കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യം : ശ്രദ്ധേയമായ ഒരു രേഖ / തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

മലങ്കര സഭ അതിന്റെ ആരംഭം മുതൽ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ധരിച്ചിരിക്കുന്ന ധാരാളം പേർ സഭയിലുണ്ട്. ഇത് ചരിത്രമാക്കുന്നതിന് ബോധപൂർവ്വം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് മേല്പറഞ്ഞ ധാരണ രൂപപ്പെട്ടത് . സഭയുടെ ചരിത്രം വസ്തുനിഷ്ഠമായി പഠിച്ച് വിലയിരുത്തി എത്തിച്ചേർന്ന നിഗമനമല്ല അത്. ചരിത്ര സൃഷ്ടിക്കാവശ്യമായ തെളിവുകളോ, രീതിശാസ്ത്രമോ , വസ്തുനിഷ്ഠതയോ , സത്യസന്ധതയോ, നിഷ്പക്ഷതയോ ഇക്കാര്യത്തിൽ കാണുന്നില്ല. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിൽ മാത്രമെ ആത്മ രക്ഷയ്ക്ക് സാധ്യതയുള്ളൂ എന്ന ചിന്തയിൽ മനുഷ്യർ എത്തുമ്പോൾ പ്രശ്നം രൂക്ഷമാകുന്നു. ഈ കാര്യം മനസ്സിലാക്കാൻ കഴിയാതെ കലഹം ശാശ്വതമാക്കുന്നതിലൂടെ സഭയുടെ ദൗത്യവും സാക്ഷ്യവുമാണ് നഷ്ടമാകുന്നത്.
ഈ വിഷയം സംബന്ധിച്ച് അടുത്ത കാലത്ത് യാക്കോബായ വിഭാഗത്തിലെ ഒരു ഗ്രന്ഥകാരൻ കോതമംഗലത്ത് കാലം ചെയ്ത യൽദോ മാർ ബസേലിയോസ് ബാവ തന്റെ കൂടെ എത്തിയ ഒരു റമ്പാനെ മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചപ്പോൾ അദ്ദേഹത്തിനു നല്കിയ അധികാര പത്രം (സ്താത്തിക്കോൻ ) തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നൂറിലേറെ വർഷം പഴക്കമുള്ള ഒരു ചരിത്രരേഖയാണ് ഈ അധികാരപത്രം.
യൽദോ മാർ ബസേലിയോസ് ബാവയെ സഭ പരിശുദ്ധനായി കരുതി ആദരിക്കുന്നു. മലങ്കര സഭയെ സത്യവിശ്വാസത്തിലും പൗരസ്ത്യ സഭാപാരമ്പര്യത്തിലും നിലനിർത്താൻ വാർദ്ധക്യവും രോഗാവസ്ഥയും അവഗണിച്ച് കരയും കടലും താണ്ടി മലങ്കരയിൽ എത്തിച്ചേർന്ന അദ്ദേഹത്തിന്റെ സഭാ സ്നേഹവും അജപാലന ശുശ്രൂഷയിലുള്ള ശുഷ്കാന്തിയും ത്യാഗമനോഭാവവും ആർക്കും ചോദ്യം ചെയ്യാനാവില്ല. പരി. പിതാവിന്റെ സഭാ സംബന്ധമായ കാഴ്ചപ്പാടും ദർശനവും വ്യക്തമാക്കുന്ന ഒരേയൊരു ലിഖിത ചരിത്ര രേഖ ഈ അധികാരപത്രമാണ്. ഇതിനെ അവഗണിച്ചും വേണ്ടവിധം പഠിക്കാതെയും യൽദോ ബാവയെ അന്ത്യോഖ്യ ബന്ധത്തിന്റെ ബലിഷ്ഠമായ കണ്ണിയും തീക്ഷ്ണതയുള്ള വക്താവുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിലയിരുത്തലുകൾ വസ്തുതാപരമല്ല. ഈ രേഖയുടെ സൂക്ഷ്മമായ പഠനം പൗരസ്ത്യ കാതോലിക്കേറ്റിന്റെ അധികാരം സംബന്ധിച്ച്‌ വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായകമാണ്.
