ബഥനിയുടെ മാർ അത്താനാസിയോസ്: ചില നനുനനുത്ത ഓർമ്മകൾ / കോരസൺ ന്യൂയോർക്ക്


ചില നക്ഷത്രപ്പകർച്ചകൾ അങ്ങനെയാണ്. കോടാനുകോടി വർഷത്തിനു മുൻപ് യാത്രതുടങ്ങിയതാവാം, ഒരു ചെറിയ നിമിഷം കൊണ്ട് അത് നമ്മുടെ കണ്ണുകളിലൂടെ കടന്നു അപ്രത്യക്ഷമാകും. പക്ഷേ, ഓർമ്മയുടെ ചുവരുകളിൽ അവ അങ്ങനെ മായാതെ കിടക്കും. നാലു പതിറ്റാണ്ടുകൾക്കുശേഷം തെളിഞ്ഞു വരുന്ന ഒരു നക്ഷത്രശകലമാണ് ബെഥനിയുടെ യൂഹാനോൻ മാർ അത്താനാസിയോസ്.  
കേവലം രണ്ടു വർഷക്കാലം മാത്രം കോട്ടയം ഭദ്രാസന സഹായ എപ്പിസ്കോപ്പ, ഏതെങ്കിലും ഒരു വൻപ്രസ്ഥാനത്തിന്റെ പേരും  പെരുമയും ഇല്ലാതെ, ചുരുങ്ങിയ നാളുകൾ കൊണ്ട് നിരവധി മനസ്സുകളെ ദൈവസന്നിധിയിൽ ലയിപ്പിച്ച ഫാദർ യൂഹാനോൻ (ഓ. ഐ. സി) എന്ന ധ്യാനഗുരു, തനിക്കുചുറ്റും വിടർന്നു വരുന്ന ദിവ്യശോഭയുടെ അകത്തളത്തിൽ തന്നെ വേദനയുടെ നെരിപ്പോടിൽ 52 -)o വയസ്സിൽ കാലം ചെയ്ത, യൂഹാനോൻ മാർ അത്താനാസിയോസ് എപ്പിസ്കോപ്പയെ (1928 -1980 ) ഇന്നത്തെ തലമുറയ്ക്ക് അത്ര ഓർമ്മ കാണില്ല. മരണത്തിനും അപ്പുറം കടന്നുപോയിട്ടു തിരികെ വന്നു സ്വർഗത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച, വീണ്ടും അവിടേക്കുതന്നെ മാടിവിളിച്ചപ്പോൾ, നിർമലനായിതന്നെ സ്വർഗ്ഗകവാടം തുറന്നു മാലാഖമാരുടെ സ്തുതിഗീതങ്ങൾക്കു ഇടയിലേക്കു കുരുത്തോലയുമായി കടന്നുചെന്ന സ്നേഹത്തിന്റെ ഒരു ഓർമ്മകുറിപ്പാണ് ഈ ലേഖനം.  
സി.കെ.അല്ലേ? എസ്. ബി. കോളേജിൽ പഠിച്ചിരുന്ന മാണിയെ ഓർക്കുന്നുണ്ടോ? സി.വി.മാണി? ഒന്ന് പകച്ചു നിന്നതിനു ശേഷം എന്റെ പിതാവ് മുളമൂട്ടിൽ സി.കെ.വർഗീസ് ഒന്നും സംസാരിക്കാനാവാതെ കുഴങ്ങി. ഫൂട്ട്ബോൾ കളിച്ചിരുന്ന മാണി? അതെന്നേ, നമ്മൾ ചിലപ്പോഴൊക്കെ ഒരു ബെഞ്ചിലാണ് ഇരുന്നിട്ടുള്ളത്. എൻറെ ഇടവകയായ പന്തളം കുരമ്പാല സെന്റ് തോമസ് പള്ളിയിലെ ഒരു ധ്യാന പ്രസംഗത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന യൂഹാനോൻ മാർ അത്താനാസിയോസ് എപ്പിസ്‌കോപ്പയോട് കുശലം പറയാൻ എത്തിയതായിരുന്നു എന്റെ പിതാവ്. പിതാവിനോടൊപ്പം  ഉണ്ടായിരുന്നതിനാൽ അവരുടെ വികാരഭരിതമായ കൂടിച്ചേരൽ മരിക്കാത്ത ഓർമ്മകളുടെ താളുകളായി മാറ്റപ്പെടുകയായിരുന്നു.  
