ഭാരതത്തിലെ സഭകളുടെ സാരഥികളില്‍ സഭകളുടെ സഭൈക്യവേദികളില്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മാ പിതാവിനോളം ദിര്‍ഘകാലം സേവനം അനുഷ്ഠിച്ച മറ്റൊരാളില്ല. ഇക്കാരണത്താല്‍ തന്നെ അഭിവന്ദ്യ പിതാവിന്‍റെ സംഭാവന നിസ്തുലമാണ്. കേരളാ കണ്‍സില്‍ ഓഫ് ചര്‍ച്ചസ് (KCC), നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ്ഇന്‍ഡ്യ (NCC), ക്രിസ്ത്യന്‍സ് കോണ്‍ഫ്രന്‍സ് ഓഫ് ഏഷ്യ, (CCA) ഇങ്ങനെ കേരളത്തിലെയും ഇന്‍ഡ്യയിലെയും സഭൈക്യവേദികളില്‍ അദ്ധ്യക്ഷസ്ഥാനം അഭിവന്ദ്യ പിതാവ് അലങ്കരിച്ചിരുന്നു.
സഭകളുടെ ലോക കൗണ്‍സിലിന്‍റെ (WCC) സുപ്രധാന സ്ഥാനങ്ങളിലും തിരുമേനി പ്രശോഭിച്ചു. അങ്ങനെ ദേശീയ അന്തര്‍ദേശീയ സഭൈക്യ പ്രസ്ഥാനങ്ങളിലെല്ലാം സുദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനം നിര്‍വഹിച്ചതിന്‍റെ ഫലമായി അനന്യസാധാരണമായ അനുഭവസമ്പത്ത് അഭിവന്ദ്യ പിതാവിന് കൈമുതലായുണ്ട്. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ ആറു റ്വര്‍ഷം ഞാന്‍ അദ്ധ്യക്ഷനായിരുന്നു. ഈ കാലഘട്ടത്തില്‍ പിതാവുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായി. പല കാര്യങ്ങളും പങ്കുവെയ്ക്കാനും പോംവഴി തേടാനും മെത്രാപ്പൊലീത്തായുടെ ആസ്ഥാനമായ പുലാത്തീനില്‍ പോകും. പുറംചട്ട പരുക്കനായി ആദ്യം തോന്നുമെങ്കിലും സമവായവും അനുരഞ്ജനവും രൂപപ്പെടുത്തിയെടുക്കുവാന്‍ കഴിയുന്ന ചടുലവും ആര്‍ദ്രവുമായ നീക്കങ്ങള്‍ക്ക് സമര്‍ത്ഥനായിരുന്നു തിരുമേനി. ഈ നേതൃതെളിച്ചം മാര്‍ത്തോമ്മാ സഭയെ തികവും മികവും ഉള്ളതാക്കി ഉയര്‍ത്തി നിര്‍ത്തി.
ഇഹലോക ജീവിതത്തില്‍ നിന്നു ദൈവം വിളിച്ചു വേര്‍തിരിച്ച അഭിവന്ദ്യ പിതാവിന് എല്ലാ പ്രാര്‍ത്ഥനാശംസകളും നേരുന്നു. ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു.