വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്


മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്.

(മുദ്ര)

ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്,

പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം 18-നു എന്നു തീയതി വെച്ച് അച്ചടിച്ചിട്ടുള്ളതും 26-ാം തീയതി ഞങ്ങള്‍ക്കയച്ചുതന്നതുമായ കല്പനയില്‍ അദ്ദേഹം അവിടുത്തെ മേല്പട്ടസ്ഥാനത്തിന്‍റെയും പട്ടത്വത്തിന്‍റെയും സര്‍വ്വ നല്‍വരങ്ങളില്‍നിന്നും മുടക്കിയിരിക്കുന്നതായി എഴുതിക്കാണുന്നു. ഇതു കണ്ടതില്‍ ഞങ്ങള്‍ക്ക് അവര്‍ണ്ണനീയമായ ആശ്ചര്യവും വ്യസനവും തോന്നി. ഇത്ര കഠിനമായവിധത്തില്‍ മുടക്കാനുള്ള കാരണം ആ കല്പനയില്‍ പറഞ്ഞിട്ടുള്ളതു വായിച്ചപ്പോള്‍ ഞങ്ങളുടെ ആശ്ചര്യവും വ്യസനവും അനേക മടങ്ങു വര്‍ദ്ധിച്ചിരിക്കുന്നു. മലങ്കര ഇടവകയില്‍ അന്ത്യോഖ്യാ സിംഹാസനത്തിങ്കലേക്കുള്ള മേലധികാരം ആത്മീയം മാത്രമാണെന്നും ലൗകികങ്ങളില്‍ ഈ സഭ ഒരു സ്വതന്ത്ര സഭയാണെന്നും മറ്റും ബഹുമാനപ്പെട്ട റോയല്‍ക്കോടതി വിധിയില്‍ തീരുമാനിച്ചിട്ടുള്ളതിനും, പോയാണ്ടു കോട്ടയത്തു കൂടിയ സുന്നഹദോസിലും മറ്റു പല സംഘങ്ങളിലും സമുദായം പ്രദര്‍ശിപ്പിച്ചിട്ടുള്ള അഭിപ്രായത്തിനും വിപരീതമായി, ലൌകികാധികാരത്തെ സമ്മതിച്ച് അവിടുന്നു ബാവായ്ക്ക് ഒരുടമ്പടി കൊടുക്കണമെന്നു പാത്രിയര്‍ക്കീസു ബാവാ തിരുമനസ്സുകൊണ്ട് അവിടുത്തെ അടുക്കല്‍ നിര്‍ബന്ധിച്ചു വന്നിരുന്നതും, അതിനു വിസമ്മതിക്കയാല്‍ ബാവായ്ക്ക് അവിടുത്തെ നേരെ അത്യന്തം വിരോധമുണ്ടായി മുടക്കണമെന്ന് ആലോചിച്ചു വന്നിരുന്ന വിവരവും ഞങ്ങള്‍ക്കു പലവിധത്തില്‍ കേള്‍വിയും അറിവും ഉണ്ടെങ്കിലും ആ സംഗതി ഒരു മെത്രാപ്പോലീത്തായെ മുടക്കാന്‍ കാരണമായി പറഞ്ഞു കൂടാത്തതുകൊണ്ടു മുടക്കുമെന്നു ഞങ്ങള്‍ക്കു ഇതുവരെയും വിചാരമുണ്ടായില്ല. മുടക്കിന്‍റെ സാക്ഷാല്‍ കാരണം ഇതല്ലാതെ മറ്റൊന്നുമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും കല്പനയില്‍ വിവരിച്ചിരിക്കുന്ന കാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നു പറയാന്‍ ഞങ്ങള്‍ക്ക് ഒട്ടും സംശയമില്ല.

ഒന്നാമത്, അവിടുത്തെ നേരെ മൊത്തമായും അവ്യക്തമായും കുറ്റം ആരോപിച്ചിരിക്കുന്നു എന്നല്ലാതെ പ്രത്യേകമായി ഒരു കാരണവും എടുത്തു പറയുന്നില്ല.

