ഒന്നോര്‍ത്താല്‍ വളരെ അതിശയകരമാണ് സുറിയാനി പാരമ്പര്യത്തിലെ “ശുബ്ക്കോനോ” ശുശ്രൂഷ (പരസ്പരം ക്ഷമ ചോദിക്കലും നല്‍കലും – Service of Forgiveness and Reconciliation). വലിയ നോമ്പിന്‍റെ ആരംഭത്തിലും അവസാനത്തിലും ഇത് ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ദയറാകള്‍, സെമിനാരികള്‍, പ്രധാന പള്ളികള്‍ എന്നിവിടങ്ങളില്‍ അത് അനുഷ്ഠിക്കയും ചെയ്യുന്നു.
അതിശയമെന്ന് പറയാന്‍ കാരണമുണ്ട്. സഭയുടെ പ്രധാന മേലദ്ധ്യക്ഷനോ, മേല്‍പ്പട്ടക്കാരനോ പട്ടക്കാരനോ ആരായാലും ആരാധനയ്ക്ക് നേതൃത്വം നല്‍കുന്ന ആള്‍ ആ ശുശ്രൂഷയില്‍ സാധാരണ ജനങ്ങളായ വിശ്വാസികളുടെ മുന്‍പില്‍ വന്ന് “സഹോദരങ്ങളേ വത്സലരേ, ഞാന്‍ നിങ്ങളോട് പാപം ചെയ്തുപോയി. മിശിഹായെപ്രതി എന്നോട് ക്ഷമിക്കണമേ…” എന്നു മൂന്നു പ്രാവശ്യം പറഞ്ഞ് അവരുടെ മുമ്പാകെ നിലത്തു മൂന്നു പ്രാവശ്യം കുമ്പിടുന്നു. “പിതാവേ, ക്ഷമിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ” എന്നു പറഞ്ഞ് ജനങ്ങളും കുമ്പിടുന്നു.
ആലോചിക്കുന്തോറും ഇത് കൂടുതല്‍ അദ്ഭുതകരമായി തോന്നുന്നു. ഇതിനു സമാനമായ കര്‍മ്മം വേറെ ഏതെങ്കിലും മതപാരമ്പര്യത്തിലുണ്ടോ എന്നറിഞ്ഞുകൂടാ.
രണ്ടാം കുമ്പിടീല്‍ സമയത്ത്, പുരോഹിതന്‍ പറയുന്നു: “സഹോദരങ്ങളെ, വത്സലരേ, വരുവിന്‍, ദൈവം നമ്മോട് രമ്യപ്പെടുവാന്‍ വേണ്ടി നമുക്കു പരസ്പരം രമ്യമാകാം.” പുരോഹിതനോ മഹാപുരോഹിതനോ തന്‍റെ വ്യക്തിപരമായ പാപം ക്ഷമിക്കണമെന്ന് സാധാരണ ജനത്തോട് അപേക്ഷിക്കയും, അടുത്ത ഘട്ടത്തില്‍ ആ ക്ഷമയും രമ്യതയും (forgiveness and reconciliation) സമൂഹതലത്തില്‍ പരസ്പരം നടപ്പിലാക്കണമെന്ന് പ്രബോധിപ്പിക്കയും ചെയ്യുന്നു.
നമുക്കെല്ലാവര്‍ക്കും പരസ്പരബന്ധത്തില്‍ വീഴ്ചകളുണ്ടാകാം. സമൂഹത്തിന്‍റെ തലത്തില്‍ വന്‍ സംഘര്‍ഷങ്ങളുണ്ടാകാം. എന്നാല്‍ ഈ ശുബ്ക്കോനോ ശുശ്രൂഷ വെറും അനുഷ്ഠാനത്തിനപ്പുറത്ത്, ആത്മാര്‍ത്ഥമായി നടത്തിയാല്‍ നമ്മുടെ വലിയതും ചെറിയതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് യാതൊരു ഫോര്‍മുലാകളും മദ്ധ്യസ്ഥരും ആവശ്യമില്ല. അത് ചെയ്യാന്‍ മടിയുള്ളതുകൊണ്ടായിരിക്കാം, ഈ ശുശ്രൂഷ എഴുതി ക്രമീകരിച്ച ആചാര്യന്മാര്‍ വെറും സ്വപ്നജീവികളോ മഠയന്മാരോ ആണെന്ന് ചിലരൊക്കെ ഇപ്പോള്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്.