കോളേജ് പഠനത്തിനുശേഷം അവർ തമ്മിൽ കണ്ടിരുന്നില്ല, ഇരുവരുടെയും വഴികൾ എങ്ങനെ പോയി എന്നും അറിഞ്ഞിരുന്നില്ല. കൈവഴികളുടെ നീണ്ട  ഒഴുകലിന്‌ ശേഷം കൂടിച്ചേരുന്ന പുഴപോലെ അവർ സൗഹൃദം പങ്കുവെയ്ക്കുന്നതിനു മൂകസാക്ഷിയായി. അന്ന് തിരി കൊളുത്തപ്പെട്ട തീവ്രമായ സൗഹൃദം അവർ തുടന്നു, അങ്ങനെ ഞാനും അതിന്റെ ഭാഗമായി ചേർന്നു.കാലയവനികക്കപ്പുറത്തു ഇരുവരും അവരുടെ സൗഹൃദം ഇപ്പോഴും പങ്കുവെയ്ക്കുന്നുണ്ടാവണം. 
ക്രിസ്തുവിന്റെ ക്രൂശുമരണത്തിനു ശേഷം അസ്വസ്ഥരായി, ജറുസലേമിൽ നിന്നും എമ്മാവൂസിലേക്കു  യാത്രപോകുന്ന രണ്ടു ശിഷ്യന്മാർ തർക്കിക്കുന്നതും, അവരുടെ കണ്ണുകൾ മറച്ചുകൊണ്ട് അവരുടെ സംഭാഷണത്തിൽ പങ്കുചേരുന്നതുമായ ക്രിസ്തുവിന്റെ കഥയായിരുന്നു അന്ന് തിരുമേനിയുടെ പ്രസംഗവിഷയം. വളരെ പരിചിതമായ ഒരു ബൈബിൾ ഭാഗം ഒരിക്കലും മറക്കാത്ത ചിന്തകളായി ചെറുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഒരു കൂട്ടത്തിന്റെ ഹൃദയത്തിൽ കൊത്തിവെയ്ക്കാനാവുക ഒരു ധ്യാന ഗുരുവിന്റെ സവിശേഷതയാണ് എന്ന് സമ്മതിച്ചേ മതിയാവുകയുള്ളൂ. ജീവിതത്തിന്റെ ഓരോ അടുക്കിലും ഇടയിലും ക്രിസ്തുവിനെ എങ്ങനെ ചേർത്ത് വെയ്ക്കണം എന്നാണ് വളരെ ശാന്തമായി പറഞ്ഞുകൊണ്ടിരുന്നത്. യാത്രകളിൽ അവനെ കൂട്ടുക, പഠനത്തിൽ , സംഭാഷണത്തിൽ, വേലകളിൽ, വിശ്രമങ്ങളിൽ, അങ്ങനെ മുത്തുമണികളായി മനസിൽ അവ നിറഞ്ഞുനിന്നു.   