രണ്ടാമതായി, പൊതുമുതല്‍ ശരിയായി നടത്തുന്നില്ലെന്നും തന്നിഷ്ടമായി പ്രവര്‍ത്തിക്കുന്നു എന്നും, സ്വതന്ത്രാധികാരം പ്രാപിപ്പാന്‍ ന്യായമല്ലാത്ത മാര്‍ഗത്തില്‍ നടക്കുന്നു എന്നും, സഭയില്‍ ഛിദ്രം ഉണ്ടാക്കുന്നുഎന്നും, മേലാവിനെ അനുസരിക്കുന്നില്ല എന്നും ദുരുപദേശങ്ങളെ പഠിപ്പിക്കുന്നു എന്നും മറ്റുമായി ഇപ്രകാരം വ്യവസ്ഥയില്ലാതെ പ്രസ്താവിച്ചിട്ടുള്ള കുറ്റാരോപണങ്ങളില്‍ ഒന്നിനും അവിടുന്നു പാത്രമല്ലെന്ന് അവിടുത്തെ അടുക്കലും അവിടുത്തെ നടപടികളോടും അടുത്തു ഞങ്ങള്‍ക്കുള്ള പരിചയംകൊണ്ടു ധൈര്യമായി പറയാം.

മൂന്നാമതു, അവ്യക്തമായിട്ടല്ലാതെ പ്രത്യേകിച്ചു എടുത്തു പറഞ്ഞിട്ടുള്ള ഒരു കുറ്റം അവിടുത്തേക്കു കൈവിറ ഉണ്ടെന്നാകുന്നു. ഇത് അവിടുത്തേക്കു മുമ്പിനാലെ ഉള്ളതാണെന്നു ഞങ്ങള്‍ക്കറിയാം. സ്ഥാനത്തിന് ഇതൊരു തടസ്സമായിട്ടൊരു നിയമവുമില്ല. കാനോനില്‍തന്നെ കല്പിച്ചിരിക്കുന്നത് താഴെക്കാണുന്ന പ്രകാരമാണല്ലോ. “ഒരുത്തന്‍ അംഗവൈകല്യമുള്ളവനോ ഒറ്റക്കണ്ണനോ മുടന്തനോ ആയിരിക്കുകയും എപ്പിസ്കോപ്പാ സ്ഥാനത്തിനു യോഗ്യനായിരിക്കയും ചെയ്യുന്നു എന്നു വരികില്‍ അവന്‍ ആയിത്തീരട്ടെ. എന്തുകൊണ്ടെന്നാല്‍ ശരീരത്തിന്‍റെ ന്യൂനതയല്ല ആത്മാവിന്‍റെ അശുദ്ധിയത്രേ” (ഹൂദായുടെ കാനോന്‍ 7-ാം കെഫാലയോന്‍ 5-ാം പാസോക്കാ). മേല്‍ കാണുന്നപ്രകാരമുള്ള അയോഗ്യതകള്‍ ഒരാളെ എപ്പിസ്കോപ്പാസ്ഥാനത്തിന് അയോഗ്യനാക്കിത്തീര്‍ക്കുന്നില്ലെന്ന് തെളിവായി പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഈ കുറവു മുടക്കാനുള്ള കാരണമായി ബാവാ തിരുമനസ്സുകൊണ്ടു പറഞ്ഞിരിക്കുന്നതു നിയമാനുസരണമാണെന്നു ഞങ്ങള്‍ക്കു തോന്നുന്നില്ല.