ചില ചെറിയ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
- സാധാരണ ജനങ്ങളുടെ മുന്‍പില്‍ മുട്ടുകുത്തി മഹാപുരോഹിതന്‍ ക്ഷമ ചോദിക്കുന്നതിന്‍റെ അര്‍ത്ഥം അന്തിമമായി വിശ്വാസികളുടെ സമൂഹമാണ് പൗരോഹിത്യാധികാരത്തിന്‍റെ നിയാമകശക്തി എന്നു കൂടിയുണ്ട്. ക്രിസ്തുവിന്‍റെ ശരീരമായ സഭ, ദൈവജനം എന്നൊക്കെ പറയുന്നതിന്‍റെ സെക്കുലര്‍ രൂപമാണ് ജനായത്ത വ്യവസ്ഥ. എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴെങ്കിലും ഭരണാധികാരികള്‍ ജനങ്ങള്‍ക്കു മുമ്പാകെ കുമ്പിടുന്നു. തങ്ങള്‍ക്കു അധികാരം നേടാനാണെങ്കിലും, അതിന്‍റെ പ്രതീകശേഷി വളരെയാണ്. ക്രിസ്തീയ സഭയില്‍ അത് വെറും പ്രതീകാത്മകമായ അനുഷ്ഠാനമല്ല, യഥാര്‍ത്ഥത്തില്‍ അനുഭവവേദ്യമാക്കേണ്ടതാണ്.
- ഏതെങ്കിലുമൊരളവില്‍ ക്ഷമ ചോദിക്കലും കൊടുക്കലും നിശ്ശബ്ദമായിട്ടാണെങ്കിലും ഉണ്ടായില്ലെങ്കില്‍ സമൂഹം നിലനില്‍ക്കുകയില്ല. കുടുംബവും നില്‍ക്കുകയില്ല. ഒരു സൗഹൃദവും തുടരാനാവില്ല. കാരണം ഏറ്റവും നല്ലതും സുതാര്യവുമായ ബന്ധങ്ങളിലും ഇടയ്ക്കിടെ നിഴലുകള്‍ വീഴാം. ക്ഷമ ചോദിക്കാനും കൊടുക്കാനും നാം പരിശീലിപ്പിക്കപ്പെടണം. ഇംഗ്ലീഷില്‍ അതിന്‍റെ ഏറ്റം പ്രാഥമിക രൂപമാണ് ഒറ്റവാക്ക് Sorry.
- യേശുനാഥന്‍ പഠിപ്പിച്ച ഒരുപമ (ലൂക്കോസ് 18:2) ഇവിടെ ഓര്‍മ്മ വരുന്നു. “മടുത്തു പോകാതെ നിരന്തരം പ്രാര്‍ത്ഥിക്കണം” എന്ന ഉപദേശത്തില്‍ ഉദാഹരണമായി കര്‍ത്താവ് പറയുന്നതാണ് “ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ന്യായാധിപ”ന്‍റെ കഥ. വിധവയും അഗതിയുമായ ഒരു സ്ത്രീ വന്ന് അവള്‍ക്ക് നീതി ലഭിക്കാന്‍ നിരന്തരം ജഡ്ജിയോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ആ പാവപ്പെട്ട സ്ത്രീയുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു: “എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല. എങ്കിലും ഈ വിധവയ്ക്ക് ഞാന്‍ നീതി നടത്തി കൊടുത്തില്ലെങ്കില്‍ അവള്‍ വന്ന് എന്‍റെ മുഖത്തടിക്കും.”
