സഭയുടെ ഇപ്പോഴത്തെ പ്രതിസന്ധി: ചില പ്രായോഗിക നിർദേശങ്ങൾ / കോരസൺ വർഗ്ഗിസ്, ന്യൂയോർക്ക്

കാഹളനാദം അവ്യക്തമെങ്കിൽ ആർ പടക്കൊരുങ്ങും? (1 കൊരിന്ത്യർ 14 :8)

സഭയുടെ നടപടിപ്രകാരം തിരഞ്ഞെടുത്തു വാഴിച്ച സീനിയർ മെത്രാപോലിത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സഭയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചു നടത്തിയ പ്രസ്താവനകൾ അമ്പരപ്പിക്കുകയും അതിലേറെ ഒരു സാധാരണ വിശ്വാസി എന്ന നിലയിൽ നൊമ്പരം ഉണ്ടാക്കുകയും ചെയ്തു.സഭയുടെ യോജിപ്പിനായി ആഗ്രഹിക്കുന്ന എല്ലാവർക്കും ഉണങ്ങാത്ത മുറിപ്പാടുകളാണ് തെളിഞ്ഞുവന്നത്. ആരാണ് എന്താണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം?. “നടപടിപ്രകാരം തിരഞ്ഞെടുത്തു” എന്ന പ്രയോഗം ശ്രദ്ധിച്ചുകാണുമല്ലോ. വ്യവസ്ഥാപിതമല്ലാത്ത ക്രമീകരണം എപ്പോഴൊക്കെ ഒത്തുതീർപ്പിനു വിധേയമായിട്ടുണ്ടോ അതിനു ദൂരവ്യാപകമായ പ്രത്യാഘ്യാതം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ചരിത്രം. 

ഒരു സീനിയർ മെത്രാപ്പോലീത്തക്ക് സഭയുടെ നിർണായക കേസിന്റെ നടത്തിപ്പിനും അതിന്റെ ഗതിവിധികളെപ്പറ്റിയും ഭാഗികമായ ഉൾക്കാഴ്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറയുമ്പോൾ അവ്യക്തമായ കാഹളനാദമാണ് കേൾക്കുന്നത്. അമേരിക്കയിൽ ഒരു പ്രമുഖ വൈദീകൻ സഭാകേസിനെക്കുറിച്ചു പള്ളിയിൽ പ്രസ്താവിക്കുന്നത് അത്ഭുതത്തോടെയാണ് ശ്രവിച്ചത്. “നാട്ടിൽ അവർ എന്തൊക്കെയോ ചെയ്യുന്നു, അതുകേട്ടു ആരും ബേജാറാവേണ്ട, അവിടുത്തെ കാര്യങ്ങൾ ഒക്കെ അവർ നോക്കിക്കൊള്ളും’. ഡൽഹി ഭദ്രാസനത്തിൽപ്പെട്ട മറ്റൊരു പ്രമുഖ വൈദീകനുമായി സംസാരിച്ചപ്പോൾ “കേരളത്തിൽ എന്തൊക്കെയാ നടക്കുന്നത്?, ഞാൻ അതിലൊന്നും അഭിപ്രായം പറയുന്നുമില്ല, തലയിടുന്നുമില്ല”എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു പ്രത്യേക കാര്യത്തിനായി നാട്ടിൽ നിന്നും വിളിച്ച ഒരുകോർഎപ്പിസ്കോപ്പ പറയുന്നു, “പരിതാപകരം, ആരോടും നമുക്കു ചേർന്നുനിൽക്കാനില്ലാത്ത അവസ്ഥ!. ഞാനൊന്നു നടുങ്ങാതിരുന്നില്ല, സഭക്കുവേണ്ടി പ്രാണത്യാഗം ചെയ്യാൻ മടിക്കാത്ത ആത്മാക്കളാണ് ഇവർ എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം. എന്നാലും എന്താണ് വ്യക്തം ആകാത്തത് എന്ന് ചിന്തിച്ചു ഞാൻ നെടുവീർപ്പിട്ടു. 

