അത്യുന്നതന്‍റെ പ്രവാചകന്‍ / വര്‍ഗ്ഗീസ് ഡാനിയേല്‍

    ഓര്‍ത്തഡോക്സ് സഭ വിശുദ്ധ കുര്‍ബാന അരംഭിക്കുന്നത് ചരിത്രത്തിലെ വിശുദ്ധരായ  രണ്ടു മഹത് വ്യക്തികളെ സ്മരിച്ചുകൊണ്ടാണ്. ഒന്ന് വിശുദ്ധ കന്യകമറിയാമും മറ്റേത് സ്നാപകയോഹന്നനും. ലോകചരിത്രം  വഴിതിരിച്ചുവിടുന്നതില്‍  അസാധാരണ പങ്കു വഹിച്ച ചരിത്രപുരുഷനാണു സ്നാപകയോഹന്നാന്‍. ക്രിസ്തുവിന്‍റെ പരസ്യ ശുശ്രൂഷ വിജയത്തിലെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത് ദൈവമയച്ച ഈ മനുഷ്യനില്‍ക്കൂടി ആയിരുന്നു.  

അസാധാരണ ശിശ്ശു
യേശുക്രിസ്തുവിന്‍റെ ജനനംപോലെതന്നെ യോഹന്നാന്‍റെ ജനനവും ക്രുത്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ ജനനത്തിനു യേശുക്രിസ്തുവിന്‍റെ ജനനവുമായി ചില സമാനതകള്‍ കാണാം. അബ്രഹാം-സാറ ദമ്പതികള്‍ക്കുണ്ടായ ഇസഹാക്കിന്‍റെ ജനനവുമായും സമാനതകള്‍ ഉണ്ട്. മൂന്നുപേരുടേയും ജനനത്തില്‍ ദൈവീക ഇടപെടല്‍ ഉണ്ട്. രണ്ടുപേരുടേയും ജനനം ഗബ്രിയേല്‍ ദൂതനാണു അറിയിക്കുന്നത്. സ്നാപകയോഹന്നാന്‍റെ കാര്യത്തില്‍ പിതാവായ സഖര്യാവിന് ആണെങ്കില്‍ യേശുക്രിസ്തുവിന്‍റെ കാര്യത്തില്‍ മാതാവായ കന്യകമറിയാമിനാണ് ദൂതന്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു ജനനവും മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നു. മാനുഷിക മാതാപിതാക്കള്‍ക്കുണ്ടായതെങ്കിലും എലിസബെത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ ആ ശിശുവില്‍ പരിശുദ്ധാത്മാവു നിറഞ്ഞിരുന്നു. യോഹന്നാന്‍ ശിശുവായിരിക്കുമ്പോള്‍തന്നെ ഈ കുട്ടി “ആരായിരിക്കും” എന്ന് യെഹൂദായിലെ മലമ്പ്രദേശത്തുള്ളവരുടെയെല്ലാം ആകാംക്ഷ ആയിരുന്നു. കാരണം, കര്‍ത്താവിന്‍റെ കരം കുട്ടിയൊടൊപ്പം ഉണ്ടായിരുന്നു.
പൌരോഹിത്യ പാരമ്പര്യം
സഖര്യാവിന് പൌരൊഹിത്യക്രമമനുസരിച്ചു ധൂപാര്‍പ്പണം നടത്തുവാനുള്ള നറുക്കു വീണു. ഇരുപത്തിനാലു ഗണങ്ങളുള്ള പുരോഹിത സംഘത്തിലെ അബിയായുടെ (എട്ടാമത്തെ) ഗണത്തില്‍ പെട്ട പുരോഹിതനായിരുന്നു സഖര്യാ. ആലയത്തിന്‍റെ വിശുദ്ധ സ്ഥലത്തു ധൂപാര്‍പ്പണം നടത്തുവാന്‍ അവസരം കിട്ടുക എന്നത് അക്കാലത്തു വലിയ ഒരു അംഗീകാരവും ദൈവാനുഗ്രഹവുമായി എല്ലാവരും വിശ്വസിച്ചു പോന്നു. ഇരുപതിനായിരം പുരോഹിതന്മാര്‍ ഈ അവസരത്തിനായി കാത്തിരുന്നതായി വേദപണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആയുസ്സില്‍ ഒരിക്കല്‍ ലഭിക്കുന്ന ഈ അവസരം വീണ്ടൂം ലഭിക്കാന്‍ സാദ്ധ്യത ഇല്ലായിരുന്നു. ശ്രേഷ്ടകരമായ ഈ പൌരൊഹിത്യ ശുശ്രൂഷ ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ്. കര്‍ത്താവിന്‍റെ ആലയത്തില്‍ ഇസ്രായേല്‍ ജനതയുടെ പാപങ്ങള്‍ പരിഹരിക്കുന്നതിനുള്ള ധുപാര്‍പ്പണം നടത്തുന്ന അവസരത്തിലാണു ഗബ്രീയേല്‍ ദൂതന്‍ സഖര്യാവിനു പ്രത്യക്ഷപ്പെടുന്നത്. വേദ്പുസ്തകത്തില്‍, വളരെ അപൂര്‍വ സന്ദര്‍ഭങളില്‍ പ്രത്യേക ദൈവീക ഉദ്ദേശ്ശത്തോടെ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്നതു നമുക്കറിയാം. മോശയുടെ സഹോദരനായ അഹറോന്‍റെ വംശത്തില്‍പെട്ടവരായിരുന്നു സഖര്യാവും എലിസബെത്തും. മാത്രമല്ല, പരിശുദ്ധ കന്യകമറിയാമിന്‍റെ ചാര്‍ച്ചക്കാരി (അമ്മയുടെ സഹോദരി) ആയിരുന്നു എലിസബെത്ത്. അവര്‍ ദൈവത്തിന്‍റെ എല്ലാ കല്‍പനകളും അനുശാസനകളും അന്യുനം പാലിക്കുന്നവരായിരുന്നു. മുന്‍ കൂട്ടി പ്രവചിച്ചതനുസരിച്ചായിരുന്നു, പൌരോഹിത്യ പാരമ്പര്യത്തിലുള്ള ആ ശിശുവിന്‍റെ പിറവിയും.

ജനന പച്ഛാത്തലം

യെഹുദരാജാവായ ഹെരൊദാവിന്‍റെ കാലത്താണല്ലോ സ്നാപകയോഹന്നാന്‍ ജനിക്കുന്നത്. ഈക്കാലത്ത്, പൊന്തിയോസ് പീലാത്തോസ് ദേശാധികാരി ആയിരുന്നു. സാംസ്കാരികമായും ധാര്‍മികമായും യെഹുദ്യ അധ:പ്തനത്തിന്‍റെ അങ്ങേയറ്റത്തെത്തിയ ഒരു കാലഘട്ടമായിരുന്നു അത്. നാലു ദശ്ശാബ്ദം രാജ്യം ഭരിച്ച ഹേരൊദാവു ഒരു യെഹൂദനല്ലായിരുന്നു. അദ്ദേഹത്തിന്‍റെ ദുഷ്പ്രവ്രുത്തികള്‍ക്ക് കണക്കില്ലായിരുന്നു. തന്‍റെ രാജ്യത്തു ധാരാളം നിര്‍മാണ പ്രവര്‍ത്തനങളും മറ്റും നടത്തിയെങ്കിലും ചരിത്രത്തിലെ നിര്‍ദ്ദയനും മനസ്സാക്ഷിയില്ലാത്തവനുമായ ഒരു ഭരണാധികാരിയായി അദ്ദേഹം അറിയപ്പെടുന്നു. ധാര്‍മിക അധ്:പതനത്തില്‍ വീണ ഇസ്രായെല്‍ ജനതയെ വഴി നടത്താനും അവരുടെ ലംഘനങളെ ഓര്‍മ്മിപ്പിക്കാനും കഴിവുള്ള ഒരു പ്രവാചകന്‍ ഉണ്ടായിട്ട് നാനൂറു വര്‍ഷം കഴിഞ്ഞിരുന്നു. അതോടൊപ്പം, നീതികെട്ടവരും കരുണയില്ലാത്തവരുമായ ഭരണകര്‍ത്താക്കള്‍ കൂടി ആയപ്പോള്‍ അത് രാജ്യത്തിന്‍റെ വിനാശം ധ്രുതഗതിയിലാക്കി. ഇങനെയുള്ള ഒരു ദശ്ശാസന്ധിയിലണു ക്രിസ്തുവിനു മുമ്പു സ്നാപയോഹന്നാന്‍ എന്ന “അത്യുന്നതന്‍റെ പ്രവാചകന്‍” പിറക്കുന്നതു.

