രാജ്യത്തിനും സഭ ഉൾപ്പെടെ സാമൂഹ്യ-സാംസ്ക്കാരിക-തൊഴിൽ സംഘടനകൾക്കുമെല്ലാം ഭരണഘടനയും നടപടി ചട്ടങ്ങളും ഉണ്ട്. ഒരു സംഘടനയോ പ്രസ്ഥാനമോ സ്ഥാപനമോ കാര്യക്ഷമമായും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്നതിന് ഇങ്ങനെ ഒരു രേഖ ആവശ്യമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് ശേഷം മലങ്കര സഭ 1934 ൽ ഒരു ഭരണഘടനയ്ക്ക് രൂപം കൊടുത്തു. സ്വതന്ത്ര ഭാരതം വളരെ ദീർഘമായ ആലോചനകൾക്ക് ശേഷം ഒരു ഭരണഘടന അംഗീകരിച്ചു. ഭരണഘടന പ്രാബല്യത്തിൽ വരുന്ന സംവിധാനത്തിലെ അംഗങ്ങളുടെ അവകാശ സ്വാതന്ത്ര്യങ്ങൾ, ഭരണ ചുമതലക്കാരുടെ തെരഞ്ഞെടുപ്പ് , വിവിധ സ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം, സമിതികൾ, അവയുടെ പ്രവർത്തനം , ചുമതലക്കാരുടെ ഉത്തരവാദിത്തങ്ങൾ , അധികാര പരിധികൾ ഇവയെല്ലാം അതിലെ വിഷയങ്ങളാണ്. ഒരു പ്രസ്ഥാനത്തിന്റെ ഭരണവും പ്രവർത്തനവും നിശ്‌ചയിക്കുകയും വ്യക്തമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ഈ രേഖയ്ക്കുള്ള സ്ഥാനം നിർണ്ണായകമാണ്. ഇതിന്റെ ചട്ടക്കൂട്ടിലാണ് അതിന് സുഗമമായി പ്രവർത്തിക്കാനാവുന്നത്. അതുകൊണ്ട് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനയും അതിന്റെ സംരക്ഷണവും അതിന്റെ ക്രമീകൃതമായ പ്രവർത്തനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണ്. ഇതിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ പാടില്ലാത്തവയല്ല. അവ നിയമാനുസൃതമായി ഭേദഗതിക്ക് വിധേയമാണ്. അതിൽ നിയമവിരുദ്ധവും വിവേചനപരവുമായ വകുപ്പുകൾ നിലനില്ക്കുക, പ്രവർത്തന തടസ്സം നേരിടുക, എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ഠമായ തിരുത്തലുകൾ നിയമ വിധേയമായി നടക്കേണ്ടതുണ്ട്. അതാകട്ടെ ആവശ്യമായ ആലോചന, ചർച്ചകൾ എന്നിവ ബന്ധപ്പെട്ട സമിതികളിൽ നടത്തി നിയമപരമായി ന്യൂനതകൾ ഇല്ലാതെ നടപ്പിലാക്കേണ്ടതാണ്. അതുപോലെ അവ്യക്തതയുള്ള വകുപ്പുകൾ വ്യക്തമാക്കുക, മാറിവരുന്ന സാഹചര്യങ്ങളിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുഗമവും സുതാര്യവും ആക്കുക എന്നിവ പരിഗണിച്ച് നിയമപരമായ ദേദഗതികൾ , തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ ആവശ്യമായേക്കും. ഇന്ത്യൻ യൂണിയന്റെ ഭരണഘടനയിൽ ഇവ എത്രയോ പ്രാവശ്യം നടന്നു. മലങ്കര സഭയുടെ ഭരണഘടനയും പല പ്രാവശ്യം ഭേദഗതികൾക്കും പരിഷ്ക്കരണത്തിനും വിധേയമായി. 