രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും ഉണ്ടെങ്കില്‍ പട്ടക്കാരുടെ ഗണത്തിലും ഒരാള്‍ ഉണ്ട്. ഇവരേക്കാള്‍ ഏറെ മുമ്പ് വധിക്കപ്പെട്ട മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരിയായിരുന്ന തോപ്പില്‍ പൊന്നോടൊത്ത് മത്തായി കത്തനാര്‍. രക്തസാക്ഷികളുടെ ഗണത്തിലെ ഏക പട്ടക്കാരന്‍.

ചരിത്രപ്രസിദ്ധമായ  മുളന്തുരുത്തി പള്ളി വികാരിയായിരുന്ന തോപ്പില്‍ ചെറിയതു ചെറിയ കത്തനാരുടെ പൗത്രനായി ഇദ്ദേഹം 1872-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സ്വകുടുംബാംഗമായ (സ്രാമ്പിക്കല്‍) നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രിഗോറിയോസിന്റെ (പ. പരുമല തിരുമേനി) ശിഷ്യനായി വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. തന്റെ ജന്മനാട്ടില്‍ നിന്നും തനിക്കു ലഭിച്ച ഏക ശിഷ്യനെ അതീവ വാത്സല്യത്തോടെ തിരുമനസ്സുകൊണ്ട് സ്വീകരിക്കുകയും രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്തു. ശിഷ്യത്വം സ്വീകരിച്ച് അധികം വൈകാതെ തന്നെ തിരുമനസുകൊണ്ട് ഇദ്ദേഹത്തിനു കോറൂയോപട്ടം നല്‍കി. തുടര്‍ന്ന് കശീശാ വരെയുള്ള എല്ലാ പട്ടങ്ങളും നല്‍കിയതും പ. പരുമല തിരുമേനി തന്നെയാണ്. കശീശാപട്ടം ഏറ്റതിനെ തുടര്‍ന്ന് തന്റെ മാതൃ ഇടവകയായ മുളന്തുരുത്തിപ്പള്ളിയില്‍ വികാരി സ്ഥാനമേറ്റു.
തന്റെ അരുമ ശിഷ്യന് തിരുമനസ്സുകൊണ്ട് അങ്കമാലി അകപ്പറമ്പ് ഇടവകയില്‍പ്പെട്ട വയലിപ്പറമ്പില്‍ വീട്ടില്‍ ആച്ചി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കി. ഈ വിവാഹം ആലോചിച്ചുറപ്പിച്ചത് പ. തിരുമനസ്സു തന്നെയാണ്. മത്തായി കത്തനാര്‍ക്ക് ലഭിച്ച സ്തീധനപ്പണവും, ബാക്കി സ്വന്തം പണവും നല്‍കി ഏതാനും പുരയിടം തിരുമനസ്സുകൊണ്ട് വാങ്ങിക്കൊടുത്തു. കൂടാതെ ഒരു കാപ്പയും തൈപ്പിച്ചു നല്‍കി. യോഗ്യനും യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടേണ്ട ഒരു പട്ടക്കാരനും എന്നു സമകാലികരാല്‍ വിശേഷിപ്പിക്കപ്പെട്ട മത്തായി കത്തനാര്‍ക്ക് നാലാണ്‍ മക്കളും ഒരു പുത്രിയും ജനിച്ചു.
അക്കാലത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസിനോട് പ്രത്യേകമായ മമതയും വിശ്വസ്തതയും പുലര്‍ത്തിയിരുന്ന മത്തായി കത്തനാര്‍ അതേ ബന്ധം തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസിനോടും പുലര്‍ത്തി.
മലങ്കരയുടെ ലൗകികാധികാരം എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയെ 1911 ഇടവം 26-ന് അബ്ദുള്ളാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് അകാരണമായി മുടക്കി. തിരുമേനി ക്രമാനുസൃതമല്ലാത്ത മുടക്ക് നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് മുടക്കിനെ അനുകൂലിക്കുന്ന അന്ത്യോഖ്യന്‍ പക്ഷപാതികള്‍, മാര്‍ ദീവന്നാസിയോസിനോടൊപ്പം മെത്രാന്‍ പട്ടമേറ്റ കോട്ടയം, അങ്കമാലി ഇടവകകളുടെ കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസിനെ നേതാവാക്കിക്കൊണ്ട്  മാര്‍ ദീവന്നാസിയോസിനും സഭയ്ക്കുമെതിരായി സമരം ആരംഭിച്ചു. വടക്കന്‍ പള്ളികളില്‍ ഈ വിഭാഗത്തിനു നല്ല സ്വാധീനവും ഉണ്ടായിരുന്നു.