ജനന ഉദ്ദേശം

ദൈവം ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യരില്‍ കൂടിയാണ്. ദൈവീക നിശ്ചയങ്ങളുടെ ഒരുക്കവും നിവ്രുത്തിയും അവന്‍റെ സ്രുഷ്ടിയായ മനുഷ്യരില്‍ക്കൂടിയാണ് നിര്‍വഹിക്കപ്പെടേണ്ടത്. പ്രപഞ്ചത്തെ ദൈവത്തിങ്കലേക്ക് ഉയ്ര്‍ത്താന്‍ ശ്രമിക്കുന്ന ഉത്തരവാദിത്വമാണ് ദൈവനിയോഗത്താല്‍ സ്നാപകയോഹന്നാന്‍ നിര്വ്വഹിച്ച്തു.
സ്നാപകയോഹന്നാനെക്കുറിച്ചും, (John, Hebrew; Jehohanan, i.e. “Yahweh is gracious”) അദ്ദേഹത്തിന്‍റെ ചരിത്രദൌത്യത്തെക്കുറിച്ചും ഉള്ള ദൈവിക കാഴ്ച്പ്പാട് ഗബ്രീയേല്‍ ദൂതന്‍ അറിയിക്കുന്നുണ്ട്. കര്‍ത്താവിന്‍റെ വരവിനു മുമ്പെ സജ്ജമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കി നിര്‍ത്തുക എന്നതായിരുന്നു പ്രധാനം. ഈ ശിശു “അത്യുന്നതന്‍റെ പ്രവാചകന്‍” എന്നു വിളിക്കപ്പെട്ടു. കര്‍ത്താവിനു വഴി ഒരുക്കുവാന്‍ മുമ്പേ വന്നവന്‍. അവന്‍റെ പാത നേരെയാക്കുക എന്ന് മരുഭൂമിയില്‍ വിളിച്ച്പറയുന്നവന്‍. പപമോചനം മൂലമുള്ള രക്ഷയെക്കുറിച്ച് ജനത്തിന്നു മുന്നറിയിപ്പു നല്‍കുന്നവന്‍. ഏലിയാവിന്‍റെ ചൈതന്യത്തോടും ശക്തിയൊടുംകൂടെ അയാള്‍ അവന്‍റെ മുമ്പെ പോകും. അനേകം ഇസ്രയേല്‍ പുത്രന്മാരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അയാള്‍ തിരികെ കൊണ്ടുവരും. അങ്ങനെ പിതാക്കന്മാരുടെ ഹ്രുദയങള്‍ മക്കളിലേക്കു തിരിക്കും. അനുസരണയില്ലാത്തവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേക്കു ആനയിക്കും. മാത്രമല്ല, അയാളുടെ ജനനത്തില്‍ അനേകര്‍ സന്തോഷിക്കും. കാരണം കര്‍ത്താവിന്‍റെ മുമ്പാകെ അയാള്‍ വലിയവനായിരിക്കും.

മരുഭൂമിയില്‍ ഉയര്‍ന്ന ശബ്ദം

മരുഭൂമിയാണ് സ്നാപകയോഹന്നാന്‍ തന്‍റെ ദൌത്യത്തിന് തയ്യാറാകാന്‍ തെരെഞ്ഞെടുത്തത്. അവിടെ അതിതീവ്രമായ സന്യാസ ജീവിതത്തിലൂടെ അദ്ദേഹം നീണ്ടകാലം കടന്നുപോയി. ആ വരണ്ട പ്രദേശത്ത്, കിട്ടുന്നതുമാത്രം കഴിച്ച് ജീവന്‍ നില നിര്‍ത്തി. ലളിതജീവിതത്തിലൂടെ കടിനവ്രുതം സ്വയം വരിച്ചു. ഒട്ട്കരോമംകെണ്ടുള്ള ഉടുപ്പ് ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്യങ്ങളെ സൂചിപ്പിക്കുന്നു. ആഡംഭരങ്ങളോടുള്ള നിരാസം; സുഖഭോഗങ്ങളോടുള്ള നിഷേധം – ഇവയൊക്കെ ധര്‍മ്മനിഷ്ടയുള്ള ഉന്നത അത്മാവിന്‍റെ നിത്യ ഭാവമാണ്. അരയിലെ തോല്‍വാറ് – പാറപോലെ ഉറച്ച അചഞ്ചലമായ അത്മസ്ഥിരതയോടെ ദൌത്യത്തിനുള്ള ഒരുക്കത്തേയും സന്നദ്ധതയേയും കാണിക്കുന്നു. മരുഭൂമി പരുക്കന്‍ യഥാര്‍ത്യങ്ങളുടെ നേര്‍കാഴ്ച്ച് ആണ്. ഇന്ദ്രിയങ്ങ്ള്‍ക്കു കുളിര്‍മ നല്‍കുന്നതൊന്നും അവിടെ ഇല്ല. പൊതുവെ കാഴ്ചകള്‍ തന്നെ കുറവാണ്. കേള്‍ക്കാനും സ്പര്‍ശിക്കാനും ഒന്നും തന്നെ ഇല്ല. ലൌകീക ജീവിതത്തിന്‍റെ ആകര്‍ഷണീയതകള്‍ ഒട്ടുംതന്നെ ഇല്ല. അതുകൊണ്ടു തന്നെ സാധാരണ ആള്‍ക്കൂട്ടവും അതിന്‍റെ അലയൊലികളുമില്ല. നിറക്കൂട്ടില്ലാത്ത നഗ്ന യാഥാര്‍ത്യങ്ങളുടെ അനശ്വരതയെ തേടുന്ന സത്യാന്വേഷികള്‍ മാത്രമെ അവിടെ കടന്നു വരാറുള്ളു. അങ്ങനെ ശിഷ്യരായി വന്നവരെ ഉപവസിക്കാനും പ്രാര്‍ഥിക്കാനും പഠിപ്പിച്ചു. വിവേകം നിറഞ്ഞ ഉള്‍ക്കാഴ്ചയുടെ പ്രവാചക ശബ്ദം ജനം അവിടെ നിന്ന് കേട്ടു.

