കേരളാ കോൺഗ്രസിന്റെ പടനായകൻ ശ്രീ. ഇ. ജോൺ ജേക്കബിന്റെ ചരമദിനത്തിൽ കാലിക പ്രസക്തിയുള്ള ഒരു ലേഖനം തയ്യാറാക്കുമ്പോൾ മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ചരിത്രം വിശകലനം ചെയ്യണം.
മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ അനശ്വരമായ വൃക്തി മുദ്രപതിപ്പിച്ച രാഷ്‌ട്രീയ നേതാവാണ് യശഃശരീരനായ ശ്രീ. ഇ. ജോൺ ജേക്കബ്. കേരളത്തിലെ കൃഷിക്കാർക്ക് വേണ്ടി ജീവിതാന്ത്യം വരെ പട പൊരുതിയ സമാനതകളില്ലാത്ത ലീഡറായിരുന്നു ഇലഞ്ഞിയ്ക്കൽ ബേബിച്ചായൻ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ശ്രീ. ഇ. ജോൺ ജേക്കബ്.
ശ്രീ. ഇ. ജോൺ ജേക്കബിന്റെ പത്‌നി സാറാമ്മ ജേക്കബ് രചിച്ച ‘ഓർമ്മയിലെ സമര സൂര്യൻ’ – എന്ന പുസ്‌തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് മലയാള മനോരമയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രവാസി കേരളാ കോൺഗ്രസ് (എം) യു.എ. ഇ ചാപ്റ്റർ പ്രസിഡണ്ട് എബ്രഹാം. പി. സണ്ണിയോടൊപ്പം പങ്കെടുത്ത അനുഭവം ഇത്തരുണത്തിൽ അനുസ്മരിയ്ക്കുന്നു.
ശ്രീ. ഉമ്മൻ ചാണ്ടി, ശ്രീ. കെ.എം. മാണി, ശ്രീ. സുകുമാർ അഴീക്കോട്, റവ. ഡോ. കെ.എം ജോർജ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ശ്രീ. ഇ. ജോൺ ജേക്കബിനെ കുറിച്ച് പ്രസ്‌തുത ചടങ്ങിൽ നടത്തിയ പ്രഭാഷണങ്ങൾ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.
ഒരു കാലഘട്ടത്തിൽ മദ്ധ്യ തിരുവിതാംകൂറിന്റെ രാഷ്‌ട്രീയ സ്‌പന്ദനങ്ങൾ നീയന്ത്രിച്ചിരുന്നത് ഇലഞ്ഞിയ്ക്കൽ തറവാടായിരുന്നു. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ കേരള സാമൂഹ്യ ചരിത്രം, മലങ്കര നസ്രാണി ചരിത്രം, ജന്മി കുടിയാൻ ബന്ധങ്ങൾ എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു വിശാല ചരിത്രമാണ് ഇലഞ്ഞിയ്ക്കൽ തറവാടിനുള്ളത്.
മലയാള മനോരമ പത്രാധിപരായിരുന്ന ശ്രീ. കെ. സി. മാമ്മൻ മാപ്പിളയുടെ അമ്മ ഇലഞ്ഞിയ്ക്കൽ കുടുംബത്തിലെയാണ്. മാമ്മൻ മാപ്പിളയുടെ ജീവിത സ്മരണകൾ എന്ന ജീവചരിത്രം തുടങ്ങുന്നത് ഇലഞ്ഞിയ്ക്കൽ തറവാടിന്റെ പ്രതാപ കാലം സ്‌മരിച്ചു കൊണ്ടാണ്. ഒരു പ്രഭു കുടുംബത്തിന്റെ പ്രഭാവ മോടികൾ ഇലഞ്ഞിയ്ക്കൽ തറവാടിനുണ്ടായിരുന്നു. ചുണ്ടൻ, ഓടി, പരുത്തുവാലൻ തുടങ്ങിയ കളിവള്ളങ്ങൾ, ചായം തേച്ച കൂടാര വള്ളങ്ങൾ, ആനകൾ, നിത്യജോലിയ്ക്കായി ആശാരിമാർ, കൊല്ലന്മാർ, തുടങ്ങിയ ഒരു വലിയ സംഘം ജോലിക്കാർ എല്ലാം ചേർന്ന പ്രൗഡമായ തറവാട്..!!!
