മലങ്കരസഭയിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ചു കടന്നുപോകുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയ്ക്ക് ആദരാഞ്ജലികൾ
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ വിയോഗം മലങ്കരസഭയ്ക്കു മാത്രമല്ല കേരളത്തിലെ ആത്മീയ മണ്ഡലത്തിനാകെ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സേവനം ഇനിയുമേറെക്കാലം സഭയ്ക്കും സമൂഹത്തിനും ലഭിക്കേണ്ടതായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിക്കുശേഷം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് 2010 നവംബർ ഒന്നിന് അദ്ദേഹം കാതോലിക്കാബാവയായി വാഴിക്കപ്പെട്ടു. സഭാതലവനായി പത്തുവർഷത്തിലധികം ദീർഘിച്ച ശുശ്രൂഷാകാലത്തു പക്വമായ തീരുമാനങ്ങളിലൂടെയും വിവേകപൂർണമായ നിലപാടുകളിലൂടെയും അദ്ദേഹം സഭാനൗകയെ മുന്നോട്ടുനയിച്ചു.
ലാളിത്യമാർന്ന ജീവിതശൈലിയായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ മുഖമുദ്ര. ആത്മീയതയിലുറച്ച ബോധ്യങ്ങളും ദൃഢമായ വിശ്വാസവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. മേൽപ്പട്ടസ്ഥാനത്തു മൂന്നര പതിറ്റാണ്ടിലേറെ ശുശ്രൂഷ ചെയ്ത അദ്ദേഹം ആ ദൗത്യത്തിലുടനീളം ദൈവം തന്നെ വഴിനടത്തിയതായി വിശ്വസിക്കുകയും അത് ഏറ്റുപറയുകയും ചെയ്തിരുന്നു. മലങ്കരസഭയുടെ വളർച്ചയ്ക്കൊപ്പം സമൂഹത്തിന്റെയും അഭ്യുന്നതിക്കും ഉതകുന്നതാകണം സഭ നടപ്പാക്കുന്ന കർമപദ്ധതികളെന്ന് അദ്ദേഹത്തിനു നിഷ്ഠയുണ്ടായിരുന്നു. സഭയിൽ ഐക്യകൂട്ടായ്മ ബലപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായകപങ്ക് വഹിച്ചു. ശരിയെന്നു തനിക്കു ബോധ്യമുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം എന്നും ആർജവം കാട്ടി.
സാധാരണക്കാരന്റെ വികാരവിചാരങ്ങൾ മനസിലാക്കി കഷ്ടപ്പെടുന്നവരുടെ വേദനകളിൽ ആശ്വാസമേകാൻ യത്നിച്ച സഭാധ്യക്ഷനാണ് ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അശരണർക്കു സഹായകമായ ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിൽ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തു. കാൻസർ രോഗികൾക്കുള്ള സ്നേഹസ്പർശം പദ്ധതിയിലൂടെ അനേകർക്കു സൗജന്യ ചികിത്സ ലഭ്യമാക്കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കർമപദ്ധതികൾ നടപ്പാക്കി. തൃശൂർ കുന്നംകുളം പഴഞ്ഞിയിലാണ് അദ്ദേഹത്തിന്റെ ജനനം. ബിരുദാനന്തരബിരുദം നേടിയശേഷമാണു സെമിനാരി പഠനത്തിനു ചേരുന്നത്. ജ്ഞാനവും വിവേകവും പോഷിപ്പിച്ച ആത്മീയവളർച്ചയിൽ അദ്ദേഹം മുന്നോട്ടുപോയി. സഭയുടെ അമരത്തെത്തിയപ്പോൾ സമുദായത്തെ ബലപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കാൻ ജാഗ്രത പുലർത്തി. സഭയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഇടവകകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും 2011-ൽ വോട്ടവകാശം ഏർപ്പെടുത്തി പള്ളിഭരണത്തിലും സഭാ ഭരണത്തിലും സ്ത്രീകൾക്കു വഴിത്താര തുറന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യപത്രങ്ങളായി നിരവധി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും നിലകൊള്ളുന്നു.
വിശ്വാസകാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കർശനമായ നിഷ്ഠ പുലർത്തിയ അദ്ദേഹം സഹോദര സഭകളുമായുള്ള ബന്ധം ദൃഢമായി നിലനിർത്താൻ ശ്രദ്ധിച്ചു. കത്തോലിക്കാ സഭയുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സഹായിക്കുന്നതായിരുന്നു 2013-ൽ വത്തിക്കാനിൽവച്ച് ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച. പാരന്പര്യത്തിന്റെ വഴികൾ ഭിന്നമാണെങ്കിലും സഭാതലവന്മാർ തമ്മിലുള്ള അടുപ്പം ബലപ്പെടുന്നത് എക്യുമെനിസത്തിന്റെ പാതയിൽ കൂടുതൽ ദൂരം മുന്നോട്ടുപോകാൻ സഹായിക്കും. കാലത്തിന്റെ ചുവരെഴുത്തുകൾ മുൻകൂട്ടി അറിയുന്ന ക്രാന്തദർശികളുടെ ഗണത്തിൽപ്പെടുന്നയാളാണ് കാലംചെയ്ത ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ. മലങ്കരസഭയിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ചു കടന്നുപോകുന്ന ഈ ആത്മീയാചാര്യന് ആദരാഞ്ജലികൾ.
(Editorial, 13-07-2021)