അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഔപചാരികമായ ചടങ്ങായി ക്രമീകരിക്കാറുണ്ട് . പലപ്പോഴും ഒരു മേൽസ്ഥാനിയുടെ സാന്നിധ്യത്തിലാവും ഇപ്രകാരം സ്ഥാനം ഏറ്റെടുക്കുക . ഇത്തരം സന്ദർഭങ്ങളിൽ ചുമതല ഏൽക്കുന്ന വ്യക്തി തന്റെ ഉത്തരവാദിത്വം സത്യസന്ധതയോടും , ആത്മാർഥതയോടും കൂടി നിർവഹിക്കും എന്ന് ഔപചാരികമായി പ്രതിജ്ഞ ചെയ്യുന്നതും പതിവാണ് . സമൂഹത്തിലെ പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന മന്ത്രിമാർ, ജനപ്രതിനിധികൾ, ന്യായാധിപന്മാർ തുടങ്ങിയവർ ഇപ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് സ്ഥാനം സ്വീകരിക്കുന്നത് . അവർ രാജ്യത്തിലെ പ്രധാനപ്പെട്ട ചുമതലകൾക്കായി നിയോഗിതരാകയാൽ രാഷ്ട്രത്തിന്റെ ഭരണഘടനയോടാണ് കൂറും വിധേയത്തവും പ്രഖ്യാപിക്കുന്നത് . തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭരണഘടന പ്രകാരം നിർഭയമായും ആരോടും പ്രത്യേകമായ പരിഗണനയോ , വിദ്വേഷമോ , മമതയോ , പക്ഷപാതമോ കൂടാതെ ആത്മാർഥതയോടും നിഷ്പക്ഷമായും നിർവഹിക്കും എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ എടുക്കുന്ന പ്രതിജ്ഞകളുടെ സാരാംശം . ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങി ചികിത്സാ – പരിചരണ രംഗങ്ങളിൽ പ്രവർത്തിക്കാനുള്ളവർ അവരുടെ പഠനം പൂർത്തിയാക്കുമ്പോൾ ഹിപ്പോക്രിറ്റസിന്റെ പ്രതിജ്ഞ – Hippocratic Oath – എന്നറിയപ്പെടുന്ന പ്രതിജ്ഞ ചെയ്താണ് ബിരുദം സ്വീകരിക്കുന്നത് . തങ്ങളുടെ തൊഴിലിന്റെ മാന്യത പാലിക്കുമെന്നും , തങ്ങളുടെ സേവനം തേടിയെത്തുന്നവരോട് വിശ്വസ്തതയും പെരുമാറ്റത്തിൽ അന്തസ്സും പാലിക്കുമെന്നാണ് അവർ പ്രതിജ്ഞ ചെയ്യുന്നത് . അതായത് പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഭരണഘടനയോട് കൂറും വിധേയത്തവും അതിന്റെ മൂല്യങ്ങളോട് ആദരവും പ്രവർത്തന രംഗത്ത് സത്യസന്ധതയും ആത്മാർഥതയും നിഷ്പക്ഷതയും പാലിക്കുവാനുള്ള സന്നദ്ധത പരസ്യമായി പ്രഖ്യാപിക്കുക എന്നതാണ് ഈ പ്രതിജ്ഞകൊണ്ട് അർഥമാക്കുന്നത് . പ്രതിജ്ഞ ചെയ്യുന്ന വ്യക്തി തന്റെ പ്രവർത്തന കാലഘട്ടത്തിൽ എങ്ങനെ വർത്തിക്കണം എന്നതിന്റെ ശക്തമായ ഓർമപ്പെടുത്തലാണ് ഈ ചടങ്ങിന്റെ ലക്ഷ്യവും താത്പര്യവും . ഇതുകൂടാതെ അയാൾ തന്റെ തൊഴിലിൽ നിയമം , സത്യസന്ധത , നിഷ്പക്ഷത , ആത്മാർഥത എന്നിവ പാലിക്കുമെന്ന് പരസ്യമായി വാഗ്ദാനം ചെയ്യുകയുമാണ് . വാഗ്ദാനത്തിന്റെ അലംഘ്യതയും ഗൗരവവും വ്യക്തമാക്കാനായി അധികവും ദൈവനാമത്തിലാണ് ഇത്തരം പ്രതിജ്ഞകൾ എടുക്കുന്നത് .
ഓർത്തഡോക്സ് സുറിയാനി സഭയിൽ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ടവർ ഇത്തരം പ്രതിജ്ഞയെടുക്കുന്ന പതിവുണ്ട് . എപ്പിസ്കോപ്പൽ ചുമതലാ നിർവഹണം ഉന്നതവും , പാവനവും, ഗൗരവസ്വഭാവം ഉള്ളതും ആണ് . മാത്രമല്ല ഇത് ദൈവനിയോഗവും ആണ് . അതുകൊണ്ട് അങ്ങനെയൊരു പരസ്യ പ്രതിജ്ഞ ചെയ്യുന്നതിൽ ഒട്ടും അപാകതയില്ല. അതിലെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്ന പോലെ ആകേണ്ടതാണ് .
1 . മേൽപ്പട്ട നൽവരം ദൈവ ദാനവും ദൈവ നിയോഗവുമാണ് . അതുകൊണ്ട് അത് നൽകിയ ദൈവത്തോട് – ദൈവഹിതത്തോട് – നിരുപാധിക അനുസരണവും , ലഭിച്ച നിയോഗത്തോട് പൂർണ വിശ്വസ്തതയും പാലിക്കും .
2 . സഭയിൽ രൂപപ്പെട്ട് താൻ പങ്കു ചേരുന്ന സഭയുടെ വിശ്വാസ സത്യങ്ങളോട് വിശ്വസ്തത പുലർത്തും , അതിന് മാറ്റം വരുത്താതെ നിലനിർത്താൻ ശ്രമിക്കും .
3 . വിശ്വാസത്തിന്റെ അടിസ്ഥാന രേഖയായ തിരുവെഴുത്തുകൾ ആധികാരികവും ദൈവ നിശ്വസിതവുമാണ് എന്ന് വിശ്വസിക്കുന്നു .