മാർ ബസേലിയോസ് യൽദോ ബാവയെ മലങ്കരയിലേക്ക് അയച്ചത് അന്ത്യോഖ്യ പാതിയർക്കീസ് ആയിരുന്നുവെന്ന ഭാഷ്യം നിലനില്ക്കുന്നു. അദ്ദേഹം അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ കല്പനപ്രകാരം ഇവിടെ വന്നയാളും പാത്രിയർക്കീസിന്റെ കീഴ്‌സ്ഥാനിയും ആയിരുന്നു എങ്കിൽ അദ്ദേഹം ഇവിടെ ഒരു മെത്രാപ്പോലീത്തയെ വാഴിച്ചപ്പോൾ നവ മെത്രാപ്പോലീത്തയ്ക്ക് നൽകിയ അധികാരപത്രത്തിൽ അനിവാര്യമായ ചില വസ്തുതകൾ രേഖപ്പെടുത്തേണ്ടതായിരുന്നു. അവ ഇപ്രകാരം ആയിരിക്കേണ്ടിയിരുന്നു:
1 . താൻ അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നിർദ്ദേശവും കല്പനയും അനുസരിച്ച് അദ്ദേഹത്തിനു വേണ്ടിയാണ് മെത്രാപ്പോലീത്തയെ വാഴിക്കുന്നത്.
2 . പുതുതായി വാഴിക്കപ്പെടുന്ന മെത്രാപ്പോലീത്ത അന്ത്യോഖ്യ പാത്രിയർക്കീസിന് വിധേയപ്പെട്ട് മലങ്കര സഭ ഒരിക്കണം.
3 . മലങ്കര സഭയുടെ പരമ മേലദ്ധ്യക്ഷ്യൻ അന്ത്യോഖ്യ പാത്രിയർക്കീസായതിനാൽ അദ്ദേഹത്തോടുള്ള അനുസരണയിലും ബന്ധത്തിലും കഴിയണം.
എന്നാൽ, പരി. യൽദോ മാർ ബസേലിയോസ് ബാവ മാർ ഈവാനിയോസിന് നൽകിയ അധികാരപത്രത്തിൽ ഇങ്ങനെ യാതൊരു സൂചനയും ഇല്ല. അന്ത്യോഖ്യ പാത്രിയർക്കീസിനെ പറ്റിയോ അദ്ദേഹത്തിന് തന്റെ മേലോ മലങ്കര സഭയുടെ മേലോ ഉള്ള അധികാരത്തെ പറ്റിയോ മാർ ഈവാനിയോസ് അന്ത്യോഖ്യ പാത്രിയർക്കീസിനോട് പുലർത്തേണ്ട വിധേയത്തത്തെക്കുറിച്ചോ യാതൊരു പരാമർശവും അതിലില്ല. ഇത് യാദ്യച്ഛികമോ വിസ്മൃതി മൂലമോ സംഭവിച്ചതാണെന്ന് കരുതാൻ വയ്യ. പരിഭാഷകൻ യാക്കോബായ സഭാംഗമായിരിക്കെ മന:പൂർവ്വം വിട്ടുകളഞ്ഞതാകാനും വഴിയില്ല. ‘അന്ത്യോഖ്യ പാത്രിയർക്കീസിനെ കൂടാതെ സഭയില്ല ‘ എന്ന് വാദിക്കുന്നവരുടെ മുമ്പിൽ കടുത്ത സമസ്യയാണ് ഈ രേഖയിൽ പാത്രിയർക്കീസിനെക്കുറിച്ചുള്ള മൗനം ഉയർത്തുന്നത്. സത്യത്തിൽ, യൽദൊ മാർ ബസേലിയോസ് ബാവ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ അധികാര സീമയിൽപ്പെട്ട ഒരു കീഴ്സ്ഥാനിയായിരുന്നെങ്കിൽ അന്ത്യോഖ്യ പാത്രിയർക്കീസിൽ നിന്ന് തനിക്ക് ലബ്ധമായ ആത്മീക – വൈദിക നല്‌വര പ്രകാരം മാർ ഈവാനിയോസ് എന്ന നാമത്തിൽ റമ്പാൻ ഹിദായത്തുള്ളയെ മെത്രാപ്പോലീത്തയായി വാഴിക്കുന്നു എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. സഭാ മേലദ്ധ്യക്ഷൻ എന്ന നിലയിൽ അന്ത്യോഖ്യ പാത്രിയർക്കീസിന്റെ പേര് വിട്ടുകളഞ്ഞിരിക്കുന്നത് താഴെ പറയുന്ന വസ്തുതകൾ വെളിപ്പെടുത്തുന്നു.