ഈ അവസരത്തില്‍ മത്തായി കത്തനാര്‍ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി. അദ്ദേഹം കാനോനിക മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസിയോസിന് പിന്തുണ നല്‍കി. എതിര്‍പക്ഷത്തിന്റെ മലങ്കര മെത്രാപ്പോലീത്താ എന്നുവെച്ചിരുന്ന കൊച്ചുപറമ്പില്‍ മാര്‍ പൗലൂസ് കൂറിലോസ് തന്റെ സ്വന്തം പിതൃസഹോദരീപുത്രനാണെന്നത് മത്തായി കത്തനാരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമേ ആയിരുന്നില്ല. മുളന്തുരുത്തി ഭാഗത്ത് ഭൂരിപക്ഷം ആളുകളെയും ദേശീയ കക്ഷിയില്‍ പിടിച്ചുനിര്‍ത്താന്‍ പൗലൂസ് മാര്‍ കൂറിലോസ് നാട്ടുകാരനും ഇടവകക്കാരനുമായിട്ടും അച്ചനു കഴിഞ്ഞു.
മുളന്തുരുത്തി പള്ളിയില്‍ വികാരിയായി തുടരുമ്പോള്‍ തന്നെ വെട്ടിയ്ക്കല്‍ ദയറായിലും, ഇപ്പോള്‍ കര്‍മ്മേല്‍ ദയറാ ഇരിക്കുന്ന സ്ഥലത്ത് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് സ്ഥാപിച്ച ഓലകുത്തി മറച്ചുണ്ടാക്കിയ ചാപ്പലിലും അച്ചന്‍ സേവനമനുഷ്ഠിച്ചിരുന്നു. ധാരാളം വരുമാനമുള്ള മുളന്തുരുത്തിപ്പള്ളിയിലെ തന്റെ തവണ സഹപട്ടക്കാരെ ഏല്‍പ്പിച്ചിട്ടുപോലും ഈ പള്ളികളിലെ കര്‍മ്മങ്ങള്‍ വീഴ്ച കൂടാതെ നടത്തുവാന്‍ അച്ചന് മടിയില്ലായിരുന്നു.
മത്തായി കത്തനാരെ ഒഴിവാക്കാതെ മുളന്തുരുത്തി പിടിച്ചെടുക്കുവാന്‍ സാദ്ധ്യമല്ല എന്നു മനസ്സിലാക്കിയ വിഘടിത പക്ഷക്കാര്‍ (പൗലൂസ് കൂറിലോസിന്റെ കാലശേഷം പാത്രിയര്‍ക്കീസ് പക്ഷക്കാര്‍) മലങ്കര മെത്രാനായി കരുതിവന്നിരുന്ന പൗലൂസ് അത്താനാസ്യോസിനെ (ആലുവാ) കൊണ്ട് മത്തായി കത്തനാരെ മുടക്കിക്കുവാന്‍ ശ്രമിച്ചു. പക്ഷേ ബഹുജനസമ്മതനായ ഇദ്ദേഹത്തിന്റെ പേരിലുള്ള മുടക്കു കല്‍പ്പന വായിക്കുവാന്‍ അക്കാലത്ത് മുളന്തുരുത്തി പള്ളിയില്‍ വിഘടിത വിഭാഗത്തിലുണ്ടായിരുന്ന മൂന്നു പട്ടക്കാരും വിസമ്മതിച്ചു. അങ്ങനെ ആ ശ്രമം വിജയിച്ചില്ല.
അച്ചന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹായിയും ചാലില്‍ കൊച്ചുകോരയായിരുന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബഹുജന പ്രമാണിയുമായിരുന്ന ഇദ്ദേഹം അച്ചനോടൊപ്പം എല്ലായ്‌പ്പോഴും ഉറച്ചുനിന്നു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം മുളന്തുരുത്തി പള്ളി മാനുഷ്യവുമായിരുന്നു (ചാലില്‍ കുടുംബത്തിലെ കാരണവര്‍ക്ക് പാരമ്പര്യം വഴി മുളന്തുരുത്തി പള്ളിയില്‍ ലഭിച്ചുവരുന്ന കൈസ്ഥാനമാണ് മാനുഷ്യം).
കൊല്ലവര്‍ഷം 1097 (1921 എ.ഡി.) ചിങ്ങം 25-ന് മത്തായി കത്തനാരും ചാലില്‍ കൊച്ചുകോരയും തമ്മില്‍ മുളന്തുരുത്തി പള്ളിമേടയുടെ രണ്ടാം നിലയില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അന്ത്യോഖ്യാ ഭക്തിയാല്‍ ഉന്മത്തനായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്‍ പള്ളിമേടയില്‍ ഓടിക്കയറുകയും ചാലില്‍ കൊച്ചുകോരയേയും മത്തായി കത്തനാരേയും വിറകിന്‍മുട്ടികൊണ്ട് അടിച്ചു വീഴ്ത്തുകയും ചെയ്തു.
ചാലില്‍ കൊച്ചുകോര രണ്ടാം ദിവസം (ചിങ്ങം 27-ന്) മരിച്ചു. മത്തായി കത്തനാര്‍ പിന്നീടാ വീഴ്ചയില്‍ നിന്നും എഴുന്നേറ്റില്ല. ഏതാനും മാസങ്ങള്‍ക്കു ശേഷം 1921 ഡിസംബര്‍ 23-ന് അദ്ദേഹം മരിച്ചു മുളന്തുരുത്തി പള്ളിയില്‍ കബറടക്കി. ഇവരെ വധിച്ച പ്രതിയെ കൊച്ചി സര്‍ക്കാര്‍ തടവിലാക്കുകയും അവിടെ വെച്ച് ബുദ്ധിഭ്രമം പിടിപെടുകയും ചെയ്തു. തടവില്‍ നിന്ന് വിട്ടശേഷം അയാള്‍ ഭ്രാന്തനായി അലഞ്ഞു നടന്നു മരിച്ചു.
ഇതിനിടയില്‍ തങ്ങളുടെ ഗുരുവിന്റെ (പ. പരുമല തിരുമേനി) വത്സല ശിഷ്യനും വടക്കന്‍ പ്രദേശത്ത് സത്യവിശ്വാസത്തെ ഉറപ്പിച്ചു നിര്‍ത്തിയ ഉറച്ച പോരാളിയുമായ മത്തായി കത്തനാരെ തന്റെ രോഗക്കിടക്കയില്‍ സന്ദര്‍ശിക്കുവാന്‍ മലങ്കര മെത്രാപ്പോലീത്താ പ. മാര്‍ ദീവന്നാസ്യോസും കുണ്ടറ കൊച്ചു മെത്രാച്ചനും (പിന്നീട് മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ) മുളന്തുരുത്തിയില്‍ എത്തി. രണ്ടു പേരും ചേര്‍ന്ന് അച്ചന് കന്തീലാ ശുശ്രൂഷ നടത്തുകയും ചെയ്തിരുന്നു.
മത്തായി കത്തനാരുടെ സഹോദരപൗത്രനാണ് ഡല്‍ഹി ഭദ്രാസനത്തിന്റെ കാലം ചെയ്ത ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ.
കുറിപ്പ്; ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് 1990-ലാണ്. അതിനു ശേഷമാണ് പെരുമ്പാവൂരില്‍ ശ്രീ. കുറിയാക്കോസും മലങ്കര വര്‍ഗീസും രക്തസാക്ഷിത്വം പ്രാപിച്ചത്.
പൊന്നോടത്ത് മത്തായി കത്തനാരുടെ പൗത്ര പുത്രന്മാരാണ് ഇപ്പോള്‍ നാഗപൂര്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ആയ ഫാ. ഡോ. ജോസി ജേക്കബും മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി കൈക്കാരന്‍ എബിന്‍ മത്തായിയും. – എഡിറ്റര്‍