നാലാമതു, കല്പനയില്‍ പറയുന്ന കുറ്റാരോപണങ്ങള്‍ യഥാര്‍ത്ഥങ്ങളും സ്വീകാര്യങ്ങളും എന്നു വിചാരിച്ചാല്‍തന്നെയും ഈ മുടക്കു കാനോനായിക്കനുസരണമല്ലെന്നു വ്യസനപൂര്‍വം പറയേണ്ടിയിരിക്കുന്നു. നമ്മുടെ സഭാസംബന്ധമായ നടപടികള്‍ക്കു അടിസ്ഥാനമായ ഹൂദായ കാനോനില്‍ ഒരു മേല്പട്ടക്കാരനെ മുടക്കേണ്ട ക്രമം പറഞ്ഞിട്ടുള്ളതു താഴെ പറയുംപ്രകാരമാണല്ലോ. ഹൂദായകാനോന്‍ 7-ാം കെഫാലയോന്‍ 2-ാം പാസോക്കായില്‍ ഇപ്രകാരം കാണുന്നു: (ശ്ലീഹന്മാര്‍ 77) “അംഗീകാരയോഗ്യന്മാരായ വിശ്വാസികളാല്‍ കുറ്റം ചുമത്തപ്പെടുന്ന എപ്പിസ്കോപ്പാ, എപ്പിസ്കോപ്പന്മാരാല്‍ വിളിക്കപ്പെടണം. അവന്‍ വരികയും ശാസിക്കപ്പെടുമ്പോള്‍ ഏറ്റുപറകയും ചെയ്യുന്നു എങ്കില്‍ വിധി നിശ്ചയിക്കപ്പെടണം. അവന്‍ വരാതെ ഇരുന്നാല്‍ രണ്ടാം പ്രാവശ്യവും മൂന്നാം പ്രാവശ്യവും രണ്ടു എപ്പിസ്കോപ്പന്മാരെ അയച്ചു വിളിപ്പിക്കണം. ഇപ്രകാരം ചെയ്തിട്ടും അഗണ്യമായി വിചാരിച്ചാല്‍ മുടക്കപ്പെടണം.” കുസ്തന്തീനോപ്പോലിസ് “വേദവിപരീതികളും കുറ്റത്തിന്‍കീഴുള്ളവരും കുറ്റമില്ലാത്തവരെന്നു തങ്ങളെത്തന്നെ കാണിക്കുന്നതിനു മുമ്പായി എപ്പിസ്കോപ്പായെ കുറ്റം ചുമത്തുവാന്‍ സമ്മതിക്കപ്പെടരുത്. സ്വീകാര്യമായ കുറ്റാരോപണം സംസ്ഥാന ഇടവകയിലെ എല്ലാ എപ്പിസ്കോപ്പന്മാരുടെയും മുമ്പാകെ ആയിരിക്കണം. സംസ്ഥാന ഇടവകയിലെ എപ്പിസ്കോപ്പന്മാര്‍ക്ക് എപ്പിസ്കോപ്പായുടെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെ ശരിപ്പെടുത്താന്‍ കഴിയാതെയിരുന്നാല്‍ സംസ്ഥാന ഇടവകയിലെ വലിയ സുന്നഹദോസിന്‍റെ അടുക്കല്‍ കുറ്റാരോപണങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുവരണം.” (അന്ത്യോഖ്യാ 14) “കുറ്റം വിധിക്കപ്പെടുന്ന എപ്പിസ്കോപ്പായെ സംബന്ധിച്ചു സംസ്ഥാന ഇടവകയിലെ എപ്പിസ്കോപ്പന്മാര്‍ അഭിപ്രായത്തില്‍ യോജിക്കാതെ ചിലര്‍ കുറ്റക്കാരനായും ചിലര്‍ കുറ്റമില്ലാത്തവനായും ഗണിക്കുന്നപക്ഷം മറ്റു സംസ്ഥാന ഇടവകയില്‍ നിന്ന് അടുത്തുള്ള എപ്പിസ്കോപ്പന്മാരെ തങ്ങളോടുകൂടെ (ഇരുന്നു സംഗതി) തീരുമാനത്തിനായിട്ടു വിളിക്കണം.” (അന്ത്യോഖ്യാ 15): “കുറ്റം വിധിക്കപ്പെടുന്ന ആളിനെ സംബന്ധിച്ച് സംസ്ഥാന ഇടവകയില്‍ ഉള്ള എല്ലാവരും ഏകാഭിപ്രായത്തോടുകൂടെ ഒരു നിശ്ചയം ചെയ്താല്‍ മറ്റു സംസ്ഥാന ഇടവകയില്‍ ഉള്ളവരെ വിളിപ്പാന്‍ ആവശ്യമില്ല. കുറ്റം വിധിക്കപ്പെടുന്നവര്‍ മറ്റുള്ളവരുടെ വിധിയെ അന്വേഷിക്കയും അരുത്.” കാനോനില്‍ കല്പിച്ചിരിക്കുന്ന ഈ നടപടികളില്‍ യാതൊന്നും ഇപ്പോഴത്തെ മുടക്കിനു മുമ്പായി നടന്നിട്ടില്ലാത്തതിനാല്‍ ഇത് ഒരു സാധുവായ മുടക്കാണെന്നു പറവാന്‍ പാടില്ല. കാനോന്‍പ്രകാരം കുറ്റാരോപണം ചെയ്യപ്പെട്ട് അവിടുത്തെ വരുത്തുകയോ ചട്ടപ്രകാരം വിസ്തരിക്കയോ ചെയ്തിട്ടില്ല. ഒരു മെത്രാപ്പോലീത്തായെ മുടക്കുന്നതിന് ആ ഹൂഫര്‍ക്കിയായിലെ മെത്രാന്മാരുടെ മുമ്പില്‍ വിസ്തരിച്ചു വിധി കല്പിക്കണമെന്നു കാനോനില്‍ പറയുന്നതുപോലെ ചെയ്തിട്ടുള്ളതായി ഞങ്ങള്‍ അറിയുന്നില്ല. ഈ ഹൂഫര്‍ക്കിയായില്‍ ഇടവകഭരണമുള്ളവരോ പഴമക്കാരോ ആയ മേല്പട്ടക്കാര്‍ ഞങ്ങള്‍ രണ്ടുപേരല്ലാതെ വേറെ ഇല്ല. വേറെ മെത്രാന്മാരുള്ളവര്‍ ഈ ഹൂഫര്‍ക്കിയായില്‍ ഭരണമില്ലാത്തവരും തീബേലിന്‍റെ മെത്രാന്മാരും ആണ്. മലങ്കരസഭയുടെ ട്രസ്റ്റിന്നു വിപരീതമായി ബാവായിക്ക് ഉടമ്പടി കൊടുത്തിട്ടുള്ളവരുമാണ്. അവിടുത്തെ നേരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെ മെത്രാന്മാര്‍ വാക്കാലും രേഖാമൂലവും സമ്മതിച്ചിട്ടുണ്ടെന്നു പറയുന്നു. ഇത് ഞങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഞങ്ങളില്‍ ആരോടും ഒരക്ഷരംപോലും ഇതേ സംബന്ധിച്ചു ബാവാ ചോദിക്കുകയോ ഞങ്ങളുടെ അഭിപ്രായം അറിയുകയോ ഞങ്ങളുടെ സഹകരണം ഉണ്ടാകയോ അതിനെ ആവശ്യപ്പെടുകയോ ഈ കല്പന പുറപ്പെടുവിക്കുന്നതിനു മുമ്പു വിവരം ഞങ്ങളെ അറിയിക്കയോ ചെയ്തിട്ടില്ലെന്നു ഞങ്ങള്‍ പ്രസ്താവിച്ചുകൊള്ളുന്നു. ശേഷം മെത്രാന്മാരെക്കുറിച്ചാണ് കല്പനയില്‍ പറയുന്നതെങ്കില്‍ അവരില്‍ ഇടവക മെത്രാന്മാരായി ആരും ഇല്ല. എന്നു തന്നെയുമല്ല അവരോടാലോചിച്ചിട്ടുണ്ടെന്നിരുന്നാല്‍ത്തന്നെയും അതിനെക്കുറിച്ചു ഞങ്ങള്‍ക്കു യാതൊരറിവും ഇല്ല. അവര്‍ തീബേല്‍ മെത്രാന്മാര്‍ആകയാല്‍ അവരുടെ അഭിപ്രായത്തെ ആശ്രയിച്ചു ഒന്നും പ്രവര്‍ത്തിപ്പാന്‍ കാനോന്‍പ്രകാരം ന്യായമുണ്ടെന്നു കാണുന്നില്ല. അവരുടെ അഭിപ്രായത്തിനു വിലയുണ്ടായിരുന്നാല്‍ത്തന്നെയും പ്രതിയായ അവിടുത്തെ കൂടെ നിറുത്തി വിസ്താരം നടത്താതെ അവര്‍ രഹസ്യമായി പറഞ്ഞിട്ടുണ്ടെന്നു ഭാവിക്കുന്ന അഭിപ്രായത്തിനു നിയമപ്രകാരം വിലയില്ല. ആകയാല്‍ ഹൂഫര്‍ക്കിയായിലെ സാക്ഷാല്‍ മേല്‍പ്പട്ടക്കാരായ ഞങ്ങളെ അറിയിക്കാതെയും അവിടുത്തേക്കു സമാധാനം കേള്‍പ്പിക്കുന്നതിന് അവസരം തരാതെയും ഉണ്ടായ മുടക്കു കാനോനായിക്കടുത്തതാകയില്ല.

