പരിശുദ്ധസഭയെ അടുത്ത കാലത്തേക്ക് ആര് നയിക്കണം? / ഷാജന്‍ മാത്യു

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് II, പിതാവ് സഭാഭരണഘടനയോട് വിധേയത്വം പുലർത്തി, ഏതെങ്കിലുമൊരു മെത്രാപ്പൊലീത്തായെനിർദ്ദേശിക്കാതെ,തന്റെ പിൻഗാമിയെ നിയമാനുസൃതം മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുക്കട്ടെ എന്ന ശക്തമായ നിലപാട് എടുത്തതിൽ പിതാവിനെ അനുമോദിക്കാം, ആഹ്ലാദിക്കാം, ദൈവത്തെ സ്തുതിക്കാം. നമ്മുടെ സഭയിലെ ഇപ്പോഴത്തെ 24 മെത്രാപ്പോലീത്തമാരും, അവരുടെ സ്ഥാനംകൊണ്ട്, അടുത്ത കാതോലിക്കാ & മലങ്കരമെത്രാപ്പോലീത്ത പദവിക്ക് യോഗ്യരാണെങ്കിലും, പരിശുദ്ധസഭയെ ആകമാനം ഉൾക്കൊണ്ട്‌, സഭയിലെ തർക്കങ്ങൾ വരുത്തിയ വലിയ മുറിവുകളും, ഇപ്പോൾ മനുഷ്യരാശിയെ ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരി സാമൂഹ്യ-മത -പ്രത്യയശാസ്ത്ര വിചന്തനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനവും,ധാരണാവ്യതിചലനങ്ങളും വേണ്ടവിധം അപഗ്രഥിച്ചു, സംവേദനംചെയ്ത് ഭാവിതലമുറയെ, വിശുദ്ധ ത്രിത്വവിശ്വാസത്തിലും, ഓർത്തഡോൿസിയിലും നിലനിർത്തുവാനും, തിരിച്ചുകൊണ്ടുവരുവാനും കാഴ്ചപ്പാടും, ദൈവഅവബോധവും ഉള്ള ഒരു ശ്രേഷ്ഠപിതാവിലേക്ക് ഓരോ ഓർത്തഡോൿസ്‌കാരനും പ്രാർത്ഥനയോടെ, പരപ്രേരണയും, മറ്റ് സ്വാധീനങ്ങളും ഇല്ലാതെ അന്വേഷണം തുടങ്ങണം . “ദൈവത്മാവും, ജ്ഞാനവും,നല്ലസാക്ഷ്യവുമുള്ള” ഒരു പിതാവിനെ കണ്ടെത്തുകയെന്നദിവ്യ മായൊരു ഉത്തരവാദിത്തവും,ശ്രമകരമായ പ്രാർത്ഥനാപൂർവ്വം വേണ്ട പ്രയത്നവുമാണ്, ബഹുമാനപ്പെട്ട മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളിൽ എത്തിനില്കുന്നത്. പുരാതനമായ നമ്മുടെ ഈ സഭയിൽ മൂപ്പുമുറക്ക്(seniority) വലിയ സ്ഥാനമാണുള്ളത്. അപ്രകാരം മേല്പട്ടസ്ഥാനത്ത് മൂപ്പനായവരിൽ, വിദ്യാഭ്യാസത്തോടൊപ്പം, വിവരവും, വിവേകവും, നിലപാടുകളിൽ വ്യക്തതയും, ദൃഢതയും, ശരീരമനസ്സുകളുടെ ആരോഗ്യവുമുള്ള ,സഭയിലെ തന്നെ മറുപക്ഷത്തതിനുകൂടി സ്വീകാര്യതവരുന്നതുമായ ഒരു പിതാവിനെ ദൈവാത്മാപ്രേരണയിൽ നമ്മുക്ക് ഐക്യകണ്ഠം തെരഞ്ഞെടുക്കുവാൻ കഴിയണം. ഈ നൂറ്റാണ്ടിന് പരിചിതനായ, യുവജനങ്ങളുടെയും, മറ്റ് ജാതിമതസ്ഥരുടെയും, നിരീശ്വരവാദികളുടെപോലും മനം കവർന്ന, ആരാധ്യനായ അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പ നമുക്ക് ഒരു മാതൃകാപുരുഷനായിട്ടെടുക്കുവാനുണ്ട് . അധികാരത്തിന്റെ ഗർവ്വും, മുഷ്‌ക്കും, ഭരണത്തിന്റെ സുഖശീതളങ്ങളും വിട്ട്, എൺപതുകളുടെ നിറവിലും ഭൂഖണ്ഡങ്ങൾ താണ്ടി എളിമയുടെയും, സൗഹാർദ്ദത്തിന്റെയും, ഐക്യത്തിന്റേയും,ക്രിസ്തുസാന്നിധ്യമാകുന്ന ഒരു പിതാവിനെ, അദ്ദേഹത്തിൽ ആധുനിക തലമുറ കണ്ടെത്തുന്നു. നമ്മുക്കും അങ്ങനെയുള്ള ഒരു പിതാവിനെ തേടാം, കണ്ടെത്താം. അങ്ങനെ ഊഷ്മളതയോടെ തിരഞ്ഞെടുക്കുവാൻ പൗരാണികനസ്രാണി സമൂഹത്തിന് കഴിവുണ്ട്, അറിവുണ്ട്, നിശ്ചയദാർഢ്യമുണ്ട്. അതിലൊക്കെയുപരി, ദൈവകൃപയുമുണ്ട്.നമുക്ക് ദൈവാത്മാവിൽ പ്രയത്നിക്കാം.അഭിമാനത്തോടെ ഉത്തരവാദിത്വം നിർവ്വഹിക്കാം.