മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം: മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിയെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തി സന്ദര്‍ശിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും മാര്‍ത്തോമ്മാ സഭയും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും സഭാതലവന്‍ എന്ന നിലയില്‍ മാര്‍ത്തോമ്മാ സഭയെ നയിക്കാന്‍ ആവശ്യമായ ദൈവകൃപ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ലഭിക്കട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവ ആശംസിച്ചു. ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് സഭയുടെ ഉപഹാരം പരിശുദ്ധ ബാവ തിരുമേനി നല്‍കി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മാര്‍ത്തോമ്മാ മെത്രപ്പോലീത്തായെ പൊന്നാട അണിയിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.