ഫാ. ഡോ. സി. ഒ. വറുഗ്ഗീസ് അന്തരിച്ചു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗ്ഗീസ്  ഉമ്മൻറെയും  ശ്രീമതി തങ്കമ്മയുടെയും മകനായാണ് വറുഗ്ഗീസ്  ജനിച്ചത്. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ.

കോട്ടയം കാതോലിക്കേറ്റ് കോളേജ് (ബി.എസ്.സി.), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജി.എസ്.ടി.), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്.ടി.എം.), സെൻറ്  വ്ളാഡിമിർ  സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എം.ആർ.ഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എം.എസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ( Ed.D) എന്നീവ നേടി.

1957-ൽ  ഭാഗ്യ സ്മരണാർഹനായ ഡാനിയേൽ മാർ ഫീലക്സനോസ് തിരുമേനിയിൽ നിന്ന് ശെമ്മാശ്ശപട്ടവും 1961 ജൂൺ 16-ന്   ഭാഗ്യ സ്മരണാർഹനായബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു.

ആറാട്ടുപുഴ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക (2 വർഷം), കാരൂർ സെൻറ് പീറ്റേഴ്‌സ് ഓർത്തോഡോക്സ് ഇടവക  (2 വർഷം), കുമ്പഴ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക (2 വർഷം), മദ്രാസ് സെന്റ് തോമസ് കത്തീണ്ട്രൽ (1 വർഷം), തിരുവട്ടിയൂർ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക , താംബരം സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക , ആവഡി സെൻറ് ജോർജ്ജ്  ഓർത്തോഡോക്സ് ഇടവക , കാൺപൂർ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക, സെന്റ് തോമസ് ഹൂസ്റ്റൺ (14 വർഷം), സെൻറ് സ്റ്റീഫൻസ്  ഓർത്തോഡോക്സ് ഇടവക എന്നിവിടങ്ങളിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 50 വർഷമായി ബഹുമാനപ്പെട്ട സി ഒ വറുഗ്ഗീസ് അച്ചൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഒരു വൈദികനായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെടെ വിവിധ ദേവാലയങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു . ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പയനിയർ കൂടിയാണ് ബഹുമാനപ്പെട്ട അച്ചൻ. 1970 -കളിൽ ഹൂസ്റ്റണിൽ വിശുദ്ധ കുർബാന അർപ്പിക്കുവാനായി അദ്ദേഹം കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് യാത്ര ചെയ്തു. ഹൂസ്റ്റണിലെ ആദ്യത്തെ ഓർത്തഡോക്സ് ഇടവക സമൂഹത്തിന്റെ സ്ഥാപക വികാരിയായിരുന്നു അദ്ദേഹം.

തന്റെ അജപാലന ശുശ്രൂഷയിൽ, ഭവനങ്ങൾ സന്ദർശിക്കാൻ അദ്ദേഹം പ്രത്യേകം പരിശ്രമിക്കുകയും ആത്മീയ പരിചരണം ആവശ്യമുള്ള എല്ലാവർക്കും ഒരു വൈദികന്റെ സേവനം വ്യാപിപ്പിക്കുകയും ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുവതീ-യുവാക്കളെ അവരുടെ വിശ്വാസത്തിലും പഠനത്തിലും ജോലിയിലും പ്രചോദിപ്പിക്കുവാൻ ബഹുമാനപ്പെട്ട അച്ചൻ പ്രത്യേകം താല്പര്യം എടുത്തിരുന്നു. അമേരിക്കയിലെ യുവതലമുറയുടെ ഉപയോഗത്തിനായി വിശുദ്ധ കുർബാനയുടെ  പൊതു പ്രാർത്ഥന പുസ്തകവും പ്രസിദ്ധീകരിക്കാൻ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു.

സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. മലങ്കര ഓർത്തോഡോക്സ് സഭയുടെ സീനിയർ വൈദീകരിൽ ഒരാളായ ബഹുമാനപ്പെട്ട  സി.ഒ. വറുഗ്ഗീസ് അച്ചന്റെ വേർപാടിൽ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവ,  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം , അഹമ്മദാബാദ് ഭദ്രാസന  മെത്രാപോലീത്ത ഡോ. ഗീവറുഗീസ് മാർ യൂലിയോസ്‌, സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘം സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ് . ഓർത്തഡോക്സ് ടിവി ക്കു വേണ്ടി ഫാ.ജോൺസൻ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.