ഈ കഥാപാത്രത്തെ കര്‍ത്താവ് അവതരിപ്പിക്കുന്നതില്‍ വിസ്മയകരമായ ഒരു കാര്യമുണ്ട്. ദൈവത്തെയും മനുഷ്യനെയും ലേശവും ഭയമില്ല എന്നു പറയുന്ന അഹങ്കാരിയായ ഒരു ജഡ്ജി എന്തിനാണ് വെറും പാവപ്പെട്ട അനാഥയായ ഒരു സ്ത്രീയെ ഭയപ്പെടുന്നത്? ധാര്‍ഷ്ട്യക്കാരനായ ആ ന്യായാധിപന്‍ അല്‍പ്പം ബുദ്ധിയുള്ളവനായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഓരോ കാര്യത്തിന്‍റെയും “അനന്തരം” എന്താണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ‘അള മുട്ടിയാല്‍ ചേരയും കടിക്കും’ എന്നു പറയുന്ന പഴമൊഴിയിലെ വിവേകം അയാള്‍ മനസ്സിലാക്കി. ഏറ്റവും ഉന്നതമായ അധികാരക്കസേര മറിച്ചിടാന്‍ ഒരു വെറും പാവം വിധവയ്ക്കും കഴിയും. ഇവിടെ ഈ വിധവ നിസ്സഹായമായി, ഗതികിട്ടാതെ, നീതി ലഭിക്കാതെ കേഴുന്ന ബഹുജനത്തിന്‍റെ പ്രതിനിധിയാണ്. എത്ര വലിയ സ്വേച്ഛാധികാരത്തെയും മറിച്ചിട്ട്, “മാളികമുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്ന” ദൈവശക്തിയാണ് സാധാരണ ജനങ്ങളില്‍ മറഞ്ഞുകിടക്കുന്നത്. “ദൈവം ബലവാന്മാരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിടുകയും താഴ്മയുള്ളവരെ ഉയര്‍ത്തുകയും ചെയ്തു.” അത് മനസ്സിലാക്കിയ ന്യായാധിപന്‍ അഹങ്കാരിയാണെങ്കിലും സമര്‍ത്ഥനും വിവേകശാലിയുമാണ്.
ഗലീലയിലെ “തച്ചന്‍റെ മകന്‍, പഠിപ്പില്ലാത്ത ഒരു നാടോടി യുവാവ്” ആണ് ഈ കഥ പറഞ്ഞത്. ഏതായാലും യറുശലേം ദേവാലയത്തിലെ മഹാപുരോഹിതന്മാര്‍ക്കും വേദപണ്ഡിതന്മാര്‍ക്കും അത് മനസ്സിലായില്ല. അല്ലെങ്കില്‍ അതിനു ശ്രമിച്ചില്ല. അധികം താമസിയാതെ മഹത്തായ ദേവാലയം നശിപ്പിക്കപ്പെട്ടു. പൗരോഹിത്യം നാമാവശേഷമായി. ജനങ്ങള്‍ ഗതിയില്ലാതെ ചിതറിപ്പോയി.
ഓരോ വാര്‍ഷിക ശുബ്ക്കോനോ ശുശ്രൂഷയും ഓരോ പ്രവചനമാണ് – നമ്മുടെ പൂര്‍വികരായ ആത്മീയ ഗുരുക്കന്മാരിലൂടെ ദൈവാത്മാവ് നടത്തുന്ന പ്രവചനം. പരസ്പരം ക്ഷമിച്ചില്ലെങ്കില്‍ ‘അനന്തരം’ എന്ത് എന്ന ചോദ്യമാണ് ഈ പ്രവചനം നിരന്തരം ഉയര്‍ത്തുന്നത്.
കോവിഡ് മൂലം ലോകക്രമം മാറുകയാണ്. ക്രിസ്തീയ സഭയ്ക്ക് ഒന്നാംതരം അവസരമാണ് ശുബ്ക്കോനോ.ദൈവരാജ്യത്തിന്‍റെ നീതിയും സമാധാനവും ലോകത്തില്‍ കൈവരുത്തുവാന്‍ ദൃഢമായ തീരുമാനവും നടപടിയും നാം എടുക്കണം. ഇനി ഇങ്ങനെ അവസരമുണ്ടാവാനിടയില്ല. രാവിലെ എഴുന്നേറ്റ് നിലത്തു പാദങ്ങള്‍ വയ്ക്കുമ്പോള്‍, ഈ ഭൂമിയോടും, ഭക്ഷണം പാകം ചെയ്യാനോ വീടുണ്ടാക്കാനോ മരം വെട്ടുമ്പോള്‍ മരത്തോടും ക്ഷമ ചോദിക്കുന്ന മഹത്തായ പൈതൃകമുള്ള നമ്മുടെ ഈ മാതൃരാജ്യത്ത്, നമുക്ക് പരസ്പരം ക്ഷമ ചോദിക്കുകയും കൊടുക്കുകയും ചെയ്യാം.