തിരുവിതാംകൂർ ശൈലിയിൽ പണിത ഇലഞ്ഞിയ്ക്കൽ തറവാട് സ്ഥിതി ചെയ്യുന്നത് നിരണത്താണ്. മങ്കോട്ടയിലെ മഹർഷി എന്ന പേരിൽ പ്രസിദ്ധനായ ഇലഞ്ഞിയ്ക്കൽ ജോൺ വക്കീലിന്റെ വസതിയാണിത്.
ഇലഞ്ഞിയ്ക്കൽ ജോൺ വക്കീലിന്റെ ഇളയ പുത്രനാണ് ശ്രീ. ഇ. ജോൺ ജേക്കബ്. 1913 ആഗസ്റ്റ് 23 – നാണ് ജനനം.
ഹൈസ്‌കൂൾ പഠനകാലത്ത് ബോംബെയിലെ ഡഫറിൻ കോഴ്‌സിലേക്ക് ദക്ഷിണ ഭാരതത്തിലെ ആദ്യപ്രതിനിധിയായി തെരെഞ്ഞടുക്കപ്പട്ടു. 1933 വരെ മർച്ചന്റ് നേവിയിൽ കേഡറ്റായി പ്രവർത്തിച്ചു. തുടർന്ന് ഇന്ത്യൻ ആർമിയിൽ ചേർന്നു. മഹാത്മജിയുടെ നേത്രത്വത്തിൽ ക്വിറ്റ് ഇൻഡ്യാ സമരം ശക്തമായ കാലമാണത്.
ഇ. ജോൺ ജേക്കബിന്റെ സഹോദരൻ ഇ. ജോൺ ഫീലിപ്പോസ്, മഹാത്മജിയ്‌ക്കൊപ്പം ജയിലിൽ കഴിയുന്ന സാഹചര്യം. മഹാത്മജിയുൾപ്പടെയുള്ള ദേശീയ നേതാക്കളെ ബ്രിട്ടീഷുകാർ ആക്ഷേപിയ്ക്കുന്നതിൽ പ്രതിഷേധിച്ചു 1943 – ൽ ഇ. ജോൺ ജേക്കബ് ആർമി ഉദ്യോഗം രാജിവെച്ചു.
തെങ്ങിൻ തോപ്പും, നെൽവയലും പുഴയും പകിട്ടേകുന്ന മങ്കോട്ടയിലെ ഇലഞ്ഞിയ്ക്കൽ വീട്ടിലേക്ക് മടക്കം.
മാരാമൺ തേന്മാലിൽ ഡോ. ടി. തോമസിന്റെ മകൾ സാറാമ്മയെ കല്യാണം കഴിച്ചു. പരുമല പള്ളിയിൽ നടന്ന വിവാഹം ആശീർവദിച്ചത് കല്ലാശ്ശേരി ബാവാ..!!! വിവാഹ ശേഷം പരുമലയിൽ നിന്നും മങ്കോട്ടയിലേക്ക് ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ ജലയാത്ര.
മങ്കോട്ടയിലെ മഹാറാണിയായി വാഴുന്ന ജോൺ വക്കീലിന്റെ ഭാര്യയെ (അന്നമ്മ) കുറിച്ചും ഒരുപാട് കാര്യങ്ങൾ എഴുതാനുണ്ട്. പഴമയുടെ ചരിത്രം മധുരിയ്ക്കുന്ന ഓർമ്മകൾ നൽകും. മണ്ണുകൊണ്ട് നിർമ്മിച്ച മങ്കോട്ട ചിറയുടെ ശിൽപിയും സംവിധായകയും ജോൺ വക്കീലിന്റെ ഭാര്യയാണ് . വലിയൊരു പാട ശേഖരത്തിന് ചുറ്റും തെങ്ങിൻ തോപ്പുകൾ ഒരുക്കി, തിരുവിതാംകൂർ ശൈലിയിൽ പണിത ഇലഞ്ഞിയ്ക്കൽ തറവാട്ടിൽ പ്രശസ്തനായ ജോൺ വക്കീലിന്റെ പത്‌നി അക്ഷരാർത്ഥത്തിൽ മങ്കോട്ടയിലെ മഹാറാണിയായിരുന്നു.
