ഭാഗം 3.
സമാധാനത്തിന് എതിരായി പ്രവർത്തിച്ചവരും സമാധാനം തീരെ ആഗ്രഹിക്കാത്തവരും ആയ ഒരു വിഭാഗം അന്നും മലങ്കരസഭയിൽ ഉണ്ടായിരുന്നു. എങ്കിലും ധീരമായ നിലപാടെടുത്ത പാത്രിയർക്കീസ് ബാവയിൽ നിന്ന് അവർക്ക് യാതൊരു പിന്തുണയും ലഭിക്കാഞ്ഞതിനാൽ കാര്യമായി ഒന്നും പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രം. ഔഗേൻ തിരുമേനിയെ നിയുക്ത കാതോലിക്ക ആയി തെരഞ്ഞെടുക്കാൻ വിളിച്ചു കൂട്ടുന്ന അസോസിയേഷൻയോഗം നടത്താതിരിക്കാനുള്ള നിരോധന ഉത്തരവ് നേടുവാൻ അവർക്ക് കഴിഞ്ഞെങ്കിലും ബ. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആ ഉത്തരവ് തള്ളിക്കളയുകയാണുണ്ടായത്. 1958 മുതൽ 64 വരെ സമാധാനപരമായി മുന്നോട്ട് നീങ്ങിയ സഭക്ക് ’64 ലെ കാതോലിക്കാ വാഴ്ചക്ക് പാത്രിയർക്കീസ് ബാവാ നൽകിയ തുറന്ന സഹകരണം കൂടുതൽ കരുത്തു പകർന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം പാത്രിയർക്കീസ് ബാവയിൽ നിന്ന് വളരെ വിസ്മയനീയങ്ങളായ ചില അനുഭവങ്ങൾ ഉണ്ടായത് വേദനയോടെ പറയേണ്ടിയിരിക്കുന്നു. ഒരു പക്ഷെ, മലങ്കരയിൽ ഉള്ള വിഘടന വാദികളുടെ പ്രേരണമൂലം ആയിരിക്കാം അദ്ദേഹം അത്തരത്തിൽ പ്രവർത്തിക്കാൻ ഇടയായത്. 1964-ൽ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ഔഗേൻ തിരുമേനി രോഗബാധിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഒരാളെ തെരെഞ്ഞെടുക്കേണ്ടതിലേക്ക് 1970-ൽ അസോസിയേഷൻ യോഗം ചേരുകയും വട്ടക്കുന്നേൽ മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിയെ നിയുക്ത കാതോലിക്ക ആയി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ അസോസിയേഷൻ യോഗം തടയാനും വിഘടിത ഗ്രൂപ്പുകാർ എറണാകുളം കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും അത് തള്ളപ്പെടുകയാണ് ചെയ്‌തത്. നടപടി ക്രമമനുസരിച്ചു തന്നെ നിയുക്ത ബാവാ തെരെഞ്ഞെടുക്കപ്പെടുക തന്നെ ചെയ്തു. ഇതേതുടർന്ന് അതേ വർഷം തന്നെ മാർത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യം നിഷേധിച്ചു കൊണ്ട് 203/1970 -)o നമ്പർ ആയി യാക്കോബ് തൃതീയൻ ബാവായുടെ ഒരു കൽപ്പന 27-6-1970 എന്ന തിയതി വച്ച് കാതോലിക്കാ ബാവയ്ക്ക് ലഭിക്കുകയുണ്ടായി. കൽപ്പനയിൽ ഇപ്രകാരം പറയുന്നു : “അങ്ങയുടെ എഴുത്തിന് വളരെ നാളുകൾക്ക് മുൻപ് മാർതോമാ ശ്ലീഹായുടെ സിംഹാസനം എന്ന തലവാചകത്തിൽ (ലെറ്റർ ഹെഡ് ) എഴുതിയിട്ടുള്ള മറ്റൊരു കത്ത് നാം വായിച്ച് അത്ഭുതപ്പെട്ടു. യൂഹാനോന്റെ ഏവൻ ഗേലിയോനിൽ നിന്നും (20:21-24) വ്യക്തമാകുന്ന പ്രകാരം മാർതോമാ ശ്ലീഹ ഒരു പുരോഹിതൻ ആയിട്ടില്ലായിരുന്നു. ഒരു പുരോഹിതൻ പോലും ആകാതിരിക്കെ എങ്ങിനെ മഹാപുരോഹിതനായി? ഒരു മഹാപുരോഹിതൻ അല്ലാതിരിക്കെ, എങ്ങനെ സിംഹാസനം സ്ഥാപിച്ചു? 