നീതിയും, സമ്പൂർണ്ണവും കൃത്യവുമായ കോടതിവിധി ലഭിച്ചിട്ടും എന്തേ നമുക്ക് ഇത്തരം ഒരു മറുപടികൊടുക്കാനാവാത്ത ദുരവസ്ഥ? ആർക്കാണ് നമ്മുടെ നിലപാടുകൾ നമ്മോടുതന്നെ വിശദമാക്കാൻ കഴിയുക?  മലങ്കരസഭാവിധിയുടെ തർക്കങ്ങളിൽ എപ്പോഴും നിഴലിച്ചുനിൽക്കുന്ന ഒരു സ്ഥാനിയാണ് മലങ്കരമെത്രാപോലിത്ത. വിധിയുടെ നടത്തിപ്പിൽ അന്തിമമായി ചാർത്തപ്പെടുന്ന പേരും നൂറ്റാണ്ടുകളായി കൈമാറി വന്ന മലങ്കര നസ്രാണികളുടെ ജാതിക്കു കർത്തവ്യന്റെ പാരമ്പര്യസ്ഥാനം ആണത്. അതുകൊണ്ടുതന്നെ ഏപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സ്ഥാനവും അതാണ്.  നസ്രാണി ഒരുജാതി എന്ന നിലയിൽ ഭാരതത്തിൽ വിളിക്കപ്പെട്ടപ്പോൾ  ജാതിക്കുകർത്തവ്യൻ, ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട അഭിഷേകം ചെയ്യപ്പെട്ട ഒരു സ്ഥാനിയാണ്. അല്ലാതെ ആരുടെയും ഔദാര്യത്തിലോ പണം കൊടുത്തോ നേടാവുന്ന ഒരു പദവി അല്ല അത്. അതുകൊണ്ടുതന്നെ പൊതു വിശദീകരണത്തിനു പരിമിതികൾ ഉണ്ടാവാം. അംഗങ്ങളുടെ ഭൂരിപക്ഷം അനുസരിച്ചു സഭയുടെയോ ഇടവകയുടെയോ എന്തെങ്കിലും സ്വത്തുക്കൾ വീതം വെയ്ക്കാൻ, സമാന്തര ഭരണം അനുവദിക്കാൻ, ഏതെങ്കിലും ഒരു ദേവാലയം ഏറ്റെടുത്തു മറ്റൊരു കൂട്ടർക്ക് കൊടുക്കാൻ ഒന്നും മലങ്കരമെത്രാപ്പോലീത്തക്ക് സാധിക്കില്ല എന്ന് ആരാണ് പൊതുസമൂഹത്തോടു നിരന്തരം ഓർമ്മപ്പെടുത്തേണ്ടത്? അന്തിമമായ സുപ്രീം കോടതിവിധിയിൽ മായം ചേർക്കാനോ, സ്വയമായി നീക്കുപോക്കുകൾ ഉണ്ടാക്കാനോ, ചെറിയ മാറ്റം വരുത്തിക്കൊണ്ട് വ്യവസ്ഥപ്പെടുത്തുവാനോ കഴിയില്ല എന്ന് ആരോടാണ് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത്? പരിശുദ്ധ പിതാക്കന്മാരായ ഗീവർഗീസ് മാർ ദീവന്യാസിയോസ് തിരുമേനിയെപ്പോലെ അന്ത്യോഖ്യൻ മുടക്കു പൂമാലയാണെന്നും, ബസേലിയോസ് ഗീവർഗീസ് രണ്ടാമനെപ്പോലെ കോടതിവിധികളിൽ ഊറ്റംകൊള്ളാതെ, എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറായി പരസ്പരം ആലിംഗനംചെയ്യാൻ മടികാട്ടാത്ത, ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയനെപ്പോലെ ഇന്ത്യൻ നിയമവ്യവസ്ഥിക്കു മുന്നിൽ സ്ഥാനത്യാഗം ചെയ്തു വിശ്വാസികളുടെയും വൈദീകരുടെയും അംഗീകാരം നേടാൻ ചങ്കുറപ്പുകാട്ടുകയും ചെയ്ത വലിയ ഒരു പരമ്പരയുടെ കണ്ണിയാണ് ഈ പുണ്യസ്ഥാനം. പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ അതേ കിരീടം അണിയുമ്പോൾ അത് വെറും നിറമുള്ള അലങ്കാരമല്ല, അനേകം പിതാക്കന്മാരുടെ പ്രാണനും നിണവും ഗന്ധവും തുടിച്ചുനിൽക്കുന്ന മഹനീയ ഉത്തരവാദിത്തമാണ്, നസ്രാണി സംസ്കാരത്തിന്റെ കാണപ്പെടുന്ന തലപ്പാവാണ്.     

നിലപാടുകൾ വ്യക്തമാക്കണം : കിട്ടാവുന്ന പള്ളികൾ തിരിച്ചുപിടിച്ചു വിഘടിച്ചു പിരിയാൻ വെമ്പുന്നവർ എവിടെയെങ്കിലും പോയി തുലയട്ടെ എന്നാണോ നമ്മുടെ നിലപാട്? കുറച്ചുകാലമായി നഷ്ട്ടപ്പെട്ട ആടിനെ തിരയുന്ന ഇടയന്റെ സുവിശേഷം നമ്മൾ മറന്നു. അതൊന്നും അത്ര പ്രാക്റ്റിക്കൽ അല്ല. പകരം, ‘വേണമെങ്കിൽ നീ നിന്നോ അല്ലേൽ എവിടയെങ്കിലും പോയിതുലയു” എന്ന സമീപനം ആണ് അടിമുടി കണ്ടുവരുന്നത്. നാം നമുക്കുനേരെ വിരൽ ചൂണ്ടാൻ തുടങ്ങിയാൽ ശരിപ്പെടുത്താവുന്ന കാര്യങ്ങളേ ഉള്ളൂ, എന്നാണ് അഭിവന്ദ്യ കൂറിലോസ് തിരുമേനി പറഞ്ഞു തുടങ്ങിയത്. സമാധാന ചതിക്കുഴിയിൽ നാം പലപ്രാവശ്യം വീണു. അടുത്ത സമാധാന ശ്രമവും പെരുംകള്ളനെ നിധി നോക്കാൻ ഏൽപ്പിക്കുന്ന ഇടപാടുപോലെയാവില്ലേ? ശരിയാണ് സംശയങ്ങൾ.  ഒത്തുപോയാൽ കേരളസമൂഹത്തിൽ നിർണായക സ്വാധീനവും സാക്ഷ്യവും ഉള്ള ഒരു കൂട്ടമായി നാംമാറും എന്ന സത്യം നിലനിൽക്കെ, യോജിപ്പിനായി എന്തെങ്കിലും ഒരു ഫോർമുല മുന്നോട്ടു വെയ്‌ക്കാനുണ്ടോ? എതിർപാളയത്തിൽ ഒരു ചെറുവിള്ളൽ എങ്കിലും ഉണ്ടാക്കാൻ നമുക്കായിട്ടുണ്ടോ? മറുഭാഗത്തുനിൽക്കുന്നവരെ വിശ്വാസത്തിലെടുക്കാൻ എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായിട്ടുണ്ടോ? ഉണ്ടായിരിക്കാം, അറിയില്ല. ചില പൊരുളുകൾ തിരിച്ചറിയേണ്ടതുണ്ട്.