1934 ലെ ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുവാൻ സഭ ശ്രമിക്കാതിരുന്ന സാഹചര്യത്തിൽ കോടതി തന്നെ ഇടപെട്ട് ഭരണഘടന കൂടുതൽ നീതിയുക്തവും ജനാധിപത്യപരവുമാക്കി. ഇനിയും ഇതിൽ ഭേദഗതികൾ ആവശ്യമുണ്ട്. സഭയിൽ അംഗങ്ങളായ സ്ലീബാദാസ സമൂഹത്തിന് സഭാസമിതികളിൽ ന്യായമായ പ്രാതിനിധ്യം, പഠന – ജോലി മേഖലകളിൽ അർഹമായ സംവരണം എന്നിവ നിലവിലുള്ള ഭരണഘടന ഉറപ്പ് നല്കുന്നില്ല. അത്മായരിൽ ഭൂരിപക്ഷമുള്ള സ്ത്രീകൾക്ക് നീതിപൂർവ്വമായ പങ്കാളിത്തം സഭയുടെ ഭരണ – ആലോചന രംഗങ്ങളിൽ ലഭിക്കുന്നില്ല. സഭയുടെ പ്രവർത്തനം പൂർണ്ണമായും ഭരണഘടന പ്രകാരം നടക്കണം. ഒപ്പം തന്നെ നീതിപൂർവ്വവും കാലോചിതവുമായ പരിഷ്കരണത്തിന് വിധേയമാവുകയും വേണം. ഭരണഘടനയുടെ അനിവാര്യതയും അതിന്റെ കാലോചിതവും നീതിപരമായ ഭേദഗതികളും ഏത് പ്രസ്ഥാനത്തിന്റെയും നീതിപൂർവ്വമായ പ്രവർത്തനത്തിനും വളർച്ചയ്ക്കും ആവശ്യമാണ്. ഭരണഘടന പോലെ പ്രധാനപ്പെട്ട ഘടകമാണ് ഭരണകർത്താക്കൾ. അവരാണ് ഭരണഘടന പ്രവൃത്തിതലത്തിൽ എത്തിക്കുന്നത്. ഇവർ ഭരണഘടന അതിന്റെ അക്ഷര – ആശയ തലങ്ങളിൽ നടപ്പാക്കി പ്രസ്ഥാനത്തെ നയിക്കാൻ നിയോഗിതരാണ്. അവർ ജനാധിപത്യ സ്ഥാപനങ്ങൾ , സമിതികൾ എന്നിവയെ ആദരിക്കുന്നവരും ഭരണഘടനാ മൂല്യങ്ങൾക്ക് വില കൊടുക്കുന്നവരും പ്രസ്ഥാനത്തിന്റെ നീതി പൂർവ്വമായ വളർച്ചയ്ക്ക് സമിതികളുടെ ആലോചനയിലൂടെയും പിൻബലത്തോടെയും പ്രവർത്തിക്കുന്നവരും ആയിരിക്കേണ്ടതാണ്. ആലോചന – കാര്യനിർവ്വഹണ സമിതികൾ സജീവമായി പ്രവർത്തിക്കുന്നതിന് മാത്രമല്ല അവയിലെ അംഗങ്ങൾക്ക് നിർഭയം അഭിപ്രായ പ്രകടനം നടത്തുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്യേണ്ടത് ഇതിന്റെ ഉന്നത സ്ഥാനീയർ ( functionaries ) ആണ്. നിക്ഷിപ്ത താല്പര്യക്കാർ അധികാരത്തിൽ വന്നെത്തിക്കഴിഞ്ഞാൽ ഭരണഘടനയ്ക്ക് ഉപരിയായോ അവഗണിച്ചോ പ്രവർത്തിക്കുക , അടിസ്ഥാന നിർദ്ദേശങ്ങൾ തമസ്ക്കരിക്കുക, ഭരണഘടന നിർവ്വീര്യമാക്കുവാൻ നടപടിച്ചട്ടങ്ങൾ തന്ത്രപൂർവ്വം ഭേദഗതി