ആറാമതു, നമ്മുടെ മലങ്കരസഭയുടെ ട്രസ്റ്റിന്‍റെ സ്വഭാവം ആലോചിച്ചാലും ഈ മുടക്കു നീതിയായി ഉണ്ടായതാണെന്നു പറവാന്‍ വഴി കാണുന്നില്ല. ബഹുമാനപ്പെട്ട റോയല്‍ കോടതി ബാവായിക്കു ലൌകികാധികാരം ഇല്ലെന്നു വിധിച്ചിരിക്കുന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. ഈ വിധി ശരിയല്ലെന്നു വിചാരിച്ചാലും അതിനെ കവര്‍ന്നു പൊതുയോഗത്തിന്‍റെ സമ്മതംകൂടാതെ പ്രവര്‍ത്തിച്ചാല്‍ ആ പ്രവര്‍ത്തി കോടതിയില്‍ അംഗീകരിക്കപ്പെടുന്നതല്ല. അവിടുന്നു ബാവായുടെ ആഗ്രഹം അനുസരിച്ചുള്ള ഉടമ്പടി കൊടുത്താല്‍ തന്നെയും അതുനിമിത്തം ട്രസ്റ്റിന് അയോഗ്യനായി തീരുമെന്നേയുള്ളു.

ഏഴാമതു, കാലം ചെയ്ത മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റും പിന്തുര്‍ച്ചക്കാരനുമായി പൊതുയോഗത്തിന്‍റെ ഐകകണ്ഠ്യേനയുള്ള തെരഞ്ഞെടുപ്പുപ്രകാരം വാഴിക്കപ്പെടുകയും മലങ്കര മെത്രാപ്പോലീത്താ ആയി അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്കും താമസിയാതെ ഒരു സുന്നഹദോസു (പൊതുജനങ്ങളുടെ യോഗം) കൂടാന്‍ ബാവാ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നതായി കല്പനപ്രകാരം മൂന്നു സഹോദരന്മാര്‍ ഈയിടെ ഒരു കല്പന പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്കും അവിടുത്തെ നേരെ ആരോപിക്കുന്ന കുറ്റങ്ങള്‍ പൊതുയോഗത്തെ കേള്‍പ്പിച്ചു കുറ്റക്കാരനെന്നു കണ്ടാല്‍ മലങ്കരയുടെ അറിവോടും സമ്മതത്തോടുംകൂടെ പരസ്യമായി ശിക്ഷിക്കാന്‍ വേണ്ട സൗകര്യമുള്ള സ്ഥിതിക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മുടക്കു ന്യായമായിരിക്കുന്നില്ല.
മൊത്തത്തില്‍ ഞങ്ങളുടെ അഭിപ്രായം ഈ മുടക്കു ന്യായരഹിതവും വിശുദ്ധ കാനോനിനും രാജചട്ടത്തിനും ചേരാത്തതുമാകയാല്‍ ഈ മുടക്കിനെ സ്വീകരിച്ചു പ്രവര്‍ത്തിപ്പാന്‍ ഞങ്ങള്‍ക്ക് മാര്‍ഗ്ഗമില്ലാത്തതാകുന്നു. അവിടുന്നു സത്യവിശ്വാസത്തിന്‍റെ ഉറപ്പിന്നും സഭയുടെ അഭിവൃദ്ധിക്കും വേണ്ടി വളരെ തീക്ഷ്ണതയോടു കൂടെ പ്രവര്‍ത്തിച്ചുവരുന്നു എന്നുള്ളതു ഞങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും ബോദ്ധ്യമാണ്. അതിനാല്‍ നമ്മുടെ കര്‍ത്താവിന്‍റെ വിശുദ്ധ സഭയ്ക്കുവേണ്ടി അവിടുന്ന് ഇത്രത്തോളം പ്രയാസപ്പെടുകയും പ്രയത്നിക്കയും ചെയ്തതുപോലെ മേലാലും ചെയ്തുകൊണ്ടിരിക്കണമെന്നും അവിടുത്തേക്കുണ്ടാകുന്ന സകല ഞെരുക്കങ്ങളിലും ഞങ്ങളും പങ്കുകാരായിരിക്കുമെന്നും കര്‍ത്താവിന്‍റെ സ്നേഹം നിമിത്തം അറിയിച്ചുകൊള്ളുന്നു. ദൈവമായ കര്‍ത്താവു കാണപ്പെടാവതല്ലാത്ത തന്‍റെ വലത്തുകൈ നീട്ടി അവിടുത്തെയും നമ്മുടെ സഭയെയും അനുഗ്രഹിക്കയും കാത്തുകൊള്ളുകയും ചെയ്യുന്നതിനു ബലഹീനന്മാരായ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.

(1911-ാമാണ്ടു മിഥുനമാസം 2-ാം തീയതി വ്യാഴാഴ്ച മണ്ണത്തൂര്‍ പള്ളിയില്‍ നിന്നും
മാര്‍ ഈവാനിയോസ് (ഒപ്പ്) മാര്‍ യൂലിയോസ് (ഒപ്പ്)

(1911 ജൂണ്‍ 15-നു മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് വട്ടശ്ശേരില്‍ തിരുമേനിക്ക് സമര്‍പ്പിച്ച കത്ത്)