സഭയുടെ പൊതുനിലപാടുകൾ ബോധ്യപ്പെടുത്താൻ മെത്രാപ്പോലീത്താമാർക്കു കഴിയണം. അവർ വൈദീകർ വഴി വിശ്വാസികളിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം. ഇപ്പോൾ അത്തരം ഒരുനീക്കം കാണുന്നു എന്നത് ആശാവഹം. വിധിയുടെ ഇതൾവിരിച്ച സമീപനം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. ഇതരസമുദായത്തിലും ഇടങ്ങളിലും കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു നമ്മുടെ സ്വാധീനം ഉണ്ടാക്കാൻ നാംവിമുഖത കാട്ടി. അതുകൊണ്ടു നമ്മൾ കയ്യേറ്റക്കാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിക്കാൻ പൊതു സമൂഹത്തിനു മടിയുണ്ടായില്ല. എവിടെയാണ് നാം പാളിപോകുന്നത്? 

ഓരോ ഭദ്രാസനങ്ങളും  ഓരോ സഭപോലെ പോകുന്നു എന്ന ഒരു ആരോപണം കുറച്ചുനാൾ മുതൽ ഉണ്ടാവുന്നുണ്ട്. അതിന്റെ വെളിച്ചത്തിലാണ് പൊതു എപ്പിസ്കോപ്പൽ ട്രാൻസ്ഫർ എന്ന ആശയം സഭാമാനേജിങ് കമ്മറ്റിയിൽ അവതരിക്കപ്പെട്ടത്. അതിനൊപ്പം പൊതു താല്പര്യമുള്ള ചില പെരുമാറ്റച്ചട്ടങ്ങളും അവതരിപ്പിച്ചിരുന്നു. മെത്രാപ്പോലീത്തമാർ എല്ലാവരും ഒരുപോലെ ഭരണമികവുള്ളവർ ആയിരിക്കില്ല എന്നാൽ ഒരാൾക്ക് ഇല്ലാത്ത കഴിവുകൾ മറ്റൊരാൾക്ക് ഉണ്ടാവാം, അവ സഭയുടെ മൊത്തമായ വളർച്ചക്ക് ഉപയോഗപ്പെടുത്തണം. സഭയുടെ പൊതുവായ കാര്യങ്ങൾ അവതരിപ്പിക്കാൻ പുത്തൻകാവിൽ കൊച്ചുതിരുമേനി സഭയുടെ എല്ലാ ഇടങ്ങളിലും ഓടിനടന്നു പ്രസംഗിച്ചതായി കേട്ടിട്ടുണ്ട്. 

പൗലോസ് മാർ ഗ്രീഗോറിയോസ്, ഗീവർഗീസ് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തന്മാർ സഭയുടെ പൊതുവായ അംഗീകാരം നേടിയ പിതാക്കന്മാരായിട്ടാണ് ഓർക്കപ്പെടുന്നത്. അത്തരം പീഠങ്ങൾ ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. പറഞ്ഞും പഠിപ്പിച്ചും ചൊടിപ്പിച്ചും ചിന്തിപ്പിച്ചും മലങ്കരെയാകെ ഒന്നായി കാണാൻ പ്രാപ്തിയുള്ള പിതാക്കന്മാർ ഉണ്ടാവണം. ഒരു ഭദ്രാസനത്തിൽ എത്ര തൊഴിലില്ലാത്ത ചെറുപ്പക്കാർ ഉണ്ട് എന്ന് തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഡാനിയേൽ മാർ പീലക്സിനോസ് തിരുമേനിക്ക് അറിയാമായിരുന്നു. അവരെക്കുറിച്ചു ആധിയും വേദനയും ആ പിതാവിന് ഉണ്ടായിരുന്നു. ഓരോ വീട്ടിലും നിരന്തരമായ സുവിശേഷീകരണത്തിന്റെ സാന്നിധ്യം ഉറപ്പാക്കിയ പിതാവായിരുന്നു എന്ന് അടുത്ത് നിൽക്കുന്നവർക്ക് അറിയാമായിരുന്നു. 
അമേരിക്കയിൽനിന്നും ട്രാൻസ്ഫർ ആയി പോകുന്ന മാർത്തോമ്മ സഭയിലെ യുയാക്കിം മാർ കൂറിലോസ് തിരുമേനിക്ക് അമേരിക്കൻ ഭദ്രാസന നിലയിൽ യാത്രയയപ്പു നൽകിയപ്പോൾ യുയാക്കിം തിരുമേനി ഒരു കാര്യം അവതരിപ്പിച്ചു. അമേരിക്കയിൽ ചെറുപ്പക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ വിവാഹം കഴിക്കാതെ നിൽക്കുന്നു. അവരെക്കുറിച്ചു മാതാപിതാക്കൾക്ക് കടുത്ത ആശങ്ക. തിരുമേനി വൈദികരിൽകൂടി അത്തരം കുട്ടികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ഇത് നമുക്ക് ഒന്നിച്ചു പോരാടേണ്ട വിഷയമാണ് അതാണ് ഞാൻ പോകുമ്പോൾ എനിക്ക് നിങ്ങളുടെ മുന്നിൽ വെയ്ക്കാനുള്ളത് എന്ന് പറഞ്ഞതോർക്കുന്നു. ആടിന്റെ വേദന തിരിച്ചറിയുന്ന ഇടയന്മാർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട്. എന്നാൽ കൂടുതൽ സമയം സോഷ്യൽ നെറ്റ്‌വർക്ക് അടിമകളായി വൈദികരിൽനിന്നും ആളുകളിൽനിന്നും ബോധപൂർവം അകന്നുനിൽക്കുന്ന വരേണ്യ അധിപന്മാരും ഉണ്ട് എന്ന് തിരിച്ചറിയണം. അപ്പോയ്ന്റ്മെന്റ് എടുത്തു കാണാൻ ചെല്ലുമ്പോൾ വാച്ചിൽ നോക്കി നിനക്ക് ഇത്രയേ സമയം എനിക്ക് തരാൻഉള്ളൂ എന്ന് പറയാതെ പറയുന്ന ഇടയൻ! ആളുകളെ റബ്ബർ മരങ്ങളും വൈദീകരെ റബ്ബർവെട്ടുകാരും ആയി കാണുന്ന അഭിനവ പ്ലാൻട്ടേഷൻ പിതാക്കന്മാർ. ഇത്തരം സമീപനം പകർത്തുന്ന വൈദീകരുംകൂടി ഉണ്ടാവുമ്പോൾ വിശ്വാസികളുടെ ഗതി ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെ സഭ പരാജയപ്പെടുകയാണ്.

