സഭാ നടത്തിപ്പിന് അഞ്ചംഗ സമിതി; കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷൻ


പരുമല ∙ ഓർത്തഡോക്സ് സഭയുടെ ഭരണകാര്യങ്ങൾ നടത്താൻ സീനിയർ മെത്രാപ്പൊലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ അധ്യക്ഷതയിൽ അഞ്ചംഗ കൗൺസിൽ രൂപീകരിച്ചു. സുന്നഹദോസിന്റേതാണു തീരുമാനം. ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ് എന്നിവരാണ് അംഗങ്ങൾ.

സാമ്പത്തിക കാര്യ നടത്തിപ്പിനു കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവരടങ്ങുന്ന സമിതിയും രൂപീകരിച്ചു. ഒക്ടോബർ 14നു പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷനിൽ അധ്യക്ഷത വഹിക്കാൻ കുര്യാക്കോസ് മാർ ക്ലിമ്മീസിനെ ജൂലൈ മൂന്നിനു നൽകിയ കൽപനയിലൂടെ പരിശുദ്ധ ബാവാ ചുമതലപ്പെടുത്തിയിരുന്നു.