എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്: പ. കാതോലിക്കാ ബാവാ

തിരുവനന്തപുരം: സമൂഹത്തില്‍ എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. അതിനുവേണ്ടി ആരുമായും സഹകരിക്കാന്‍ സഭ തയ്യാറാണെന്ന് ഓര്‍ത്തഡോക്സ് സഭ സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയില്‍ അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ പറയുന്ന ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സന്ദേശം ഹൃദയത്തില്‍ പേറിയ, ദൈവത്തിന്‍റെ കൈയ്യൊപ്പുളള വ്യക്തിയാണ് പരിശുദ്ധ ബാവായെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ , അസോസിയഷേന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരിശുദ്ധ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ഫാ. അനിഷ് കെ. സാം, സഭാ പി. ആര്‍. ഒ. ഫാ മോഹന്‍ ജോസഫ്, ബാബു പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
_______________________________________________________________________________________

പൊതുസമൂഹത്തിന്‍റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ മലങ്കരസഭ പ്രതിജ്ഞാബദ്ധമാണ്

പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ
ആദരണീയരായിരിക്കുന്ന മന്ത്രിമാരേ, ജനപ്രതിനിധികളേ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മറ്റ് ബഹുമാന്യരായ ജനപ്രതിനിധികളേ, പൊതു പ്രവര്‍ത്തകരേ, സഹോദരീ സഹോദരങ്ങളേ, സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളേ,
ഇന്ന് ഈ സമ്മേളനം ഇവിടെ കൂടിയിരിക്കുന്നത് നമുക്ക് നമ്മെക്കുറിച്ചുള്ള അവബോധം ഒന്ന് പുതുക്കുന്നതിനു വേണ്ടി കൂടിയാണ്. കേരളമെന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ സ്വന്തം നാടെന്നാണ് പറയുന്നത്. നമ്മള്‍ അതില്‍ അഭിമാനം കൊള്ളുന്നവരാണ്. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരും പൊതു സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്നവരാണ് എന്നുള്ളതിന് സംശയമില്ല. അതുകൊണ്ടു തന്നെ ആ രംഗത്ത് അല്പമൊക്കെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലഭിച്ചതുകൊണ്ട് നിങ്ങളെല്ലാവരെയും പ്രത്യേകമായി ഒന്നു കാണണമെന്നുള്ള ആഗ്രഹം മനസ്സിലുണ്ടായി. അതുകൊണ്ടാണ് ഇന്ന് ഈ സംഗമം ഇവിടെ ക്രമീകരിച്ചത്. ഒക്ടോബറിലെ സ്ഥാനാരോഹണത്തിനു ശേഷം ഇവിടെയുള്ള എല്ലാവരെയും കാണണമെന്നുള്ള ആഗ്രഹം ഉണ്ടായെങ്കിലും കോവിഡും ഈ സ്ഥാനത്തു വന്ന ശേഷമുള്ള തിരക്കുകളും കാരണം നേരത്തെ വരുവാനോ കാണുവാനോ സാധിച്ചില്ല. നമ്മുടെ സംസ്ഥാനത്തിന്‍റെ പൊതുപ്രവര്‍ത്തകര്‍ നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. എല്ലാവരെയും പ്രത്യേകമായി ആ കാര്യത്തില്‍ അനുമോദിക്കുകയാണ്.
