ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ കബറടക്കം നടത്തി

റോമന്‍ കത്തോലിക്കാ സഭയുടെ സ്ഥാനമൊഴിഞ്ഞ തലവന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ (95) കാലം ചെയ്തു. വത്തിക്കാനില്‍ ഡിസംബര്‍ 31 രാവിലെയായിരുന്നു അന്ത്യം. 2013-ല്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. കബറടക്കം ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കാര്‍മികത്വത്തില്‍ ജനുവരി 5-ന് നടന്നു. മലങ്കര സഭയെ പ്രതിനിധീകരിച്ച് യുകെ-യൂറോപ്പ്-ആഫ്രിക്കാ മെത്രാസനത്തിന്‍റെ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ സംബന്ധിച്ചു. കോപ്റ്റിക്, അര്‍മേനിയന്‍ ഉള്‍പ്പെടെ വിവിധ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികള്‍ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തു.

മാര്‍പാപ്പായുടെ വേര്‍പാടില്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. “വേദശാസ്ത്രപണ്ഡിതനും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനുമായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ; കാലോചിതമായി സഭാവിശ്വാസത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച പിതാവായിരുന്നു അദ്ദേഹം” എന്ന് പരിശുദ്ധ ബാവായുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജര്‍മനിയിലെ ബവേറിയ പ്രവിശ്യയില്‍ 1927 ഏപ്രില്‍ 16-ന് ബനഡിക്ട് എന്ന ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചു. 1951ല്‍ വൈദികപട്ടം സ്വീകരിച്ചു. 1977ല്‍ മ്യൂണിക് ആര്‍ച്ച്ബിഷപ്പായി. 1977 ജൂണ്‍ 27-ന് കര്‍ദിനാള്‍ പദവി ലഭിച്ചു. 2005 ഏപ്രില്‍ 19-ന് മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടു; 24-ന് സ്ഥാനാരോഹണം ചെയ്തു. 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് ‘പോപ്പ് ഇമെരിറ്റെസ്’ എന്നറിയപ്പെട്ടു തുടങ്ങി.