എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ കാരണവര്‍ / ഫാ. ഡോ. റജി മാത്യു

(ഡീന്‍ ഓഫ് സ്റ്റഡീസ്, ഓര്‍ത്തഡോക്സ് സെമിനാരി, കോട്ടയം)

മലങ്കര മാര്‍ത്തോമ്മാ സഭയുടെ പ്രധാന പിതാവായ അഭി. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുമായി പരിചയപ്പെടുവാന്‍ എനിക്ക് ആദ്യമായി അവസരം ലഭിച്ചത് 1985 ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന സി.സി.എ. അസംബ്ലിയില്‍ വച്ചാണ്. അന്ന് അദ്ദേഹം മാര്‍ത്തോമ്മാ സഭയിലെ ഒരു എപ്പിസ്കോപ്പായും ബലഹീനനായ ഞാന്‍ ഒരു യുവ ശെമ്മാശനുമായിരുന്നു. പ്രഥമാദൃഷ്ഠ്യാ ഗൗരവക്കാരനായി കാണപ്പെട്ട തിരുമേനിയുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റം എനിക്ക് വളരെ ഹൃദ്യമായിത്തോന്നി. സഹോദരസഭകളോട് അദ്ദേഹം ആദരപൂര്‍വ്വം ഇടപെടുന്നത് അന്നും ഇന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഞാന്‍ നാഗപ്പൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പലായിരുന്നപ്പോള്‍ അവിടെ വരികയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും തിരുമേനിയുമായി കുടുതല്‍ ഇടപഴകുവാന്‍ സാധിച്ചത് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ജനറല്‍ സെക്രട്ടറിയായി 2014-ല്‍ ഞാന്‍ ചുമതലയേറ്റതു മുതലാണ്. എന്‍റെ ഔദ്യോഗിക കൃത്യങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ തിരുമേനിയെ അരമനയിലെത്തി കാണുകയും പ്രോത്സാഹന വാക്കുകളിലൂടെയുള്ള അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 2019-ല്‍ ഞാന്‍ ചുമതല വിടുന്നതു വരെയുള്ള അഞ്ചു വര്‍ഷക്കാലം അദ്ദേഹം നല്‍കിയ പിന്തുണയും, ഉപദേശങ്ങളും എനിക്ക് വളരെ ധൈര്യം പകരുകയുണ്ടായി. പ്രത്യേകിച്ചും ഒരു പ്രത്യേക ഘട്ടത്തില്‍ കെ.സി.സി. നേരിട്ട ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടിന്‍റെ കൂടി വെളിച്ചത്തിലാണ്.

എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്‍റെ വിവിധ മേഖലകളായ (ഗഇഇ, ചഇഇ, ണഇഇ) എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചും നേതൃത്വം നല്‍കിയുമുള്ള അദ്ദേഹത്തിന്‍റെ പരിചയം സഭൈക്യ പ്രസ്ഥാനത്തിന്‍റെ കാരണവരായി അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. കേരളത്തിലെ മറ്റൊരു ബിഷപ്പിനും ഈ നാലു മേഖലകളിലും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. 1990 മുതല്‍ 1994 വരെ ചഇഇക പ്രസിഡന്‍റായും 2000 മുതല്‍ 2005 വരെ ഇഇഅ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ച തിരുമേനി ണഇഇ യുടെ കാന്‍ബറാ, ഹറാറെ, പോര്‍ട്ടോ അലിഗ്രെ അസംബ്ലികളില്‍ സംബന്ധിച്ചിട്ടുണ്ട്.

2007-ല്‍ അഭി. തിരുമേനി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തായായി ചുമതലയേറ്റപ്പോള്‍ ണഇഇ ജനറല്‍ സെക്രട്ടറി ഡോ. സാമുവല്‍ കോബിയ അയച്ച അഭിനന്ദന കുറിപ്പില്‍ തിരുമേനിയുടെ എക്യുമിനിക്കല്‍ ദര്‍ശനവും നേതൃപാടവവും പ്രകീര്‍ത്തിച്ചിട്ടുണ്ട്. അതോടൊപ്പം തിരുമേനി ഇഇഅ പ്രസിഡന്‍റായി സേവനമനുഷ്ടിച്ച കാലത്ത് കംബോഡിയ, ശ്രീലങ്ക, ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന കലാപ മേഖലകള്‍ സന്ദര്‍ശിച്ചു നടത്തിയ ഇടപെടലുകള്‍ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇഅടഅ യിലും ഋഇഘഛഎ ലും തിരുമേനി പ്രവര്‍ത്തിച്ച കാലത്ത് അര്‍ത്ഥവത്തായ നേതൃത്വം നല്‍കിയിട്ടുണ്ട്. സുദീര്‍ഘമായ എക്യൂമിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ടാകാം തിരുമേനിയുടെ പ്രസംഗങ്ങളിലും, എഴുത്തുകളിലും സഭയുടെ സാമൂഹിക പ്രതിബദ്ധത നിറഞ്ഞു നില്‍ക്കുന്നത്. മലങ്കരസഭാതാരകയിലെ മെത്രാപ്പോലീത്തായുടെ കത്ത് ആനുകാലികവും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള കരുതല്‍ പ്രകടമാക്കുന്നവയുമാണ്. തിരുമേനിയുടെ എക്യുമെനിക്കല്‍ രംഗത്തെ സ്മരണകള്‍ ഭാവി തലമുറയ്ക്കുവേണ്ടി കുറിച്ചിടുന്നത് പ്രയോജനകരമായിരിക്കും.

പൗരസ്ത്യ പാരമ്പര്യത്തില്‍ ജീവിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹത്തിന്‍റെ ആരാധന ആകര്‍ഷകമാണ്. സുറിയാനി ഗീതങ്ങള്‍ ആലപിക്കുന്നതില്‍ ശ്രദ്ധാലുവായ തിരുമേനി താന്‍ കാര്‍മ്മികനാകുന്ന ചടങ്ങുകളില്‍ മറ്റു സഭാപിതാക്കന്മാര്‍ സന്നിഹിതരാണെങ്കില്‍ അവരെ മാനിക്കുവാനും അവര്‍ക്കു കൂടി പങ്കാളിത്തം നല്കുവാനും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.

വന്ദ്യ പിതാവിന് ഹൃദയപൂര്‍വ്വമായ യാത്രാമൊഴി ചൊല്ലുന്നു.