ദെവത്തിന്‍റെ അരുളപ്പാട്

യോഹന്നാനു മരുഭൂമിയില്‍വെച്ചാണ് ദെവത്തിന്‍റെ അരുളപ്പാടുണ്ടായത്. അതിനു ശേഷമാണു അദ്ദേഹം തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതു. തിബര്യോസ് സീസറിന്‍റെ വാഴ്ചയുടെ പതിനഞ്ചാം വല്‍സരത്തിലാണ് ഇത് സംഭവിക്കുന്നത്. സാമന്തരാജാവായ ഹേരോദാവു അപ്പോഴും രാജ്യം ഭരിക്കുന്നു; അന്നാസും കയ്യാഫായും മഹാപുരോഹിതന്മാര്‍. രാജ്യം ഏതാണ്ട് ധാര്‍മിക അധഃപതനത്തിന്‍റെ മൂര്‍ദധ്ന്യാവസ്ഥയിലായിരുന്നു.
തന്‍റെ കേള്‍വിക്കാര്‍ക്ക് ഹിതകരമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍. മതപുരോഹിതന്മാരുടെ കാപട്യങ്ങളെ യോഹന്നാന്‍ നേരിട്ടു. രാജാവിന്‍റെ അസ്സാന്മാര്‍ഗികതയെ പരസ്യമായി വിമര്‍ശിച്ചു. സത്യത്തിലും ധര്‍മത്തിലും ഉറച്ചുനിന്ന് അധികാര വ്രുന്ദത്തെ വിറപ്പിച്ചുകൊണ്ട് നിര്‍ഭയനായി നിലകൊണ്ടു. മോടിയുള്ള വസ്ത്രം ധരിച്ച് അഡംഭര ജീവിതം നയിക്കുന്നവരില്‍ നിന്നു ഏറെ അകലെ ആയിരുന്നു യോഹന്നാന്‍. ജറുസലേമിലുള്ളവരും, യെഹൂദ്യ നാട്ടിലുള്ളവരും, ജോര്‍ദ്ദാന്‍ രാജ്യത്തള്ളവരെല്ലാം അദ്ദേഹത്തിന്‍റെ കരുത്തുറ്റ വ്യക്തിത്വത്തില്‍ അക്രുഷ്ട്നായി മരുഭൂമിയിലേക്ക് വന്നു ചേര്‍ന്നിരുന്നു.
നാട്ടിലും, നഗരങ്ങളിലും, സിനഗോഗുകളിലും കേള്‍ക്കാത്ത ശബ്ദം അവിടെ കേള്‍ക്കാന്‍ കഴിഞ്ഞു. അത് നീതിയെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും ആയിരുന്നു.
മരുഭൂമിയില്‍ ഒരു അസാധാരണ പ്രവാചകനെ അവര്‍ കണ്ടു. അവന്‍റെ ജീവിതവും പ്രബോധനവും അവര്‍ നേരിട്ടു അറിഞ്ഞു. കത്തി ജ്വലിച്ചു നില്‍ക്കുന്ന ഒരു ദീപം എന്നാണ് യേശുക്രിസ്തു യോഹന്നാനെ വിശേഷിപ്പിച്ചത്. ക്രിസ്തുവിന്‍റെ ഈ സാക്ഷ്യം കേട്ട ജനം മുഴുവനും, ചുങ്കക്കാരും ദൈവനീതിയെ പ്രകീര്‍ത്തിക്കുകയാണുണ്ടായത്. അവര്‍ സ്നാപകയോഹന്നാനെത്തേടി മരുഭൂമിയിലേക്ക് പോയവരായിരുന്നു. ആ ദീപത്തിന്‍റെ പ്രഭയില്‍ അല്‍പസമയം ആഹ്ലാദിക്കുവാന്‍ അനേകര്‍ ഇഷ്ടപ്പെട്ടു. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് യോര്‍ദ്ദാന്‍ നദിയില്‍ വെച്ച് യോഹന്നാനില്‍ നിന്നു അനുതാപത്തിന്‍റെ സ്നാപനം സ്വീകരിച്ചു.

സ്നാപകയോഹന്നനെക്കുറിച്ച് കേട്ടറിഞ്ഞ് വന്നുചേര്‍ന്നവരില്‍ പരീശന്മാരും, സദൂക്യരും, നിയമജ്ഞരും, യെഹൂദ പ്രമാണിമാരും ഉണ്ടായിരുന്നു. കൌതുകവും സംശയവുമാണ് ഇക്കൂട്ടരെ അങ്ങോട്ടാകര്‍ഷിച്ചത്; അല്ലാതെ യോഹന്നാനില്‍ നിന്ന് എന്തെങ്കിലും പഠിക്കണമെന്ന ഉദ്ദേശ്ശമായിരുന്നില്ല. ഇക്കൂട്ടരുടെ കാപട്യത്തേയും ദുരഭിമാനത്തേയും യോഹന്നാന്‍ കടന്നാക്രമിച്ചു. അവരെ ശാസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “അണലിസന്തതികളെ, വരാനിരിക്കുന്ന ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ആരാണ് നിങ്ങ്ള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്? അനുതപിക്കുക; അനുതാപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുക. വ്രുക്ഷങ്ങളുടെ തായ് വേരില്‍ ഇപ്പോള്‍ത്ന്ന കോടാലി വെച്ചു ക്ഴിഞ്ഞു. അതുകൊണ്ട്, നല്ല ഫലം കായ്ക്കാത്ത ഓരോ വ്രുക്ഷവും വെട്ടി തീയില്‍ എറിയും.” എന്നാല്‍ പരീശന്മാരും, സദൂക്യരും, നിയമജ്ഞരും, യെഹൂദ പ്രമാണിമാരും അവനെ സ്വീകരിക്കാതെ ദൈവഹിതം നിരസിക്കുകയായിരുന്നു.