4 . സഭാ വിശ്വാസം രൂപപ്പെടുത്തിയ മൂന്ന് എക്യുമെനിക്കൽ സുന്നഹദോസുകളോടും അവയുടെ നിശ്ചയങ്ങളോടും , വിശ്വാസത്തിന്റെ രൂപപ്പെടലിൽ പങ്കു വഹിച്ച പിതാക്കന്മാരോടും അവരുടെ രചനകളോടും , സഭയിൽ നിലനിൽക്കുന്ന ആരാധന – അനുഷ്ഠാന – പാരമ്പര്യങ്ങളോടും ആദരവും , വിശ്വസ്തതയും പുലർത്തും .
5 . സഭയിലെ മേൽപ്പട്ടക്കാർ പാലിക്കുവാനായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള സദാചാര മൂല്യങ്ങളും , പെരുമാറ്റച്ചട്ടങ്ങളും ആദരിക്കും .
6 . 1934 ലെ മലങ്കര അസോസിയേഷൻ പാസാക്കിയതും ഇന്ത്യയുടെ സുപ്രീംകോടതി വിധിപ്രകാരം സഭയ്ക്ക് ബാധകമാക്കിയിരിക്കുന്നതുമായ ഭരണഘടന അംഗീകരിക്കുന്നു .
7 . മലങ്കര സഭയുടെ വിശ്വാസ- അച്ചടക്ക – വൈദിക വിഷയങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്ന മലങ്കര ഓർത്തഡോക്സ് എപ്പിസ്കോപ്പൽ സുന്നഹദോസിനോടും ഭരണഘടന പ്രകാരം എടുക്കുന്ന തീരുമാനങ്ങളോടും വിധേയപ്പെടും.
8 . മലങ്കര സഭയുടെ ഭൗതിക (temporal) – ഭരണ (administrative) – നയരൂപീകരണ ( policy making) സമിതിയായ മാനേജിംഗ് കമ്മിറ്റിയോടും അത് ഭരണഘടനയ്ക്ക് വിധേയമായി എടുക്കുന്ന തീരുമാനങ്ങളോടും ആദരവും , വിധേയത്തവും വാഗ്ദാനം ചെയ്യുന്നു.
ഇതിൽ ആദ്യത്തെ രണ്ട് കാര്യങ്ങൾ നിയോഗപരമായ വിഷയങ്ങളോടുള്ള വിശ്വസ്തതയുടെ പ്രഖ്യാപനമാണ് . തുടർന്നുള്ളവ സാർവത്രിക സുന്നഹദോസുകൾ , അവയുടെ തീരുമാനങ്ങൾ , പിതാക്കന്മാർ , അവരുടെ രചനകൾ എന്നിവയുടെ ആധികാരികതയുടെ അംഗീകാരം , വിശ്വാസ – അനുഷ്ഠാന – ആരാധന – ധാർമിക – വിഷയങ്ങളോടുള്ള വിശ്വസ്തത എന്നിവ പ്രകടിപ്പിക്കുന്നു . അവസാനത്തെ മൂന്ന് കാര്യങ്ങൾ ഭരണസംബന്ധമായ രേഖകൾ , സ്ഥാപനങ്ങൾ എന്നിവയോടുള്ള വിധേയത്ത പ്രഖ്യാപനമാണ് . ഇതിൽ ആദ്യത്തെ അഞ്ച് കാര്യങ്ങൾ അല്മായർ , വൈദികർ എന്നീ നിലയിൽ വിവിധ സാഹചര്യങ്ങളിൽ പ്രതിജ്ഞ ചെയ്ത വിഷയങ്ങളാണ് . എന്നാൽ 6 മുതൽ 8 വരെ വിഷയങ്ങൾ മേൽപ്പട്ടക്കാർ എന്ന നിലയിൽ മാത്രം പ്രതിജ്ഞ ചെയ്യുവാൻ നിബന്ധിതമായ (binding) വിഷയങ്ങളാണ്. 1995 ലെ വിധിയുടെ അനുബന്ധ വിധികൾ പ്രകാരം ഭരണഘടനയോട് വിധേയത്വം അറിയിക്കാത്ത അന്നത്തെ ഇരുവിഭാഗത്തിലുമുണ്ടായിരുന്ന മേൽപ്പട്ടക്കാർ 1934 ലെ സഭാഭരണഘടനയ്ക്ക് വിധേയത്വം പ്രഖ്യാപിച്ച് തത്സ്ഥിതി സൗജന്യം നേടണമെന്ന് കോടതി ആവശ്യപ്പെടുകയുണ്ടായി എന്ന് ഓർക്കുക . ഓർത്തഡോക്സ് സഭയിലെ ഇരു വിഭാഗത്തിലെ എല്ലാ മെത്രാന്മാരും 1934 ലെ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ചാൽ മാത്രമേ അവർക്ക് ഭരണാവകാശം കിട്ടുകയുള്ളൂ എന്നായിരുന്നു കോടതിയുടെ നിലപാട് . ഭരണഘടനയോടുള്ള വിധേയത്ത പ്രഖ്യാപനം മേൽപ്പട്ടക്കാർക്ക് തങ്ങളുടെ സ്ഥാനച്ചുമതലകൾ സിദ്ധിക്കുന്നതിനും നിലനിർത്തുന്നതിനും എത്ര മാത്രം പ്രധാനമാണ് എന്ന് കോടതിയുടെ നിർദേശം സൂചിപ്പിക്കുന്നു. ആയതിനാൽ സഭാധ്യക്ഷനോട് മാത്രം വിധേയത്വം പ്രഖ്യാപിച്ച് സഭാഭരണഘടനയെ അവഗണിച്ച് ഭരണച്ചുമതല ഏറ്റെടുക്കുന്ന മെത്രാന്മാരുടെ സ്ഥാനലബ്ധിക്കും ഭരണ നിർവഹണത്തിനും നിയമപരമായ സാധുകരണം അവകാശപ്പെടാനാവില്ല .
അടുത്തകാലത്ത് നടന്ന മേൽപ്പട്ട വാഴ്ചകളിൽ സഭാ ഭരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞാ പ്രഖ്യാപനങ്ങളിൽ അവസാനത്തെ മൂന്ന് കാര്യങ്ങൾ ഒഴിവാക്കിയതായി കാണുന്നു . ഭരണഘടന, എപ്പിസ്കോപ്പൽ സുന്നഹദോസ് , മലങ്കര അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി എന്നിവയോടുള്ള വിധേയത്ത പ്രഖ്യാപനം പ്രതിജ്ഞയിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട് സത്യപ്രതിജ്ഞ അപൂർണമാണെന്ന് പറയേണ്ടി വരും . അതായത് ഒരു മേൽപ്പട്ടക്കാരന്റെ ഭരണപരവും പ്രവർത്തനപരവുമായ കാര്യങ്ങൾക്കുള്ള അടിസ്ഥാനവും , അവ ലഭ്യമാക്കുന്ന ഘടകങ്ങളും , അവയെ നിയന്ത്രിക്കുന്ന രേഖകളും സമിതികളുമാണ് മേൽപ്പറഞ്ഞവ . സഭയിലെ മേൽപ്പട്ടക്കാരന് സഭയിൽ ഭരണ – ശുശ്രൂഷാ രംഗത്ത് നിർണായക ചുമതലയാണുള്ളത്. അത് നൽകുന്നതും നിയന്ത്രിക്കുന്നതും അതിന് പരിധികൾ നിശ്ചയിച്ചിരിക്കുന്നതും ഭരണഘടനയാണ് . മേൽപ്പട്ടം നൽകുന്നത് കൗദാശിക കാര്യമാണെങ്കിൽ പോലും ഒരു മേൽപ്പട്ടക്കാരനെ തിരഞ്ഞെടുക്കുന്നതും അദ്ദേഹത്തിന് ഭദ്രാസനവും പ്രവർത്തന – ശുശ്രൂഷാ മേഖലകളും ഭരണ ഉത്തരവാദിത്തവും ലഭിക്കുന്നത് ഭരണഘടന പ്രകാരമാണ് . വിശ്വാസ – അച്ചടക്ക – വൈദിക വിഷയങ്ങൾ സംബന്ധിച്ച പരമാധികാര സമിതി എപ്പിസ്കോപ്പൽ സുന്നഹദോസാണ് (ഭരണഘടന വകുപ്പ് 106,107). അതിലെ ഒരംഗമാകേണ്ട വ്യക്തിയാണ് വാഴിക്കപ്പെടുന്ന മേൽപ്പട്ടക്കാരൻ . സഭയുടെ ഭൗതികവും ഭരണപരവുമായ കാര്യങ്ങളിൽ പരമാധികാരമുള്ള ജനകീയ സമിതിയാണ് അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി . ഭരണമുള്ള എല്ലാ മേൽപ്പട്ടക്കാരും അതിലെ അംഗങ്ങളാണ്. അതിന്റെ തീരുമാനങ്ങളോട് എപ്പിസ്കോപ്പ മുതൽ കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത വരെയുള്ള മേൽപ്പട്ട പൗരോഹിത്യ സ്ഥാനികൾ വിധേയത്വം പാലിക്കേണ്ടതുണ്ട് . അവിടെ എടുക്കുന്ന നയപരവും, ഭരണപരവുമായ തീരുമാനങ്ങളാണ് സഭാ – ഭദ്രാസന – ഇടവക തലത്തിൽ നടപ്പാക്കപ്പെടുന്നത് . അതുകൊണ്ട് മേൽപ്പട്ടക്കാരുടെ സത്യപ്രതിജ്‌ഞയിൽ ഭരണഘടനയോട് എന്ന പ്രകാരം ഈ സമിതികളോടുമുള്ള വിധേയത്ത പ്രഖ്യാപനം ഒഴിവാക്കാനാവില്ല . വ്യക്തമായ കോടതി നിർദേശമുണ്ടായിട്ടും 2002ന് ശേഷം നടന്നിട്ടുള്ള എപ്പിസ്കോപ്പൽ സ്ഥാനാരോഹണങ്ങളുമായി ബന്ധപ്പെട്ട സത്യപ്രതിജ്ഞകളിൽ മേൽ സൂചിപ്പിച്ച സുപ്രധാന കാര്യങ്ങൾ ഒഴിവാക്കപ്പെട്ടു . ഭരണഘടന , എപ്പിസ്കോപ്പൽ സിനഡ് , മാനേജിംഗ് കമ്മിറ്റി എന്നിവയോട് വിധേയത്വം പ്രഖ്യാപിക്കാതെ ഒരാൾക്ക് എങ്ങനെ സഭയിൽ മേൽപ്പട്ടസ്ഥാനം ഏറ്റെടുക്കാനും ഭദ്രാസനച്ചുമതല നിർവഹിക്കാനും നിയമപരമായി സാധിക്കും എന്ന ചോദ്യം അവശേഷിക്കുന്നു .
മേൽ സൂചിപ്പിച്ച സുപ്രധാനമായ കാര്യങ്ങളുടെ അസാന്നിധ്യം പോലെ ശ്രദ്ധേയമാണ് സഭാധ്യക്ഷനോട് വ്യക്തിപരമായ വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞയിലെ ഭാഗവും . നിശ്ചയമായും ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത് .