1 . മലങ്കര സഭ പൗരസ്ത്യ കാതോലിക്കയുടെ ഭരണ സീമയിലാണ്. അന്ത്യോഖ്യ പാത്രിയർക്കീസിന്റെയല്ല.
2 . ഇവിടെ പൗരോഹിത്യ സ്ഥാനികളെ നിർണ്ണയിക്കുകയും വാഴിക്കുകയും ചെയ്യുന്നതിന് അന്ത്യോഖ്യ പാത്രിയർക്കീസിനെ ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
3 . പൗരസ്ത്യ കാതോലിക്കേറ്റ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
അതായത് മുൻ കാലങ്ങളിൽ കിഴക്കിന്റെ കാതോലിക്ക അദ്ദേഹത്തിന്റെ ഭരണ സീമയിലുള്ള ഇന്ത്യ പോലുള്ള പ്രദേശങ്ങളിൽ ഭരണം നടത്തിയിരുന്നതും മെത്രാപ്പോലീത്തമാരെ വാഴിച്ചിരുന്നതും അന്ത്യോഖ്യ പാത്രിയർക്കീസിന് വേണ്ടിയോ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമോ ആലോചന പ്രകാരമോ പോലും ആയിരുന്നില്ല എന്നാണ് സൂചന. തന്നിൽ നിക്ഷിപ്തമായ സഭാധികാരം വെച്ച് മാത്രമായിരുന്നു പൗരസ്ത്യ കാതോലിക്ക ഭരണം നിർവ്വഹിച്ച് പോന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പൗരസ്ത്യ കാതോലിക്ക യൽദൊ മാർ ബസേലിയോസ് ഭരണപരമായി സ്വതന്ത്രമായിരുന്നു എന്നാണിതിനർത്ഥം.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത മാർ ഈവാനിയോസിന് നല്കിയ അധികാരങ്ങളും ചുമതലകളുമാണ്.
എപ്പിസ്കോപ്പമാർ , പട്ടക്കാർ, ശെമ്മാശന്മാർ എന്നീ സ്ഥാനങ്ങളിലേക്ക് വ്യക്തികളെ തെരഞ്ഞെടുക്കുക, അവർക്ക് പൗരോഹിത്യ വരം പ്രദാനം ചെയ്യുക ( രണ്ടാം ഖണ്ഡിക) അവരെ അതത് സ്ഥാനങ്ങളിൽ അവരോധിക്കുക എന്നിവയ്ക്കെല്ലാമുള്ള സ്വതന്ത്ര അധികാരം മാർ ഈവാനിയോസിന് നല്കിയിരിക്കുന്നു എന്ന് അധികാരപത്രത്തിൽ ഉണ്ട്. മാത്രവുമല്ല, ഇവ നിർവ്വഹിക്കുവാൻ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനത്തിൽ മാത്രമെ മലങ്കര സഭയ്ക്ക് പ്രവർത്തിക്കാനും വളരാനും സാധ്യമാകൂ എന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അതായത്, എല്ലാ പൗരോഹിത്യ പദവികളും നിർവിഘ്നം ലഭ്യമാകുന്ന സ്വതന്ത്രമായ സംവിധാനം ഈ സഭയിൽ ഉണ്ടാകണം എന്നത് സഭയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് എന്ന ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് വ്യക്തം.
വിദേശത്ത് നിന്ന് ഏതെങ്കിലും ഒരു മേല്പട്ടക്കാരൻ കഷ്ടപ്പെട്ട് ഇവിടെ എത്തി ഇവിടെയുള്ള മനുഷ്യരെയും സംസ്ക്കാരത്തെയും മനസ്സിലാക്കി ഭരണത്തിന് ശ്രമിക്കുമ്പോൾ ഉണ്ടാകാവുന്ന വൈഷമ്യങ്ങളും പ്രശ്നങ്ങളും മുമ്പിൽ കണ്ടായിരിക്കണം മേല്പട്ട സ്ഥാനം ഉൾപ്പെടെ ഇവിടെ ലഭ്യമാക്കാനുള്ള ക്രമീകരണത്തിന് ശ്രമിച്ചത്. പൗരസ്ത്യ കാതോലിക്ക എന്ന നിലയ്ക്കുള്ള അധികാരം , കാനോനിക അവകാശങ്ങൾ എന്നിവ പോലും വിട്ടുകൊടുത്ത് പിൻതുടർച്ചക്കാരെ നിയോഗിക്കുന്നതിനുള്ള അധികാരം ഇവിടെയുള്ള സഭാ ഭരണാധികാരിക്ക് കൈമാറാനുള്ള സന്മനസ്സും ആവശ്യബോധവും പരി. ബസേലിയോസ് യൽദോ ബാവ പ്രദർശിപ്പിക്കുകയുണ്ടായി. മലങ്കര സഭയുടെ നന്മയും വളർച്ചയും സ്വാതന്ത്ര്യവുമാണ് അദ്ദേഹം പ്രധാനമായി കണ്ടത്. അതിനെപ്രതി സ്വന്തം അധികാരാവകാശങ്ങൾ ത്യജിക്കുവാൻ പരി. ബാവ തയ്യാറാവുകയും ചെയ്തു. പൗരോഹിത്യാവകാശങ്ങൾ കൈയടക്കി വെച്ച് മലങ്കര സഭയെ കോളനി തുല്യമാക്കുന്നതാണ് സത്യവിശ്വാസമെന്ന് പഠിപ്പിക്കുന്നവർക്ക് യൽദൊ ബാവയുടെ ഈ നടപടിയിലൂടെ സത്യം ഗ്രഹിക്കാൻ ശ്രമിക്കാവുന്നതാണ്.
മറ്റൊരു കാര്യം , മൂറോൻ കൂദാശ ചെയ്യുക, മദ്ബഹ ആശീർവദിക്കുക, പള്ളികൾ ശുദ്ധീകരിക്കുക തുടങ്ങിയവയെല്ലാം മലങ്കര സഭയിലെ മെത്രാപ്പോലീത്തയുടെ ചുമതലയിലാക്കി എന്നതാണ്. മൂറോൻ കൂദാശ അന്ത്യോഖ്യ പാത്രിയർക്കീസ് മാത്രമെ നിർവ്വഹിക്കാവൂ എന്ന് ധരിച്ചിരിക്കുന്നവർ യൽദൊ ബാവയുടെ നിർദ്ദേശം ശ്രദ്ധിക്കേണ്ടതാണ്. ഈ സഭയ്ക്ക് ആവശ്യമായ സകല പൗരോഹിത്യ – അത്മിക ആവശ്യങ്ങളും ചുമതലകളും മലങ്കര സഭയിലെ പ്രഥമ പൗരോഹിത്യ സ്ഥാനിക്ക് നിർവിഘ്നം നിർവ്വഹിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ബാവ വിവക്ഷിച്ചത്. മലങ്കര സഭയിൽ പരി. കാതോലിക്ക ബാവ ആദ്യമായി മൂറോൻ കൂദാശ ചെയ്തപ്പോൾ മുളന്തുരുത്തിയിൽ യോഗം കൂടി പ്രതിഷേധിച്ചവർ ഇത് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തില്ല.