അനുതാപത്തിന്‍റെ സുവിശേഷം
സ്നാപകയോഹന്നാന്‍ പ്രസംഗിച്ചത് പാപികളുടെ അനുതാപത്തെക്കുറിച്ചായിരുന്നു; പാപമോചനത്തെക്കുറിച്ചായിരുന്നില്ല. പാപമോചനം നല്‍കാന്‍ അധികാരമുള്ളവന്‍ തന്‍റെ പിന്നാലെ വരുന്നതുകൊണ്ട് അവനു വഴിയൊരുക്കാനാണ് അദ്ദേഹം വന്നത്. അനുതാപം പാപമോചനം ലഭിക്കുന്നതിനുള്ള ഒരു മുന്‍ ഉപാധിയാണ്. പപമോചനം നല്‍കാന്‍ അധികാരമുള്ളവന്‍ വരുമ്പഴേക്കും പാപികളെ അതിനു തയ്യാറെടുപ്പിക്കുന്ന കര്‍ത്തവ്യമാണ് യോഹന്നാന്‍ നിര്വ്വഹിച്ചത്. പാപമോചനത്തിനായുള്ള അനുതാപതിന്‍റെ വെള്ളംകൊണ്ടുള്ള സ്നാപനത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് യോര്‍ദ്ദാന്‍റെ സമീപപ്രദേശങ്ങളിലേക്കെല്ലാം അദ്ദേഹം ചെന്നു.
അനുതപിക്കുക; കാരണം, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇതാണു സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രസംഗിച്ചത്. അനുതാപമാണു പാപിയെ ശുദ്ധനാക്കുന്നത്. അനുതപിക്കുമ്പോള്‍ നാം സ്വര്‍ഗ്ഗരാജ്യത്തിന്‍റെ സ്മീപത്തേക്കടുക്കുന്നു. അപ്പോള്‍ നമ്മുടെ ഹ്രുദയം കര്‍ത്താവിനു വഴിയൊരുക്കുന്നു. മനസ്സ് കര്‍ത്താവിനുനേരേ തുറക്കുന്നു. അവന്‍റെ പാതകള്‍ നേരേയാകുന്നു. അനുതാപം നടക്കേണ്ടത് നിശ്ശബ്ദതയിലാണ്. അവിടെ ദൈവവും പാപിയും മാത്രം. ആള്‍ക്കൂട്ടങ്ങളുടെ ബഹളത്തില്‍ ഭൂരിഭാഗ സമയവും ചെലവഴിക്കുമ്പോള്‍ നമ്മുടെ വിവേചനശക്തിക്ക് ശോഷണം സംഭവിക്കുന്നു. ഇന്ദ്രിയങ്ങളുടെ സ്വസ്ഥയിലാണ് തിരിച്ചറിവും, വിവേകവും സ്വഛവും സ്പഷ്ടവും ആകുന്നത്. ഏകാന്തതയുടെ യാമങ്ങളില്‍പ്പോലും സാമൂഹ്യ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലിരിക്കുന്നവര്‍ ആള്‍ക്കൂട്ടത്തിലാണെന്നു ഓര്‍ക്കുക. .
പുരോഹിതന്‍റെ മുന്പില്‍ നടത്തുന്ന വ്യര്‍ത്ഥ ഭാഷണങ്ങള്‍ അനുതാപത്തിനു പകരമാവില്ല. അവ്യക്തവും മേഘാവ്രതവുമായ മനസ്സിനെ സുബോധവാനാക്കുന്ന കര്‍മ്മമാണ് അനുതാപം. ജീവിതത്തിലേക്കുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ എത്തിനോട്ടമാവണമത്. അത് അത്മവിലാപവും വിനയപ്പെടലുമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിന്‍റെ വെള്ളത്തിരയിലേക്കിരമ്പിവരുന്ന വിചിത്ര വിശേഷങ്ങള്‍ പലപ്പോഴും ലജ്ജാകരവും ഭയാനകവുമാണ്. കാപട്യങ്ങളുടെ പൊയ്മുഖങ്ങള്‍ അവിടെ അഴിഞ്ഞു വീഴണം. ദുരഭിമാനത്തിന്‍റേയും പൊങ്ങച്ചങ്ങളുടേയും കോട്ടകള്‍ അവിടെ തകര്‍ന്നടിയണം. ജഡിക-മാനസികദുഷ്ക്രിയകളുടെ ഭാരം അവിടെ ഇറക്കി വെക്കാനാവണം. കടിഞ്ഞാണില്ലാത്ത മനസ്സിന്‍റെ നിയന്ത്രണം നാം ഏറ്റെടുത്ത് പുതിയ ലക്ഷ്യവും വഴിയും അവിടെ നിന്നു തുടങ്ങണം. ഇതാണ് സ്നാപകയോഹന്നാന്‍ ഉദ്ദേശിക്കുന്ന അനുതാപം. വരാനിരിക്കുന്ന ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ അനുതാപമല്ലാതെ വെറെ മാര്‍ഗ്ഗമില്ലെന്ന് മരുഭൂമിയിലെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

അനുതാപത്തിന്‍റെ ഫലം

അനുതാപം പൂര്‍ണമാകുന്നത് അനുതാപത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുമ്പോഴാണ്. സ്നാപകയോഹന്നാന്‍ അനുതാപത്തെ ജീവിതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജീവിതവുമായി അശ്ശേഷം ബന്ധമില്ലാത്ത അനുതാപം പൊള്ളയാണെന്ന് പ്രവാചകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനുതപിച്ച വ്യക്തി അതിനുതക്ക ഫലം പുറപ്പെടുവിക്കണം. എങ്ങനെയാണ് നല്ല ഫലം പുറപ്പെടുവിക്കുന്നത് എന്ന് ആ പ്രവാചകവര്യന്‍ വെളിപ്പെടുതതുന്നു. തന്നെ കാണാന്‍ വന്ന സമ്പന്നരോട് അദ്ദേഹം പറഞ്ഞു: “രണ്ടു ഉടുപ്പുള്ളവന്‍ ഇല്ലാത്തവനുമായി അവ പങ്കുവയ്ക്കട്ടെ. ആഹാരമുള്ളവനും അത് പങ്കുവയ്ക്കണം. കാരണം, നമുക്കുള്ളതെല്ലാം ദാനമായി ലഭിച്ചതാണ്”. ചുങ്കക്കാരോടു പറഞ്ഞു: “നിയമവിരുദ്ധമായി ആരോടും ഒന്നും ഈടാക്കരുത്. കരം പിരിവുകാര്‍ ജനങ്ങളുടെ കരം പിടിച്ചുയര്‍ത്തേണ്ടവരാണ്”. പടയാളികളുടെ ചോദ്യത്തിനുത്തരമായി പ്റഞ്ഞു: “അക്രമം കാട്ടിയോ വ്യാജാരോപണങ്ങള്‍ ഉന്നയിച്ചോ ആരേയും കൊള്ളയടിക്കരുത്. അധികാരം ദുര്‍വിനിയോഗം ചെയ്യരുത്. നിങ്ങളുടെ ശമ്പളംകൊണ്ടു ത്രുപ്തിപ്പെടുക.” എന്നും പ്രസക്തമാണീവാക്കുകള്‍. .
വ്രുക്ഷങ്ങളുടെ കടക്കല്‍ വെച്ചിരിക്കുന്ന കോടാലിയെക്കുറിച്ച് സ്നപകയോഹന്നന്‍ വിളിച്ചു പറയുന്നുണ്ട്. വെട്ടാന്‍ ഓങ്ങിനില്‍ക്കുന്ന ഒരു കോടാലി. നല്ല ഫലം കായ്ക്കാത്ത വ്രുക്ഷം എല്ലം വെട്ടി തീയില്‍ ഇടുന്നു. ഒരു ക്രുഷിക്കാരന്‍റെ സാമാന്യ യുക്തിയാണത്. ഓരോ വ്യക്തിയും ജന്മമെടുത്തിരിക്കുന്നത് ഓരോ ദൈവീക ഉദ്ദേശവുമായാണ്. ആ ഉദ്ദേശം സഫലമാക്കാത്തത് ഫലം കായ്ക്കാത്ത വ്രുക്ഷത്തിന് സമാനമാണ്. വ്രുക്ഷങ്ങള്‍ നമ്മള്‍ തന്നെയാണ്. ഫലം കായ്ക്കാത്ത അത്തിവ്രുക്ഷത്തെ യേശുക്രിസ്തു ശപിച്ചത് നമുക്കറിയാം. ഫലം കായിക്കുന്ന, അനുതാപത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുന്ന അത്തിവ്രുക്ഷമാവണമെന്ന് അത് നമുക്കു സൂചന നല്‍കുന്നു. ഫലം കായിക്കുന്ന ജീവിതമാണ് ജീവന്‍റെ ലക്ഷണമുള്ളത്. ഫല ശൂന്യമായ അത്തിവ്രുക്ഷം ഉണ്ടാക്കുന്നത് ക്രോധം തന്നെയാണ്. എന്നാല്‍ അനുതാപത്തിലൂടെ ക്രോധത്തിന്‍റെ കോടാലി നാം എന്നേക്കുമായി ഒഴിവാക്കുന്നു.