മഴക്കാലത്തു നിരണം ഭാഗത്തു വെള്ളം പൊങ്ങുമ്പോൾ പാവപ്പെട്ട കർഷക തൊഴിലാളി കുടുബങ്ങൾക്ക് അഭയം നൽകിയിരുന്നത് ഇലഞ്ഞിയ്ക്കൽ തറവാടായിരുന്നു.അഭയം ചോദിച്ചവർക്കെല്ലാം അന്നവും ഭക്ഷണവും നൽകി സ്വീകരിച്ചിരുന്നു.
ഇ. ജോൺ ജേക്കബ് രാഷ്ട്രീയപ്രവേശനം
കൃഷികാര്യങ്ങളിൽ ശ്രദ്ധചെലുത്തി സന്തുഷ്ട ജീവിതം നയിച്ച ഇ. ജോൺ ജേക്കബ് രാഷ്ട്രീയത്തിൽ പ്രവേശിയ്ക്കുന്നത് തികച്ചും യാദൃഛികമായ നിരണം സംഭവത്തിലൂടെയാണ്. 1957 – ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തുടങ്ങിയപ്പോൾ, കർഷക തൊഴിലാളികൾ സംഘടിച്ചു കൃഷിഭൂമി ഉടമകളുമായി തർക്കങ്ങൾ തുടങ്ങി. പലയിടത്തും സംഘർഷങ്ങൾ ഉണ്ടായി.
കർഷകരും കർഷക തൊഴിലാളികളും പരസ്‌പരം ആശ്രയിച്ചു നെൽകൃഷി നടത്തുന്ന ഒരു സംവിധാനമാണ് നിലനിന്നിരുന്നത്. രാഷ്‌ട്രീയ നേട്ടത്തിനായി ചില നേതാക്കൾ നടത്തിയ പ്രവർത്തനങ്ങൾ കൃഷിയിടങ്ങൾ സംഘർഷമാക്കി. പിൽക്കാലത്തു ഇ. എം. എസ് മന്ത്രി സഭ പ്രതിസന്ധിയിലായത് ഈ വിഷയത്തിലാണ്.
അക്കാലത്തു കർഷകർക്ക് സംഘടനകൾ ഇല്ല. നിരണത്ത് സ്വന്തം വയൽ കൊയ്യാനെത്തിയ കൃഷിഭൂമി ഉടമകളെ തൊഴിലാളികൾ തടഞ്ഞു. ഒരു സ്‌ത്രീയുടെ മുലകൾ വെട്ടി. കർഷകർ ഭയന്നോടി. ഈ സംഭവം അറിഞ്ഞ ഇ. ജോൺ ജേക്കബ് പാടം കൊയ്യാൻ നിരണത്ത് കർഷകരെ സംഘടിപ്പിച്ചു. തൊഴിലാളികളുമായി സംഘർഷങ്ങൾ ഉണ്ടായി. ഈയ്യോച്ചൻ എന്ന തൊഴിലാളി മരിച്ചു. ആരാണ് തൊഴിലാളിയെ കൊന്നത് എന്നത് ഇന്നും മറഞ്ഞിരിയ്ക്കുന്നു. പോലീസെത്തി ഇ. ജോൺ ജേക്കബിനെ മുഖ്യപ്രതിയാക്കി, നൂറ്റൊന്നു പേരെ കൂട്ടു പ്രതികളുമാക്കി അറസ്റ്റ് ചെയ്‌തു, ആലപ്പുഴ സബ് ജയിലിൽ അടച്ചു. തെളിവില്ലാത്തതിനാൽ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.
