ജനാധിപത്യശൈലിയുടെ മാതൃക / ഫാ. ഡോ. കെ. എം. ജോര്‍ജ്

1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും
മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍

മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്‍റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ തനിമയും സ്വാതന്ത്ര്യവും തിരിച്ചറിയുന്നത് (കിസ്തു ശിഷ്യനായ തോമസ് അപ്പസ്തോലന്‍റെ (സുറിയാനിയില്‍, ‘മാര്‍ത്തോമ്മാ ശ്ലീഹാ’) മാര്‍ഗത്തില്‍ അതുവരെ ഒന്നായിക്കഴിഞ്ഞിരുന്ന അവര്‍ക്കിടയില്‍ പിളര്‍പ്പും സംഘര്‍ഷങ്ങളും ഉടലെടുത്തു തുടങ്ങി. ഏതാണ്ട് 300 വര്‍ഷങ്ങളിലെ ആത്മപരിശോധനയുടെയും ക്ലേശപൂര്‍ണമായ അന്വേഷണത്തിന്‍റെയും ഫലമായിട്ടാണ് നസ്രാണി സമൂഹത്തില്‍ അന്തര്‍ലീനമായിരുന്ന സ്വത്വബോധം, സ്വാതന്ത്ര്യം, ദൗത്യചിന്ത എന്നിവയുടെ പ്രതീകമായി കാതോലിക്കാ സ്ഥാനം ഉരുത്തിരിയുന്നത്.

കാഥോലിക്കോസ് എന്ന ഗ്രീക്കു പദത്തിനര്‍ഥം സമഗ്രമായത്, പൊതുവായത് എന്നാണ്. ഒരു സഭയുടെ അധ്യക്ഷസ്ഥാനിയാവുമ്പോള്‍ “പൊതുപിതാവ്” എന്നര്‍ഥം കല്‍പിക്കാം. റോമാ സാമാജ്യത്തിനു പുറത്തുള്ള പുരാതന ക്രിസ്തീയ സഭകളിലാണ് ഈ സ്ഥാനപ്പേര്‍ സ്വീകരിക്കപ്പെട്ടത്. പേര്‍ഷ്യ, അര്‍മീനിയ, ജോര്‍ജിയ, ഇത്യോപ്യ, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെ തദ്ദേശീയ സഭകളാണ് ഉദാഹരണം. ഇതില്‍നിന്നു വ്യത്യസ്തമായി റോമാ സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായിരുന്ന റോം, അലക്സാന്ത്രിയ, അന്ത്യോഖ്യാ, കോണ്‍സ്റ്റാന്‍ന്‍റിനോപ്പിള്‍ (ഇസ്താംബുള്‍) എന്നിവിടങ്ങളിലെല്ലാം നാലാം നൂറ്റാണ്ടില്‍ ക്രിസ്തീയസഭ ഔദ്യോഗിക മതമായപ്പോള്‍ ആ നഗരങ്ങളിലെ പ്രധാന ബിഷപ്പ് സ്ഥാനികള്‍ പാത്രിയര്‍ക്കീസ് (പ്രധാന പിതാവ്) എന്ന സ്ഥാനനാമത്തില്‍ അറിയപ്പെട്ടു. 1912-ല്‍ ഇന്ത്യയിലുണ്ടായ കാതോലിക്കാ സ്ഥാനത്തിന് സുറിയാനി പാരമ്പര്യത്തില്‍ ചരിത്രപരമായ വേരുകളുണ്ട്. അന്ന് ആ സ്ഥാനത്തെ പലരും സംശയദൃഷ്ടിയോടെ നോക്കിയെങ്കിലും പില്‍ക്കാലം അത് അനുകരണീയമായ മാതൃകയായിത്തീര്‍ന്നു.