സഭയോടുള്ള കൂറ് ഇടക്ക് മറനീക്കിവെളിച്ചത്തു വരുമ്പോൾ : കഴിഞ്ഞ മലങ്കര അസോസിയേഷനിൽ പങ്കെടുക്കാൻ പോയി സാക്ഷിപത്രം കൊടുത്തു ബാഡ്ജും ഭക്ഷണത്തിനുള്ള കൂപ്പണും വാങ്ങി. അപ്പോൾ ഒരു മെത്രാപോലിത്ത കുശലം പറയാൻ എത്തി. എല്ലാര്ക്കും ഭക്ഷണത്തിനു കൂപ്പൺ കിട്ടിയല്ലോ ഇനിം പോയികഴിച്ചുകൊള്ളുക, ഇത്രയേഉള്ളൂ അസോസിയേഷൻ എന്ന് പറഞ്ഞു കുലുങ്ങിചിരിച്ചുപോയി. ‘നടപടിപ്രകാരം തിരഞ്ഞെടുത്ത’ എന്ന പ്രയോഗത്തിന്റെ സാംഗത്യം ഇവിടെയാണ് തെളിഞ്ഞുവന്നത്.  സഭയുടെ എല്ലാഅവകാശങ്ങളും അനുഭവിച്ചുകൊണ്ടുതന്നെ, മലങ്കരയുടെ മഹാപാർലിമെന്റ് എന്ന് നാം അഭിമാനപൂർവം പറയുന്ന സമ്മേളനത്തെ പുച്ഛിക്കാനും ഭരണഘടനയെ ഇകഴ്ത്താനും സാധിക്കും. ഭദ്രാസനത്തിലെ സഭാമാനേജിങ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരോട് അസോസിയേഷൻ യോഗത്തിനു പോകേണ്ട ആവശ്യം ഇല്ല, അതിനുശേഷം ഉള്ള കമ്മറ്റിക്ക്പോയി ബാഡ്ജ് വാങ്ങിയാൽ മതി എന്ന് നിർദേശിച്ചു എന്നും, അവർ പിന്നെ അധികം അങ്ങോട്ട് പോയില്ല എന്നും, അടുത്ത തിരഞ്ഞെടുപ്പിൽ യാതൊരുവിധത്തിലും യോഗത്തിനു പോകാൻ സാധിക്കാത്തവരെ തിരഞ്ഞെടുക്കാൻ പണിതുടങ്ങി എന്നും കേൾക്കുന്നു.സോഷ്യൽ മീഡിയയിൽകൂടി ആളുകളെ ചൂടാക്കി മനഃപൂർവം വിഘടിപ്പിച്ചു തമ്മിലടിച്ചു രസിക്കുന്ന, ഒരിക്കലും സമാധാനത്തിനു സാധ്യത ഉണ്ടാക്കരുതെന്ന രീതിയിൽ കുസൃതിത്തരങ്ങളും കുന്നായ്‌മകളുമായി നിരന്തരം ഇടപെടുന്ന കലക്കത്തിന്റെ ദൈവങ്ങളായി അവതരിച്ചവരും നമ്മുടെയിടയിൽ ഉണ്ട്. എന്റെ പള്ളികളിൽ ഒരു കോട്ടയംകാരനും ഭരിക്കാൻവരണ്ട എന്ന് പറയാൻ മടിക്കാത്ത സമുന്നതസ്ഥാനികളും  നിലയുറപ്പിച്ചിട്ടുണ്ട്. ഇതുപോലെ സഭയുടെ സംസ്കാരത്തോടു ഒരിക്കലും പൊരുത്തപ്പെടാത്ത ഒരുപിടിപ്പേർ സഭയുടെ നിയന്ത്രണം കൈയേറുമ്പോൾ എന്താകും സംഭവിക്കുക? സഭ അവിടെ പരാജയപ്പെടുകയല്ലേ?.വെറും ഒരു തട്ടിക്കൂട്ട് യോജിപ്പല്ല ഉണ്ടാകേണ്ടത്, അല്ലെങ്കിൽ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തവരെ മാത്രം ഉൾകൊള്ളുന്ന യോജിപ്പുമല്ല വേണ്ടത്, സാംസ്കാരികമായ ഒരു ഇഴുകിച്ചേരൽ ഉണ്ടാവാനുള്ള ക്രിയാത്‌മകപദ്ധതിയാണ് ഉണ്ടാവേണ്ടത്.    
വിശ്വാസികളോടുള്ള സമീപനം പുനഃപരിശോദിക്കണം: പരിശുദ്ധന്മാരുടെ മധ്യസ്ഥതകൊണ്ടുമാത്രമല്ല നിഷ്‌കളങ്കരായ വിശ്വാസികളുടെ അർപ്പണവും ജീവിതവിശുദ്ധിയും കൊണ്ടാണ് ഈ സഭ നിലനിൽക്കുന്നതെന്ന് വന്ദ്യ.കെ എം ജോർജ്ജ് അച്ചൻ പറഞ്ഞതോർക്കുന്നു. ഏറ്റവും വലിയ ഉദാഹരണം സർവ്വശ്രീ. കെ. സി. മാമ്മൻ മാപ്പിള, മകൻ കെ. എം. ജേക്കബിന് 1939 -ൽ ജയിലിൽ നിന്നും അയച്ച കത്തിൽ അടിവരയിട്ടു പറയുന്നുണ്ട് (എട്ടാമത്തെ മോതിരം പുറം 476- 477). കടം കയറി വിഷമിച്ച സന്ദർഭത്തിൽ, വർഷങ്ങളോളം എം. ഡി. സെമിനാരി സ്കൂളിൽ അദ്ധ്യാപകനായിരുന്ന തനിക്കു ശമ്പളം തരാതെയും, തരം താഴ്ത്തിയും മാനസീകമായി പീഠിപ്പിച്ച പരിശുദ്ധ പിതാക്കന്മാരുടെ സമീപനത്തിനു ഇന്നും മാറ്റം ഉണ്ടായോ എന്ന ആത്മപരിശോധന ആവശ്യമാണ്.  “absolute power നെ എത്രയും ലഘുവായ വിധത്തിലെങ്കിലും കുറയ്ക്കണമെന്നു മൂന്നു മാസക്കാലം കണ്ണിൽനിന്നും രക്തം ചാടി അപേക്ഷിച്ചിട്ടും വരവണ്ണം വിട്ടുവീഴ്ച്ച ചെയ്തില്ല. ചെലവിനു വഴിയില്ലന്നുള്ള സ്ഥിതി മരണത്തെയും prison life നേയുംകാൾ സഹിക്കാൻ പാടില്ലാത്തതാണെന്നു എനിക്ക് അനുഭവമാണ്.” സഭക്കുവേണ്ടി വാദിക്കാൻ മനോരമയുടെ എഡിറ്റോറിയൽ മാറ്റിവച്ച മഹാരഥന്മാരുടെ ഓർമ്മകൾക്ക് നാം എന്ത് വിലയാണ് കൊടുത്തിട്ടുള്ളത്?. കരിങ്ങാച്ചിറപ്പള്ളിയിലെ പണം അബ്ദുള്ള പാത്രിയർക്കിസ് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ തയ്യാറാകാതിരുന്ന ട്രസ്റ്റി മൂക്കഞ്ചേരിൽ കുഞ്ഞിചെറിയയെയും കുടുംബത്തെയും ജാതിഭ്രഷ്‌ടനാക്കിയത് ഒക്കെ വളരെപഴയ ചരിത്രം. സഭക്കുവേണ്ടി ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരുന്ന ഇലഞ്ഞിക്കൽ ബേബിച്ചായൻ (E John Jacob MLA) ഇപ്പോഴും ഓർമ്മയിലുണ്ട്. സഭക്കുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ശ്രേഷ്ഠനായ മലങ്കര വർഗീസ് തുടങ്ങി എത്രയോ വിശ്വാസികളായ ധീരമാർ ആത്മാവും ജീവനും രക്തവും കൊടുത്തതാണ് ആധുനിക സഭ.   