മേൽപ്പട്ട സ്ഥാനാർഥികൾ എടുത്ത സ്ഥാനാരോഹണ ശുശ്രൂഷ ക്രമത്തിലെ പ്രസ്തുത ഭാഗം (ഭാഷാ – വ്യാകരണ വൈകല്യങ്ങളോടെ) അതേപടി ചുവടെ ചേർക്കുന്നു :
” സ്ഥിരമുള്ള പൗരസ്ത്യ ശ്ലൈഹിക സിംഹാസനത്തിന് മേൽ ഇന്ന് ആരൂഢനായിരിക്കുന്ന മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവയുടെ മഹാപുരോഹിത സ്ഥാനത്തിനു ക്രിസ്തീയ വിശ്വാസത്തിനു കടപ്പെട്ടിരിക്കുന്ന പ്രകാരം അനുസരണം അർപ്പിപ്പാൻ എനിക്ക് വിഹിതമാകുന്നു . അദ്ദേഹത്തിന്റെ കല്പനകളെ ഞാൻ എപ്പോഴും അനുസരിക്കുകയും ചെയ്യുന്നതാകുന്നു . അദ്ദേഹത്തിന്റെ വചനങ്ങൾ വിട്ടു മാറിപ്പോകുകയില്ല . ഇതു ഞാൻ ചെയ്യുന്നതു സ്വമനസ്സാലെയാകുന്നു . അദ്ദേഹത്തിന്റെ ലിഖിതങ്ങൾ സ്വീകരിക്കുമെന്നും , ബലഹീനനായ ഞാൻ ജീവനോടിരിക്കുന്നിടത്തോളം അദ്ദേഹത്തിന്റെ കല്പനകൾ വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറുകയില്ലെന്നും ഞാൻ വീണ്ടും വാഗ്ദത്തം ചെയ്യുന്നു . ഇപ്പോൾ ദൈവതിരുമുമ്പാകെയും , തന്റെ പരിശുദ്ധ മദ്ബഹായുടെ മുമ്പാകെയും , വിശുദ്ധ രഹസ്യങ്ങളുടെ മുമ്പാകെയും , ഞാൻ ഏറ്റുപറയുന്നു . പരിശുദ്ധ മാലാകമാരും , ജീവനുള്ള സ്ലീബായും വന്ദനീയമായ ഏവൻഗേലിയോനും പുകഴ്ചയുള്ള ഈ വൈദിക സംഘവും , ബഹുമാനമുള്ള ഈ ജനക്കൂട്ടവും , ഈ വാഗ്ദത്തത്തിനു സാക്ഷികളാകുന്നു . ഈ വാഗ്ദത്തം ഭേദപ്പെടുത്തുകയോ അദ്ദേഹത്തിന്റെ മഹാപുരോഹിത സ്ഥാനത്തിന്റെ കല്പന ഞാൻ അനുസരിക്കാതിരിക്കുകയോ , അദ്ദേഹത്തിനെതിരായി മറുതലിക്കുകയോ , അദ്ദേഹത്തിന്റെ കല്പനകളിൽ നിന്നും തെറ്റിപ്പോകുകയോ അദ്ദേഹത്തിനെതിരായി നില്ക്കുകയോ അദ്ദേഹത്തിനെതിരാളിയായിത്തീരുകയോ , ……….ചെയ്യുന്ന നാളിൽ , ശ്ലീഹന്മാരിൽ പ്രധാനിയായ പരിശുദ്ധനായ മാർ പത്രോസിന്റെ വായാലും , നമ്മുടെ കർത്താവേശു മിശിഹായുടെ ശ്ലീഹൻമാരായ അവന്റെ പതിനൊന്ന് സഹോദരന്മാരുടെ വായാലും , പരിശുദ്ധാത്മാവാൽ നിശ്വസിതരായ എല്ലാ മല്പാന്മാരുടെ വായാലും മാർ തോമാ ശ്ലീഹായുടെ പ്രതിപുരുഷനും നമ്മുടെ കർത്താവേശു മിശിഹായുടെ സത്യഗ്യഹ വിചാരകനുമായ , ദീർഘായുഷ്മാൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവായുടെ വായാലും (ഞാൻ) ശപിക്കപ്പെട്ടവനായിത്തീരും . കൂടാതെ ഞാൻ പരിശുദ്ധ സഭയിൽ നിന്നും വേർതിരിയപ്പെട്ടവനും , പരിശുദ്ധ രഹസ്യങ്ങളുടെ സംസർഗ്ഗത്തിൽ നിന്നും തള്ളപ്പെട്ടവനും, ഞാൻ പ്രാപിച്ചിട്ടുള്ള നൽവരത്തിൽ നിന്നും അകലപ്പെട്ടവനും, ശ്രേഷ്ഠമായ പൗരോഹിത്യത്തിന്റെ നിലയങ്കിയിൽ നിന്നും ഉരിയപ്പെട്ടവനായതിനും കർത്താവിന്റെ കോപം എന്റെ മേൽ ഉണ്ടാകുകയും ചെയ്യും . മാത്രമല്ല ആത്മീയ വിധി നടത്തുവാൻ ദൈവത്തിൽ നിന്നും അദ്ദേഹത്തിനു നൽകപ്പെട്ടിട്ടുള്ള അധികാര പ്രകാരം അദ്ദേഹത്തിന്റെ മഹാപുരോഹിത സ്ഥാനത്താൽ വിധിക്കപ്പെടുവാനും സ്ഥാനഭ്രഷ്ടനാക്കപ്പെടുവാനും ഞാൻ അർഹനായി ഭവിക്കുകയും ചെയ്യും. “
മേൽപ്പട്ട സ്ഥാനം സ്വീകരിക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാർഥി എല്ലാക്കാലത്തും ഏത് സാഹചര്യത്തിലും സഭാധ്യക്ഷന് തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ഉൾപ്പെടെ ഉപേക്ഷിച്ച് വിധേയനായിരിക്കുമെന്നും , അദ്ദേഹത്തിന്റെ കല്പന എന്ത് തന്നെ ആയിരുന്നാലും അത് നിറവേറ്റുമെന്നും , അല്ലാത്ത പക്ഷം താൻ ശാപഗ്രസ്തനും പുറം തള്ളപ്പെട്ടവനായിരിക്കുമെന്നും തന്നെ മുടക്കി പുറത്താക്കുവാനുള്ള നിരുപാധികവും വ്യക്തിഗതവുമായ ദൈവികാധികാരം അദ്ദേഹത്തിനുണ്ടെന്നും ഉള്ള സമ്മത പ്രഖ്യാപനമാണ് ഈ പ്രതിജ്ഞ .
