പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ കബറിടം സന്ദര്‍ശിച്ചു.
_______________________________________________________________________________________
ഇന്നലെ പെന്തിക്കോസ്തി പെരുന്നാളിന് മുമ്പുള്ള കാത്തിരിപ്പു നാളുകളിലെ വെള്ളിയാഴ്ച ആയിരുന്നു. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ചാവറയച്ചന്റെ കബറിടത്തിങ്കല് എത്തി പ്രാര്ഥിക്കുക എന്നത്. ഇന്നലെ അതിന് അവസരമുണ്ടായി. ആശ്രമദേവാലയത്തിന്റെ വിശുദ്ധിയിലേക്ക് പ്രവേശിച്ചപ്പോള് സ്വാഗതമായി കിട്ടിയതായിരുന്നു കത്തിച്ച മെഴുകുതിരി. ചാവറയച്ചന്റെ ചിത്രങ്ങള്ക്ക് പിന്നില് കാണാനാകുന്ന പ്രകാശവലയത്തിന്റെ അതേ നിറമായിരുന്നു അതിന്. മനോഹരമായ അള്ത്താരയിലും ചുവര് ചിത്രങ്ങളിലും തിരുസ്വരൂപങ്ങളിലും ചാവറയച്ചന്റെ വിശുദ്ധ സാന്നിധ്യം അനുഭവിക്കാനായി. കബറിടത്തില് പുഷ്പചക്രം അര്പ്പിച്ച് അല്പനേരം ധ്യാനിച്ച് നിന്നപ്പോള് കൈനകരി എന്ന കുട്ടനാടന് ഗ്രാമത്തില് നിന്ന് സി.എം.ഐ സന്യാസസഭയുടെ നേതൃനിരയിലേക്കും വിശുദ്ധപദവിയിലേക്കും പ്രവൃത്തികൊണ്ട് സഞ്ചരിച്ചെത്തിയ ശ്രേഷ്ഠന്റെ ഓര്മകള് ഉള്ളില് നിറഞ്ഞു. മ്യൂസിയത്തില് അദ്ദേഹത്തിന്റെ വിരല്പ്പാടുകളുള്ള പുസ്തകസഞ്ചയമുണ്ട്. അതില് തൊടുമ്പോള് കാലം നമ്മിലേക്ക് ചാവറയച്ചനെ തിരികെയെത്തിക്കും.
ഒരു വലിയ മനസിന്റെ, ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉടമയായിരുന്നു വിശുദ്ധ ചാവറയച്ചന്. ക്രൈസ്തവസമൂഹത്തെ മുഴുവന് പ്രചോദിപ്പിക്കുന്ന മാതൃക. അള്ത്താരയില് നിന്ന് അശരണര്ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്‌കരണം എന്നത് വെല്ലുവിളിയായിരുന്ന കാലത്ത് ആ ദൗത്യം സധൈര്യം ഏറ്റെടുക്കാന് അദ്ദേഹത്തിനായി. മനുഷ്യന് മനുഷ്യനെ തൊടുന്നത് വലിയ കുറ്റമായി കണ്ടിരുന്നനാളുകളില് അവര്ണരെന്ന് മുദ്രകുത്തപ്പെട്ടവരെ സംസ്‌കൃതം പഠിപ്പിക്കാനിറങ്ങി എന്നതിലുണ്ട് ചാവറയച്ചന്റെ ധീരത. വിശന്നിരിക്കുന്നവന് മുന്നില് വേദപുസ്തകം വായിക്കുക അല്ല അദ്ദേഹം ചെയ്തത്. ഒട്ടിയ വയറുമായി വിദ്യാലയത്തിലെത്തിയിരുന്ന അനേകം കുട്ടികള്ക്കായി അദ്ദേഹം ആവിഷ്‌കരിച്ചതാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരിയിടുമ്പോള് വിശക്കുന്ന കുട്ടികള്ക്കായി ഒരുപിടി മാറ്റിവയ്ക്കാന് അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഇങ്ങനെ ശേഖരിക്കുന്ന അരി വിദ്യാലയങ്ങളില് വിതരണം ചെയ്തു. പില്ക്കാലത്ത് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിലേക്ക് സര്ക്കാരിനെ എത്തിച്ചത് ചാവറയച്ചന് എന്ന മാതൃകയാണ്. പരിശുദ്ധ പിതാവ് എന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയര്ത്തപ്പെട്ടതിനുള്ള പ്രധാനസാക്ഷ്യങ്ങള് സമൂഹത്തിനുവേണ്ടി ചെയ്ത ഇത്തരം ഒരുപാട് നന്മകള് തന്നെയാണ്. ചാവറയച്ചന്റെ ക്രിസ്തീയസാക്ഷ്യത്തിലൂടെയും അതേ പന്ഥാവിലൂടെയുമാണ് നമുക്ക് നടക്കാനുള്ളത്. ആ വെളിച്ചം ഇനിയും വഴികാട്ടട്ടെ…
– ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