അറപ്പുരയുടെ സംരക്ഷണം

അനുതാപിയുടെ ജീവിതം പതിരായ ഗോതമ്പുപോലെ ആയിത്തീരില്ല എന്ന് കര്‍ത്താവ് ഉറപ്പു തരുന്നു. പതിരായതെല്ലാം കെടാത്ത തീയില്‍ അഗ്നിക്കിരയാക്കുന്ന അനുഭവം ദുസ്സഹമാണ്. നല്ല ഫലം കായ്ക്കുന്ന വ്രുക്ഷമാകാനാണ് നാം ഭൂമിയിലേക്കു പിറന്നു വീണത്. ക്രിസ്തുവിന്‍റെ കയ്യിലിരിക്കുന്ന വീശുമുറം ഗോതമ്പും പതിരും തരം തിരിക്കാനാണ്. നമ്മുടെ ജീവിതമാകുന്ന വയലില്‍ നാം നല്ല ഗോതമ്പാകുമ്പോള്‍ മെതിക്കളത്തില്‍ നിന്ന് അറപ്പുരയുടെ സംരക്ഷണത്തിലേക്ക് മാറ്റപ്പെടും. അവിടെ മാലാഖമാരുടെ വ്രുന്ദം നമുക്കു കാവലാകും. ഇത് ഇന്ദിയാനുഭവത്തിനതീതമായ സത്യാനുഭവത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ്. അനുതാപത്തിലൂടെ നല്ല ഫലം. അനുതപിച്ച് നല്ല ഫലം കായ്ക്കുന്ന ജീവിതം പാപമോചനത്തിനായി ഒരുക്കപ്പെടുന്നു. അത്തരം ഹ്രുദയങ്ങളില്‍ യേശു പിറക്കുന്നു. യേശുക്രിസ്തുവിന്‍റെ ആദ്യ പ്രബോധനവും അനുതപിക്കുക; കാരണം, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നതായിരുന്നല്ലോ. വ്യക്തികളെ മാത്രമല്ല, അനുതപിക്കാത്ത നഗരങ്ങളെ നോക്കി വിലപിക്കുന്ന ക്രിസ്തുവിന്‍റെ വാക്കുകളാണിത്; ‘ഖൊറസീനേ, നിനക്കു ദുരിതം! ബേത്സയദാ, നിനക്കു ദുരിതം!……. കഫര്‍ണാമേ, നീ വാനോളം ഉയര്‍ത്തപ്പെടാന്‍ മോഹിച്ചുവോ? നീ പാതാളത്തോളം താഴ്ത്തപ്പെടും. അനുതാപരാഹിത്യത്തിന്‍റെ സാമൂഹ്യമാനം വേദപുസ്തകത്തിലുടനീളം വ്യക്തമാക്കപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്തു അവിടെ ഒരു പുതിയ സാദ്ധ്യത തുറന്നിടുന്നുണ്ട്. “ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പശ്ചാത്താപത്തിലേക്കു പാപികളെ വിളിക്കാനാണ്”, ഇതു യേശുവിന്‍റെ പ്രതീക്ഷ നല്‍കുന്ന ആഹ്വാനമാണ്.

പതിരാകുന്ന ജീവിതവും, ഫലം കായ്ക്കാത്ത അത്തിവ്രുക്ഷവും, ക്രോധത്തിന്‍റെ കോടാലിയും, കെടാത്ത അഗ്നിയും, നമ്മുടെ മുന്പിലെ സൂചനകളാണ്. ജീവിതയാഥാര്‍ഥ്യത്തിന്‍റെ മറ്റൊരു സത്യവശത്തെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തലുകളാണത്. അത് ആരേയും ഭയപ്പെടുത്താനോ വിഷമിപ്പിക്കാനോ അല്ല. ആരെയെങ്കിലും നിലക്കുനിര്‍ത്തണമെന്ന ഉദ്ദേശമോ അതിനില്ല. മറിച്ച് അത് സ്രുഷ്ടിയുടെ അലംഘനീയമായ നിയമത്തെ സൂചിപ്പിക്കുന്നു. അത് ലംഘിക്കുമ്പോള്‍ സംഭവിക്കേണ്ടത് സംഭവിക്കുന്നു. സങ്കീര്‍ത്തന രചയിതാവ് തരുന്ന സന്ദേശ്ശവും മറ്റൊന്നല്ല. മനുഷ്യന്‍ പശ്ചാത്തപിച്ചില്ലെങ്കില്‍ ദൈവം തന്‍റെ വാളിന് മൂര്‍ച്ച കൂട്ടും. അവന്‍ വില്ലു കുലച്ച് ഞാണ്‍ കെട്ടിയിരിക്കുന്നു. തന്‍റെ മാരകായുധങ്ങളെ അവന്‍ ഒരുക്കിയിരിക്കുന്നു. കോടാലിയും, വാളും, വില്ലും, തിന്മയെ നശ്ശിപ്പിക്കുന്ന, സ്രുഷ്ടിയെ സംരക്ഷിക്കുന്ന സുരക്ഷാ ഉപകരണങ്ങളാണ്. വില്ലു കുലച്ച് ഞാണ്‍ കെട്ടിയിരിക്കുന്നത് ദുഷ്ടന്‍റെ നേരെയാണ്. തന്‍റെ മാരകായുധങ്ങള്‍ ദുഷ്ടനെ തടയുവാനയി ഒരുക്കി വെച്ചിരിക്കുന്നു. ദൈവം ശരങ്ങളെ തീയമ്പുകളാക്കി തന്‍റെ മക്കളെ സംരക്ഷിക്കുന്നു.
പരിശുദ്ധാത്മാവിന്‍റെ കിന്നരം എന്നു വിളിക്കപ്പെടുന്ന മാര്‍ അപ്രേം എന്ന ഗുരുവിന്‍റെ വാക്കുകള്‍ ഇവിടെ സ്മരണീയമാണ്. “സമയമുള്ളപ്പോള്‍ തന്നെ സുബോധവാനാകുക. നീ സ്വന്തം ചിന്തകളുടെ നിയന്ത്രിതാവായിരിക്കുമ്പോള്‍ തന്നെ – നിന്‍റെ മനസ്സ് പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ തന്നെ – നിന്‍റെ ശരീരത്തിന്‍റെ ചലനശക്തി ക്ഷയിക്കാതിരിക്കുമ്പോള്‍ തന്നെ – ക്രുപക്കു നിന്‍റെ ഹ്രുദയതെ സ്പര്‍ശിക്കുവാന്‍ കഴിവുള്ള നാഴികയില്‍ തന്നെ – മാലിന്യങ്ങള്‍ ക്ഴുകികളയുന്ന കണ്ണീര്‍ പൊഴിക്കാന്‍ നിനക്ക് സാദ്ധ്യമാകുമ്പോള്‍ തന്നെ – ഭോഗേഛകള്‍ക്കെതിരായി ധീരമായ നിലപാടെടുക്കുക.” നമ്മുടെ സ്ഭാപിതാക്കന്മാരുടെ പ്രര്‍ത്ഥനയുടെ സാരവും മറ്റൊന്നല്ല. ചുങ്കക്കാരെന്‍റെയും പാപിനിയായ സ്ത്രീയുടേയും അനുതാപത്തെ കൈക്കൊണ്ടതുപോലെ ഞങ്ങളുടെ അനുതാപത്തേയും കൈക്കൊള്ളണമേ എന്ന്.

