ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡും സോനം വാങ്‌ചുക്കും പിന്നെ ലദ്ദാക്കും | ഫാ. സജി യോഹന്നാൻ

                          

യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ നൂറാം ജന്മവർഷത്തിൽ നടത്തിയ ഒരു യാത്രാനുഭവമാണ് ഇവിടെ കുറിക്കുന്നത്.  കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ അനശ്വരമാക്കുവാൻ ഡൽഹി ഭദ്രാസനം സംഘടിപ്പിച്ചിട്ടുള്ള ഡോക്ടർ പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡിന്റെ ഏഴാം പതിപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി ഭദ്രസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിക്കൊപ്പം നടത്തിയ ലദ്ദാക് യാത്ര  അവിസ്മരണീയവും അനിർവചനീയവും ആണ്.

അതിനു മുൻപ് ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡിനെക്കുറിച്ചു അല്പമായി പറയേണ്ടതുണ്. ലോക പ്രശസ്ത ദൈവശാസ്ത്രജ്ഞനും  മലങ്കര ഓർത്തഡോൿസ് സഭ ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പോലിത്തായുമായിരുന്ന ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ഡൽഹി സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയതാണ് അഭിമാനകരമായ ‘ഡോക്ടർ പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ്’.1997-ൽ ആദ്യ അവാർഡ് നൽകപ്പെട്ടത് തിബത്തിന്റെ ആത്മീയാചാര്യൻ H.H.ദലൈ ലാമ യ്ക്കായിരുന്നു. തുടർന്ന് 1999-ൽ ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവെന്നു അറിയപ്പെടുന്ന അമൂൽ പ്രസ്ഥാനങ്ങളുടെ കുലപതിയും മലയാളിയുമായ ഡോ. വര്‍ഗീസ്  കുര്യൻ അവാർഡിന് അർഹനായി.  ആയുർവേദ ചികിത്സാ രംഗത്തെ മികവിന് കോട്ടക്കൽ ആര്യ വൈദ്യശാല ശില്പി ഡോ. പി.കെ. വാര്യർ 2001-ൽ അവാർഡിന് അർഹനായി. 2005-ൽ പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യ സമര സേനാനിയും, കുഷ്ഠരോഗനിവാരണ രംഗത്ത് ജീവിതം സമർപ്പിച്ച മനുഷ്യ സ്നേഹിയുമായ ഡോ.ബാബ ആംതേ പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ് സ്വീകരിച്ചു. അഞ്ചാമത് പൗലോസ് മാർ ഗ്രീഗോറിയോസ് അവർഡ് 2010-ൽ നൽകപ്പെട്ടത് വിഖ്യാത ചിന്തകനും  , എഴുത്തുകാരനും,  രാഷ്ട്ര തന്ത്രജ്ഞനുമായ ഡോ.കരൺ സിങിനാണ്. 2019 – ൽ ആറാമത് അവാർഡ് നൽകപ്പെട്ടത് വിവരാവകാശ നിയമത്തിന്‍റെ വക്താവും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി അരുണ റോയ് ക്കും അവരുടെ സ്ത്രീ ശാക്തീകരണ സംഘടനയായ MKSS നും സംയുക്തമായിട്ടായിരുന്നു. ഈ അവാർഡുകൾക്കു മുഖ്യാതിഥി കളായി അവാർഡ് ദാനം നിർവഹിച്ചു വന്നത്  അതാത് കാലത്തേ ഇന്ത്യൻ പ്രസിഡന്‍റ് അഥവാ വൈസ്-പ്രസിഡന്‍റ് പദവിയിലുള്ളവരായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ഇനി അവിസ്മരണീയമായ ആ യാത്രയിലേക്കു.  ലദ്ദാക്; സമുദ്ര നിരപ്പിൽ   നിന്ന്  9800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, മനുഷ്യ വാസമുള്ള കുന്നുകളും, മലകളും, മഞ്ഞുമൂടിയ പർവ്വതങ്ങളുമുള്ള ഒരത്യപൂർവ്വ ദൃശ്യാനുഭവം നൽകുന്ന വടക്കേ ഇന്ത്യയിലെ ഒരുകേന്ദ്ര ഭരണ പ്രദേശമാണ്. ഇവിടുത്തെ മൊത്തം ജനസംഖ്യയായ മൂന്നു ലക്ഷത്തിൽ  85% ബുദ്ധമതം വിശ്വാസികളും,12% ഇസ്ലാം മതവിശ്വാസികളും കേവലം 3% മാത്രം ക്രിസ്തുമത വിശ്വാസികളും അടങ്ങുന്നതാണ്. വർഷത്തിൽ ഒട്ടുമിക്ക സമയങ്ങളിലും മഞ്ഞു മൂടി   കിടക്കുന്ന പർവ്വതങ്ങളും ഒരു പുൽനാമ്പുപോലും വളരാത്ത സമതലങ്ങളും ലദ്ദാക്കിനെ ഒരു “തണുത്ത മരുഭൂമി” എന്ന വിളിപ്പേരിന് അർഹയാക്കി. സിന്ധു (ഇൻഡസ്) നദി ഒഴുകുന്ന താഴ്വാരങ്ങളിൽ മാത്രമാണ് അല്പമെങ്കിലും പച്ചത്തുരുത്തുകൾ കാണാൻ കഴിയുക. ആദ്യമായി അവിടെ എത്തുന്ന സഞ്ചാരികൾ ഒന്നുരണ്ടു ദിവസം അവിടെ വിശ്രമിച്ചു കാലാവസ്ഥയ്ക്ക് തങ്ങളുടെ ശരീരം പരിചിതമായ ശേഷം മാത്രമേ വെളിയിൽ ഇറങ്ങാവു, അല്ലാത്ത പക്ഷം ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാം. climate acclimatisation- നു വിധേയപ്പെടാതെ യാത്രയ്ക്ക് മുതിർന്നാൽ മരണം വരെ സംഭവിക്കാം.

