മാർ സേവേറിയോസ്: ഓർത്തോഡോക്സിയുടെ പ്രചാരകനും പ്രശ്ന പരിഹാരകനും / ഡോ.സിബി തരകൻ

സഭ ഒന്നാണെന്നും ഭരണം ജനാധിപത്യത്തിൽ ഊന്നിയ എപ്പിസ്കോപ്പസിയിൽ ആണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്  ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്കയായി  നിർദ്ദേശിച്ചുകൊണ്ടുള്ള പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം.

ഇത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്നതോടെ  മാർ സേവേറിയോസ് മെത്രാപ്പോലീത്ത, സഭയുടെ ഇരുപത്തിരണ്ടാമതു(22) മലങ്കര മെത്രാപ്പോലീത്തായും ഒൻപതാമത് (9) കാതോലിക്കായുമായി അവരോധിതനാകും.

ഇത്തരത്തിലുള്ള തീരുമാനം സഭയിൽ ഭിന്നിപ്പുണ്ടാകുമെന്നും പരിശുദ്ധ സുന്നഹദോസ് അംഗങ്ങളായ പിതാക്കന്മാർ വിഭിന്ന ചേരിയിൽ ആകുമെന്നുമൊക്കെയുള്ള ചിലരുടെയങ്കിലും മനപ്പായസം ഇതോടെ തീരെ മധുരമില്ലാത്തതായി മാറിയിരിക്കുന്നു.

സഭാ സമാധാനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പുകൂടിയായിത്തീരുന്നു ചരിത്രപരമായ ഈ തീരുമാനം.

കോട്ടയം ജില്ലയിലെ വാഴൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ  ക്രിസ്തീയ  കുടുംബത്തിൽ(സെൻറ്.പീറ്റേഴ്‌സ് ഓർത്തഡോൿസ് പള്ളി ഇടവകാംഗം) ജനിച്ച മത്തായി എന്ന ബാലൻ കഠിനമായ ജീവിതസാഹചര്യങ്ങളെ നേരിട്ട്  സമർത്ഥനായ വിദ്യാർത്ഥിയായും വേദശാസ്ത്ര ഗവേഷകനായും സെമിനാരി അദ്ധ്യാപകനായും മെത്രാപ്പോലീത്തയായും  സെമിനാരി  വൈസ്  പ്രസിഡണ്ടായും പരിശുദ്ധ കാതോലിക്കായുടെ അസിസ്റ്റന്റായും ഉയർന്നു ദൈവഹിതപ്രകാരം ഇപ്പോൾ  കാതോലിക്കാ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്നു.

ഓർത്തഡോൿസ് വിശ്വാസാചാരങ്ങളെ മുറുകെപ്പിടിക്കുകയും അതിനു പ്രചാരം കൊടുക്കാൻ ഉത്സാഹിക്കുകയും വിശ്വാസികളുടെ ആത്മീയ ദാഹത്തോടൊപ്പം ഭൗതീക ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന മാർ സേവേറിയോസ് നിശ്ചയധാർഢ്യത്തിൻ്റെ സമൂർത്തരൂപംകൂടിയാണ്.

ഓർത്തോഡോക്സി ഒരു ജീവിത ശൈലിയാണെന്നും അതിൽ ആത്മീയതയും ഭൗതീകതയും ഭിന്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മലങ്കര ഓർത്തഡോൿസ് സഭയുടെ സ്വയം ശീർഷകത്വം അതിൻ്റെ നിലനിൽപ്പിനു പരമ പ്രധാനമാണെന്നും ഇതര സഭകൾ അത് അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

വിശുദ്ധ തോമ സ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ സഭ വിവിധ ചരിത്ര സാഹചര്യങ്ങളിൽ വൈദേശിക മേൽക്കോയ്മയിൽ ആയിത്തീർന്നിട്ടുണ്ടെങ്കിലും അതിന്റെ വ്യക്തിത്വം നിലനിർത്താൻ ധീരമായി ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നു.

1991ൽ വാഴിക്കപ്പെട്ടതു   മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായി  സഭയെ സേവിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഇപ്പോൾ മലബാർ,ഇടുക്കി ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തയായും പ്രവർത്തിക്കുന്നു.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ   പ്രതീക്ഷ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശ ഭവൻ , പ്രമോദം പദ്ധതി, പ്രസന്ന ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, പ്രതിഭാ ഉൽപ്പന്നങ്ങൾ തുടങ്ങി  തുടങ്ങി ഒട്ടനവധി വികസന- കാരുണ്യ  പദ്ധതികള്‍സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്നു.

റഷ്യൻ ഓർത്തഡോൿസ് സഭയുടെ ലെനിൻഗ്രാഡ് തെയോളോജിക്കൽ സെമിനാരിയിലെ റോമിലെ പൊന്തിഫിക്കൽ ഓറിയൻറ്റൽ ഇന്സ്ടിട്യൂട്ടിലും ഗവേഷണ പഠനം നടത്തിയിട്ടുള്ള സേവേറിയോസ് തിരുമേനി ഓർത്തഡോൿസ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള വേദശാസ്ത്ര ചർച്ചകൾക്ക് ഒട്ടനവധി തവണ നേതൃത്വം നൽകിയിട്ടുണ്ട്.

മാർത്തോമൻ പൈതൃകത്തിൽ ഭാരതത്തിലെ സഭകളെ ഒന്നായിക്കാണാനുള്ള അദ്ദേഹത്തിൻ്റെ താൽപ്പര്യം സഭൈക്യത്തിനു പുതിയ ദിശാബോധം നൽകും എന്നുള്ളതിൽ സംശയമില്ല.