പ. കാതോലിക്കാബാവായുടെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു

കോട്ടയം: പ. ഫ്രാന്‍സിസ് മാര്‍പാപ്പ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായ്ക്ക്, ഇന്‍ഡ്യയിലെ റോമന്‍ അപ്പോസ്തോ ലിക് നുണ്‍ഷ്യോ, അര്‍ച്ച് ബിഷപ്പ് ലിയോപോളോ ഗില്ലി മുഖാന്തിരം അയച്ച സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

“മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ പ. ബസേലിയോസ് മാര്‍തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ദീര്‍ഘമായ രോഗാവസ്ഥയെ തുടര്‍ന്ന് നിര്യാതനായ കാര്യം, അഗാധമായ ദുഖത്തോടെയാണ് അറിഞ്ഞത്. മലങ്കരസഭയുടെ മെത്രാപ്പോലീത്തന്മാരോടും വൈദിക രോടും വിശ്വാസികളോടും എന്‍റെ വ്യക്തിപരമായ അനുശോചനവും, നിങ്ങള്‍ അനുഭവിക്കുന്ന നഷ്ടത്തോട് പ്രാര്‍ത്ഥനാധിഷ്ഠിതമായ ഐക്യവും അറിയിക്കുന്നു. സഭയുടെ ഇടയനും ആത്മീക പിതാവുമായി സേവനമനുഷ്ടിച്ച പരിശുദ്ധ പിതാവിന്‍റെ ശ്രേഷ്ടമായ ഇടയ ശുശ്രൂഷയിലൂടെ നിങ്ങള്‍ക്ക് ലഭിച്ച അനേക ദാനങ്ങളെപ്രതി ഞാന്‍ ദൈവത്തിന് നന്ദി സമര്‍പ്പിക്കുന്നു. 2013 സെപ്റ്റംബറില്‍ റോമില്‍ വച്ച് ഞങ്ങള്‍ പരസ്പരം ഒരുമിച്ചു കൂടിയത് പ്രത്യേകം നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുന്നു. യേശുക്രിസ്തുവിന്‍റെ മഹത്വത്തിലേക്ക് നമുക്ക് നമ്മുടെ ദൃഷ്ടികളെ ഉയര്‍ത്താം – മരണത്തിന്മേല്‍ അവന്‍റെ വിജയമാണല്ലോ നമ്മുടെ രക്ഷ. ഉത്ഥിതനായ ക്രിസ്തുവാണ് നമ്മോട് പ്രസംഗിക്കപ്പെട്ടത്, അവനെത്തന്നെയാണല്ലോ നമ്മള്‍ വിശ്വാസത്താല്‍ സ്വീകരിച്ചതും. നമ്മള്‍ അവനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. അവനാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടുമിരിക്കുന്നു (1 കോരി. 15: 1-2). അഭി. തിരുമേനി, എന്‍റെ സഹോദരാ, ഐക്യവും പ്രാര്‍ത്ഥനാ പൂര്‍വ്വമായി ഒരുമയും ദയവായി സ്വീകരിക്കുമല്ലോ. പ. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവായെ, സര്‍വ്വശക്തന്‍ തന്‍റെ രാജ്യത്തില്‍ സ്വീകരിച്ച് നിത്യവിശ്രമം നല്‍കട്ടെ. അദ്ദേഹത്തിന്‍റെ ശ്രേഷ്ടമായ സഭാ സേവനത്തിന്‍റെ ഓര്‍മ്മ എല്ലാവര്‍ക്കും പ്രചോദനമായി അവശേഷിക്കട്ടെ.
ഫ്രാന്‍സിസ് മാര്‍പാപ്പ