ചരിത്ര പ്രസിദ്ധമായ തൊപ്പിപ്പാള സൈന്യം
ഇ. ജോൺ ജേക്കബ് എന്ന രാഷ്ട്രീയ നേതാവിനെ അടയാളപ്പടുത്തുന്നത് ചരിത്ര പ്രസിദ്ധമായ തൊപ്പിപ്പാള പടയുടെ സൈന്യാധിപനായാണ്. കേരളത്തിലെ കൃഷിക്കാർക്ക് വേണ്ടി നിരണം പടയെന്ന സൈന്യം രൂപീകരിച്ച ലീഡറാണ് ഇ. ജോൺ ജേക്കബ്.
ബനിയനും മുണ്ടും വേഷം, കവുങ്ങിൻ പാളയിൽ നിർമ്മിച്ച തൊപ്പി, കയ്യിൽ കുറുവടി, ഇരുമ്പ് മോതിരം ധരിച്ചു കർഷക രക്ഷയ്ക്കായി ജീവൻ വെടിഞ്ഞും പോരാടും എന്ന പ്രതിജ്ഞ. ഇതായിരുന്നു ചരിത്ര പ്രസിദ്ധമായ തൊപ്പിപ്പാള സൈന്യം അഥവാ നിരണം പട.
കൊയ്ത് നടത്താൻ സംഘർഷമുള്ള വയലുകളിൽ ഇ. ജോൺ ജേക്കബ് നേതൃത്വം നൽകുന്ന നിരണം പട എത്തും. വയലുകളിലും പരിസരത്തും സൈന്യം മാർച്ച് നടത്തും. കർഷകർ പാടങ്ങൾ കൊയ്യും.
നിരണം പടയുടെ മുദ്രാവാക്യം ശ്രദ്ധേയമാണ് :-
നിരണം പടയുടെ ശബ്ദമിതാ
ആരാ നിങ്ങളുടെ നേതാവ് ?
ബേബിച്ചായൻ നേതാവ്.
എന്താ നിങ്ങളുടെ പരിപാടി ?
അടിയാ ഞങ്ങളുടെ പരിപാടി.
തിരുവല്ല, റാന്നി, കുട്ടനാട്, ചങ്ങനാശ്ശേരി, ആലപ്പുഴ മേഖലകളിൽ ചങ്കുറപ്പുള്ള സൈന്യാധിപനായി നിരണം പടയെ നയിച്ച ഇ. ജോൺ ജേക്കബിന്റെ കേഡർ സംവിധാനവും നേതൃത്വ പാടവവും തിരിച്ചറിഞ്ഞ ശ്രീ.മന്നത്ത് പത്മനാഭനും, സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളും, വിമോചന സമരത്തിന്റെ മുൻനിരയിലേക്ക് ഇ. ജോൺ ജേക്കബിനെ നിയോഗിയ്ക്കുകയായിരുന്നു. കുട്ടനാട് കർഷക സംഘം പിറവിയെടുത്തു.
ശ്രീ.മന്നത്ത് പത്മനാഭൻ മുൻ നിരയിൽ നിന്ന് നയിച്ച വിമോചന സമരം ഒരു ചരിത്ര സംഭവം ആക്കി മാറ്റുന്നതിൽ ഇ. ജോൺ ജേക്കബ് വഹിച്ച പങ്ക് വലുതാണ്. വിമോചന സമരത്തിന് കരുത്തു പകരാൻ ഇ. ജോൺ ജേക്കബ് നേതൃത്വം നൽകുന്ന കർഷക ഭടന്മാർ മുൻനിരയിൽ നിന്ന് മാർച്ച് ചെയ്‌തു.
വിമോചന സമരത്തിൽ അറസ്റ്റ് വരിച്ച ആദ്യ വനിത ഇ. ജോൺ ജേക്കബിന്റെ ജീവിത സഖി സാറാമ്മ ജേക്കബ്ബാണ്. തിരുവല്ലാ താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്യുവാൻ നിരണം പടയുടെ മുന്നിൽ നിന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചു അറസ്റ്റ് വരിച്ച ധീര വനിതയാണ് സാറാമ്മ ജേക്കബ്ബ്.
മക്കളും മരുമക്കളും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തി ചാനലുകളിൽ ഇന്റർവ്യൂ നൽകുന്ന ആധുനിക നേതാക്കളെ കണ്ട് പരിചയിച്ച നമുക്ക് കേരള രാഷ്‌ട്രീയത്തിന്റെ മുൻകാല സമരങ്ങൾ വിലയിരുത്തുമ്പോൾ ഒരു പക്ഷേ അത്ഭുതം തോന്നാം.
1959 ജൂലൈ 31 – ന് കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടുന്നതോടെയാണ് വിമോചന സമരം അവസാനിയ്ക്കുന്നത്. തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിയ്ക്കാൻ ഇ. ജോൺ ജേക്കബിന് അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിയ്ക്കുകയും കൃഷിയിലേക്ക് മടങ്ങുകയും ചെയ്‌തു. കർഷകർക്ക് ഒപ്പം സഞ്ചരിയ്ക്കാനാണ് ഇ. ജോൺ ജേക്കബ് ആഗ്രഹിച്ചത്. നിരണത്ത് ‘ജനാധിപത്യ രക്ഷാസംഘം’ – എന്ന സംഘടന രൂപീകരിച്ചു. പിൽക്കാലത്തു ‘അഖില കുട്ടനാട് കർഷക സംഘം’ – എന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ശ്രീ. പി.ടി ചാക്കോയുടെ രാജിയും കേരള രാഷ്ട്രീയവും
ശ്രീ. പി.ടി ചാക്കോയുടെ ആത്മസുഹൃത്തായിരുന്നു ശ്രീ. ഇ. ജോൺ ജേക്കബ്. ശ്രീ. പി.ടി ചാക്കോയുടെ മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയും അതേ തുടർന്ന് കോൺഗ്രസ് രാഷ്‌ട്രീയത്തിലുണ്ടായ പ്രശ്നങ്ങളിൽ ദുഃഖിതനായിരുന്നു ശ്രീ. ഇ. ജോൺ ജേക്കബ്. മന്ത്രി പദവി നഷ്ടപ്പെട്ട ശ്രീ. പി.ടി ചാക്കോ 1964 ഫെബ്രുവരി 21 – ന് തിരുവനന്തപുരത്തു നിന്നും വാഴൂരിലേക്ക് ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ വരുമ്പോൾ ജന സഹസ്രങ്ങൾ ജയ്‌വിളികളോടെയാണ് സ്വീകരിച്ചത്.
‘പി.ടി ചാക്കോ ജനനേതാ,
ഞങ്ങൾ മുഴുവൻ അങ്ങയുടെ പിന്നിൽ.
ചാക്കോച്ചന്റെ മനസ്സ് പിളർന്ന ശങ്കർ മന്ത്രി ഇറങ്ങി പോകൂ’
ഇതായിരുന്നു അന്നത്തെ മുദ്രാവാക്യം.
കേരളാ കോൺഗ്രസ് പാർടിയുടെ ലീഡർഷിപ്പിൽ ശ്രീ. ഇ. ജോൺ ജേക്കബ്.
ശ്രീ. പി.ടി ചാക്കോയുടെ വേർപാടിന് ശേഷം കേരളാ കോൺഗ്രസ് പാർടി രൂപീകരിയ്ക്കുമ്പോൾ ശ്രീ. ഇ. ജോൺ ജേക്കബ് ലീഡർഷിപ്പിൽ എത്തി. ആർ. ശങ്കർ മന്ത്രി സഭയുടെ പതനത്തെ തുടർന്ന് രൂപീകരിച്ച രാഷ്ട്രീയ പാർടിയാണ് കേരളാ കോൺഗ്രസ്. 1964 ഒക്‌ടോബർ 9 – ന് കേരളാ കോൺഗസ് പാർടി പിറക്കുമ്പോൾ ശ്രീ. കെ. എം. ജോർജ് (ചെയർമാൻ), ശ്രീ. ഇ. ജോൺ ജേക്കബ്, ശ്രീ. വയലാ ഇടിക്കുള, ശ്രീ. എൻ. ഭാസ്‌കരൻ നായർ എന്നിവർ വൈസ് ചെയർമാന്മാരായും, ശ്രീ. ആർ. ബാലകൃഷ്‌ണപിള്ള, ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ, ശ്രീ. കെ. ആർ. സരസ്വതിയമ്മ – എന്നിവർ സെക്രട്ടറിമാരായും ചേർന്നുള്ള സമിതി
നിലവിൽ വന്നു.