നാനൂറില്പരം കിലോമീറ്റര്‍ ദൂരമുള്ള ശ്രീനഗറാണ് തൊട്ടടുത്ത പ്രധാന പട്ടണം. ലദ്ദാക്കിൽ റോഡുമാർഗം എത്താൻ വളരെ സമയം എടുക്കും. എന്നാൽ ഡൽഹിയിൽ നിന്നും ഒരുമണിക്കൂർ വിമാന യാത്ര ചെയ്‌താൽ ലേ എന്ന ലദ്ദാക്കിലെ പ്രധാന പട്ടണത്തിലെത്താം. ഞങ്ങളുടെ ലക്ഷ്യ സ്ഥാനവും ലേ തന്നെ ആയിരുന്നു. കാരണം ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ശ്രീ സോനം വാങ്‌ചുക് താമസിക്കുന്നതും ലെയിലാണ്. തനിക്കു ലഭിച്ച സുന്ദരമായ ജീവിതം സമസൃഷ്ടങ്ങൾക്കു എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ലോകത്തിനു കാട്ടിത്തന്ന അത്ഭുത  മനുഷ്യനാണ് അദ്ദേഹം. പ്രതിസന്ധികളും പ്രാതികൂല്യങ്ങളും മാത്രം ഉള്ള ഒരു ഭൂമിയിൽ നിന്ന് എങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്ന് ഈ മനുഷ്യ സ്‌നേഹി കാട്ടിത്തരുന്നു. ആകാശത്തു സൂര്യനും ഭൂമിയിൽ മണ്ണും രണ്ടു കൈകളും ഉണ്ടെങ്കിൽ സ്വപ്നങ്ങളെ സത്യങ്ങൾ ആക്കാം എന്ന് വാങ്‌ചുക് പറയുന്നു.  മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദ ധാരിയായ സോനം വാങ്‌ചുക് ഏതൊരു സാധാരണ ചെറുപ്പക്കാരനെയുംപോലെ തന്‍റെ ജീവസന്ധാരണത്തിനുവേണ്ടി തണുപ്പുള്ള ആ കുന്നിറങ്ങി പട്ടണത്തിന്‍റെ വശ്യതയിൽ ശിഷ്ടകാലം സുഖമായി ജീവിക്കാം എന്നല്ല തീരുമാനിച്ചത്. മറിച്ചു അദ്ദേഹം പഠനം കഴിഞ്ഞു തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി . അതിന്‍റെ വിദ്യാഭ്യസ , സാമൂഹിക പിന്നോക്കാവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി. സർക്കാർ വിദ്യാലയങ്ങളിൽ പഠന നിലവാരമില്ലായ്മ, കൂട്ടത്തോൽവി ഇവയ്‌ക്കൊരു പരിഹാരം കണ്ടെത്താൻ അദ്ദേഹം അക്ഷീണം യത്നിച്ചു. അങ്ങനെ SECMOL (Students’ Educational and Cultural Movement of Ladakh) പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ആദ്യവർഷം തന്നെ പ്രയോജനം ഉണ്ടായി 5 ശതമാനം മാത്രമായിരുന്ന വിജയം 25 ശതമാനമായി ഉയർന്നു. അഞ്ചു വർഷം കൊണ്ട് അത് 75 ശതമാനമായി. എന്നിട്ടും 25 ശതമാനം തോൽവി. തോറ്റവർക്കുവേണ്ടി അദ്ദെഹം ഒരു സ്കൂൾ സിന്ധു നദിക്കരയിൽ ആരംഭിച്ചു SECMOL Alternative School. ലദ്ദാക്കിന്റെ വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്‍റെ കൊടുംകാറ്റായി മാറുവാൻ  SECMOL  നു കഴിഞ്ഞു. ഒരു മനുഷ്യൻ നേടിയിരിക്കേണ്ട   എല്ലാ അടിസ്ഥാന  അറിവുകളും പ്രവർത്തി പരിചയത്തിലൂടെ നേരിട്ട് കണ്ടു പഠിക്കുവാനുള്ള അവസരം SECMOL  ഒരുക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തും സോനം വാങ്‌ചുക് തന്‍റെ ചുവടുറപ്പിച്ചു കഴിഞ്ഞു . ലദ്ദാകുപോലെ പർവത പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു യൂണിവേഴ്സിറ്റി അദ്ദേഹം ആരംഭിച്ചു. HIAL (Himalayan Institute of Alternative learning). സാധാരണ യൂണിവേഴ്സിറ്റികളിലെ പതിവ് വിഷയങ്ങളിൽനിന്നും മാറി വ്യത്യസ്തങ്ങളായ വിഷയങ്ങൾ പരിശീലിപ്പിക്കുന്ന HIAL നമുക്കൊരു പുതിയ അനുഭവമാണ്. സർക്കാർ നൽകിയ 200 ഏക്കർ സ്ഥലത്തു യൂണിവേഴ്സിറ്റിയുടെ പണികൾ പുരോഗമിക്കുന്നു.