താൻ ഈ പ്രതിജ്ഞ എടുക്കുന്നത് സഭാധ്യക്ഷനോടുള്ള കടപ്പാടിന്റെയടിസ്ഥാനത്തിലാണ് എന്ന് ആദ്യ വാക്യത്തിൽ തന്നെ പറയുന്നു . നിയമാനുസൃതം തിരഞ്ഞെടുക്കപ്പെട്ട് , എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗീകാരം കൊടുത്ത സ്ഥാനാർഥികൾക്ക് സ്ഥാനം കൊടുക്കുന്ന സുന്നഹദോസിന്റെ അധ്യക്ഷൻ എന്ന നിലയിൽ കൗദാശിക കർമത്തിന് നേതൃത്വം നൽകുന്നത് സഭാധ്യക്ഷനാകുന്നു . എന്നാൽ ഈ ഉത്തരവാദിത്വം വഹിക്കുന്നു എന്നതുകൊണ്ട് വാഴിക്കപ്പെടുന്ന മേൽപ്പട്ടക്കാരന് സഭാധ്യക്ഷനോട് കടപ്പാട് ഉണ്ടാകുന്നില്ല. കാരണം മേൽപ്പട്ട സ്ഥാനം ദൈവവിളിയാണ് . തിരഞ്ഞെടുപ്പ് ജനാധിപത്യപരമാണ്. അംഗീകാരം നല്കുന്നത് സുന്നഹദോസാണ്. നിയോഗ നിവൃത്തി യാഗാത്മകമാണ് . അതുകൊണ്ട് വ്യക്തിപരമായ കടപ്പാട് സ്ഥാനാർഥിക്ക് ആരോടും ആവശ്യമില്ല . മേൽപ്പട്ടസ്ഥാനം സഭാധ്യക്ഷന്റെ വ്യക്തിപരമായ ഔദാര്യമല്ല ; ദൈവവിളിയാണ് . സ്ഥാനമാകട്ടെ നേട്ടമല്ല , നിയോഗമാണ് . അതിന്റെ പേരിൽ ആർക്ക് ആരോട് കടപ്പാട് ഉണ്ടാകണം ? മേൽപ്പട്ട സ്ഥാനം സഭാധ്യക്ഷന്റെ ഔദാര്യമാണെങ്കിൽ അന്ത്യോഖ്യാ പാത്രിയർക്കീസ് വ്യക്തിപരമായി സൗജന്യമായി നൽകിക്കൊണ്ടിരുന്ന കൈവെപ്പിന് മലങ്കര സഭ അദ്ദേഹത്തോട് നിരുപാധിക വിധേയത്വം നിലനിർത്തേണ്ടിയിരുന്നു എന്ന് സമ്മതിക്കേണ്ടിവരും .
തുടർന്നുള്ള ഭാഗത്ത് സഭാധ്യക്ഷന്റെ ആധിപത്യത്തിൻ കീഴിൽ ആജീവനാന്തം കഴിഞ്ഞു കൂടിക്കൊള്ളാമെന്നാണ് ഉണർത്തിക്കുന്നത്. ഈ വിധേയത്ത പ്രഖ്യാപനം മലങ്കര സഭാഭരണഘടന വിഭാവനം ചെയ്യുകയും നിർവചിക്കുകയും ചെയ്യുന്ന കാതോലിക്ക – മെത്രാൻ സ്ഥാന ബന്ധങ്ങൾക്ക് നേർ വിപരീതമാണ് . സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ട ഭരണഘടന പ്രകാരമുള്ള കീഴ് വഴക്കമല്ല ഇവിടെ പരാമർശിക്കുന്നത് . ഭരണഘടനയ്ക്ക് വിരുദ്ധമായ വ്യക്തിപരമായ അടിമത്തമാണ് സ്ഥാനി ഏറ്റെടുക്കുന്നത് . അതുവഴി ഒരു വ്യക്തി എന്ന നിലയിലുള്ള സ്വയംനിർണയ സ്വാതന്ത്ര്യം (autonomy ), സ്ഥാനപരമായി മെത്രാപ്പോലീത്തയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ (rights) എന്നിവ ആത്യന്തികമായി നിഷേധിച്ച് ഭരണഘടനയെ തള്ളിപ്പറയുകയുമാണ് . സഭാഭരണഘടന സംരക്ഷിക്കുവാൻ പ്രത്യേക ബാധ്യതയുള്ള സ്ഥാനാർഥി ഇവിടെ അതിനെ ദുർബലമാക്കുന്ന നടപടിക്ക് കൂട്ടുനിൽക്കുകയുമാണ് . ഇതിന് ഭരണഘടനാപരമായി സാധൂകരണം കണ്ടെത്താനാവില്ല .
സഭാധ്യക്ഷനായ കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത ഉൾപ്പെടെയുള്ള മേൽപ്പട്ടക്കാരെ വിചാരണ ചെയ്യുവാനും , കുറ്റക്കാരായി കണ്ടെത്തിയാൽ സ്ഥാനഭ്രഷ്ടരാക്കുവാനും സഭാ ഭരണഘടന പ്രകാരം അധികാരമുള്ളത് എപ്പിസ്കോപ്പൽ സുന്നഹദോസിന് മാത്രമാണ് . പരാതി കാതോലിക്കയെ പറ്റി ആണെങ്കിൽ … സിനഡ് വിധി കല്പിക്കുന്നതാകുന്നു (ഭരണഘടന ഖണ്ഡിക 118 ) . ഈ മെത്രാൻ സമിതിയിലെ ഓരോ അംഗത്തോടും വ്യക്തിപരമായ അനുസരണവും വിധേയത്തവും എഴുതി കാതോലിക്കോസ് വാങ്ങുമ്പോൾ സുന്നഹദോസിന് ഭരണഘടനാപരമായുള്ള മേൽപ്പറഞ്ഞ അധികാരം സഭാധ്യക്ഷന് തീറെഴുതി കൊടുക്കുകയാണ് . മെത്രാന്മാരെ വ്യക്തിപരമായി ഈ പ്രതിജ്ഞയിലൂടെ ആജ്ഞാനുവർത്തികളാക്കി കഴിഞ്ഞാൽ സഭാഭരണത്തിൽ നിർണായക ഭാഗധേയം ഉള്ള എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ പ്രസക്തിയും , നിഷ്പക്ഷതയും , അധികാരവും നഷ്ടമാകും . ചുരുക്കത്തിൽ വിധേയത്തപ്രഖ്യാപനം വഴി പ്രതിജ്‌ഞ ചെയ്ത മേൽപ്പട്ടക്കാർ എല്ലാവരും അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയാണ് . ആ സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ തന്നെ എങ്ങനെ അവർക്ക് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്തി വിധി പ്രസ്താവിക്കുവാനും വിധി നടപ്പാക്കുവാനും സാധിക്കും . അങ്ങനെ വന്നാൽ എപ്പിസ്കോപ്പൽ സുന്നഹദോസ് സഭാധ്യക്ഷന് തന്റെ അധികാരം ആസ്വദിക്കുന്നതിനും തന്റെ പ്രാമാണിത്തം ഉറപ്പിക്കുവാനും ഉതകുന്ന സമിതിയായി പരിണമിക്കുമെന്നതിൽ തർക്കമില്ല .
മേൽ ഉദ്ധരിച്ച ഭാഗം കഴിഞ്ഞ മെത്രാൻ വാഴ്ചയിൽ എല്ലാ മേൽപ്പട്ട സ്ഥാനികളെയും കൊണ്ട് ആവർത്തിച്ച് വായിപ്പിച്ചത് സന്നിഹിതരായവർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല . ചിലരെങ്കിലും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു . ഈ പ്രതിജ്ഞ വഴി അവരിൽ സൃഷ്ടിക്കപ്പെടുന്നത് സഭാധ്യക്ഷനോടുള്ള ഭയവും , അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ അത് കണ്ടിട്ടും പ്രതികരിക്കാനാവാതെ നിശബ്ദരായിരിക്കേണ്ടി വരുന്നതിനാൽ ഉണ്ടാകുന്ന കുറ്റബോധവും ആണ് . മേൽപ്പട്ടക്കാരെ വാഴിക്കുമ്പോൾ പരസ്യമായി ഈ പ്രഖ്യാപനം നടത്തുന്നതുകൊണ്ട് സന്നിഹിതരായ സഭാജനങ്ങളും ഭരണഘടനാ വിരുദ്ധമായ ഈ നിലപാടിന് പരോക്ഷമായി (indirect) അംഗീകാരം നൽകുകയാണ് . ഈ പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് സഭാധ്യക്ഷന്റെ തെറ്റുകൾ തിരുത്തിക്കുവാൻ സുന്നഹദോസ് അംഗങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശവും ധാർമിക ബോധവും, ഉൾക്കരുത്തും നഷ്ടമാക്കുവാനാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . അങ്ങനെ ധാർമിക ബോധം നഷ്ടപ്പെട്ട മെത്രാന്മാരും , വിമർശന ശേഷി കൈമോശം വന്ന വിശ്വാസി സമൂഹവും ചേർന്ന് സഭയിൽ ഏകാധിപത്യത്തിനും , അഴിമതിക്കും അവസരം ഒരുക്കുന്നു . തെറ്റിനെതിരെ ഉണ്ടാകേണ്ട ആത്മരോഷം നഷ്ടപ്പെട്ട് ആധിപത്യ ശ്രമങ്ങളോട് നിർവികാരത പുലർത്തി സഭാധ്യക്ഷന്റെ അനിയന്ത്രിത സ്വാതന്ത്ര്യം മാത്രം സംരക്ഷിക്കുന്ന ആൾക്കൂട്ടമായി സഭ മാറുന്നു എന്നതാണ് ഈ പോക്കിന്റെ പരിണിതഫലം . കുറേക്കാലമായി മലങ്കര സഭയുടെ അവസ്ഥ ഇപ്രകാരമാണെന്ന് സഭയെ നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട് . ഭരണഘടനയെ ആസൂത്രിതമായി നിർവീര്യമാക്കി നിർബാധം സ്വന്ത ഇഷ്ടം നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് സഭയിൽ ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും വിലയിരുത്തിയാൽ അത് തള്ളിക്കളയാനാവില്ല . മെത്രാന്മാരും വിശ്വാസി സമൂഹവും മാനസികമായി ഈ ഉദ്യമത്തിനനുസൃതമായി പരുവപ്പെടുന്നു . സഭാഭരണഘടനയെ അക്ഷരാർഥത്തിൽ ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്നു . നമ്മുടെ സാമൂഹ്യ പരിസരം തന്നെ ഇത്തരം പ്രവണതകൾക്ക് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . വ്യക്തിപരമായ ലാഭവും , സ്വകാര്യ നേട്ടങ്ങളും അല്ല സമൂഹത്തിന്റെ നന്മയും ഭാവിയും നടപടികളിലെ ന്യായവുമായിരിക്കണം വ്യക്തിയെ ഭരിക്കേണ്ടത് എന്ന് പൊതുവെ ആരും ചിന്തിക്കുന്നില്ല . തെറ്റുകൾ ഏത് സാഹചര്യത്തിലും നിർവികാരതയോടെ നോക്കിക്കണ്ട് സ്വന്തം ലാഭ – നേട്ടങ്ങൾ മാത്രം അന്വേഷിക്കുന്ന ജീവിത പരിസരത്തിൽ കഴിയുന്നവരാണ് സഭാധികാരികളും സഭാംഗങ്ങളും ഉൾപ്പെട്ട സഭാസമൂഹം . അതുകൊണ്ട് , സഭാധികാരികൾ നേട്ടം മാത്രം ലക്ഷ്യമാക്കി തന്ത്രങ്ങൾ മെനയുമ്പോൾ സഭാംഗങ്ങൾ സഭയിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ സാധാരണ കാര്യമായി നോക്കിക്കാണുന്നു . അതുകൊണ്ട് മെത്രാന്മാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് അടിമകളാക്കുന്നതിലും സഭാധ്യക്ഷൻ യജമാന സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിലും ആരും അസ്വഭാവികത കാണുന്നില്ല . സഭാ സംവിധാനത്തിൽ ഒരു മേൽപ്പട്ടക്കാരൻ താൻ ആരെന്നും തന്റെ സ്വാതന്ത്ര്യവും നിയോഗവും എന്തെന്നും മറന്ന് സഭാധ്യക്ഷന് അടിമപ്പണിക്ക് വാഗ്ദത്തം ചെയ്യുന്നതോടെ സഭയുടെ ഭാവി ഇരുളടഞ്ഞതാകുമെന്ന് വ്യക്തം . ഈ പ്രവണതയെയാണ് പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി ശക്തമായി വിമർശിച്ചുകൊണ്ടിരുന്നത് . കാതോലിക്കോസ് ഭരണഘടന അവഗണിച്ച് സ്വേച്ഛാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ മേൽപ്പട്ടക്കാർ സുന്നഹദോസ് ബഹിഷ്കരിച്ച് അദ്ദേഹവുമായി നിസ്സഹകരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത് .