യേശുക്രിസ്തുവും സ്നാപക യോഹന്നാനും

ക്രിസ്തുവിന്‍റെ വരവ് ലോകത്തെ അറിയിക്കുവാനും അതിനു സാക്ഷിയാകുവാനും ക്ഴിഞ്ഞു എന്നതാണ് സ്നാപകയോഹന്നന്‍റെ ചരിത്രത്തിലെ അദ്വതീയ സ്ഥാനം. യോഹന്നാന്‍റെ ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം സത്യം ആണ്. യോഹന്നാന്‍റെ സാക്ഷ്യം സത്യമാണെന്ന് യേശുക്രിസ്തു വെളിപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട്? ഒന്നാമതായി, യോഹന്നാന്‍ ഒരു യെഹൂദന്‍; അതും അഹറോന്‍റെ വംശത്തില്‍പ്പെട്ട ഏറ്റവും ശ്രേഷ്ട പാരമ്പര്യം. രണ്ടാമത്, മുന്‍കൂട്ടി പ്രവചിക്കപ്പെട്ട, ദൈവീക ഇടപെടലിലൂടെ ജനിച്ച അത്യുന്നതന്‍റെ പ്രവാചകന്‍. മൂന്നാമതായി, ആരും ചോദ്യം ചെയ്യപ്പെടാത്ത ധര്‍മനിഷ്ടയുള്ള ജീവിതവും, യെഹൂദാജനതയുടെ അംഗീകാരവും. അതുകൊണ്ട് ദൈവം അയച്ച മനുഷ്യന്‍ എന്നാണ് സുവിശേഷങ്ങളില്‍ സ്നാപകയോഹന്നാനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിനു മുഴുവന്‍ വെളിച്ചമാകാന്‍ വരുന്നവനു സാക്ഷ്യം വഹിക്കാന്‍ ദൈവമയച്ചവന്‍.


യേശുക്രിസ്തു നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി നടന്ന് ജനങ്ങളിലേക്കിറങ്ങി സുവിശേഷം പ്രസംങ്ങിച്ചു. അവന്‍ ചുങ്കക്കാരോടും പപികളോടുമൊത്ത് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. എന്നാല്‍ സ്നാപകയോഹന്നാന്‍ ജനങ്ങളില്‍ നിന്ന് അകന്ന് മരുഭൂമിയാണ് ത്ന്‍റെ പ്രവര്‍ത്തന കേന്ദ്രമായി തെരെഞ്ഞെടുത്തത്. ജനങ്ങള്‍ അവനെത്തേടി അങ്ങോട്ടു ചെന്നു. ഓരാള്‍ അത്യുന്നതന്‍റെ പുത്രന്‍; മറ്റെയാള്‍ അത്യുന്നതന്‍റെ പ്രവാചകന്‍.
യേശു ഗലീലയില്‍ നിന്ന് സ്നാനമേല്‍ക്കാനായി ജോര്‍ദ്ദാനിലേക്ക് വന്നു. പാപമില്ലാത്ത ക്രിസ്തുവിന് യോഹന്നാന്‍റെ സ്നാപനത്തിന്‍റെ ആവശ്യമെന്തായിരുന്നു? ഇതിന് പരിശുദ്ധ പിതാക്കന്മാര്‍ നല്‍കുന്ന മറുപടി യേശുക്രിസ്തു ദൈവപുത്രനാണെന്ന് ലോകത്തിനു വെളിപ്പെടുത്താനുള്ള ഒരവസരമായി പിതാവായ ദൈവം മുന്‍ കൂട്ടി കണ്ട പദ്ധ്തിയാണ് ഈ സ്നാപനം എന്നാണ്. ആ ചരിത്ര നിമിഷത്തില്‍ പിതാവും പുത്രനും പരിശുദ്റൂഹായും ഇന്ദ്രിയഗോചരമാകുകയായിരുന്നു. മാത്രമല്ല, യോഹന്നാന്‍റെ സ്നാപനത്തിനു വിധേയപ്പെടുക വഴി യേശു അതിനെ അംഗീകരിക്കുകയും ചെയ്തു.
യേശുക്രിസ്തുവിന് യോഹന്നാനോടുള്ള ഹ്രുദയബന്ധം അദ്ദേഹത്തെപ്പറ്റി ജനക്കൂട്ട്ത്തോട് സംസാരിക്കുമ്പോള്‍ വെളിപ്പെടുന്നത് സുവിശേഷത്തില്‍ നമുക്ക് കാണാം. അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ടം യേശു ഏറെ പുകഴ്ത്തുന്നുണ്ട്. യേശു ചോദിച്ചു: “എന്തു കാണാനായിരുന്നു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണയോ?” അതെ, നിങ്ങള്‍ നിങ്ങളുടെ വീടും നഗരവും പുരോഹിതരേയും വിട്ട് മരുഭൂമിയിലേക്കു കൂട്ടത്തോടെ പോയത് എന്തിനാണ്? അവസരത്തിനൊത്ത് നിറം മാറുന്ന, സാഹചര്യത്തിനൊത്ത് നിലപാടു മാറ്റുന്ന ഒരുവനെ കാണാനോ? തീര്‍ച്ചയായും അല്ല. നിങ്ങള്‍ കൂട്ടത്തോടെ പോയത് ആരേയും വിസ്മയിപ്പിക്കുന്ന നേരുള്ളവനെ കാണാനായിരുന്നു. അയാള്‍ ഏതു കാറ്റിലും ഉലയാതെ ഉറച്ചു നില്‍ക്കാന്‍ കഴിവുള്ളവനാണ്. ഞാങ്ങണപോലെ സൌകര്യംപോലെ വളയാത്തവന്‍. എല്ലാ പ്രലോഭനങ്ങളേയും കീഴ്പ്പെടുത്തിയവന്‍. ചങ്കുറപ്പോടെ ഹേരോദാവിന്‍റെയും, നീതിനിഷ്ടയോടെ അന്നാസിന്‍റെയും കയ്യാഫാവിന്‍റെയും അനുചരന്മാരെ നിശ്ശബ്ദനാക്കിയ പ്രവാചകശ്രേഷ്ടന്‍. നോക്കൂ; ഹേരോദാവു പോലും അദ്ദേഹത്തെ ഭയപ്പെട്ടു; ഉള്ളില്‍ അദ്ദേഹത്തെ ബഹുമാനിച്ചു. അതുകൊണ്ടാണ് പ്രവാചകനേക്കാള്‍ വലിയവന്‍ എന്ന് ക്രിസ്തു അഭിപ്രായപ്പെട്ടതു.
. യോഹന്നാന്‍റെ ജീവിതനിഷ്ടയും ആത്മീകവിശുദ്ധിയും കണ്ട് ജനത ഇതുതന്നെ ആണോ മശിഹ എന്നു സംശയിച്ചിരുന്നു. അപ്പോള്‍ ബേഥനിയായില്‍ തന്‍റെ ശിഷ്യര്‍ക്ക് വെള്ളംകൊണ്ട് സ്നാപനം നല്‍കുന്ന അവസരമായിരുന്നു. തനിക്ക് അര്‍ഹതയില്ലാത്ത ആ ശ്രേഷ്ട്പദവി സ്വയം നിഷേധിച്ചുകൊണ്ട് യോഹന്നാന്‍ ജറുശലേമില്‍ നിന്നു വന്ന യെഹൂദ പുരോഹിതരുടെയും ലേവ്യരുടേയും ചൊദ്യത്തിനുത്തരമായി തന്നെക്കുറിച്ച് പറഞ്ഞു:
“സ്വര്‍ഗ്ഗത്തില്‍ നിന്ന് നല്‍കപ്പെടാത്തതൊന്നും സ്വീകരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഞാന്‍ ക്രിസ്തുവല്ല. ഞാന്‍ ഏലിയായല്ല. ഞാന്‍ പ്രവാചകനുമല്ല; യെശ്ശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ “കര്‍ത്താവിന്‍റെ വഴി നേരെയാക്കുക” എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ സ്വരമാണു ഞാന്‍”. എന്നിട്ട് തന്നില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിച്ച്, ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം അവരെ അറിയിച്ചു: “ഞാന്‍ വെള്ളംകൊണ്ട് സ്നാപനം നല്‍കുന്നു. നിങ്ങള്‍ അറിയാത്ത ഒരാള്‍ നിങ്ങളുടെ ഇടയില്‍ നില്‍പ്പുണ്ട്. എന്‍റെ പിന്നാലെ വരുന്ന അവന്‍റെ ചെരിപ്പ് അഴിക്കാന്‍ പോലും എനിക്ക് യോഗ്യത ഇല്ല”. തന്‍റെ നിസ്സാരതയെ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ച യോഹന്നാനെ നോക്കിയാണ് ക്രിസ്ത് പറഞ്ഞത്: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനേക്കാള്‍ വലിയവനില്ല.
അതെ, അവന്‍ കത്തി ജ്വലിച്ചു നില്‍ക്കുന്ന ഒരു ഉജ്ജ്വല ദീപമാണ്.
പിന്നീട്, തന്‍റെ അടുക്കലേക്കു വരുന്ന യേശുവിനെ ചൂണ്ടിക്കാട്ടി യോഹന്നാന്‍ പറഞ്ഞു: “ഇതാ, ലോകത്തിന്‍റെ പാപം നീക്കികളയുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്ന മനുഷ്യന്‍ എനിക്കു മുമ്പനാണ്. കാരണം, എനിക്കു മുമ്പുതന്നെ അവന്‍ ഉണ്ടായിരുന്നു. ഞാന്‍ തന്നെ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ അവനെ ഇസ്രയേലിനു വെളിപ്പെടുത്താന്‍ വേണ്ടി വെള്ളംകൊണ്ടുള്ള സ്നാപനവുമായി ഞാന്‍ വന്നിരിക്കുന്നു. എന്നിട്ട് തന്‍റെ സുപ്രധാന ദൌത്യമെന്ന നിലയില്‍, യേശു ദൈവപുത്രനാണെന്നു സക്ഷ്യം നല്‍കി വെളിപ്പെടുത്തുന്നതിങ്ങനെ: ‘ആത്മാവ് സ്വര്‍ഗ്ഗ്ത്തില്‍ നിന്ന് പ്രാവിനെപ്പോലെ ഇറങ്ങി അവന്‍റെമേല്‍ ആവസിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ തന്നെ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ വെള്ളംകൊണ്ട് സ്നാപനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോട് അരുള്‍ചെയ്തു: “ആത്മാവ് ഇറങ്ങി വന്ന് ആരുടെ മേല്‍ ആവസിക്കുന്നതായി നീ കാണുന്നുവോ അവനാണ് പരിശുദ്ധാത്മാവിനെക്കൊണ്ടു സ്നാപനം നല്‍കുന്നവന്‍”. ഞാന്‍ അതു കണ്ടു: ദൈവപുത്രനാണെന്നു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു’. അതോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു: “നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’.