തിരുമേനിയുടെ ആകാരവും, ശ്രേഷ്ടമായ ഇടപെടലുകളും, തീവ്രമായ ചിന്തകളും നിഷ്ഠയായ ജീവിത വിശുദ്ധിയും, എന്തെന്തു പ്രതീക്ഷകളാണ് അന്ന് സഭയിൽ ഉണർത്തിയത്? വിദ്യാർത്ഥിജീവിതത്തിൽ സ്ഥിരം സന്ദർശിക്കാറുണ്ടായിരുന്ന കോട്ടയം പഴയസെമിനാരിയും, സെന്റ് പോൾസ് മിഷൻ സെൻററും, കോട്ടയം സ്റ്റുഡന്റസ് സെന്ററും ഒപ്പം ബഥനി ആശ്രമവുംകൂടെ ചേർന്നു. ഇടയ്ക്കു ചില വാരാന്ത്യങ്ങളിൽ ഞങ്ങൾ ചില കുട്ടികൾ ബഥനി ആശ്രമത്തിൽ താമസിക്കുകയും അവിടുത്തെ ജീവിതം അടുത്തറിയാനും ശ്രമിച്ചു തുടങ്ങിയിരുന്നു. തിരുമേനിയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഒരിക്കലും മറക്കാനാവില്ല, അത്രയ്ക്ക് ഒരു പൂർണ്ണതയാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരുന്നത്.  
കുരമ്പാലപ്പള്ളി വികാരിയായിരുന്ന കിഴവല്ലൂർ വലിയപറമ്പിൽമാത്യൂസ് അച്ചൻ പള്ളിപ്പെരുനാളിനു മുഖ്യ കാർമ്മികനായി  പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയെ ആണ് ക്ഷണിച്ചത്. മാത്യൂസ് അച്ചൻറെ വ്യക്തിപരമായ സ്വാധീനം കൊണ്ടാണ് തിരുമേനി സമ്മതിച്ചത്. ഗ്രീഗോറിയോസ് തിരുമേനി സാധാരണ പെരുനാൾ കുർബാനക്ക് കാണാറില്ല, അതുകൊണ്ടു തന്നെ അന്നത്തെ പെരുന്നാളിനു വലിയ പരസ്യവും ലഭിച്ചു. പെരുന്നാളിന് രണ്ടു ദിവസം മുൻപ്, മറ്റെന്തോ അത്യാവശ്യകാര്യം ഉള്ളതിനാൽ പെരുന്നാളിനു വരാൻ സാധിക്കില്ല എന്ന് അച്ചനോട് അറിയിച്ചു. മാത്യൂസ് അച്ചൻ ആകെ വിഷണ്ണനായി, എങ്ങനെ ആളുകളെ അഭിമുഘീകരിക്കും? എന്തോ എന്നോടുള്ള ഒരു വിശ്വാസത്തിന്റെ പേരിലാകണം, പള്ളിക്കമ്മിറ്റി കൂടി, ഏതെങ്കിലും തിരുമേനിയെ കൊണ്ടുവരണം, അതിനായി എന്തു ചെലവ് ഉണ്ടായാലും കമ്മിറ്റി തയ്യാറാണ് എന്ന് പറഞ്ഞു നിർബന്ധിച്ചു. 20 വയസ്സുപോലും ഇല്ലാത്ത പയ്യൻ എവിടെനിന്നും ഒരു മെത്രാപ്പോലീത്തയെ 24 മണിക്കൂറിനകം ക്ഷണിച്ചു കൊണ്ടുവരാകും? ആര് എന്നെ വിശ്വാസത്തിലെടുക്കും ? ഇതൊക്കെ അലട്ടിയിരുന്നെങ്കിലും കോട്ടയത്തിനു പോയി.  
സെമിനാരി വൈസ് പ്രിൻസിപ്പാൾ ആയിരുന്ന കെ.എം.അലക്സാണ്ടർ അച്ചൻ അടുത്ത കുടുംബ ബന്ധം ഉള്ള ആളായിരുന്നതിനാൽ, അച്ചനോട് കാര്യങ്ങൾ അവതരിപ്പിച്ചു. എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം എന്നാണ് അച്ചൻ പറഞ്ഞത്. അപ്പോഴേക്ക് മെസ് ഹാളിൽ നിന്നും ഗ്രീഗോറിയോസ് തിരുമേനി വരുന്നതുകണ്ടു നേരെ അങ്ങോട്ട് ചെന്ന് കാര്യങ്ങൾ പറഞ്ഞു. മാത്യൂസ് അച്ചനോട് ഞാൻ വരാൻ ഒക്കില്ല എന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞു ഗ്രീഗോറിയോസ് തിരുമേനി മുന്നോട്ടു പോയി. പെരുന്നാളിന് കാത്തിരിക്കുന്ന ജനങ്ങളോടും അവരെ ആവേശപ്പെടുത്തിയ മാത്യൂസ്അച്ചനോടും എന്ത് സമാധാനം പറയും എന്നൊക്കെ ആഗോളതലത്തിൽ ചിന്തിച്ചുകൊണ്ടിരിക്കുന്ന പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിക്കു അറിയില്ലല്ലോ. വിഷണ്ണനായി നിൽക്കുന്ന എന്നെ ദൂരെനിന്നു കണ്ടു ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപോലിത്ത ‘എന്തുണ്ടടാ വിശേഷം’ എന്നുപറഞ്ഞു എന്റെ കൈപിടിച്ചു മുന്നോട്ടു നടന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലെ അടുത്ത സ്നേഹവും പരിചയതും കൊണ്ട് ഞാൻ എന്റെ വീർപ്പുമുട്ടലുകൾ തിരുമേനിയോട് പറഞ്ഞു. ഗ്രീഗോറിയോസ് തിരുമേനിയുടെ സമീപനം എന്നിൽ വല്ലാത്ത ഒരു മുറിവാണ് ഉണ്ടാക്കിയത്. ഞാൻ ഡയറി നോക്കട്ടെ എന്ന് പറഞ്ഞു മുറിയിലേക്ക് പോയി. 
എന്റെ പിറകിൽ നിന്ന് ഇതൊക്കെ കാണുണ്ടായിരുന്നു അലക്സാണ്ടർ അച്ചൻ. ഗ്രീഗോറിയോസ് തിരുമേനിക്കുപകരം എന്ന് പറഞ്ഞതുകൊണ്ടാണ് സമ്മതിക്കാഞ്ഞത്, അത് പറയേണ്ടിയിരുന്നില്ല. മോൻ ബെഥനിക്കു പെട്ടന്ന് പൊയ്ക്കോളൂ അവിടെ അത്താനാസിയോസ് തിരുമേനിക്കു രോഗത്തിന് അൽപ്പം സൗഖ്യം ഉണ്ട് ചെറിയ പരിപാടികൾക്ക് പോകുന്നു എന്ന് കേട്ടു എന്ന് പറഞ്ഞു. 
ബഥനി ആശ്രമത്തിൽ എത്തിയപ്പോൾ നേരം കുറേ വൈകിയിരുന്നു. അത്താനാസിയോസ് തിരുമേനിയെ കണ്ടു കാര്യങ്ങൾ പറഞ്ഞു. തിരുമേനിയുടെ രോഗാവസ്ഥ എനിക്കറിയാം ഇപ്പോൾ സുഖം കാണുന്നു എന്നറിഞ്ഞതിൽ സന്തോഷം, മറ്റു യാതൊരു വഴിയുമില്ല സങ്കടപ്പെടുത്തരുത് എന്ന് പറഞ്ഞു. ഓക്കേ ഞാൻ വരാം നമുക്ക് ഒന്നിച്ചു നാളെ പോകാം, ഇപ്പോൾ അവസാന വണ്ടിയും പോയി. പോയി ഭക്ഷണം കഴിച്ചു വിശ്രമിച്ചുകൊള്ളൂ. ഞാൻ സന്തോഷപൂർവം മുറിയിലേക്കുപോയി, ഒരായിരം പ്രാവുകളെ തുറന്നുവിട്ടപോലെ മനസ്സിൽനിന്നും കനത്ത ഭാരത്തിന്റെ പാറകൾ വായുവിൽ അലിഞ്ഞുപോയതുപോലെ.  
രാത്രയിലെ ഒരു വൈകിയ യാമത്തിൽ, ആശ്രമവാസിയായ ഒരച്ഛൻ വന്നു വിളിച്ചുണർത്തി, തിരുമേനി വിളിക്കുന്നു. ഞാൻ അവിടെ എത്തിയപ്പോൾ തിരുമേനി ചാരുകസേരയിൽ ഇരിക്കുകയാണ്. മോനെ എന്റെ രോഗം എപ്പോഴാണ് കൂടുക എന്നറിയില്ല. ഇപ്പോൾ ശബരിമല സീസൺ ആയതിനാൽ ഭയങ്കര ഗതാഗതകുരുക്കുമാണ്. അത്യാവശ്യത്തിനു ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെങ്കിലോ എന്നാണ് ഞാൻ ഭയപ്പെടുന്നത്. അതുകൊണ്ടു ഞാൻ പോകാതിരിക്കയല്ലേ നല്ലതു എന്ന് ഇവിടെയുള്ളവർ എന്നോട് നിർബന്ധിക്കുന്നു. നിന്നെ വിഷമിപ്പിക്കാനും എനിക്കാവുന്നില്ല , എന്താണ് ചെയ്യേണ്ടത്? 
തിരുമേനി കയ്യിലേക്ക് വച്ച് നീട്ടിയ ഒരു ആപ്പിൾ കഷണവുമായി ഞാൻ മുറിയിലേക്കുതിരികെ പോയി. വെളുപ്പിനു നാലുമണിക്കുമുള്ള ബസിൽ കയറ്റിവിടാൻ രണ്ടു അച്ചന്മാർ ഉണ്ടായിരുന്നു. അവരോടു യാത്ര പറയുമ്പോൾ അടുത്ത നിമിഷങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഉള്ളു പുകയുകയായിരുന്നു. ഞാൻ പള്ളിയിൽ എത്തുമ്പോഴേക്കും പ്രഭാതനമസ്കാരം ആരംഭിച്ചിരുന്നു. എന്നെക്കാത്തു മാത്യൂസ് അച്ചൻ വെളിയിൽ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വിഷണ്ണനായി കടന്നുവന്ന എന്നെനോക്കി, നടന്നില്ലല്ലേ ? പോട്ടെ സാരമില്ല. യാത്രാചിലവുകൾ എല്ലാം കൊടുത്തേക്കണം എന്ന് ഉച്ചത്തിൽ ട്രസ്റ്റിയോട് വിളിച്ചു പറഞ്ഞിട്ട് അച്ചൻ വൈദികരോടൊത്തു മദ്ബഹയിൽ കയറി. ആ ഹൃദയം എത്ര വേദനിക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. 
പെട്ടന്ന്, എമ്മാവൂസിലേക്കു പോയ ശിഷ്യരുടെ അനുഭവം, ധ്യാനയോഗത്തിലെ അത്താനാസിയോസ് തിരുമേനി സ്പർശിച്ച ഓരോ വാക്കുകളും തെളിഞ്ഞു വന്നു.  തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കും. നമ്മുടെ യാത്രകളിൽ അവനെക്കൂടെ കൂട്ടുക , അവനോടു കൂടെ പാർക്കുക, അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. അവർ വാടിയ മുഖത്തോടെ നിന്നു. പള്ളിയിൽ കയറി വാടിയ മുഖത്തോടെ കൈകൾ തലയിൽ വച്ചു കുനിഞ്ഞു നിൽക്കുമ്പോൾ, ഒരു ചെറു മന്ദസ്മിതത്തോടെ ആപ്പിൾ കഷണം വച്ചുനീട്ടിയ ആ കരങ്ങൾ, പോട്ടെടാ, ഒക്കെ അവനുവേണ്ടി ഓടിയ ഓട്ടമല്ലേ. ആ മുഖം ഇന്നും വേദനിക്കുന്ന ഒരു തോന്നലായി തന്നെ നിൽക്കട്ടെ.