടയം സോഫിയാ സെന്‍ററില്‍ 1987 ജൂലൈ 7 മുതല്‍ 11 വരെ നടന്ന പ. സുന്നഹദോസ് സ്ത്രീകള്‍ക്ക് സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനെക്കുറിച്ച് പഠിച്ച് അടുത്ത സുന്നഹദോസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അദ്ധ്യക്ഷനായി ഒരു കമ്മിറ്റിയെ നിശ്ചയിച്ചത് സ്ത്രീ പങ്കാളിത്ത കാഴ്ചപ്പാടുകള്‍ക്ക് ശക്തി പകര്‍ന്നു. തുടര്‍ന്ന് 1988 ജൂലൈ 4 മുതല്‍ 8 വരെ നടന്ന സുന്നഹദോസില്‍ സ്ത്രീകള്‍ക്ക് സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന് തീരുമാനിച്ചു. വി. മാമോദീസായ്ക്ക് ശേഷം ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളേയും വി. മദ്ബഹായില്‍ കയറ്റി ബലിപീഠം മുത്തിക്കാമെന്നും ആരാധനയില്‍ പഴയനിയമ വേദഭാഗങ്ങള്‍ വായിക്കാന്‍ സ്ത്രീകളെ അനുവദിക്കാമെന്നും പ. സുന്നഹദോസ് നിശ്ചയിച്ചു (മലങ്കരസഭാ മാസിക, ആഗസ്റ്റ്, 1988, പേജ് 8).

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വവും വോട്ടവകാശവും 2005-ല്‍ പ. സുന്നഹദോസ് നല്‍കി. നാഗപ്പൂര്‍ സെമിനാരിയില്‍ സ്ത്രീകള്‍ക്ക് വേദശാസ്ത്ര പ്രവേശനത്തിന് 2005-ല്‍ അനുമതി നല്‍കി. ഇടവകയോഗത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്ന് 2007-ലും സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇടവകയിലെ ഉപസമിതികളില്‍ അംഗത്വവും ആകാമെന്ന് 2008-ലും തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ ഇടവക യോഗാംഗത്വം നല്‍കിയ പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 2011-ലെ കല്പന സ്ത്രീ പങ്കാളിത്തത്തിനും നേതൃത്വത്തിനും പുത്തന്‍ ദിശാബോധം പകര്‍ന്നു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ 2011-ല്‍ സ്ത്രീകള്‍ ആദ്യമായി വോട്ടു രേഖപ്പെടുത്തി. ഇടവക ഭരണസമിതിയില്‍ 2012 മുതല്‍ സ്ത്രീകള്‍ ക്രിയാത്മക പങ്കാളിത്തവും നേതൃത്വവും നല്‍കുന്നു. മലങ്കരസഭയില്‍ സ്ത്രീകളുടെ സാന്നിധ്യവും നേതൃത്വവും വളര്‍ന്നു വികസിക്കേണ്ടതിന്‍റെ വിവിധ തലങ്ങളെക്കുറിച്ചു അവബോധം 2012 മുതല്‍ കൂടുതല്‍ ശക്തിപ്പെട്ടു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്‍റെ മുഖ്യ വരണാധികാരിയായി പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കല്പനപ്രകാരം ഒ. പി. ശോശാമ്മ ഐ.എ.എസ്. 2007-ലും 2008-ലും ചുമതല വഹിച്ചത് ജനശ്രദ്ധ നേടി.

മലങ്കരസഭയില്‍ സ്ത്രീപങ്കാളിത്തം യാഥാര്‍ത്ഥ്യമാകുന്നതിന് 2005 മുതല്‍ ധീരമായ നിലപാട് എടുക്കുന്നതില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വവും ഇടപെടലും ശക്തമായിരുന്നു. യുവജനപ്രസ്ഥാനത്തിലും ഇടവക പൊതുയോഗത്തിലും സ്തീ സാന്നിധ്യം ഉണ്ടാക്കുവാന്‍ ആവശ്യമായ നിയമ ഉപദേശങ്ങളും ആശയങ്ങളും നല്‍കി പുരോഗമനപരമായ ദിശാബോധം നല്‍കിയത് ശ്രദ്ധേയമാണ്. പരുമല അസോസിയേഷനിലെ (2021) അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിലും സഭയുടെ കേന്ദ്ര സമിതികളില്‍ സ്ത്രീ നേതൃത്വത്തിന്‍റെ അനിവാര്യതയെക്കുറിച്ച് വിശദീകരിച്ചത് പഠനാര്‍ഹമാണ്.