വാസ്തവത്തിൽ മേലധികാരിയോടും , അദ്ദേഹം വഹിച്ചിരിക്കുന്ന സ്ഥാനത്തോടും വിധേയത്വം പ്രഖ്യാപിക്കുന്ന പതിവ് ഒരു സത്യപ്രതിജ്ഞയിലുമില്ല . കേന്ദ്രത്തിലും , സംസ്ഥാനങ്ങളിലും മന്ത്രിമാർ ചെയ്യുന്ന സത്യപ്രതിജ്ഞ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും . മന്ത്രിമാരിൽ ആരും പ്രധാനമന്ത്രിയെയും , മുഖ്യമന്ത്രിയെയും അനുസരിച്ച് അവരുടെ ആജ്ഞാനുസരണം ജീവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നില്ല . മന്ത്രിസഭയും , നിയമസഭയും ഭരണഘടന പ്രകാരം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നവർ മാത്രമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും . ചീഫ് ജസ്റ്റീസിനെ അനുസരിച്ചുകൊള്ളാമെന്ന് ന്യായാധിപന്മാരും സത്യപ്രതിജ്ഞ ചെയ്യുന്നില്ല . കാരണം ഏത് മേൽസ്ഥാനിയും തെറ്റിന് വിധേയപ്പെടാവുന്നതാണ് . ഭരണഘടനയും സമിതികളുമാണ് സ്ഥാനികളെ നിയന്ത്രിക്കുന്നത് . സഭയിൽ സഭാധ്യക്ഷൻ ഭരണഘടന പ്രകാരം , സിനഡും സഭാസമിതികളും എടുക്കുന്ന തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കാൻ നേതൃത്വം നൽകുകയും മാത്രമാണ് ചെയ്യുന്നത് . സ്ഥാനം നൽകുന്നതും പ്രവർത്തനം നിയന്ത്രിക്കുന്നതുമായ ഭരണഘടന , അസോസിയേഷൻ മനേജിംഗ് കമ്മിറ്റി , എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നിവയ്ക്കാണ് അധികാരവും നിയന്ത്രണശേഷിയും . അങ്ങനെയിരിക്കെ അവയുടെ അംഗീകാരം കൂടാതെ കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത പ്രതിജ്ഞ വഴി മേൽപ്പട്ടക്കാരുടെ മേൽ ഏർപ്പെടുത്തുന്ന കൂച്ച് വിലങ്ങിന് നിയമദൃഷ്ട്യാ യാതൊരു പ്രാബല്യവുമില്ല . ചുരുക്കത്തിൽ അനുസരണ ഉടമ്പടി എഴുതി വാങ്ങിക്കുന്ന നടപടിക്ക് നീതീകരണമോ നിയമ സാധുതയോ ഇല്ല എന്നു സാരം . വിലയും സാധുതയും ഇല്ലാത്ത പ്രഖ്യാപനം നടത്തി അത് കടലാസിലാക്കി എഴുതിവാങ്ങുന്ന സഭാധ്യക്ഷൻ നേടുന്നത് വ്യർഥമായ ആത്മസംതൃപ്തി മാത്രമാണ് . ഈ പ്രതിജ്ഞ നടത്തിച്ച മേൽപ്പട്ടക്കാരിൽ ചിലരെ അദ്ദേഹത്തിന് ആവശ്യം വരുന്ന സന്ദർഭങ്ങളിൽ നിശബ്ദരാക്കുവാനും , അദ്ദേഹം ചെയ്ത തെറ്റിന് അംഗീകാരം നൽകിയതിന് ചിലരിൽ പ്രതികരണശേഷി നഷ്ടപ്പെട്ടതിന്റെ കുറ്റബോധം സൃഷ്ടിക്കാനും മാത്രമാണ് ഉതകുന്നത് . പലപ്പോഴും സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം എന്ത് പ്രതിജ്ഞ ചെയ്യുന്നതും ഒരു പ്രശ്നവുമല്ല . അവയെല്ലാം അവർക്ക് സ്ഥാനം നേടുവാനുള്ള വെറും കടമ്പകൾ മാത്രം .
എഴുതിക്കൊടുത്ത് സ്ഥാനാർഥികളെക്കൊണ്ട് വായിപ്പിച്ച് ഒപ്പിടുവിച്ച് വാങ്ങി മേമ്പൂട്ടിൽ സൂക്ഷിക്കുന്ന പ്രതിജ്ഞാ പത്രത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ എടുക്കാൻ ശ്രമിക്കാമെന്നും അങ്ങനെ നടന്നാൽ അതിന് നിയമപരമായി സാധുത ഉണ്ടാകില്ല എന്നും സമീപ കാലത്ത് തെളിഞ്ഞതാണ് . ബോംബെ ഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ ഭരണഘടനയെയും സുന്നഹദോസിനെയും അവഗണിച്ച് പ്രതിജ്ഞാ പത്രത്തിന്റെ ബലത്തിൽ പുറത്താക്കിയിട്ട് ഒടുവിൽ തിരിച്ചെടുത്ത് ശിക്ഷാനടപടി പിൻവലിക്കേണ്ടി വന്നത് ഓർക്കുമല്ലോ . ഒരു മേൽപ്പട്ടക്കാരൻ ചെയ്യുന്നത് ഗൗരവതരമായ കുറ്റമാണെങ്കിൽ പോലും അദ്ദേഹത്തിനെതിരെ കാതോലിക്കയ്ക്ക് വ്യക്തിപരമായി ശിക്ഷാ നടപടി എടുക്കാനാവില്ല എന്ന് ഭരണഘടന നിഷ്കർഷിക്കുന്നു ( ഭരണഘടന വകുപ്പ് 118) . ആ സാഹചര്യത്തിൽ എഴുതി വാങ്ങുന്ന പ്രതിജ്ഞാ പത്രങ്ങൾ സുരക്ഷിതമായി എവിടെയെങ്കിലും ഇരിക്കുക മാത്രമേയുള്ളൂ . ഭരണഘടനയെയും , എപ്പിസ്കോപ്പൽ സുന്നഹദോസിനെയും അവഗണിച്ചുള്ള ഇത്തരം നടപടികൾ സിനഡിൽ തിരിച്ചറിവുള്ളവർ ഉള്ളിടത്തോളം കാലം നടപ്പിലാവുകയില്ല എന്നുള്ളതിന് തെളിവാണ് മാർ കൂറിലോസിനെതിരെ എടുത്ത നടപടി . ഇത്തരം പ്രതിജ്ഞകൾ ഒപ്പിടാത്ത ഭരണഘടന മാത്രം അംഗീകരിച്ച ചിലർ സുന്നഹദോസിലുണ്ടായിരുന്നതുകൊണ്ട് നിയമവാഴ്ച നടന്നു . പ്രതിജ്ഞാ പ്രഖ്യാപനത്തിന്റെ പിൻബലത്തിൽ ധൃതി പിടിച്ച് നടത്തിയ അധികാര പ്രയോഗ ശ്രമത്തിനിടെ നടപടി ക്രമത്തിൽ ഉണ്ടായ സാങ്കേതിക – നിയമ വീഴ്ച കൊണ്ട് വിചാരണ പോലും ഉണ്ടാകാതെ മാർ കൂറിലോസ് രക്ഷപെടുകയും ചെയ്തു . അതിൽ നിന്ന് പഠിച്ച അനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ മുൻകരുതലി (precaution) ന്റെ ഭാഗമാകണം ഇത്തവണ വ്യക്തിപരമായ അനുസരണ പ്രഖ്യാപനം മാത്രം ഓരോ സ്ഥാനാർഥിയെക്കൊണ്ടും ആവർത്തിച്ചാവർത്തിച്ച് വായിപ്പിച്ചത് . എന്തായാലും , നിയമബോധവും നേർ ചിന്തയും ധാർമികതയും ഉള്ള കുറച്ചുപേരെങ്കിലും സമിതികളിൽ ഉള്ളിടത്തോളം കാലം ഈ പ്രതിജ്ഞയ്ക്ക് നിയമ സാധുത സൃഷ്ടിച്ചെടുക്കുക എളുപ്പമല്ല . ഭരണഘടന അവഗണിക്കുന്ന ശ്രമം വിലപ്പോവുകയുമില്ല.
