അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുന് സെക്രട്ടറി ഡോ. അലക്‌സാണ്ടര് കാരയ്ക്കല് വിടവാങ്ങി. ദീര്ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലര് ആയി പ്രവര്ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മൃതദേഹം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് നടക്കും…

പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ പ്രവര്ത്തകനും. കല്ലൂപ്പാറ ചക്കുമ്മൂട്ടില് മഠത്തുള്ള കുരുവിളയുടെ പുത്രനായി ജനിച്ചു. എം.എ. ബിരുദം കരസ്ഥമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹിസ്റ്ററി പോസ്റ്റ് ഗ്രാഡ്വേറ്റ് വിഭാഗത്തിലെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1969 മുതല് 2012 വരെ സഭാമാനേജിങ് കമ്മറ്റി മെംബറായിരുന്നു. കോട്ടയം ബസേലിയോസ് കോളജ് പ്രിന്സിപ്പല്, കണ്ണൂര് സര്വ്വകലാശാല പ്രോ-വൈസ് ചാന്സലര്, വൈസ് ചാന്സലര് എന്നീ പദവികള് വഹിച്ചു. 2002-2007 കാലഘട്ടത്തില് മലങ്കര അസോസിയേഷന് സെക്രട്ടറിയായിരുന്നു.
മാർത്തോമ്മ കോളേജിൽ പഠിക്കുമ്പോൾ കോളേജ് യൂണിയൻ സ്പീക്കർ. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠനം. സർവ്വകലാശാലാ തലത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രസംഗകനുള്ള സി. വി. ചന്ദ്രശേഖരൻ മെഡൽ അടക്കം നിരവധി പുരസ്ക്കാരങ്ങൾ.
നാട്ടിലെ പൊതുജീവിതത്തിലും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാരത് സേവക് സമാജത്തിന്റെ ക്യാമ്പ് ഡയറക്ടറായും പ്രവർത്തിച്ചു.
അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെ ഗവേഷണം. അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ്‌ ലഭിച്ചു. ഈ കാലഘട്ടത്തിൽ പ്രസിഡന്റ് റിച്ചാർഡ്‌ നിക്സൻ, ഡോണാൾഡ്‌ റീഗൻ, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, സെനറ്റർ അഡ്ലായ് സ്റ്റീവൻസൻ, മിസ്സിസ് മാർട്ടിൻ ലൂതർ കിംഗ് ഇവരുമായി അഭിമുഖം നടത്താനുള്ള ഭാഗ്യം ലഭിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ് ചരിത്ര വിഭാഗം മേധാവി, ബസ്സേലിയോസ് കോളേജ് പ്രിൻസിപ്പൽ, കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ പ്രൊ-വൈസ് ചാൻസലർ. തുടർന്ന് വൈസ് ചാൻസലർ ചുമതലയും വഹിച്ചു. കണ്ണൂരിലെ പൊതു ജീവിതത്തിലും പ്രസംഗ വേദികളിലും അക്കാലത്ത് നിറഞ്ഞു നിന്നു.
പ്രിൻസ്റ്റൺ വിസിറ്റിങ് ഫെലോ, കെ. റ്റി. ഡി. സി ബോർഡംഗം, ടെലികോം ഉപദേശസമിതി അംഗം, എൽ.ഐ.സി. ബോർഡ് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാൻ, യുനെസ്കോ, പുരാ വസ്തു-പുരാ രേഖ വകുപ്പ്, സാംസ്കാരിക വകുപ്പ് ഇവയിൽ ഉപദേശസമിതിയംഗം, ജേർണൽ ഓഫ്‌ അമേരിക്കൻ ഹിസ്റ്ററി കൺസൾട്ടന്റ്‌, യുജിസിയുടെ വിവിധ സമിതിയംഗം, അമേരിക്കൻ ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ആകാശവാണി, ദൂരദർശൻ പ്രഭാഷകൻ.
ഓർത്തഡോക്സ് സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ച കാരയ്ക്കൽ സാർ തുടർച്ചയായി 45 വർഷം സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.
സഭാ വത്സലൻ ബഹുമതി ലഭിച്ച അദ്ദേഹം 2006ലെ WCC സമ്മേളന പ്രതിനിധിയും ആയിരുന്നു.
ലോസ് ആഞ്ചലെസിൽ നടന്ന അമേരിക്കൻ ചരിത്രകാരന്മാരുടെ സമ്മേളനത്തിൽ നല്ല ചരിത്ര പഠനത്തിനുള്ള അവാർഡ് ലഭിച്ചു. 2015ൽ ഷിക്കാഗോയിൽ അഡ്ലായ് സ്റ്റീവൻസൺ 50-ആം ചരമ വാർഷികത്തിൽ സ്മാരക പ്രഭാഷണം നടത്തി.
ഭാര്യ: വത്സ.
മക്കൾ ബിന്ദു തിരുവനന്തപുരത്തും ബിൻജു അമേരിക്കയിലുമാണ്.

മരണത്തിലും ഒരുമിച്ച്

2004 മുതല് 2007 വരെ മലങ്കരസഭാ വൈദിക ട്രസ്റ്റി ആയിരുന്ന ഫാ. ഡോ. ഒ. തോമസ് ഇന്നു വെളുപ്പിനെ അപ്രതീക്ഷിതമായി കടന്നുപോയി. അദ്ദേഹത്തോടൊപ്പം മലങ്കരസഭാ അസോസിയേഷന് സെക്രട്ടറി ആയിരുന്ന ഡോ. അലക്സാണ്ടര് കാരയ്ക്കല് സര് ഏതാനും മിനിട്ടുകള്ക്ക് മുമ്പ് വിടവാങ്ങി. പ. മാത്യൂസ് രണ്ടാമന് ബാവായുടെ അവസാന കാലത്തും പ. ദിദിമോസ് പ്രഥമന് ബാവായുടെ കാലത്തും പ. കാതോലിക്കാ ബാവായ്ക്കൊപ്പം സഭയ്ക്ക് നേതൃത്വം നല്കിയ ഇരുവരുടെയും അപ്രതീക്ഷിത വിടവാങ്ങല് മലങ്കരസഭയെ ദുഃഖത്തിലാഴ്ത്തി.