സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്

“എല്ലാ പള്ളികള്‍ക്കും നാം അയച്ചിട്ടുള്ള കല്പനയനുസരിച്ച് നിങ്ങള്‍ ഇവിടെ സന്നിഹിതരായതില്‍ നിങ്ങളോടു നമുക്കുള്ള നന്ദിയെ ആദ്യം പ്രകാശിപ്പിച്ചുകൊള്ളുന്നു. സഭയുടെ താല്‍ക്കാലിക സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടല്ലോ. ദൈവത്തിന്‍റെ സഭയില്‍ പോരാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു നിശ്ചയമാണ്. സാത്താന്‍റെ പരീക്ഷ ക്രിസ്ത്യാനിയെ ബാധിച്ചുകൊണ്ടിരിക്കും. സഭയുടെ സംഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമുക്കാദ്യമായി വേണ്ടതു ദൈവത്തിന്‍റെ കാരുണ്യമാണ്. നമ്മുടെ ജ്ഞാനവും പ്രാപ്തിയും മാത്രം സഭയെ മുമ്പോട്ടു നടത്തുന്നതു പര്യാപ്തമല്ല. യേശുക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നമ്മള്‍ ഓരോരുത്തരുടെയും ഹൃദയത്തിലുണ്ടായിരിക്കുന്നതിനു നാം പ്രാര്‍ത്ഥിക്കണം. നാം സഭയുടെ സമാധാനത്തിനുവേണ്ടി ഹൃദയപൂര്‍വം ശ്രമിക്കുന്നവരാണ്. എന്നാല്‍ ദൈവം ഇതു നടത്തണമെന്നുള്ള ആഗ്രഹം പോരാതെ വന്നിരിക്കുന്നു. അതിനു നാം പ്രാര്‍ത്ഥിക്കണം. സഭയോടുള്ള സ്നേഹം നാം കാണിക്കേണ്ടതു ദൈവികം കൊണ്ടുവേണം അല്ലാതെ സഭ മുമ്പോട്ടു പോകയില്ല. ഇതേവരെ സഭയെ ഭരിച്ച വന്ദ്യ ദേഹം-അദ്ദേഹത്തിന്‍റെ ഗാഢമായ ദൈവഭക്തിയെപ്പറ്റി നാം കൂടെ നടന്ന് അറിഞ്ഞിട്ടുണ്ട്. ദൈവികമാണ് അദ്ദേഹത്തില്‍ മുന്നിട്ടുനിന്നത്. എന്നാല്‍ അദ്ദേഹം ദൈവഭക്തനായിരുന്നുവെന്നു ലോകത്തെ ധരിപ്പിക്കണമെന്നു വിചാരിച്ചിട്ടില്ല. ആ വന്ദ്യനായ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ശിഷ്യനായ നാമും ദൈവഭക്തിയില്‍ അദ്ദേഹത്തെ അനുകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നഷ്ടം അപരിഹാര്യമാണ്.

സഭയുടെ സമാധാനത്തിനുവേണ്ടി നാം ശീമയ്ക്കു പോയതും, തിരിച്ചുവന്നതുമായ കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കറിയാം. എന്നാല്‍ സമാധാനം നാം വിചാരിച്ചതുപോലെ സാധിച്ചില്ല. സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്. ‘അബ്ദല്‍മിശിഹാ, വ്യര്‍ത്ഥന്‍, മേലാല്‍ മെത്രാന്മാരെ വാഴിക്കുവാന്‍ പാത്രിയര്‍ക്കീസിന്‍റെ അനുവാദം വാങ്ങണം.’ ഇതിനു നാം ഒപ്പിട്ടു കൊടുത്തിരുന്നെങ്കില്‍ സമാധാനം സ്ഥാപിതമാകുമായിരുന്നു. സങ്കടകരമായ ആ പ്രവൃത്തി നാം ചെയ്യാതെ തിരികെപ്പോന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മരണത്തിനു ശേഷം, മലങ്കര മെത്രാപ്പോലീത്തായായി ഒരാളെ തെരഞ്ഞെടുക്കേണ്ടതാവശ്യമാണ്. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തിനുശേഷം, ആ ചുമതലകള്‍ നാമാണു നിര്‍വഹിച്ചുവന്നത്. മലങ്കര മെത്രാപ്പോലീത്തായേയും പുതിയ അസോസിയേഷന്‍ മാനേജിംഗ് കമ്മട്ടിയംഗങ്ങളേയും, തെരഞ്ഞെടുക്കുന്നതിനും സഭയുടെ ഭരണഘടന പുതുക്കുന്നതിനും ആണ് ഈ സമ്മളനം ഇവിടെ കൂടിയിരിക്കുന്നത്. ആകയാല്‍ ദൈവികമായി ആലോചിച്ചു പ്രവര്‍ത്തിക്കണമെന്നു നിങ്ങളെ എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.”

(പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 1934-ല്‍ കൂടിയ മലങ്കര അസോസിയേഷനില്‍ ചെയ്ത പ്രസംഗത്തില്‍ നിന്നും)