2017 ലെ വിധിപ്രകാരം മലങ്കര സഭാസംവിധാനം ഒരു ട്രസ്റ്റ് ആണ്. അവിടെ ഓരോരുത്തർക്കും ട്രസ്റ്റ് ഡീഡ് (Trust Deed) എന്ന് വ്യാഖ്യാനിക്കാവുന്ന സഭാ ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട് . അവ ഇല്ലാതാക്കുവാനും , നഷ്ടപ്പെടുത്താനും ആർക്കും ആവില്ല . അടക്കിഭരിക്കാനും ആധിപത്യം പുലർത്താനും ഭരണഘടന ആർക്കും അധികാരം നൽകുന്നുമില്ല . എല്ലാ അംഗങ്ങൾക്കും ചുമതലക്കാർക്കും സമിതികൾക്കും തങ്ങളുടേതായ പങ്ക് , അവകാശം , സ്വാതന്ത്ര്യം , ഉത്തരവാദിത്വം ഇവയെല്ലാം ഭരണഘടന നിഷ്കർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നുണ്ട് . ഭരണഘടന നൽകുന്ന നിർവഹണ സ്വാതന്ത്ര്യത്തിനുപരിയായി ആർക്കും അധികാരം പ്രയോഗിക്കാനാവില്ല . അതുകൊണ്ട് ഭരണഘടനയുടെ ഉള്ളടക്കത്തിനും താത്പര്യങ്ങൾക്കും വിരുദ്ധമായി നടക്കുന്ന സത്യപ്രതിജ്ഞയുടെ അടിസ്ഥാനത്തിൽ ഭരണഘടനയെയും സുന്നഹദോസിനെയും മാനേജിംഗ് കമ്മിറ്റിയെയും നിർവീര്യമാക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് സഭയുടെ സുഗമമായ നടത്തിപ്പിന് ആവശ്യം . ഭരണഘടന പ്രകാരമുള്ള പ്രവൃത്തി നിർവഹണമാണ് നടക്കേണ്ടത് . അതുകൊണ്ട് ഇത്തരം പ്രതിജ്ഞ ചെയ്യൽ സഭാ ട്രസ്റ്റിന്റെ താത്പര്യത്തിന് തന്നെ വിരുദ്ധമാണ് എന്ന് എല്ലാവരും തിരിച്ചറിയണം .
സഭാ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട് അതു നൽകുന്ന സ്വാതന്ത്ര്യ പ്രകാരം വാഴിക്കപ്പെടുന്ന സ്ഥാനാർഥിയിൽ നിന്നും നിയമപരമായും ധാർമികമായും ഇത്തരം ഒരു പ്രതിജ്ഞാ പത്രം ആവശ്യപ്പെടാനും ആവില്ല . സഭാധ്യക്ഷന്റെ ഇച്ഛാനുസൃതമല്ലല്ലോ മെത്രാന്മാരുടെ തിരഞ്ഞെടുപ്പും വാഴ്ചയും . തിരിച്ചായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് മലങ്കര അസോസിയേഷനിൽ വേണ്ടി വരികയില്ലായിരുന്നുവല്ലോ. സഭാധ്യക്ഷന് ഭരണഘടനാതീതമായ അധികാരം ഉണ്ടായിരുന്നെങ്കിൽ ഭരണഘടനയുടെയും സമിതികളുടെയും ആവശ്യവും വരില്ലായിരുന്നു . ഭരണഘടന ഉപദേശ ഗ്രന്ഥവും , സഭാ സമിതികൾ ആലോചനാ സമൂഹവുമായിട്ടല്ല സഭാഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തിട്ടുള്ളത് . ഭരണഘടനയും സമിതികളും സഭയിൽ അധികാര കേന്ദ്രീകരണവും സ്വേച്ഛാധിപത്യവും പരമാവധി കുറച്ച് സഭാഭരണം ജനാധിപത്യപരവും വികേന്ദ്രീകൃതവും ആക്കുവാനുള്ള ഉദ്ദേശ്യത്തോടെയാണ് രൂപകല്പന ചെയ്തിട്ടുള്ളത് . അധികാരത്തിന് നിയന്ത്രണമില്ലെങ്കിൽ അഴിമതിയുണ്ടാകും . Power corrupts …… absolute power corrupts absolutly എന്ന് ഓർക്കുക. സഭയിലും ഇത് തന്നെ നടക്കാൻ സാഹചര്യം സൃഷ്ടിക്കപ്പെടരുത് . അതായത് ഭരണഘടനയെയും , സമിതികളെയും അവഗണിച്ച് സത്യപ്രതിജ്ഞാ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സഭാ ഭരണം നിലവിൽ വന്നാൽ കേവല ഏകാധിപത്യം (absolute autocracy) അതിന്റെ പൂർണതയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല . ഭരണഘടന പ്രാബല്യത്തിൽ ഇരിക്കുന്ന സഭയിൽ സഭാധികാരികളുടെ സ്വേച്ഛാധിപത്യം വളർത്തുകയും അത് സാധൂകരിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് അവഗണിക്കാൻ ജനാധിപത്യ ബോധമുള്ള സഭാ വിശ്വാസികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല . അതിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു .
(തുടരും …)