ചെയ്യുക , ജനാധിപത്യ മൂല്യങ്ങളും അവകാശങ്ങളും കവർന്ന് ഏകാധിപത്യം വളർത്തുക തുടങ്ങിയ ശ്രമങ്ങൾ അവരിൽ നിന്നും ഉണ്ടായെന്ന് വരും. സ്വാർത്ഥ ലക്ഷ്യങ്ങൾ നേടുന്നതിനും സ്ഥാപിത താല്പര്യങ്ങൾ അടിച്ചേല്പിക്കുന്നതും ഉന്നതാധികാരികൾ ശ്രമിക്കുന്നതും സാധാരണ സംഭവമായിത്തീർന്നിട്ടുണ്ട്. ഇവിടെയാണ് അംഗങ്ങളുടെ നിതാന്ത ജാഗ്രത ആവശ്യമായി വരുന്നത്. ഭരണഘടനാ നിയമങ്ങൾ നിലനില്ക്കെത്തന്നെ അവ അവഗണിച്ചും വഴിമാറിയും പുനർ വ്യാഖ്യാനിച്ചും തങ്ങളുടെ ഇഷ്ടം പോലെ കാര്യങ്ങൾ നീക്കുന്നത് ഏത് മേഖലയിലും കണ്ടെത്താവുന്നതാണ്. ഇന്ത്യ ഒരു ജനാധിപത്യ , മതനിരപേക്ഷ , സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ആണ് എന്ന് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ(Preamble) തന്നെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഈ വിശേഷണങ്ങൾ എല്ലാം തന്നെ പ്രയോഗത്തിൽ തമസ്ക്കരിക്കപ്പെട്ടുകഴിഞ്ഞു. ജനാധിപത്യം എന്നാൽ ഭൂരിപക്ഷത്തിന്റെ ഭരണം എന്ന് മാത്രമല്ല അർത്ഥം. ദുർബല വിഭാഗങ്ങൾക്ക് നീതി, ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം, പ്രതിഷേധാവകാശം, വിശ്വാസ – ആശയ പ്രകടന സ്വാതന്ത്ര്യം , എതിർ ശബ്ദങ്ങൾക്ക് ചെവി കൊടുക്കുന്നതിനുള്ള സഹിഷ്ണുത എന്നിവയെല്ലാമാണ് ജനാധിപത്യത്തിന്റെ മാറ്റ് വ്യക്തമാക്കുന്ന ഉരകല്ലുകൾ. ഇവയെല്ലാം ഈ നാട്ടിൽ നിന്ന് നിഷ്ക്രമിക്കുകയാണ്. മതനിരപേക്ഷതയുടെ സ്ഥാനത്ത് മത ദേശീയതയും ഹിന്ദു രാഷ്ട്ര സിദ്ധാന്തവും വേരുപിടിക്കുകയാണ്. മുൻകാലത്ത് ഭരണകൂടങ്ങൾ ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റും സ്വകാര്യ സംരഭകർക്ക് കൈമാറ്റം നടത്തിയും കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയും സോഷ്യലിസം കടലാസിൽ മാത്രമാവുകയാണ്. മാത്രമല്ല ബോധ്യമുള്ള മതത്തിൽ വിശ്വസിക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ നടത്തുക എന്നിവയ്ക്കുള്ള അവകാശം ഇല്ലാതാക്കുമ്പോൾ ഭരണഘടനയുടെ അടിസ്ഥാന പ്രഖ്യാപനങ്ങൾ ജലരേഖയായി മാറുന്നു. അതായത് ഭരണഘടനയുടെ അടിസ്ഥാന താല്പര്യങ്ങൾ പോലും അവ നിലനില്‌ക്കെത്തന്നെ അനാദരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. രാഷ്ട്രീയത്തിൽ വന്നിരിക്കുന്ന അവസ്ഥയെപ്പറ്റിയുള്ള നിരീക്ഷണം ഒരു ചൂണ്ടുപലകയാണ്. ഇത് ഭരണഘടനയുള്ള ഏത് പ്രസ്ഥാനത്തിനും സ്ഥാപനങ്ങൾക്കും സംഭവിക്കാവുന്നതാണ്. മലങ്കര സഭയും ഇതിന് ഒരു അപവാദമല്ല. അധികാരത്തിൽ വരുന്ന മിക്കവർക്കും ഭരണഘടന ഒരു പ്രശ്നമാണ്. കാരണം ഇത് സ്വേച്ഛാധിപത്യത്തിന് തടയിടുന്ന ഒരു രേഖയാണ്. അതുകൊണ്ട് അധികാരികളിലും പാർശ്വവർത്തികളിലും ഭരണഘടന , ഭരണ – ആലോചന – സമിതികളെ ദുർബലമാക്കി ഏകാധിപത്യം സ്ഥാപിക്കുന്നതിനുള്ള പ്രവണത ഉണ്ടാവുക സ്വാഭാവികമാണ്. ജനങ്ങൾക്ക് സംശയം തോന്നാതിരിക്കുവാൻ ഭരണഘടന ഉയർത്തിപ്പിടിക്കുകയും ഒപ്പം തന്നെ ഭരണഘടനയെ നിർവ്വീര്യമാക്കുന്നതിന് ഉപനിയമങ്ങൾ സൃഷ്ടിക്കുകയും നടപടി ചട്ടങ്ങൾ കൗശലപൂർവ്വം ഭേദഗതി ചെയ്ത് കാര്യം നേടുകയും ചെയ്യുന്നു. കൂടാതെ വിഷയങ്ങൾ സമിതികളിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അംഗങ്ങളെ നിശബ്ദരാക്കി കാര്യസാധ്യത്തിന് ശ്രമിക്കുന്നു. സഭയുടെ ഭരണഘടനാ ശില്പികൾ വളരെ ആലോചനയോടും ദീർഘവീക്ഷണത്തോടും കൂടി രൂപപ്പെടുത്തിയതാണ് 1934 ലെ സഭാ ഭരണഘടന . സഭയിൽ ഉണ്ടാകാവുന്ന ഏകാധിപത്യ പ്രവണതകൾ തടഞ്ഞ് സഭയ്ക്കുള്ളിൽ മൂല്യങ്ങൾ നിലനിർത്തിയും സമിതികൾ പ്രവർത്തനക്ഷമമാക്കിയും ജന പങ്കാളിത്തം അർത്ഥവത്തായി നിലനിർത്തണം എന്നാണ് അവർ ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യങ്ങൾ തകിടം മറിക്കുവാൻ ഉള്ള ശ്രമം ഏതു കാലത്തും നടക്കാവുന്നതാണ്. അതുകൊണ്ട് ഈ കാര്യത്തിൽ സഭാംഗങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭരണഘടനയുടെ ഊന്നലുകളും ലക്ഷ്യങ്ങളും അവഗണിച്ചാൽ അത് അധികാര കേന്ദ്രീകരണവും അഴിമതിയും സ്വേച്ഛാധിപത്യ പ്രവണതകളും സഭയിൽ വളരുവാൻ സാഹചര്യമൊരുക്കും. അനിയന്ത്രിത അധികാര പ്രയോഗം പൂർണ്ണ നാശത്തിലേക്ക് നയിക്കും എന്നത് മറക്കാതിരിക്കുക. 1934 ഭരണഘടന സഭയുടെ ഏത് സാഹചര്യത്തിലും സഭയുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ ആവശ്യമായ ക്രമീകരണങ്ങൾ മുമ്പിൽ കണ്ട് രൂപപ്പെടുത്തിയ ഒന്നാണ്. വേണ്ടത്ര ശ്രദ്ധയോടും അവധാനതാപൂർവ്വവും നിയമപരമായി പഴുതടച്ചുമായിരിക്കണം അതിന്റെ നടപടികളിലുള്ള ദേദഗതികൾ.