അവന്‍ വളരണം, ഞാന്‍ കുറയണം

യോഹന്നാന്‍റെ വെള്ളംകൊണ്ടുള്ള സ്നാപനം, ക്രിസ്തുവിന്‍റെ പരിശുദ്ധാത്മാ സ്നാപനത്തിലേക്കുള്ള ചവിട്ടുപടിയും മുന്നോടിയുമാണ്. അത് ദൈവത്തിന്‍റെ നിയോഗമായിരുന്നു. തന്‍റെ നിയോഗത്തെക്കുറിച്ച് യോഹന്നാന് നല്ല തിരിച്ചറിവുണ്ടായിരുന്നു. സ്വയം വിനയപ്പെട്ടുകൊണ്ട് ക്രിസ്തുവിന്‍റെ സ്വരം കേട്ട് അഹ്ലാദിക്കുന്ന സ്നാപകയോഹന്നാന്‍ സുവിശേഷത്തില്‍ തിളങ്ങി നില്‍ക്കുന്നു. “അവന്‍ വളരണം, ഞാന്‍ കുറയണം” എന്ന ഭാവത്തോടെ ക്രിസ്തുവിന്‍റെ മഹത്വം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പെടാപാടുപെടുന്നുണ്ട് അദ്ദേഹം. ത്ന്‍റെ അടുക്കലേക്ക് സ്നാപനം സ്വീകരിക്കാന്‍ വന്ന യേശുവിനെ തടഞ്ഞുകൊണ്ട് യോഹന്നാന്‍ പറഞ്ഞു: ‘ഞാന്‍ നിന്നില്‍നിന്ന് സ്നാപനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍റെ അടുക്കലേക്കു വരുന്നുവോ’. എന്നാല്‍ മശിഹായുടെ ഹിതമനുസരിച്ച് ധര്‍മ്മം ഉചിതമായ രീതിയില്‍ നിറവേറ്റപ്പെടുകയായിരുന്നു ആ ധര്‍മ്മ വീരന്‍.
താനും ക്രിസ്തുവും തമ്മില്‍ നികത്താനാവാത്ത വിടവുണ്ടെന്നും, താന്‍ വെറും സ്രുഷ്ടിയാണെന്നും, ക്രിസ്തു സാക്ഷാല്‍ ദൈവപുത്രനെന്നും, പിതാവ് പുത്രന്‍റെ കയ്യില്‍ സമസ്തവും ഏല്‍പ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം യെഹൂദ്ന്മാരെ പടിപ്പിക്കുന്നുണ്ട്. “മുകളില്‍ നിന്നു വരുന്നവന്‍ എല്ലവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൌമികനാണ്; അയാള്‍ ഭൌമീക കാര്യങ്ങള്‍ സംസാരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.താന്‍ കണ്ടതിനും കേട്ടതിനും അവന്‍ സാക്ഷ്യം വഹിക്കുന്നു”.

ഉന്നതങ്ങളുടെ ഉന്നതിയില്‍ നിന്നു വന്നവനായ ക്രിസ്തുവിന്‍റെ സാക്ഷ്യം സ്വീകരിക്കാത്ത വെറും ഭൌമീകനായ മനുഷ്യ ജാതിക്കു വരാനിരിക്കുന്ന ദൈവക്രോധതെക്കുറിച്ച് യോഹന്നാന്‍ ഇവിടെ മുന്നറിയിപ്പു നല്‍കുന്നു. പാപഭാരങ്ങളില്‍ പെട്ടുഴലുന്ന യെഹൂദാ ജനതയുടെ പാപപരിഹാരകനാണ് ക്രിസ്തുവെന്നും, പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ കണ്ടെത്താന്‍ ക്ഴിയുമെന്നും ജനഹ്രുദയങ്ങളില്‍ സ്ഥാപിക്കുവാനാണ് യോഹന്നാന്‍ ശ്രമിച്ചത്.

യോഹന്നാന്‍റെ അന്ത്യം

ഹേറോദാവ് അന്തിപ്പസ് സ്നാപകയോഹന്നനെ പിടികൂടി ബന്ധിച്ച് കാരാഗ്രുഹത്തില്‍ അടച്ചു. നബത്താന്‍ രാജാവായ അരെറ്റാസിന്‍റെ മകളെ ആയിരുന്നു ഹേറോദാവ് വിവാഹം കഴിച്ചിരുന്നത്. അന്നാല്‍ അദ്ദേഹത്തിന്‍റെ റോമാ സന്ദര്‍ശനവേളയില്‍ അര്‍ദ്ധസഹോദരനായ ഫിലിപ്പോസിന്‍റെ ഭാര്യ ഹെറോദ്യയുമായി പ്രണയത്തിലായി. പിന്നീട് അവളെ വിവാഹം ചെയ്ത് തന്‍റെ കൊട്ടാരത്തിലേക്ക് കൊണ്ടു വന്നു.