കേരള സമൂഹത്തിന് നല്ല ഒരു പാരമ്പര്യം ഉണ്ട്. പരസ്പരം സഹകരിച്ചും പരസ്പരം സഹായിച്ചും ഏതെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും അവയെയെല്ലാം അതിജീവിക്കുവാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. അതില്‍ ജാതി, മത, വര്‍ഗ്ഗ, കക്ഷി രാഷ്ട്രീയം എല്ലാം മറന്നാണ് നാം ഒന്നിക്കുന്നത്. അത് അനേക സംഭവങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. വരള്‍ച്ച വന്നാലും, പ്രളയം വന്നാലും നമ്മള്‍ സഭയെന്നോ മതമെന്നോ കക്ഷി രാഷ്ട്രീയ വ്യത്യാസമോ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ പാരമ്പര്യം നമുക്കുണ്ട് എന്നുള്ളതാണ് ഏറ്റവും അഭിമാനിക്കാവുന്നത്. ആ ഒരു അഭിമാനത്തില്‍ നമ്മുടെ നാടിന്‍റെ വലിയ സമ്പത്ത് നമുക്കെല്ലാം ഒരുമിച്ചു പങ്കിടാവുന്ന ഒരു അഭിമാനപരമായ അല്ലെങ്കില്‍ സംസ്ക്കാരപരമായ ശ്രേഷ്ഠതയാണ് എന്നുള്ളതിന് സംശയമൊന്നുമില്ല. മനുഷ്യര്‍ക്ക് പ്രയാസങ്ങളും ദുഃഖങ്ങളും വരുന്നതായ സമയത്ത് മെയ് മറന്ന് അതില്‍ സഹകരിക്കാനും പ്രവര്‍ത്തിക്കാനും അതിന് പരിഹാരമുണ്ടാക്കുവാനും നമുക്ക് എല്ലാവര്‍ക്കും കഴിഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി, കണ്ടനാട് ഭദ്രാസനത്തിന്‍റെ ചുമതലയേറ്റ നാള്‍ മുതല്‍ എന്‍റെ ഒരു താല്പര്യമായിരുന്നു, സമൂഹത്തിലെ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകണമെന്നത്. ഏതാണ്ട് ഭംഗിയായി ഇതുവരെയും നിര്‍വഹിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതില്‍ അങ്ങേയറ്റം സന്തോഷം ഉണ്ട്. സഭയുടെ പൊതുവായിരിക്കുന്ന ഒരു ചുമതലയില്‍ വന്നപ്പോള്‍ കുറെക്കൂടി കാര്യമായിട്ട് അതില്‍ ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സമൂഹത്തിന്‍റെ അല്ലെങ്കില്‍ നിങ്ങളേവരുടെയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും നിങ്ങളുടെ സഹകരണം മലങ്കരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുവാനും ഉള്ള ഒരു ആഹ്വാനം നടത്തുവാനും അതുപോലെ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുവാനുമൊക്കെ കൂടിയാണ് ഈ സുഹൃദ് സംഗമം ഇവിടെ വിളിച്ചു കൂട്ടിയിരിക്കുന്നത്.
മലങ്കരസഭയെ സംബന്ധിച്ചിടത്തോളം സഭയുടെ ആരാധനക്രമങ്ങളില്‍ വിശുദ്ധ കുര്‍ബാനയാണ് പ്രധാനമായി വൈദികര്‍ അര്‍പ്പിക്കുന്നത്. ഈ വിശുദ്ധ കുര്‍ബാനയില്‍ ഒരിക്കല്‍പോലും നാട്ടിലെ ഭരണകര്‍ത്താക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നില്ല. എല്ലാ വിശുദ്ധ കുര്‍ബാനയിലും നാട്ടിലെ ഭരണകര്‍ത്താക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. നീതിയിലും സത്യത്തിലും സമാധാനത്തിലും എല്ലാവരും ഈ നാടിനെ ഭരിക്കണം എന്നു മാത്രമല്ല പ്രാര്‍ത്ഥനാപുസ്തകങ്ങളില്‍ നാട്ടിലെ ഭരണകര്‍ത്താക്കള്‍ക്കു വേണ്ടി (പണ്ട് രാജാക്കന്മാര്‍ക്കു വേണ്ടി എന്നാണ് എഴുതിയിരുന്നത്. ഇന്ന് ഭരണകര്‍ത്താക്കള്‍, ഉദ്യോഗസ്ഥ വൃന്ദം എന്നൊക്കെ പ്രത്യേകമായി എഴുതി) പ്രാര്‍ത്ഥിക്കുന്നുണ്ട്. സഭയെ സംബന്ധിച്ചിടത്തോളം നാടിന്‍റെ പൊതുപ്രവര്‍ത്തകരായിരിക്കുന്നവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ത്ത് അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു സഭയാണ്. അതുകൊണ്ടു തന്നെയാണ് നിങ്ങളെ കാണണമെന്നും നിങ്ങളോട് ഞങ്ങളുടെ ആ പ്രാര്‍ത്ഥന അറിയിക്കണമെന്നും ആഗ്രഹിച്ചതും അതിനുവേണ്ടി ഈ സുഹൃദ് സംഗമം വിളിച്ചു കൂട്ടിയതും.