ഓര്‍ത്തഡോക്സ് സഭാ വിജ്ഞാനീയമനുസരിച്ച് ഏതെങ്കിലുമൊരു തദ്ദേശീയ സഭ ഭരണപരമായും ഇടയസേവനപരമായും പട്ടത്വപരമായും പക്വതയും സ്വാധികാരവും ആര്‍ജിക്കുമ്പോള്‍ മേല്‍പറഞ്ഞ അധ്യക്ഷസ്ഥാനങ്ങളിലൊന്ന് സ്വീകരിക്കുകയെന്നത് സ്വാഭാവികമാണ്. അതേസമയം സ്വതന്ത്രമായ തദ്ദേശീയ സഭകള്‍ തമ്മില്‍ ക്രിസ്തുവിലുള്ള ഏക വിശ്വാസത്തിലും കൂദാശകളിലും സ്നേഹത്തിലും സംസര്‍ഗം പുലര്‍ത്തുകയും ചെയ്യും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവ ഉദാഹരണം.

1934 മുതലാണ് മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ സമ്മേളിച്ചു തുടങ്ങിയത്. ഒരു സമൂഹത്തിനുള്ളില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായാല്‍ സംഘര്‍ഷമുണ്ടാകും എന്ന പ്രായോഗിക വിവേകമാണ് ആ നടപടിക്കു പിന്നില്‍. എന്നാല്‍ വേദശാസ്ത്രപരവും ആധ്യാത്മികവുമായ അര്‍ഥം ഇതിനുണ്ട്. ‘മലങ്കരമെത്രാപ്പോലീത്താ’ മുഖ്യമായും ഭൗതികവും വ്യാവഹാരികവുമായ അധികാരം കൈയാളുന്ന സ്ഥാനിയാണ്. കാതോലിക്കാ സ്ഥാനി ആത്മികവും കൗദാശികവുമായ ധര്‍മം നിറവേറ്റാന്‍ നിയുക്തനാണ്. രണ്ടു സ്ഥാനങ്ങളും വേര്‍തിരിഞ്ഞു നില്‍ക്കാതെ അന്തിമമായി മനുഷ്യനന്മയും ഐക്യവും അനുരഞ്ജനവും ലക്ഷ്യമാക്കി ക്രിസ്തുവിനു സാക്ഷ്യം നല്‍കേണ്ടതാണ്.

ജനങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മലങ്കര അസോസിയേഷന്‍ കാതോലിക്കായെ തിരഞ്ഞെടുക്കുന്നത് അപ്പസ്തോലിക കാലത്തെ ജനാധിപത്യശൈലി മാതൃകയാക്കിയാണ്. മലങ്കര ഉള്‍പ്പെടെയുള്ള ചില ഓര്‍ത്തഡോക്സ് സഭകളില്‍ മാത്രമാണ് ഈ രീതി നിലനില്‍ക്കുന്നത്. ജനങ്ങളും വൈദികരും മെത്രാന്മാരും ഉള്‍പ്പെടുന്ന ഈ സമിതിക്ക് യഥാര്‍ഥ സുന്നഹദോസിന്‍റെ സ്വഭാവമുണ്ട്. അതുകൊണ്ടാണല്ലോ മെത്രാന്മാര്‍ (എപ്പിസ്കോപ്പാമാര്‍) മാത്രമുള്ള സുന്നഹദോസിന് എപ്പിസ്കോപ്പല്‍ എന്ന വിശേഷണം കൊടുക്കുന്നത്. വിശ്വാസികളായ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സ്ഥാനികളും അവരുടെ അധികാരത്തെയും പദവിയെയും ദൈവജനത്തിന്‍റെ വിവേകത്തിന് വിധേയമാക്കി, സഭയുടെ ഐക്യത്തിനും അനുരഞ്ജനത്തിനും സമൂഹത്തിന്‍റെ സമാധാനത്തിനും ലോകത്തിന്‍റെ നീതിപൂര്‍വമായ ക്ഷേമത്തിനുംവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ജനം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ക്രിസ്തീയ സാക്ഷ്യം അതാണ്.

(Malayala Manorama, 14-10-2021)