********************

സ്ത്രീകള്‍ക്ക് ഭരണപരമായ രംഗത്ത് സജീവ സാന്നിദ്ധ്യം ഉണ്ടാകുന്നതിന്‍റെ സൂചനകള്‍ വര്‍ദ്ധിക്കുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. 2007 ഫെബ്രുവരി 19-23 വരെ കോട്ടയം പഴയസെമിനാരിയില്‍ നടന്ന പ. എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ തീരുമാനത്തില്‍ അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവക പൊതുയോഗങ്ങളില്‍ വനിതകള്‍ക്ക് നിരീക്ഷകരായി പങ്കെടുക്കുവാന്‍ അനുമതി നല്‍കി: “മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഇടവകകളില്‍ കുടിശ്ശിക ഇല്ലാത്തവരും കുമ്പസ്സാരിച്ചവരുമായ 21 വയസ്സ് പൂര്‍ത്തീകരിച്ചിട്ടുള്ള വനിതകളെ ഇടവക പൊതുയോഗത്തില്‍ നിരീക്ഷകരായി സംബന്ധിക്കാവുന്നതാണ്. ഭരണഘടന ഭേദഗതി വരുന്നതു രെ അവര്‍ക്ക് വോട്ടു ചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല. മലങ്കരസഭയുടെ പ്രവര്‍ത്തന പന്ഥാവില്‍ വനിതകള്‍ക്കും പങ്കാളിത്തം അനുവദിക്കുന്നതിനുള്ള നീക്കത്തിന്‍റെ പ്രാരംഭ നടപടിയായി ഇതിനെ കാണേണ്ടണ്ടതാകുന്നു” (2007 മിനിട്സില്‍ നിന്നും). സ്ത്രീ പങ്കാളിത്തത്തിന് സജീവ സാന്നിദ്ധ്യം മറ്റു ഭദ്രാസനങ്ങളിലുമുണ്ടാവണം. അതിനു വേണ്ട ഭരണ ഭേദഗതികള്‍ നിശ്ചയിക്കുവാന്‍ സഭാ സമിതികള്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

മലങ്കരസഭയില്‍ സ്ത്രീ പ്രാതിനിധ്യത്തിനുള്ള പ്രകാശരേഖയാണ് 2004 ഡിസംബര്‍ 7-ന് കോട്ടയം പഴയസെമിനാരിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി ഉപസമിതിയുടെ പഠന റിപ്പോര്‍ട്ട്. 2005 ഫെബ്രുവരി 11-ന് പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ സഭയില്‍ സ്ത്രീപങ്കാളിത്തവും പ്രാതിനിധ്യവും അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്നു.

‘ആദ്ധ്യാത്മിക നവോത്ഥാനവും സഭയുടെ കെട്ടുപണിയും’ എന്ന ഒന്നാം വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് സഭാ മാനേജിംഗ് കമ്മറ്റിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. സഭയുടെ ആദ്ധ്യാത്മിക ജീവിതത്തിലും പരിശീലനത്തിലും സ്ത്രീകള്‍ വഹിക്കുന്ന നിര്‍ണ്ണായകമായ പങ്ക് കണക്കിലെടുത്ത് അവര്‍ക്ക് സഭയുടെ ഭരണസമിതികളില്‍ പ്രാതിനിധ്യം നല്‍കണം (1:9 പേജ് 6). സഭയുടെ ആദ്ധ്യാത്മിക സംഘടനകളുടെ കേന്ദ്രജനറല്‍ സെക്രട്ടറിമാരേയും മാനേജിംഗ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് പറയുമ്പോള്‍, വനിതാ സമാജം എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട് (1:8 പേജ് 6).

ഈ റിപ്പോര്‍ട്ടിന്‍റെ നാലാം ഭാഗത്ത് ഭരണഘടനാ ഭേദഗതികള്‍ (Ammendment to the Constitution), നടപടിചട്ടങ്ങള്‍ (book of Canon law), പുതിയ കാനോന്‍ പുസ്തകം (Codes of Procedure) എന്ന ഭാഗത്ത് ഇടവകയോഗത്തിന്‍റെ പ്രായം 21-ല്‍ നിന്നും 18 ആയി കുറയ്ക്കണമെന്നും എല്ലാ സ്ത്രീകള്‍ക്കും ഇടവകയോഗത്തില്‍ പങ്കാളികളാകാന്‍ അവസരമുണ്ടാകണമെന്നും നിര്‍ദ്ദേശിക്കുന്നു (പേജ് 12).

സഭാഭരണഘടന വകുപ്പ് 120-ല്‍ പറയുന്ന റിശ്ശീസാ 18 വയസ്സു കഴിഞ്ഞ സ്ത്രീയും പുരുഷനും കൊടുക്കണം. അത് ഭരണഘടന വകുപ്പ് 10 ല്‍ പറയുന്ന കുടിശികയില്‍ രേഖപ്പെടുത്തേണ്ടതുമാണ് (പേജ് 13).

*************

വനിതാ പ്രാതിനിധ്യം മെത്രാസന കൗണ്‍സിലിലേക്കും മെത്രാസന പൊതുയോഗത്തിലേക്കും വ്യാപിപ്പിക്കുവാനായി വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി എന്നിവയില്‍ അവതരിപ്പിച്ച് ഭരണഘടനാ ഭേദഗതി വരുത്തുവാനായി റൂള്‍സ് കമ്മിറ്റിക്കു വിടുവാന്‍ 2016 ഓഗസ്റ്റ് സുന്നഹദോസ് ഏകാഭിപ്രായമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. – എഡിറ്റര്‍