സമൂഹത്തില്‍ നമുക്ക് എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്തം ഉണ്ട്. ഞാന്‍ എപ്പോഴും പറയുന്നത് നമ്മുടെ ദൈവത്തിന്‍റെ മക്കളാണ് നമ്മളെല്ലാവരും. ഭൂമിയില്‍ മനുഷ്യനും ജീവജാലങ്ങളുമെല്ലാം ദൈവം സൃഷ്ടിച്ച് അവയെല്ലാം പരസ്പരം സഹകരിച്ചും സഹായിച്ചും വളരേണ്ടവരാണ്. ഒന്ന് ഒന്നിനെ ഇല്ലാതാക്കാനല്ല, ഒന്ന് ഒന്നിന് ക്ഷേമം കൊടുക്കാനാണ്. കര്‍ത്താവ് പറയുന്നു, നിന്‍റെ സഹോദരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നു പറയുന്ന വാക്കിനകത്ത് വെറും മനുഷ്യനെ മാത്രമല്ല വിവക്ഷിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് പറയുന്നതുപോലെ, ലോകം മുഴുവന്‍ തറവാടായിരിക്കുന്നതുപോലെ, ദൈവം സൃഷ്ടിച്ചതാണ് ഈ ലോകം മുഴുവനെങ്കില്‍ എല്ലാ ജീവജാലങ്ങളെയും നാം നമ്മെപ്പോലെ തന്നെ സ്നേഹിക്കാനും കരുതാനും ഉള്ള ഉത്തരവാദിത്തം ഉണ്ട് എന്നുള്ളതാണ് കര്‍ത്താവിന്‍റെ പഠിപ്പിക്കലില്‍ നാം കാണുന്നത്. അതു തന്നെയാണ് എല്ലാ മതങ്ങളിലും പറയുന്നത്. ഇതുവരെയും ഒരു മതവും പരസ്പരം കലഹിക്കണമെന്ന് പറഞ്ഞിട്ടില്ല. മതമെല്ലാം പരസ്പരം സ്നേഹിക്കണമെന്നും കരുതണമെന്നും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നുമാണ് പഠിപ്പിക്കുന്നത്. അത് തന്നെയാണ് പൊതുപ്രവര്‍ത്തകര്‍ എല്ലാം ചെയ്യുന്നത്. മതങ്ങള്‍ മതങ്ങളുടേതായിരിക്കുന്ന വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ അവരുടേതായ സിസ്റ്റമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. രണ്ടും മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. അതില്‍ നമുക്കൊരുമിച്ചു സഹകരിച്ചു പ്രവര്‍ത്തിക്കണം. ഇതുവരെയും മലങ്കരസഭയെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്‍റെ എല്ലാ തരത്തിലുള്ള അഭിവൃദ്ധിക്കുംവേണ്ടി വിദ്യാഭ്യാസ രംഗത്തും ആതുര ശുശ്രൂഷാ രംഗത്തുമൊക്കെ തനതായ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതില്‍ പലപ്പോഴും ഒറ്റയ്ക്കായിട്ടു ചെയ്യുന്ന കാര്യങ്ങളാണെങ്കിലും നിശ്ചയമായിട്ടും ഭരണസംവിധാനങ്ങളോട് സഹകരിച്ചും ഭരണസംവിധാനങ്ങളുടെ സഹകരണത്തിലും മാത്രമല്ല അവരുടെ എല്ലാത്തരത്തിലുമുള്ള ഒത്താശകളോടും കൂടിയാണ് നമ്മുടെ എല്ലാ രംഗങ്ങളും നടത്തുന്നത്. അതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. ആ സ്ഥാനത്ത് നിങ്ങളോരോരുത്തരുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാം.
വളരെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നമ്മള്‍ കടന്നുപോകുന്നത്. മുമ്പ് എങ്ങുമില്ലാത്തതായ രീതിയിലുള്ള പല പല പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതേസമയത്ത് പല പല നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാവുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും അതുപോലെ തന്നെ സാങ്കേതിക വിദ്യാഭ്യാസരംഗത്തും ഒക്കെ നമുക്ക് വലിയ വലിയ നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. അങ്ങനെ നമ്മള്‍ പല തരത്തില്‍ വളരുന്നുണ്ട്. എന്നാല്‍ അതേ സമയത്തു നമ്മുടെ ഒരു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇടത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ളത് നിങ്ങളോടു പറയാനായിട്ടു ഞാന്‍ ആഗ്രഹിക്കുന്നു എന്നേയുള്ളു. അതായത് നമ്മള്‍ മനുഷ്യന്‍റെ ഒരു ഉയര്‍ച്ചയ്ക്കു വേണ്ടി സമൂഹത്തിന്‍റെ വികസനത്തിനുവേണ്ടി പലതും ചെയ്യുന്നുണ്ട്. എങ്കിലും ഗ്രാസ്റൂട്ട് ലവലില്‍ നമുക്ക് എന്തുംമാത്രം ചെയ്യാന്‍ കഴിയുന്നുണ്ട് എന്നുള്ളത് നമ്മളൊന്ന് ചിന്തിക്കേണ്ടത് ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്. നമ്മള്‍ വലിയ വലിയ കാര്യങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എത്രയോ ലക്ഷം ആളുകളാണ് ഇവിടെ വീടില്ലാതെ പ്രയാസപ്പെട്ടു താമസിക്കുന്നത്. മഴ പെയ്താല്‍ വെള്ളം വെളിയിലേക്കു പോകാതെ വീട്ടിനകത്തു തന്നെ വീഴുന്ന വീടുകളേറെയാണ്. ഇന്നലെയും ഇതുപോലൊരു വീട് ഒന്നു വന്നു കാണണമെന്നു എന്‍റെ അടുത്ത് ഒരു അച്ചന്‍ വന്നു പറഞ്ഞു. ഞാന്‍ എന്‍റെ അച്ചനെ പറഞ്ഞുവിട്ടു. അവിടെ ചെന്നപ്പോള്‍ ചെറിയ നാലു തൂണേല്‍ ടാര്‍പോളിന്‍ വിരിച്ച് ഒരു കുടുംബം (അച്ചനും അമ്മയും മൂന്ന് കുട്ടികളും) താമസിക്കുന്ന ദയനീയമായ കാഴ്ച യാണ് കണ്ടത്. വികസനം ഇത്രയധികം ഉണ്ടായിട്ടും നമ്മള്‍ എവിടെ ചെന്നെത്തിയിരിക്കുന്നു എന്നുള്ളത് നാം ചിന്തിക്കണം.
ഞങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി ‘സഹോദരന്‍’ എന്നൊരു പദ്ധതി തുടങ്ങിയിട്ട്. ആ പദ്ധതിയില്‍ പല തരം ആവശ്യങ്ങള്‍ക്കു വേണ്ടി അപേക്ഷകള്‍ കുന്നു കൂടുകയാണ്. പല കുഞ്ഞുങ്ങളും വിദ്യാഭ്യാസം നിര്‍ത്തി വീട്ടില്‍ വന്നിരിക്കുന്നത് അവര്‍ക്ക് പണമില്ല എന്നതിനാലാണ്. ബി.എസ്.സി. നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ചിലരെ ഞങ്ങള്‍ ഇതിനോടകം പൈസ കൊടുത്ത് രണ്ടാം വര്‍ഷം പഠിക്കാനും മൂന്നാം വര്‍ഷം പഠിക്കാനും സഹായിച്ചു. ധാരാളം രോഗികള്‍ കാന്‍സര്‍ ചികിത്സയ്ക്കും മറ്റുള്ളതിനുമൊക്കെ ആവശ്യമായിരിക്കുന്ന പണമില്ലാതെ ഓപ്പറേഷന്‍ നടത്താതെ മരിച്ചുപോകുന്നുണ്ട്, ഓപ്പറേഷന്‍ നടത്താന്‍ അപ്പോയിന്‍മെന്‍റ് കിട്ടാതിരിക്കുന്നവരുണ്ട്, പല ഇടങ്ങളിലും അവര്‍ വന്ന് ആവശ്യപ്പെടുമ്പോള്‍ ഒന്നും നോക്കാതെ അതിന് മുഴുവനായിട്ടു നമ്മള്‍ കൊടുത്തു സഹായിക്കാറുണ്ട്. ഞങ്ങളുടെ ഓഫീസില്‍ വന്നിരിക്കുന്ന അപേക്ഷകളുടെ കൂമ്പാരം വച്ചു നോക്കുമ്പോള്‍ ഞങ്ങളെക്കൊണ്ടു ചെയ്യാന്‍ സാധിക്കുന്നത് വളരെ ചുരുക്കമാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. ഈ കാര്യത്തില്‍ അല്പമെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, 10 രൂപ എങ്കിലും കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ പിറ്റേ ദിവസം 20 രൂപ നമ്മുടെ കൈയില്‍ കൊടുക്കാനായി കിട്ടും. അങ്ങനെയൊരു അനുഗ്രഹം ഉണ്ട്. അതുകൊണ്ട് പണത്തിന്‍റേതായിരിക്കുന്ന യാതൊരു പ്രയാസവും ഞങ്ങള്‍ക്കില്ല. അത് ദൈവംതമ്പുരാന്‍ തരുന്നുണ്ട്.
നമ്മുടെ പൊതുപ്രവര്‍ത്തകരായ നിങ്ങളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാസ്റൂട്ട് ലവലില്‍ ചെന്നിട്ടുണ്ടോ എന്നുള്ളത് നമ്മള്‍ അന്വേഷിക്കണം. ഇങ്ങോട്ട് അപേക്ഷ തരുന്നവരുടെല്ലാം കാര്യങ്ങള്‍ ഞങ്ങള്‍ പോയി അന്വേഷിക്കും. ഒരു ചെറിയ പ്രദേശത്തെ കാര്യമാണ് പറയുന്നത്. അപ്പോള്‍ കേരളം മുഴുവനായിട്ടു നോക്കിയാലോ? എത്രയധികം ആളുകള്‍ കാണും ഭവനരഹിതരായിട്ടും രോഗികളായിട്ടും? ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ എനിക്ക് ഈ കാര്യത്തില്‍ വലിയ സങ്കടമുണ്ട്.
