മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോകസ്‌ സഭ. പദവിക്കു ചേരാത്ത പക്ഷപാതിത്വമാണു മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ കുറ്റപ്പെടുത്തി. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകള്‍ നിര്‍ഭാഗ്യകരം
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

സഭാതര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി പരിഗണിച്ചുകൊണ്ടുളള പ്രതികരണമാണ് കേരള മുഖ്യമന്ത്രിയില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കേരള പര്യടന പരിപാടിക്കിടെ 2020 ഡിസംബര്‍ മാസം 28-ാം തീയതി മലപ്പുറത്ത് വച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാംഗമായ ഒരു വൈദീകന്‍ സഭാ തര്‍ക്കം സംബന്ധിച്ച് അദ്ദഹത്തോട് ചോദ്യം ഉന്നയിക്കുകയും അദ്ദേഹം ഈ വിഷയം സംബന്ധിച്ച് തന്റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ വീഴ്ചകള്‍ എന്ന നിലയില്‍ ബഹു. സംസ്ഥാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ മുഴുവന്‍ തന്നെ സമൂഹത്തില്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പ്രതികരണങ്ങള്‍ക്ക് കാരണമായി തീരും. ഇപ്രകാരം സഭയെ കുറ്റപ്പെടുത്തി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴിപ്പെടുന്നില്ല എന്നുള്ളതാണ് പ്രധാന കുറ്റമായി പറഞ്ഞിരിക്കുന്നത്. പാത്രിയര്‍ക്കീസ് വിഭാഗവുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭ എത്രവട്ടം ചര്‍ച്ചകള്‍കളില്‍ പങ്കാളിയായി എന്ന് അദ്ദേഹത്തിന് പരിശോധിക്കാവുന്നതേയുളളൂ. 1958-ലെ സഭാ സമാധാനത്തോട് പാത്രിയര്‍ക്കീസ് വിഭാഗം വിഘടിച്ചതാണ് വീണ്ടും തര്‍ക്കം ഉണ്ടായതിന്റെ കാരണം. 1995-ല്‍ ഇരുവിഭാഗത്തെയും ഉള്‍ക്കൊണ്ട് യോജിപ്പിലെത്തുന്നതിനുള്ള മാര്‍ഗരേഖ സുപ്രീംകോടതി തന്നെ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ പാത്രിയര്‍ക്കീസ് വിഭാഗം അനുസരിക്കാതിരുന്നതാണ് വീണ്ടും പ്രശ്‌നം തുടാരാനുളള കാരണമെന്ന് 2017-ലെ കോടതിവിധിയില്‍ പറഞ്ഞിട്ടുള്ളത് അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ് സഭ വളരെ സന്തോഷപൂര്‍വ്വമാണ് സഹകരിച്ചത്. എന്നാല്‍ കോടതിവിധിയിലൂടെ ഓര്‍ത്തഡോക്‌സ് സഭയ്ക്കു ലഭിച്ച എല്ലാ അവകാശങ്ങളും താമസിപ്പിക്കുവാനും, ഇല്ലായ്മചെയ്യുവാനുമുള്ള ഉപാധി മാത്രമായി പാത്രിയര്‍ക്കീസ് വിഭാഗം അതിനെ കണ്ട സാഹചര്യത്തിലാണ്് ചര്‍ച്ചകള്‍ വഴിമുട്ടിയത്. മാത്രമല്ല, ബഹു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളെക്കുറിച്ച് കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി സത്യവിരുദ്ധമായ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുവാന്‍ മുതിരുകയും ചെയ്തു. ഇക്കാര്യം ബഹു. കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ എല്ലാം ചര്‍ച്ചകളുടെ പ്രസക്തിതന്നെ ഇല്ലാതാക്കി.

ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളായിരുന്നു എങ്കില്‍ എന്നേ പരിഹരിക്കപ്പെടുമായിരുന്നു. മുന്‍പും നടന്നിട്ടുള്ള അനേകം ചര്‍ച്ചകളില്‍ ഒന്നിനെപ്പോലും ആത്മാര്‍ത്ഥമായി പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമായി കാണുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. മന്ത്രിസഭാ ഉപസമിതിയെ സഭയുടെ നിലപാട് നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെ പാത്രിയര്‍ക്കീസ് വിഭാഗം പൂര്‍ണ്ണമായും തള്ളിപ്പറയുന്നു എന്നതും ചര്‍ച്ചകള്‍ കോടതിവിധി നടപ്പാക്കതിരിക്കുന്നതിനുളള ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നതും സമീപകാല അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലികമായി പിന്‍വാങ്ങിയത്. നിയമനടപടികള്‍ താമസിപ്പിക്കുകയോ മരവിപ്പിക്കുകയോ ചെയ്യില്ല എന്ന ധാരണയില്‍ നടത്തപ്പെടുന്ന ചര്‍ച്ചകളില്‍ ഓര്‍ത്തഡോക്‌സ് സഭ സഹകരിക്കുകതന്നെ ചെയ്യും.
മലങ്കര സഭാതര്‍ക്കം സംബന്ധിച്ച് കോടതി വിധി അംഗീകരിച്ചു നടപ്പാക്കുകയല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കേണ്ടതില്ല എന്ന് സുപ്രീംകോതി തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട് എങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് ചര്‍ച്ചയ്ക്കു സഭ തയ്യാറായി എന്ന വസ്തുതയുടെ നേരെ കണ്ണടച്ചുകളഞ്ഞതും നിര്‍ഭാഗ്യകരമായിപ്പോയി.
സഭാംഗങ്ങളില്‍ ആരുടെയും മൃതസംസ്‌ക്കാരങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭ തടഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ആദരപൂര്‍വ്വം സംസ്‌ക്കരിക്കുന്നതിന് സഭ ഒരുക്കമായിരുന്നു. എന്നാല്‍ വിലക്കുള്ള വൈദികര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുവാനുള്ള സമ്മര്‍ദ്ദതന്ത്രവുമായി മൃതദേഹങ്ങളോട് അനാദരവ് കാട്ടിയത് യാക്കോബായ വിഭാഗമാണ്. നിയമപരമായി ചുമതലയുള്ള വികാരിയുടെ സാന്നിദ്ധ്യത്തിലാവണം സംസ്‌ക്കാരം എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ കുറ്റപ്പെടുത്തുന്ന ബഹു. മുഖ്യമന്ത്രി പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ മൃത സംസ്‌ക്കാരങ്ങള്‍ നടന്നിരുന്നത് എങ്ങിനെയെന്നുകൂടെ അന്വേഷിക്കാതിരുന്നത് സങ്കടകരമാണ്.
ഇടവകകളിലെ അംഗസംഖ്യയെകുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താതെ, തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഒരുവിഭാഗം നല്‍കുന്ന കണക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നതും നിര്‍ഭാഗ്യകരമാണ്. ഏതാനും വര്‍ഷങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗം ബലമായി പിടിച്ചുവച്ച് ഭരണം നടത്തുന്ന പള്ളികളില്‍ ഗത്യന്തരമില്ലാതെ മാസവരി കൊടുക്കുന്നവരെല്ലാം യഥാര്‍ത്ഥമായി ആ കൂട്ടത്തില്‍ പെടുന്നവരാണ് എന്നു ചിന്തിക്കുന്നത് ധാര്‍മികതയ്ക്ക് ഒട്ടും നിരക്കുന്നതല്ല. വിശ്വാസികളുടെ ഭൂരിപക്ഷംനോക്കി കോടതിവിധികള്‍ നടപ്പാക്കുന്ന ശൈലി സഭാതര്‍ക്കത്തിന് മാത്രം ബാധകമായിട്ടുള്ളതാണോ?
സുപ്രീംകോടതിവിധി നടപ്പാക്കുവാന്‍ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്ത പക്ഷപാതമാണ് കാണിച്ചിരിക്കുന്നത്. ഒരുസഭയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇതരസഭകള്‍ ഇടപെടുന്ന ശൈലി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ബഹു. കേരളമുഖ്യമന്ത്രി അതിനും വഴിയൊരുക്കികൊടുത്തിരിക്കുന്നു. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭംകൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയായി മാത്രമേ കാണാനാവു എന്നതാണ് സഭയുടെ നിലപാട്.