അടുത്ത നൂറ്റാണ്ടിൽ ശ്രീ. ഉമ്മൻ ചാണ്ടി അല്ലാതെ ഒരു ഓർത്തോഡോസ്‌കാരൻ കേരള മുഖ്യമന്ത്രി ആയി എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകാൻ മലങ്കരസഭ എന്താണ് പ്രവർത്തിച്ചിട്ടുള്ളത് എന്നെനിക്കു അറിയില്ല. അദ്ദേഹത്തിന്റെ തീവ്രമായ വിശ്വാസനിലവാരത്തെക്കുറിച്ചും ആർക്കും സംശയമില്ല. ഒരു രാഷ്ട്രീയക്കാരനു  അയാളുടെ വ്യക്തിപരമായ ആദർശങ്ങളും നിലപാടുകളും ഉണ്ടാവാം. അദ്ദേഹം തന്റെ വിശ്വാസവുമായി കൂട്ടിക്കുഴക്കാൻ തയ്യാറാവാത്തതും, എതിർ ചേരിയിലുള്ളവരെപ്പോലും വിശ്വാസത്തിൽ എടുക്കാൻ തയ്യാറായതും ക്രൂരമായ വങ്കത്തരമായി ചിലർ വിലയിരുത്തുന്നുണ്ടാവും. എന്ത് നിലപാടുകളും ആയിക്കൊള്ളട്ടെ, തന്റെ ആത്മീയ പിതാവിനോട് ഉള്ളുതുറന്ന് സംസാരിക്കാൻ അല്ലെങ്കിൽ കുഞ്ഞേ എന്ന് വിളിച്ചു അങ്ങോട്ട് ചോദിയ്ക്കാൻ പാകത്തിൽ ഒരു പാലം ഇടാൻ സാധിക്കാഞ്ഞത് ആരുടെ കുറ്റമാണ്? ആരാണ് ഈ അകലം ബോധപൂർവ്വം നിലനിര്ത്തുന്നത്? 