സഭാ ഭരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാനും സ്ഥാനങ്ങൾ നിജപ്പെടുത്തുവാനും യൽദൊ ബാവ മാർ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ അധികാരപത്രം വഴി , നാടിന്റെ പ്രത്യേക ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി സഭാ ഭരണത്തിനുള്ള സംവിധാനം രൂപപ്പെടുത്തണം എന്നതാണ് അതിലെ താല്പര്യം. അത് ഇവിടെ താമസിക്കുന്നവർ നിർവ്വഹിക്കണം. അതിന് വേണ്ടിയാണ് ഇവിടെ തുടർന്നും മേല്പട്ടക്കാരെ വാഴിച്ച് പിൻതുടർച്ച നിലനിർത്തുവാൻ മാർ ഈവാനിയോസിന് അധികാരം നൽകിയത്. ഇക്കാര്യം ഒരു സഭയ്ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബോധ്യപ്പെടാതെ പോകുന്നത് ദുഃഖകരമാണ്.
ഓർത്തഡോക്സ് വിശ്വാസം നിലനിർത്തുക, തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുക, പള്ളികളും ദയറാകളും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും പരി. ബാവ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ഭരമേല്പ്പിക്കുകയുണ്ടായി. സഭയുടെ പേരും വിശ്വാസവും ‘ ഓർത്തഡോക്സ് ‘ ആണെന്ന് ഗ്രഹിക്കാതെ തങ്ങളെ എതിരാളികൾ വിളിക്കുന്ന അപവാദ നാമം (nick – name ) സ്വയം അണിയുകയും സഭയുടെ സ്വത്വബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂചകമായ ‘ മലങ്കര ‘ എന്ന വിശേഷണം സഭയുടെ പേരിൽ നിന്ന് വിട്ടുകളയുകയും ചെയ്ത സമൂഹം യൽദൊ ബാവയുടെ ആഹ്വാനം ഇനിയെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്.
പരി. പത്രോസിന്റെ സ്ഥാനത്തെക്കുറിച്ചും ഈ രേഖയിൽ പരാമർശമുണ്ട്. പത്രോസിന്റെ പ്രതിനിധിയും പിൻഗാമിയും അന്ത്യോഖ്യ പാത്രിയർക്കീസ് ആണെന്നല്ല പറയുന്നത്. പിന്നെയോ, ആ സ്ഥാനത്താണ് മാർ ഈവാനിയോസ് എന്നാണ് അധികാരപത്രത്തിൽ പറയുന്നത്. സഭയിൽ പൗരോഹിത്യ ശുശ്രൂഷ യഥാവിധി നിർവ്വഹിക്കുന്ന ഓരോ വ്യക്തിയും വി. പത്രോസിന്റെ സ്ഥാനത്തും പിൻതുടർച്ചയിലുമാണ്. ഇത് സിപ്രിയാന്റെ കാലം മുതലുള്ള അടിസ്ഥാന സഭാ പാരമ്പര്യമാണ്. ആ പാരമ്പര്യത്തിൽ നിന്നാണ് യൽദൊ ബാവ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്ക് ‘ കേപ്പാ’ യുടെ സ്ഥാനം നൽകുന്നത്. അദ്ദേഹം പറയുന്നു : ‘ പരിശുദ്ധ റൂഹായാൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഈ പിതാവ് (മാർ ഈവാനിയോസ് ) നമ്മുടെ കർത്താവ് യേശു മ്ശിഹാ ആരോട് നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കുമെന്നും ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കുമെന്നും അരുളിച്ചെയ്തുവോ , ആ ശെമവൂൻ പത്രോസിന്റെ പ്രതിനിധിയും അവകാശിയും ആകുന്നു.’
അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നേരിട്ടുള്ള ഭരണത്തിൽ കഴിഞ്ഞു കൂടി അവിടെ നിന്ന് വാഴിക്കുന്ന മെത്രാന്മാരെയും അവിടെ മാത്രം കൂദാശ ചെയ്യുന്ന വി. തൈലവും ആശ്രയിച്ച് സഭാ ജീവിതം നയിക്കണം എന്ന ചിലരുടെ ശാഠ്യത്തിന് കഴമ്പോ നീതീകരണമോ ഇല്ലെന്ന ചിന്തയ്ക്ക് പിന്തുണ നൽകുന്ന യൽദൊ മാർ ബസേലിയോസ് ബാവയുടെ അധികാരപത്രം സഭാംഗങ്ങൾ എല്ലാവരും വേണ്ടവിധം വായിച്ച് ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ആശംസിക്കുന്നു.