നമ്മുടെ ഊന്നലില്‍ മാറ്റം ഉണ്ടാകണമെന്നാണ് ഞാന്‍ പറയുന്നത്. സ്നേഹവും കരുതലും കരുണയും പറയാത്ത ഒരു മതവും രാഷ്ട്രീയ സംഘടനയും ഇല്ല. എല്ലാവരും ഇതെല്ലാം പറയുന്നുണ്ട്. ആദ്യകാലങ്ങളില്‍ ക്രിസ്തീയ സഭയിലും അങ്ങനെ തന്നെ. അതു കഴിഞ്ഞ് കുറച്ച് മുന്നോട്ടു വന്നു കഴിഞ്ഞപ്പോള്‍ ക്രിസ്തീയ സഭയും സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. മതത്തിന്‍റെ സംഘടനയ്ക്കു ദോഷമുണ്ടാകാതെയിരിക്കാന്‍ അതിനെ പരിപോഷിപ്പിക്കുക എന്ന ശൈലിയിലേക്ക് നമ്മള്‍ പോകുന്നു; അത് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും. ഞാന്‍ നിങ്ങളെ വിമര്‍ശിക്കുകയല്ല, ഞാന്‍ മനസ്സിലാക്കുന്നത് ഞാന്‍ പറഞ്ഞു എന്നേയുള്ളു. നമ്മുടെ രാഷ്ട്രീയ സംഘടന എങ്ങനെയിരിക്കണം, എങ്ങനെ വളരണം, അതിന്‍റെ മുന്നോട്ടുള്ള ഭാവി – ഇതിലേക്കു നമ്മള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുമ്പോഴത്തേയ്ക്ക് നമ്മുടെ അടിസ്ഥാന ചിന്തകളായ സ്നേഹത്തിനും കരുണയ്ക്കും കരുതലിനുമൊക്കെ പ്രാധാന്യം കിട്ടാതെ പോകുന്നു. ഈ അടിസ്ഥാന ചിന്തകളെ സ്ഥാപനവല്‍ക്കരണം മറച്ചു കളയുന്നു. അതുകാരണം ഇന്ന് നമ്മുടെ ശ്രദ്ധ, എന്‍റെ സഭ, എന്‍റെ മതം, എന്‍റെ രാഷ്ട്രീയ സംഘടന, എന്‍റെ പ്രവര്‍ത്തന മേഖലകള്‍ എങ്ങനെ എനിക്ക് പരിപോഷിപ്പിച്ചു കൊണ്ടുവരാമെന്നുള്ളതിലേക്കു മാറിയിട്ടില്ലേ എന്ന് എനിക്കൊരു സംശയം. അതുകൊണ്ട് അതൊന്നു പുനര്‍ ചിന്തനം ചെയ്യണമെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു. അതിനായി നമ്മള്‍ എല്ലാവരും ഒരുമിക്കണം. ഞാന്‍ മാത്രമായിട്ടു സാധ്യമല്ല. ഞാനൊരു സഭയുടെ അദ്ധ്യക്ഷനാണ്. അതുപോലെ നിങ്ങള്‍ ഓരോരുത്തരും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയോ പൊതുപ്രവര്‍ത്തന സംഘടനയുടെയോ അദ്ധ്യക്ഷനായിരിക്കും. ഇവിടെയെല്ലാം നമുക്ക് കൂട്ടായിട്ടു ചിന്തിക്കണം. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണം.
പൊതുസമൂഹത്തിന്‍റെ എല്ലാ തരത്തിലുള്ള ഉയര്‍ച്ചയ്ക്കും അങ്ങേയറ്റം പ്രവര്‍ത്തിക്കുവാന്‍ മലങ്കരസഭ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ആരോടും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇന്ന ആളോട് എന്നില്ല. ഈയിടെ പല സംഘടനകളോടും സഹകരിച്ച് ഓരോരോ നന്മകള്‍ ആവശ്യമായ ഇടങ്ങളില്‍ ചെയ്യുവാന്‍ സാധിച്ചു. എന്‍റെ ഒരു കണ്‍സേണ്‍ പറഞ്ഞു എന്നേയുള്ളു. അതായത് നമ്മുടെ സ്ഥാപനപരമായ വളര്‍ച്ചകൊണ്ട് നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ നഷ്ടപ്പെട്ടു പോകരുത്. അങ്ങനെ കാണുന്നു എന്നുള്ള ഒരു വേദന പറയുന്നു എന്നേയുള്ളു. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ച് മാത്രമല്ല എന്‍റെ സഭയെക്കുറിച്ചു കൂടിയാണ് പറയുന്നത്. അല്ലെങ്കില്‍ എന്നെപ്പോലെയുള്ള മതനേതാക്കളോടും മതങ്ങളോടും കൂടിയാണ് പറയുന്നത്. ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു പോയതുകൊണ്ട് അടിസ്ഥാന തത്വങ്ങള്‍ മറന്നുപോയിരിക്കുന്നു. ഇനി നമുക്ക് നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കു തിരിച്ചു വരണം. സമൂഹത്തില്‍ മറ്റുള്ളവരും നമ്മെപ്പോലുള്ളവരാണെന്നും അവരുടെ ഉയര്‍ച്ച നമ്മുടെ ഉയര്‍ച്ചയാണെന്നും നമ്മുടെ കെട്ടിടം പണിയുന്നതുപോലെ അവരുടെയും കെട്ടിടം പണിയേണ്ടത് നമ്മുടെ ആവശ്യമാണെന്നുള്ളതും അങ്ങനെയുള്ള ഒരു വ്യവസ്ഥയിലേക്ക് സമൂഹം മാറണം.