വായു മലിനീകരണം ഒട്ടും ഇല്ലാത്ത ലദ്ദാക്കിൽ ആകാശം എപ്പോഴും പ്രസന്നമാണ്.  സൂര്യ പ്രകാശം അതിന്‍റെ ഉച്ചസ്ഥായിയിൽ ലഭിക്കുന്ന അവിടെ സൗരോർജം   ഉപയോഗപ്പെടുത്തി പ്രകൃതി ദത്തമായ രീതിയിൽ മനുഷ്യന്റെ ആവാസ സ്ഥലങ്ങളിലും   ചൂട് നിലനിർത്താൻ പരമ്പരാഗതവും എന്നാൽ ചിലവുകുറഞ്ഞതുമായ വീടുകൾ (Solar heated housing) നിർമിച്ചു അത്ഭുതം തീർക്കുകയാണ് സോനം വാങ്‌ചുക്.  കമ്പിയോ സിമെന്റോ കൂടാതെയുള്ള നിർമാണ പ്രവത്തനങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും. മഞ്ഞുമൂടിയ അതിർത്തി   പ്രദേശങ്ങളിൽ   സൗരോർജം ഉപയോഗിച്ച് ചൂട് നിലനിർത്തുന്ന പട്ടാള ടെന്റുകൾ (Solar Tents) എന്ന പദ്ധതിയും സോനം വാങ്‌ച്ചുകിന്റെ ബുദ്ധിയിൽ നിന്നുള്ളതാണ്. തണുപ്പ് കാലത്തു സുലഭമായ മഞ്ഞുപാളികൾ ഹിമസ്‌തൂപങ്ങളാക്കി (Ice Sthupa) നിലനിര്തുകയും, വേനൽക്കാലത്തു അവയുരുകി ലഭിക്കുന്ന ജലം ഉപയോഗിച്ച് കൃഷിയും സസ്യ പരിപാലനവും നടത്തുന്ന നൂതന ജല സംരക്ഷണ പദ്ധതികളും അദ്ദേഹം നടപ്പിലാക്കി  മാതൃക കാട്ടുന്നു.