തുമ്പമൺ ഭദ്രാസനത്തിപെട്ട ഒരു പള്ളിയിൽ സംസ്കാരശിശ്രൂഷയിൽ പങ്കെടുക്കുന്ന സമയത്തു വെളിയിൽ ചില സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ തമ്മിൽ സംസാരിക്കുകയായിരുന്നു. ആരൊക്കെയോടോ സംസാരിച്ചുകൊണ്ട് കടന്നു വന്ന ഒരു യുവ വൈദീകൻ ഒരു സഭാമാനേജിങ് കമ്മിറ്റി അംഗത്തോട് ഉച്ചത്തിൽ പറയുകയാണ്, “കുമ്പസാര ലിസ്റ്റിൽ പെടാത്ത ഒരുത്തനെയും പൊതുയോഗത്തിൽ കണ്ടേക്കരുത്, എന്റെ സമയവും സൗകര്യവും അനുസരിച്ചു വന്നു കുമ്പസാരിച്ചോണം” പൊതുസമ്മതനായ പ്രാദേശിക രാഷ്രീയ നേതാവായ സഭാ മാനേജിങ് കമ്മിറ്റി അംഗം ഒന്ന് ചൂളി, അത് കേൾക്കേണ്ടിവന്നവരുടെ പെരുവിരൽ മുതൽ ചൊറിഞ്ഞുകയറി എന്ന് പറയാതിരിക്കാനാവില്ല. അത്ര ധിക്കാരവും അഹങ്കാരവുമായാണ് ചില വൈദീകർ മാന്യരായ അത്മായ നേതാക്കളോട് പൊതുവിൽ പെരുമാറുന്നത്. 

ഒരു സംഭവും കൂടി പറയട്ടെ. സഭാമാനേജിങ് കമ്മറ്റിയിൽ അംഗമായിരുന്ന സമയത്തു പല ചർച്ചകളിലും സഭാ അത്മായ ട്രസ്റ്റി ആയിരുന്ന ശ്രീ. മുത്തൂറ്റ് എം. ജി. ജോർജ്ജ് പങ്കെടുക്കുകയും അഭിപ്രായങ്ങൾ പറയുകയും, ചില അഭിപ്രായങ്ങൾ പറഞ്ഞപ്പോഴൊക്കെ എഴുന്നേറ്റുവന്നു കൈപിടിച്ചു അഭിനന്ദിക്കയും  പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഓർക്കുന്നു. മിക്കവാറും യോഗങ്ങൾക്കു അദ്ദേഹം എത്തിച്ചേരുണ്ടായിരുന്നു. മാർത്തോമ്മാ ശ്ളീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂരിൽ സഭക്ക് ഒരു സ്മാരകം ഇല്ല എന്നത് ഒരുകുറവാണെന്നു കണ്ടെത്തുകയും അവിടെ ഉചിതമായ സ്മാരകം നിർമ്മിക്കാനുള്ള വസ്തു വിട്ടുകൊടുക്കാം എന്ന് പറയുകയും ചെയ്തത് ഒക്കെ ഓർക്കുന്നു. ഒരു യോഗത്തിൽ ഉച്ചവരെ സംബന്ധിച്ച ശേഷം അദ്ദേഹം തിരിച്ചുപോയി. അദ്ദേഹത്തെ കളിയാക്കി ചില പരാമർശങ്ങൾ ചിലേടത്തുനിന്നും കേട്ടുതുടങ്ങി. കാര്യം അത്ര വ്യക്തമായില്ല , എങ്കിലും ചില മുള്ളുകൾ വച്ച സംസാരങ്ങളും കളിയാക്കലുകളും അങ്ങ് യോഗപീഠത്തിലും കറങ്ങിയിറങ്ങുന്നതു കണ്ടു. അപ്പോൾ പരിശുദ്ധ ബാവ എഴുനേറ്റു യോഗത്തിലില്ലാത്തവരെ കുറിച്ച് ഇപ്പോൾ പറയണ്ട. ശ്രീ. ജോർജ്ജ് അത്യാവശ്യം ഉണ്ടെന്നു അറിയിച്ചിട്ടാണ് പോയത് പക്ഷെ, ഇവിടെ ഒരു ചെക്ക് തന്നിരുന്നു , കാതോലിക്കാദിന പിരിവിനു തന്റെ സംഭാവന ആണ് എന്ന് പറഞ്ഞു, തുക ബാവ ഉറക്കെപ്പറഞ്ഞു. ആ തുക അൽപ്പം വലിയ സംഖ്യ ആയിരുന്നതിനാൽ, കളിയാക്കിയവരുടെ  മുഖം ആകെ മ്ലാനമായി. ഇന്ത്യയിൽത്തന്നെ അതി സമ്പന്നരുടെ പട്ടികയിൽ പെടുന്ന അദ്ദേഹം സമയം കണ്ടെത്തി യോഗത്തിൽ സംബന്ധിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടതല്ലേ?. പണക്കാരനായതുകൊണ്ടല്ല, ഒരു വലിയ ബിസിനെസ്സ് സംരംഭത്തിൽ താൻ ആർജ്ജിച്ച അറിവുകൾ അഭിപ്രായങ്ങളായി പകരുവാൻ ഉള്ള അവസരമാണ് എന്നാണ് വിലയിരുത്തേണ്ടത്. 
എന്നാൽ ബിസിനെസ്സ്കാരൻ ശ്രീ. യൂസഫ്അലി ഹെലികോപ്റ്ററിൽ പരുമലയിൽ എഴുന്നെള്ളിയപ്പോൾ പുഷ്‌പവൃഷ്ട്ടി നടത്തി പുതിയ പ്രോട്ടോകോൾ അവതരിപ്പിച്ചത് കണ്ടിട്ട് ഓക്കാനം വന്നു എന്ന് ചില സഭാ സ്നേഹികൾ വിലപിക്കുന്നത് കണ്ടു.     