സാമൂഹിക നീതിയോ സ്നേഹമോ ഒന്നും പറയാത്തതായ മതമോ രാഷ്ട്രീയസംഘടനകളോ ഇല്ല. പക്ഷേ നടപ്പിലാക്കുന്നതില്‍ നമുക്ക് പരാജയം വന്നു. മറ്റ് പലതിനും നമ്മള്‍ അമിത പ്രാധാന്യം നല്‍കി. അപ്പോള്‍ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍ കുറഞ്ഞുപോയി എന്നുള്ളത് എന്‍റെ ഒരു വിലയിരുത്തലാണ്. തെറ്റാണെങ്കില്‍ എന്നോട് ക്ഷമിക്കുക. ഞാന്‍ മനസ്സിലാക്കുന്ന കാര്യം, എന്‍റെ സഭയെക്കുറിച്ചും മറ്റുള്ളതിനെക്കുറിച്ചുമുള്ള വിലയിരുത്തലാണ്. അതുകൊണ്ട് നമ്മളാരും നന്മ ചെയ്യുന്നില്ല എന്നല്ല. നമ്മള്‍ എല്ലാവരും നന്മ ചെയ്യുന്നുണ്ട്. പോരാ നമുക്ക് കൂടുതലായിട്ട് ഈ സമൂഹത്തിനുവേണ്ടി ഒരുമിച്ചു കൂടുതലായി പ്രവര്‍ത്തിക്കുവാന്‍ നമുക്കിടയാവണം. അതിന് ഏതു സംഘടനയുമായിട്ടും ഏതു സമൂഹവുമായിട്ടും ഏതു രാഷ്ട്രീയ കക്ഷിയുമായിട്ടും ഏതിനോടും സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ മലങ്കരസഭ എന്നും തയ്യാറാണ്. ആ തരത്തിലുള്ള ഒരു മാറ്റം നമുക്കൊക്കെ ഉണ്ടാവണം എന്നുള്ളതാണ് എന്‍റെ പ്രഥമമായ സന്ദേശം. ആരെയെങ്കിലും വ്രണപ്പെടുത്തുകയോ പ്രയാസപ്പെടുത്തുകയോ ചെയ്തെങ്കില്‍ ക്ഷമിക്കണം. ഞാന്‍ എന്‍റെ ഉള്ളില്‍ നിന്നു മനസ്സില്‍ തോന്നിയതും എന്‍റെ ആഗ്രഹവും പറഞ്ഞു എന്നുള്ളതേ ഉള്ളൂ. അതിനേക്കാളെല്ലാം ഉപരി ഇന്ന് ഈ സുഹൃദ് സംഗമത്തില്‍ നിങ്ങളെല്ലാം വന്നതില്‍ പ്രത്യേകമായ സന്തോഷവും എന്‍റെ ഹൃദയംഗമമായ നന്ദിയും വ്യക്തിപരമായി എല്ലാവരെയും അറിയിച്ചുകൊണ്ട് എന്‍റെ വാക്കുകളെ ചുരുക്കുന്നു.
(സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)