1965 – ലെ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി തിരുവല്ലായിൽ നിന്നും ശ്രീ. ഇ. ജോൺ ജേക്കബ് വിജയിച്ചു.തിരുവല്ലായിൽ നിന്നും തുടർച്ചയായി നാല് തവണ നിയമ സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. പല തവണ മന്ത്രിയാകാൻ അവസരം ലഭിച്ചെങ്കിലും അതെല്ലാം അദ്ദേഹം നിരസിച്ചു. എന്നാൽ നാലാം തവണ വിജയിച്ചപ്പോൾ മന്ത്രിയാകാൻ തീരുമാനിച്ചു.
1977 – ൽ ഒരു മാസം ശ്രീ. കെ. കരുണാകരൻ മന്ത്രി സഭയിലും, പിന്നീട് ഒന്നര വർഷം ശ്രീ. എ. കെ. ആൻറണി മന്ത്രി സഭയിലും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.
നിയമ സഭയിൽ കൃഷിക്കാർക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്ന പ്രതിനിധിയായിരുന്നു ശ്രീ. ഇ. ജോൺ ജേക്കബ്. ‘ഒന്നാമത് ഞാൻ കൃഷിക്കാരനാകുന്നു. അതുകൊണ്ട് ഞാൻ കർഷകർക്ക് വേണ്ടി നിലകൊള്ളുന്നു. രണ്ടാമത് മാത്രമേ ഞാൻ പാർട്ടിക്കാരനാകുന്നുള്ളൂ’ – ഇതായിരുന്നു ശ്രീ. ഇ. ജോൺ ജേക്കബിന്റെ പ്രത്യയശാസ്ത്രം.
കായൽ രാജാവായ മുരിയ്ക്കന്റെ കുട്ടനാട്ടിലെ പാട ശേഖരം സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് നൽകാൻ തീരുമാനിയ്ക്കുമ്പോൾ, അതിനെ എതിർത്തുകൊണ്ട് നിയമ സഭയിൽ ശ്രീ. ഇ. ജോൺ ജേക്കബ് നടത്തിയ പ്രഭാഷണം ശ്രദ്ധേയമാണ്.
കേരളാ കോൺഗ്രസിന്റെ ചെയർമാൻ പദവി വരെ അലങ്കരിച്ച ശ്രീ. ഇ. ജോൺ ജേക്കബ് നിലപാടുകളിൽ ഉറച്ചു നിന്നു. നിയമ സഭാ പ്രസംഗങ്ങളിൽ കർഷകനും കർഷക തൊഴിലാളിയ്ക്കും വേണ്ടി ശബ്‌ദിച്ചു. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായ ഭിന്നതകളിൽ ശ്രീ. ഇ. ജോൺ ജേക്കബ് ദുഃഖിതനായിരുന്നു.
മന്ത്രി പദവിയിൽ ഇരിയ്ക്കുമ്പോൾ ഹൃദയ രോഗവുമായി ബന്ധപ്പെട്ട് അമേരിയ്ക്കയിൽ ചികിത്സയ്ക്ക് പോവുകയും, അവിടെ വെച്ച് 1978 സെപ്റ്റംബർ 26 – ന് ശ്രീ. ഇ. ജോൺ ജേക്കബ് ഇഹലോകവാസം വെടിഞ്ഞു.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കോതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നിരണം പള്ളിയിലെ കുടുംബ കല്ലറയിൽ അടക്കി.
ജീവിതാവസാനം വരെ കർഷകർകർക്ക് വേണ്ടി പടപൊരുതിയ കേരളാ കോൺഗ്രസിന്റെ പടനായകൻ ശ്രീ. ഇ. ജോൺ ജേക്കബിന്റെ പാവന സ്മരണകൾക്ക് മുൻപിൽ ആദരവിന്റെ അഞ്‌ജലി പുഷ്‌പങ്ങൾ അർപ്പിയ്ക്കുന്നു.