ചില പ്രായോഗിക നിർദേശങ്ങൾ:

നാനാ നിലയിൽ അഗീകരിക്കപ്പെട്ട പ്രതിഭകളും പ്രഗത്ഭന്മാരുടെയും ഒരു വലിയ നിര പങ്കെടുക്കേണ്ട സഭാ മാനേജിങ് കമ്മറ്റിയിൽ ഇപ്പോൾ നോമിനേറ്റ് ചെയ്യപ്പെടുന്നവരുടെ നിലവാരം എന്താണ് ? മാന്യമായ പലരും  നിർബന്ധിച്ചാൽപോലും ചേരാൻ കൂട്ടാക്കാറില്ല. സമിതികളിൽ നിലവാരം കുറയുന്നതും, ഒരു പ്രഹസനം പോലെ സമിതികൾ തട്ടിക്കൂട്ടുന്നതും ആരോഗ്യകരമായ പോക്കല്ല. 

സഭാമാനേജിങ് കമ്മിറ്റിയിൽ ഓരോ അഞ്ചുവർഷങ്ങളും പങ്കെടുക്കുന്ന അംഗങ്ങളെ സഭയുടെ എല്ലാ മേഖലകളെക്കുറിച്ചും ബോധവാന്മാരാക്കുകയും ഓരോ ബാച്ചായി പുറത്തിറങ്ങുന്ന അംഗങ്ങളെ അവർ താമസിക്കുന്ന ഭദ്രാസന പരിധിയിൽ മെത്രാപ്പോലീത്തമാരോടൊപ്പം പ്രവർത്തിക്കാൻ ഉള്ള പദ്ധതികൾ ഉണ്ടാക്കപ്പെടെണം. അവർ സഭയുടെ ശക്തമായ സാന്നിധ്യമായി മെത്രാപ്പോലീത്തമാരോടൊപ്പം പ്രവർത്തിക്കണം. സഭയുടെ പൊതുവായ കണക്കുകളും പ്രവർത്തങ്ങളും പരിചയപ്പെട്ടപ്പോൾ അവരുടെ അറിവുകളും കാഴ്ചപ്പാടും സഭക്ക് ഉപയോഗപ്പെടുത്തണം. 

വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തമാർ കുറച്ചുനാളത്തേക്കു തെക്കൻ ഭദ്രാസനകളിൽ പ്രവർത്തിക്കാൻ അനുവദിക്കുക. മെത്രാപ്പോലീത്തമാർ തുടങ്ങിവച്ച വലിയ പദ്ധതികൾ തല്ക്കാലം അവരുടെ ചുമതലയിൽ അവരുടെ സ്വപ്നം പോലെ തന്നെ കൊണ്ടുപോകാൻ അനുവദിക്കുക. അതുപോലെ വൈദീകരെയും അവരുടെ ലഭ്യതയും കഴിവും തുറന്ന മനസ്സൊരുക്കവും അനുസരിച്ചു എല്ലാ ഭദ്രാസനങ്ങളിലും സേവനം ചെയ്യാനുള്ള പദ്ധതി ഉണ്ടാക്കുക. അപ്പോൾ വടക്കു-തെക്കു എന്ന വിഘടനപരമായ ചിന്തകൾ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. നിലവിൽ ചില മെത്രാപ്പോലീത്തമാർ ട്രാൻസ് അറ്റ്ലാന്റിക് , ട്രാൻസ് പസഫിക് ഭദ്രാസനങ്ങൾ വിദഗ്‌ധമായി കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ കഴിവുള്ള ചില മെത്രാപ്പോലീത്തമാർ ചെറിയ സമൂഹങ്ങളിൽ ഒതുക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് നീതിയായ സമീപനം ആണോ എന്ന് ചിന്തിക്കണം.

സാധാരണ വിശ്വാസികളെ അംഗീകരിക്കുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നവർക്ക് അർഹമായ പിന്തുണയും കൊടുക്കുക നമ്മുടെ സാമൂഹിക കടപ്പാടാണ്‌. ഭയപ്പെടുത്തി ഭരിക്കലല്ല , വൈദികവൃത്തി ഒരു തൊഴിൽ എന്ന നിലയിൽ പരിമിതപ്പെടുത്താതെ സ്നേഹത്തിന്റെ വിശാലതയിൽ, കരുതലിന്റെ തണലിൽ പ്രതീക്ഷയുള്ള സമൂഹത്തിന്റെ ശിൽപ്പികൾ ആകുവാനാണ് പരിശ്രമിക്കേണ്ടത്.ചെറിയ കച്ചവടക്കാർക്ക് സഹായമാകുന്ന രീതിയിൽ ഉദാരമായ വായ്‌പകൾ ലഭ്യമാക്കുന്ന പദ്ധതികൾ, ആരോഗ്യപരമായ കുടുംബജീവിതത്തിനു ഉതകുന്ന ബോധവൽക്കരണം, ധീരമായി പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നിരന്തരമായ പ്രായോഗിക നിർദേശങ്ങൾ, വളർന്നുവരുന്ന മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം നിയന്ത്രിക്കുക, വീട്ടിലെ പണം എങ്ങനെ സമർത്ഥമായി ബജറ്റ് ചെയ്തു ചിലവാക്കുക, എന്താണ് ശരിയയായ സമ്പാദ്യം എന്ന ബോധവൽകരണം , കരുത്തുള്ള പുതിയ തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതികൾ, ഒക്കെ പ്രാർത്ഥനയോടൊപ്പം പരീക്ഷിക്കാവുന്നതേയുള്ളൂ. ഇത്തരം ഇടപെടലുകളിലൂടെ സഭയെ വിദ്വേഷങ്ങളും വിഭജനങ്ങളും മറന്നു ഉൾകാഴ്ചയുള്ള സമൂഹമാക്കി പരിഷ്കരിക്കാനാവും. 