നഗരവത്കരണത്തിൻറെ ഇക്കാലത്തു ഗ്രാമങ്ങൾ അന്യമായിപ്പോകുന്നു. പുതു തലമുറ പട്ടണത്തിലേക്കു കുടിയേറുമ്പോൾ ഗ്രാമങ്ങളിൽ തനിച്ചാകുന്ന വൃദ്ധരുടെ അവസ്ഥ ദയനീമാകുന്നു. പ്രതേകിച്ചു ലദ്ദാകുപോലെയുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങൾ നന്നേ ചെറുഗ്രാമങ്ങൾ ആയതിനാൽ വളരെ പെട്ടന്ന് അവ ഇല്ലാതാകുന്നു. മരിക്കുന്ന ഗ്രാമങ്ങൾ പുനരുദ്ധരിക്കാൻ അവയെ ചെറുവിനോദ സഞ്ചാര കേന്ദ്രങ്ങൾ ആക്കുകയും ഗ്രാമത്തിലെ വീടുകളെ ഹോം സ്റ്റേകളായി    രൂപപ്പെടുത്തി  സഞ്ചാരികൾക്ക് ചിലവുകുറഞ്ഞ താമസം വീട്ടുകാരോടൊപ്പം ക്രമീകരിക്കുന്ന ഫാം സ്റ്റേ ( Farm Stay) പദ്ധതി   നടപ്പാക്കി സോനം വീണ്ടും അത്ഭുതങ്ങളുടെ പുതു ലോകം സൃഷ്ടിച്ചിരിക്കുകയാണ്. ശ്രീ സോനം വാങ്‌ച്ചുകിനോടൊപ്പം ചിലവഴിച്ച ഏതാനും മണിക്കൂറുകൾ ഞങ്ങളെ  ആശ്ചര്യപ്പെടുത്തുന്നതായിരുന്നു .കാരണം ,  ഒരു മനുഷ്യൻ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്ന ഓരോ വാക്കും കേൾക്കുന്നവന് കൗതുകം മാത്രം ജനിപ്പിക്കുവാൻ കഴിയുന്നത്  എങ്ങനെയാണ് ? പ്രയോജനമില്ലാത്ത ഒരു വാക്കും അദ്ദേഹത്തിന്‍റെ നാവിൽനിന്നും പുറത്തു വരുന്നില്ല എന്നത് ഞങ്ങൾക്ക്  അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പതിന്മടങ്ങു വർധിക്കാൻ കാരണമായി. വാക്കുകളിലും വിസ്മയം ഒളിപ്പിച്ച മനുഷ്യൻ

വിജ്‍ഞാനവും,വിവേകവും,വിസ്മയവും നിറഞ്ഞ ജീവിതത്തിനുടമയായ സോനം വാങ്‌ചുക്കിനെയാണ് 2022 ലെ ഡോ. പൗലോസ്  മാർ ഗ്രീഗോറിയോസ് അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. 2022  നവംബർ 27-നു ഡൽഹിയിൽ  ക്രമീകരിച്ചിരിക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നതാണ്. തീർച്ചയായും ഈ മനുഷ്യ സ്നേഹിയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കു, കരുണയുള്ള മനസ്സിന് , കർമ്മോത്സുകമായ ജീവിതത്തിനു മലങ്കര സഭയുടെ ആദരമാണ് ‘ പൗലോസ് മാർ ഗ്രീഗോറിയോസ് അവാർഡ്’. അതിലുപരി ഈ അവാർഡിന്  ഇദ്ദേഹത്തെ തിരഞ്ഞെടുത്തതിൽ പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ആത്മാവ് സന്തോഷിക്കും, കാരണം തിരുമേനിയും ജീവിച്ചത് മനുഷ്യനന്‍മയിലൂടെ ദൈവ സാക്ഷാത്ക്കാരത്തിലേക്കു ലക്ഷ്യം വെച്ചായിരുന്നു.