ഹേറോദാവിനെ കാണാനിടയായ യോഹന്നാന്‍ ‘നീ സഹോദരഭാര്യയെ സ്വന്തമാക്കുന്നതു നിയമാനുസ്രതമല്ല’ എന്നറിയിച്ചു. നിര്‍ഭയനായ ആ പ്രവാചകന്‍ പരസ്യവ്യഭിചാരം നടത്തിയ രാജാവിനെ ശാസിക്കാനും മടി കാട്ടിയില്ല. ഹേറോദാവ് ഹെറോദ്യയുടെ പ്രേരണയാല്‍ സ്നാപകയോഹന്നനെ പിടികൂടി ബന്ധ്നസ്ഥ്നാക്കി കാരാഗ്രുഹത്തിലടച്ചു.
ജോസഫസ് എന്ന ചരിത്രകാരന്‍ ഇതൊടനുബന്ധ്ച്ച് വേറൊരു കഥ രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മിഷ്ടനും പരിശുദധനുമായ സ്നാപകയോഹന്നാന്‍ വലിയ ജനപിന്തുണയുള്ള പ്രവാചകനായിരുന്നു. എന്തു പറഞ്ഞാലും അനുസരിക്കാന്‍ തയ്യാറായ ഒരു കൂട്ടം അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നു. യോഹന്നാന്‍റെ ധാര്‍മിക അധികാരം ഉപയോഗിച്ച് ജനതയെ രാജാവിനെതിരെ ലഹളക്കു പ്രേരിപ്പിക്കുമോ എന്ന ഭയം ഹേരോദാവിനുണ്ടായിരുന്നു.അങ്ങനെ സംഭവിക്കുന്നത് തടയുന്നതിനായി അപകടകാരിയായ ആ പ്രവാചകനെ മക്കാരസ് കോട്ടയില്‍ തടങ്കലിലിട്ടു. എന്തൊക്കെ ആയിരുന്നാലും ഹെറോദ്യ പ്രവാചകനെതിരെ തീഷ്ണമായ പക മനസ്സില്‍ സൂക്ഷിച്ചിരുന്നു. അവള്‍ അദ്ദേഹത്തെ കൊല്ലാനായി അവസരം നോക്കിയിരുന്നു. ജനങ്ങള്‍ വളരെയധികം ബഹുമാനിച്ചിരുന്ന പരിശുദ്ധ്നായിരുന്ന പ്രവാചകനെ വധിക്കാന്‍ രാജാവിനു ഏറെ ഭയമായിരുന്നു.
മക്കാരസ് കോട്ടയില്‍ കുറച്ചു നാള്‍ യോഹന്നാന്‍ തടവില്‍ പാര്‍ത്തു. രാജാവിനെ അപേക്ഷിച്ച്, ഹെറോദ്യക്കു പ്രവാചകനോടുള്ള പകക്ക് യാതൊരു ശമനവും ഉണ്ടായില്ല. അവള്‍ തക്ക അവസരം കാത്തിരുന്നു. അങ്ങനെ അവസരം വന്നപ്പോള്‍ തന്‍റെ മകളെ ഉപയോഗിച്ച് സ്നാപകയോഹന്നാന്‍റെ ശിരചച്ഛേദം നടത്തിക്കുവാന്‍ ഹെറോദ്യക്കു കഴിഞ്ഞു. അങ്ങനെ സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍റെ തല ഒരു താലത്തില്‍ ന്രുത്തക്കാരിയായ പെണ്കുട്ടിക്കു പാരിതോഷികമായി നല്‍കപ്പെട്ടു. യോഹന്നാന്‍റെ ദാരുണ അന്ത്യം യേശുക്രിസ്തുവിന്‍റെ വരാനിരിക്കുന്ന കഷ്ടാനുഭവങ്ങളുടെ മുന്‍കുറി ആയി കണക്കാക്കപ്പെടുന്നു.

തിടുക്കത്തില്‍ ഒന്നുമാലോചിക്കാതെ നടത്തിയെടുക്കപ്പെട്ട ഈ വധം ചരിത്രത്തിലെ ഏറ്റവും നിഷ്ടൂരവും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത സംഭവമായി നിലനില്‍ക്കുന്നു. ഞെട്ടിവിറങ്ങലിച്ച യെഹൂദ ജനം നോക്കിനില്‍ക്കേ സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാര്‍ വന്ന് അയാളുടെ ശരീരം എടുത്ത് ഒരു കല്ലറയില്‍ സംസ്കരിച്ചു. അവര്‍ വിവരം യേശുവിനെ അറിയിച്ചു. യോഹന്നാന്‍റെ ശിരച്ഛേദം ഉണ്ടാക്കിയ കുറ്റബോധം ഹെരോദാവിനെ അലട്ടിയിരുന്നു. യേശു ചെയ്ത അടയാളങള്‍ കണ്ട് ‘ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് വിലപിക്കുന്ന ഹേരോദാവിനെയാണ് നാം കാണ്ന്നത്. പിന്നീടുണ്ടായ ഒരു യുദ്ധത്തില്‍ ഹേരൊദാവ്, ത്ന്‍റെ അമ്മായിഅപ്പനായ അരെറ്റാസിന്‍റെ തന്നെ കയ്യില്‍ നിന്നു പരാജയം ഏറ്റുവാങ്ങിയത് ദൈവീക പ്രതികാരമായി യെഹൂദ ജനം കരുതുന്നു.

സ്നാപക യോഹന്നാന്‍ തന്‍റെ ജീവിതകാലത്തുതന്നെ അനേകം ശിഷ്യന്മാരെ സമ്പാദിച്ചിരുന്നു. അവര്‍ ഉപവസിക്കാനും പ്രാര്‍ഥിക്കുവാനും അഭ്യസിച്ചവരായിരുന്നു. യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരുള്‍പ്പെടെ അവനെ പിന്തുടര്‍ന്നവരില്‍ പലരും സ്നാപകയോഹന്നാന്‍റെ ശിഷ്യരായിരുന്നു. യോഹന്നാന്‍റെ മരണശേഷം മെഡിറ്ററേന്യന്‍ രാജ്യങ്ങളില്‍ പലയിടത്തും അദ്ദേഹത്തിന് ശിഷ്യന്മാരുണ്ടായിരുന്നു. വടക്കനാഫ്രിക്കയിലെ അലക്സാന്ദ്രിയക്കാരനായ അപ്പോളോസ് യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ച് മാത്രമെ അറിഞ്ഞിരുന്നുള്ളൂ. അതുപോലെ എഫേസൂസിലെത്തിയ പൌലോസും പത്തുപന്ത്രണ്ടോളം യോഹന്നാന്‍റെ ശിഷ്യന്മാരെ കണ്ടതായി നാം അപ്പോസ്തോല പ്രവര്‍ത്തികളില്‍ കാണുന്നു. മാത്രമല്ല, വെള്ളംകൊണ്ടുമാത്രമുള്ള സ്നാപനം സ്വീകരിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് ആദിമ ക്രിസ്തീയ ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇതു കാണിക്കുന്നത് ക്രിസ്തുമതാരംഭത്തിനു മുന്പു തന്നെ യോഹന്നാന്‍റെ പ്രസ്ഥാനത്തിന് വ്യാപകമായി സ്വാധീനമുണ്ടായിരുന്നു എന്നതിലേക്കാണ്.
സന്യാസ വ്രതജീവിതത്തിന്‍റെ ഏറ്റവും ഉദാത്തവും അനുകരണീയവുമായ മാത്രുക ആയി സഭ സ്നാപകയോഹന്നാനെ കാണുന്നു. യോഹന്നാന്‍റെ ഉപദേശങ്ങള്‍ എക്കാലവും മനുഷ്യ ഹ്രുദയത്തിലേക്കു ആഴ്ന്നിറങ്ങേണ്ട ആത്മീയ സത്യങ്ങളായി നിലനില്‍ക്കുന്നു.