പരിശുദ്ധ അന്ത്യോക്യൻ പാത്രിയർക്കിസുമായി സഭ നേരിട്ട് ഇടപെടുകയും, മാനവും മഹത്വവും നിലനിറുത്തിക്കൊണ്ടുതന്നെ, മലങ്കരസഭയുടെ ആഭ്യന്തകാര്യങ്ങളിൽ ഭരണഘടനാപരമായല്ലാതെ ഇടെപെടുകയില്ല എന്ന ഉറപ്പു രേഖപ്പെടുത്തി ആരോഗ്യപരമായ സഹോദരസഭയുടെ നിലയിൽ ബന്ധം നിലനിറുത്താനാകുമോ എന്ന് പരീക്ഷിക്കുക. ഇത് പ്രയോഗികമല്ലെങ്കിൽ മലങ്കരയിൽ ഒരു പാത്രിയർക്കാസ്ഥാനം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. ഒന്നിൽകൂടുതൽ കാതോലിക്കാ നാമം ഇപ്പോൾ തന്നെയിവിടെ ഉള്ളപ്പോൾ ശരിയായ അപ്പോസ്തോലിക സ്ഥാനി ആരാണ് എന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം മലങ്കരസഭക്കുണ്ട്. കോപ്റ്റിക് സഭയിൽ നിന്നും വേറിട്ട് പോയ എത്തിയോപ്പിയൻ സഭയിലും ഇത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് നടന്നതാണല്ലോ. 

സഭഒന്നായി പോകുവാനുള്ള ഏറ്റവും വലിയ തടസ്സം മെത്രാന്മാരുടെ ബാഹുല്യമാണ്. ഇത്രയധികം മെത്രാപ്പോലീത്താമാരെ സഭക്ക് ഉൾക്കൊള്ളാനാവുമോ? ഒരുപക്ഷെ ഒരിക്കലും സഭ ഒന്നാകരുത് എന്ന കൂർമ്മ ബുദ്ധിയിൽ ഉദിച്ചതാകണം ഇതുപോലെ ഒരു സമീപനം. മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടി ചട്ടങ്ങൾ ഭേദഗതി വരുത്തി ഭദ്രാസനങ്ങൾ ഒരു നിശ്ചിത കാലത്തേക്ക്  ക്രമപ്പെടുത്തുകയും, കാതോലിക്ക /പാത്രിയർക്കിസ്  സ്ഥാനിക്കുള്ള മാനദണ്ഡങ്ങൾ, യോഗ്യതയുള്ള മെത്രാപ്പോലീത്തൻ സമിതിയുടെ എണ്ണവും യോഗ്യതയും ഒക്കെ നിശ്ചയിക്കാനാവും. മെത്രാപ്പോലീത്തമാർ വഴിയിൽ കിടന്നു തറ രാഷ്ട്രീയക്കാരെപ്പോലെ മുദ്രാവാക്യം വിളിക്കുകയും സാധാരണ ജനങ്ങളെ തെരുവിൽ നിരത്തി അവമാനിക്കയും ചെയ്യുന്നത് കാണുമ്പൊൾ എല്ലാ ക്രൈസ്തവർക്കും വേദനഉണ്ട്. സമരത്തിന് പിന്തുണയായി നിരന്നു നിൽക്കുന്നവർ ഭയക്കുന്നത് ഒന്നായ സഭയുടെ പേടിപ്പിക്കുന്ന വലിപ്പവും പ്രതാപവും ആണ്. അല്ലാതെ യാക്കോബായ സഭക്കുവേണ്ടി നീതിക്കുവേണ്ടിയുള്ള നിലവിളി അല്ല എന്ന് നമ്മൾ തിരിച്ചറിയണം. എന്താണ് നീക്കുപോക്കിനുള്ള വഴി എന്ന് ഒന്നിച്ചു ചിന്തിക്കണം എന്നാണ് അഭിവന്ദ്യ കൂറിലോസ് തിരുമേനിയും പറയുന്നത്. ഇതാണ് സഭയിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. രണ്ടു സഭയായി തമ്മിത്തല്ലി എന്നത്തേക്കുമായി പിരിയണം എന്ന വാശി ആർക്കോക്കോയോ ഉണ്ട്, അങ്ങനെയായാൽ സഭക്ക് ആത്മീയ വർധന ലഭിക്കില്ല. നമുക്ക് ഒന്നിച്ചു പോരാടേണ്ട ഒട്ടനവധി വിഷയങ്ങൾ നമ്മെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കയാണ്. നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകണം. എത്രനാൾ ഈ ആർഭാടങ്ങളുമായി നമുക്ക് അഭിരമിക്കാനാവും എന്ന് ഒരു ആത്മപരിശോധന ആവശ്യമാണ്.  

നല്ല തിറവുള്ള നസ്രാണികൾ അധികാരത്തിന്റെ ചതി തിരിച്ചറിയണം. ഇപ്പോൾ കാഹളനാദം വ്യക്തമായി കേൾക്കാം. നാം വർദ്ധിച്ചു ബലപ്പെടണമെങ്കിൽ ദൈവത്തെ ഭയപ്പെട്ടു സമാധാനത്തിന്റെ മഹായുദ്ധത്തിനായി പടക്കിറങ്ങുക. ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ. ഒരു വിജയവും ശ്വാശ്വതമല്ല. ദൈവമഹത്വത്തിന്റെ നാളുകൾ മലങ്കരസഭയിൽ ഉദിച്ചുയരുന്ന സമാധാനമുള്ള ഒരു നല്ല നാളെയെക്കുറിച്ചു സ്വപ്നം കാണാം. ദൈവത്തിന്റെ അളവുറ്റ കൃപ മലങ്കരസഭയിൽ പെരുകട്ടെ, അതിനായി നമുക്ക് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം. ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത.