നമ്മുടെ ജീവിതം നന്നാക്കുന്നതിന് ശുദ്ധിമാന്മാരോടുള്ള സംസര്‍ഗ്ഗവും അവരുടെ ചരിത്രങ്ങളും ഏറ്റവും സഹായിക്കുന്ന ഒന്നാകുന്നുവല്ലോ. …. എന്നാല്‍ നമ്മുടെ അഭക്തിയുടെ ഈ കാലത്തില്‍ പരിശുദ്ധന്മാര്‍ ചെയ്തതായി പറയുന്ന അതിശയങ്ങളെപ്പറ്റി, എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്നതില്‍ അധികം അതിശയങ്ങളെ ചെയ്യും എന്നും മറ്റും കര്‍ത്താവു കല്പിച്ചിരിക്കുന്നതിനെ ആലോചിക്കാതെ അസംഭവ്യങ്ങളെന്നു പലരും സംശയിക്കുന്നു. ശുദ്ധിമാന്മാരുടെ ശക്തിയിലുള്ള സംശയം തീര്‍ക്കുവാനെന്നപ്രകാരം ദൈവം ഇക്കാലത്തില്‍ ആര്‍ക്കും എതിര്‍ത്തുപറവാന്‍ പാടില്ലാത്തവണ്ണം കാലം ചെയ്ത നമ്മുടെ വിശുദ്ധ പിതാവ് (മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) മുഖാന്തരം പല അത്ഭുതങ്ങളും ചെയ്കയാല്‍ വീണ്ടും ഈ ചരിത്രങ്ങള്‍ തര്‍ജ്ജമ ചെയ്വാന്‍ ധൈര്യമുണ്ടായി.
നമ്മുടെ കണ്ണുകള്‍ക്കു മുമ്പാകെ ജീവിച്ചു കാലം ചെയ്ത ഈ പരിശുദ്ധന്‍റെ കബറുങ്കല്‍ അസംഖ്യം അത്ഭുതങ്ങള്‍ ഉണ്ടാകുന്നതിനു കൊച്ചി, തിരുവിതാംകൂറിലുള്ള നാനാജാതി മതസ്ഥന്മാരും സാക്ഷികളാകുന്നു. “സുറിയാനിക്കാര്‍, റോമാക്കാര്‍, ഇംഗ്ലീഷുകാര്‍ മുതലായ ക്രിസ്ത്യാനികളും ബ്രാഹ്മണര്‍, ശൂദ്രര്‍, ഈഴവര്‍, പുലയര്‍ മുതലായ ഹിന്ദുക്കളും മഹമ്മദീയരും” എന്നു വേണ്ടാ നാനാജാതികളും കബറുങ്കല്‍ വന്നു വഴിപാടു ഇടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദൈവകൃപയാല്‍ ഈ വിശുദ്ധന്‍റെ നാമത്തില്‍ തങ്ങള്‍ക്കായി സിദ്ധിച്ചിട്ടുള്ള അനുഗ്രഹങ്ങളെ ഓര്‍ത്തിട്ടു ചിലര്‍ തങ്ങളുടെ സത്യ മാതാവിന്‍റെ മടിയിലേക്കു തന്നെ തിരിച്ചുവന്നിട്ടുണ്ട്. ചിലര്‍ കാര്യം സാധിക്കുമ്പോള്‍ കുഷ്ഠരോഗികളെപ്പോലെ തങ്ങളുടെ വഴിക്കു പോകുന്നുമുണ്ട്. “സൗഖ്യമാക്കപ്പെട്ട പത്തു കുഷ്ഠരോഗികളില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഒരു പുറജാതിക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ” എന്നു കല്പിച്ചതുപോലെ പ്രവൃത്തിക്കുന്നവരാകുന്നു അധികവും, എങ്കിലും ഒഴികഴിവില്ലാ. മല്ലപ്പള്ളിയിലെ പിശാചു പുറപ്പെട്ടു പോയാറെ ആ കൊച്ചന്‍ രണ്ടു മൂന്നു മാസം ഞങ്ങളോടു കൂടെ താമസിച്ചു തിരുവനന്തപുരത്തു പോയി. ഒരു വടക്കന്‍ റോമാക്കാരന്‍ ഭ്രാന്തന്‍ സൗഖ്യമായി നേര്‍ച്ച തന്നു. കുഷ്ഠരോഗിയായ ഒരീഴവന്‍ മിക്കവാറും സൗഖ്യം പ്രാപിച്ചു ഇവിടെ വന്നു നേര്‍ച്ചകള്‍ കഴിച്ചു. തലെ ആണ്ടില്‍ ആളുകളാല്‍ വഹിക്കപ്പെട്ടവന്‍ പിറ്റെ ആണ്ടില്‍ നടന്നുവന്നു. തൊണ്ടയില്‍ ഒരു ചൂണ്ടല്‍ കോര്‍ത്ത പുലയന്‍ ഇവിടെ വന്നു നേര്‍ച്ച ഇട്ടതിന്‍റെ ശേഷം ചൂണ്ടല്‍ താനേ ഊരിപ്പോയി. അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഒരു സ്ത്രീക്കു ആണ്‍കുട്ടി ഇല്ലാഞ്ഞതിനാല്‍ ഗര്‍ഭമുണ്ടായതിനുശേഷം തിരുമേനിക്കു നേര്‍ച്ച നേരുകയും കുട്ടി ആണായിരിക്കണമെന്നു മാത്രമല്ലാ നേര്‍ച്ചക്കുട്ടി എന്നറിവാന്‍ തിരുമേനിയിലുള്ള ഏതെങ്കിലും ഒരടയാളം ഉണ്ടായിരിക്കണമെന്നു അപേക്ഷിക്കയും ചെയ്തു. ആ കുട്ടി ആണും തിരുമനസ്സിലെ കാലിന്‍റെ വിരല്‍ പെട്ടയായിരുന്നതുപോലെ ആ കുട്ടിയുടെ കാലിന്‍റെ വിരലും പെട്ടയായിരിക്കയും ചെയ്തു. ആ കുട്ടിയെ ഇവിടെ കൊണ്ടുവന്നു “സ്പഹായിലേക്ക്” അവര്‍ പണം കൊടുത്തു എന്നും കുര്‍ബാന ചൊല്ലത്തക്കവിധത്തില്‍ അതിന്‍റെ പേരും എഴുതിച്ചു. അനേകം പിശാചുക്കള്‍ കബര്‍ കാണുമ്പോള്‍ വിറച്ചു കരഞ്ഞുംകൊണ്ടു പുറപ്പെട്ടു പോകും. എല്ലാത്തരം ക്രിസ്ത്യാനികളില്‍ നിന്നും പുറജാതികളില്‍ നിന്നും സംഖ്യയില്ലാതെ പിശാചുക്കള്‍ പുറപ്പെട്ടു പോയിട്ടുണ്ട്. അവയുടെ സംസാരം ആരോ ചോദിച്ചിട്ട് ഉത്തരം പറയുന്നതുപോലെ ആകുന്നു, ഇവിടെ വരുന്ന പിശാചുക്കളോടു ഞങ്ങള്‍ ഒന്നും ചോദിക്ക പതിവില്ല. എന്നാലും അവ ഇപ്രകാരം ദീര്‍ഘസ്വരത്തില്‍ സംസാരിച്ചു പുറപ്പെട്ടു പോകുന്നു. ഈ തരത്തില്‍ ഇവിടെ നടക്കുന്ന അത്ഭുതങ്ങള്‍ അവര്‍ണ്ണനീയങ്ങള്‍ തന്നെ, അതുകളെല്ലാം ഇപ്പോള്‍ വിവരിച്ചെഴുതുവാന്‍ ആവശ്യമില്ല. ആരും പറയാതെയും ആവശ്യപ്പെടാതെയും മനുഷ്യര്‍ ഈ പണമെല്ലാം കൊണ്ടിടുന്നതു തന്നെ അവയ്ക്കു സാക്ഷിയാകുന്നു. അത്യാവശ്യങ്ങള്‍ക്കും കഴിവുപോലെ പണം ചുരുക്കുന്ന ആളുകള്‍ ഇത്ര അധികം പണമിടുന്നതു കാര്യമില്ലാഴിക അല്ലല്ലോ. ഉപായത്തിലോ സൂത്രത്തിലോ എടുക്കുന്നതിനും ആരും ഇതിനെപ്പറ്റി പറയുകയോ ഇതിലേക്കു ഉത്സാഹിക്കുകയോ ചെയ്തിട്ടില്ല. അസൂയകക്ഷികള്‍ “ശമരിയാക്കാരനാണെന്നും പിശാചുണ്ടെന്നും” പറയുമായിരിക്കും. പിശാചിനു ശക്തിയുണ്ടെന്നും ദൈവത്തിനും തന്‍റെ മക്കള്‍ക്കും ശക്തിയില്ലെന്നും പറയുന്ന ഇവര്‍ ആരുടെ മക്കളാകുന്നു? പരിശുദ്ധന്മാര്‍ക്ക് ശക്തിയുണ്ടെങ്കില്‍ അതു ദൈവത്തിന്‍റെ ആകുന്നു. ഇല്ലെങ്കില്‍ തനിക്കു ശക്തി ഇല്ലാത്തതുകൊണ്ടും ആകുന്നു. അപ്പനു ശക്തിയുണ്ടെങ്കില്‍ അതു നിശ്ചയമായിട്ടു മകനും കാണും.
ഇപ്പോള്‍ നടക്കുന്ന ഈ ശക്തി മുമ്പുള്ളവര്‍ക്കും സാക്ഷിയാണല്ലോ. ഈ പരിശുദ്ധനില്‍ നാം കണ്ട വിശേഷം നോമ്പു നമസ്കാരം, വിനയം ഇത്യാദി ആയിരുന്നുവല്ലോ.
(പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് ശിഷ്യനായ പുന്നൂസ് റമ്പാന്‍ – പിന്നീട് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ – പ. സ്ത്രീകളുടെ ചരിത്രം എന്ന ഗ്രന്ഥത്തിന്‍റെ (1080-ല്‍ കോട്ടയം മാര്‍ത്തോമ്മസ് അച്ചുകൂടത്തില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥം) മുഖവുരയില്‍ എഴുതിയിരിക്കുന്നത്.)