203 )o നമ്പർ കൽപ്പനയിൽ പരാമർശിക്കുന്ന മാർതോമാ ശ്ലീഹായുടെ സിംഹാസനത്തെ കുറിച്ചുള്ള വിവാദം വീണ്ടും മലങ്കര സഭയിൽ കലഹത്തിന്റെ വിത്തു വിതച്ചു. മലങ്കരസഭാ സുന്നഹദോസ് ടി കല്പനയെകുറിച്ച് വിശദമായി ചിന്തിക്കുകയും, സഭാ വിശ്വാസത്തിനും തിരുവചനത്തിനും വിരുദ്ധമാകയാൽ അത് തള്ളിക്കളയുന്നതായി പ്രഖ്യാപിക്കുകയും ആ വിവരം പാത്രിയർക്കീസിനെ അറിയിക്കുകയും ചെയ്തു. മഞ്ഞനിക്കരയിൽ ഉള്ള പാത്രിയർക്കീസ് ബാവായുടെ കബറിങ്കലുള്ള വരുമാനം മലങ്കരസഭ എടുത്തിരുന്നില്ല. അത് പാത്രിയർക്കീസ് ബാവായുടെ താത്പര്യ പ്രകാരം വിനിയോഗിച്ചു കൊള്ളട്ടെ എന്നതായിരുന്നു മലങ്കര സഭയുടെ നിലപാട്. പാത്രിയർക്കീസ് ബാവാ അവിടെ ആക്കിയിരുന്ന അപ്രേം ആബൂദി എന്ന റമ്പാനെ അദ്ദേഹം മെത്രാപ്പോലീത്തയായി വാഴിച്ചു തന്റെ ഡെലിഗേറ്റ് എന്ന നിലയിൽ മലങ്കരയിലേക്ക് അയക്കാൻ പോകുന്നു എന്ന ഒരു വാർത്ത പുറത്തു വന്നു. ഈ വിവരം അറിഞ്ഞ കാതോലിക്കാ ബാവാ 1972 ജനുവരി 13 )o തീയതി മലങ്കരസഭയുടെ സുന്നഹദോസ് വിളിച്ചു കൂട്ടി. സുന്നഹദോസ് തീരുമാനമനുസരിച്ചു പാത്രിയർക്കീസ് ബാവക്ക് സുന്നഹദോസ് അംഗങ്ങളെല്ലാവരും ഒപ്പിട്ട് അയച്ച കത്തിൽ അബൂദി റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചു ഡെലിഗേറ്റ് ആയി അയക്കരുതെന്നും, അങ്ങിനെ ചെയ്യുന്ന പക്ഷം മലങ്കര സഭയും അന്ത്യോഖ്യ സിംഹാസനവും തമ്മിലുള്ള ബന്ധം ശിഥിലമാകാൻ ഇടവരുമെന്നതിനാൽ ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിയണമെന്നും അപേക്ഷിച്ചിരുന്നു. പണ്ടത്തെ പാത്രിയർക്കീസ് കക്ഷിയിൽ അവശേഷിച്ചിരുന്ന മാർ പീലക്സിയേനോസും (പിന്നീട് പാത്രിയർക്കീസ് വിഭാഗത്തിന്റെ ശ്രേഷ്ഠ കാതോലിക്ക ) മാർ ക്ലിമ്മീസ് മെത്രാനും ടി കത്തിൽ ഒപ്പ് വച്ചിട്ടുണ്ടെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. പാത്രിയർക്കീസ് ആകട്ടെ സുന്നഹദോസിന്റെ അഭ്യർത്ഥനക്ക് ഒരു മറുപടി പോലും അയക്കാതെ ആബൂദി റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചു അദ്ദേഹത്തെ തന്റെ ഡെലിഗേറ്റ് ആയി സ്വീകരിച്ചുകൊള്ളണമെന്നുള്ള കൽപ്പനയും കൊടുത്ത് ഇങ്ങോട്ട് അയക്കുകയാണ് ചെയ്തത്.അതേത്തുടർന്ന് അദ്ദേഹത്തെ പള്ളികളിൽ സ്വീകരിക്കരുതെന്ന മലങ്കര സഭാ സുന്നഹദോസിന്റെ തീരുമാനം കൽപ്പന മൂലം കാതോലിക്കാ ബാവാ പള്ളികളിൽ അറിയിച്ചു. എന്നാൽ പാത്രിയാർക്കീസിനെ അനുകൂലിച്ചു കൊണ്ട് ചില പള്ളികളിൽ അബൂദി മെത്രാന് സ്വീകരണം കൊടുക്കുകയും ആ സ്വീകരണയോഗങ്ങളിൽ കതോലിക്കേറ്റിന് എതിരായി വിപ്ലവത്തിന് ആഹ്വാനം ഉണ്ടാവുകയും ചെയ്തപ്പോൾ ഇന്ത്യയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുവാൻ സഭാ നേതൃത്വം കേന്ദ്രഗവൺമെന്റിനോട് അപേക്ഷിക്കുകയും 1973 ജൂലൈ എട്ടാം തിയതി അദ്ദേഹത്തിന് ഇന്ത്യ വിട്ട് പോകേണ്ടി വരുകയും ചെയ്തു. അബൂദി മെത്രാൻ തിരികെ പോയതിനു ശേഷം യാക്കോബ് തൃതീയൻ ബാവാ മലങ്കര സഭയിലെ ചില വൈദീകർക്കു തന്റെ ആസ്ഥാനത്തു വിളിച്ചു വരുത്തി മെത്രാൻ സ്ഥാനം നൽകി അയക്കുകയായിരുന്നുഅടുത്ത നടപടി. കടവിൽ പോൾ റമ്പാൻ, ചെരുവുള്ളിൽ C. M. തോമസ് അച്ചൻ (ഇപ്പോഴത്തെ ബാവാ കക്ഷി കാതോലിക്കാ ബാവാ ) പെരുമ്പിള്ളി ഗീവർഗീസ് അച്ചൻ എന്നിവർ അങ്ങിനെ മലങ്കര സഭയുടെ അറിവോ സമ്മതമോ കൂടാതെ മെത്രാൻ സ്ഥാനം ലഭിച്ചു വന്നവരാണ്. 1970 മുതൽ പാത്രിയർക്കീസ് ബാവാ മലങ്കര സഭക്കെതിരായി ചെയ്ത ഡെലിഗേറ്റ് നിയമനം, മലങ്കര സഭാ സ്ഥാപകനായ മാർതോമാ ശ്ലീഹായുടെ പൗരോഹിത്യ നിഷേധം, ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് മെത്രാൻമ്മാരെ വാഴിച്ചു അയക്കൽ മുതലായ നടപടികൾ മൂലം, ’58-ൽ പാത്രിയർക്കീസിന് നൽകിയിരുന്ന അംഗീകാരം പിൻവലിച്ചിരിക്കുന്നതായി 3-8-74-ൽ ചേർന്ന മലങ്കരസഭാ സുന്നഹദോസ് പ്രഖ്യാപിച്ചു. 1975 ജൂൺ 16 ന് പാത്രിയർക്കീസ് ബാവാ തന്റെ കീഴിലുള്ള മെത്രാപ്പോലീത്താമാരെ ഡാമസ്ക്കസ്സിൽ വിളിച്ചു കൂട്ടി. ആ സുന്നഹദോസിൽ കാതോലിക്കാ ബാവയെയും അദ്ദേഹത്തിന്റെ സുന്നഹദോസിലുള്ള എല്ലാവരെയും മുടക്കിയതായും അദ്ദേഹം പ്രഖ്യാപിച്ചു. അതേ വർഷം സെപ്റ്റംബറിൽ അന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന പൗലോസ് മാർ പീലക്സിനോസിനെ കാതോലിക്കയായി പാത്രിയർക്കീസ് വാഴിച്ചയക്കുകയും ചെയ്തു. പാത്രിയർക്കീസ് പക്ഷ മലങ്കര യാക്കോബായ അസോസിയേഷൻ എന്ന പേരിൽ ബദൽ അസോസിയേഷൻ രൂപീകരിച്ചു ബദൽ ഭരണ സംവിധാനം ഏർപ്പെടുത്തുകയും, പണ്ടത്തെപ്പോലെ രണ്ട് ചേരികളായി തിരിഞ്ഞു വഴക്കും വ്യവഹാരവും ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ നാം ഗൗരവമായി ചിന്തിക്കേണ്ട ചില സംശയങ്ങൾ പ്രസക്തമാണെന്ന് തോന്നുന്നു. 1.1958 ൽ പാത്രിയർക്കീസും കാതോലിക്കയും പരസ്പരം സ്വീകരിച്ചത് 1934 ലെ മലങ്കര സഭാ ഭരണഘടനയിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ്. ആ ഭരണഘടനാ പ്രകാരം മാത്രമേ പാത്രിയർക്കീസ് മലങ്കര സഭയിൽ ഇടപെടാൻ പാടുള്ളു എന്ന കാതോലിക്കാ വിഭാഗത്തിന്റെ നിലപാട് ന്യായമല്ലേ? 2. ’58-ൽ പരസ്പരം സ്വീകരണ സമയത്ത് ഉണ്ടായിരുന്ന 1934-ലെ ടി ഭരണഘടന , യോജിപ്പിനു ശേഷം 1967-ൽ ഇരുവിഭാഗവും ഒരുമിച്ചു ചേർന്ന് ഭേദഗതികൾ വരുത്തി, അംഗീകരിച്ചതല്ലേ? അന്നത്തെ പാത്രിയർക്കീസ് പക്ഷത്തിലെ മെത്രാൻമാർ പള്ളികളിൽ, ഈ ഭരണഘടന പാസ്സാക്കുവാൻ കൽപ്പന അയച്ചു നടപ്പാക്കിയതല്ലേ? പാത്രിയർക്കീസ് പക്ഷത്തു ആദ്യത്തെ കാതോലിക്കാ ആയി വാഴിക്കപ്പെട്ട പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ, ഈ ഭരണഘടന അദ്ദേഹത്തിന്റെ ഭദ്രാസനത്തിലെ പള്ളികളിൽ നടപ്പിൽ വരുത്തിയതല്ലേ? 1995 ൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവ് അനുസരിച്ചു 1934 ലെ ഭരണഘടനക്ക് വിധേയരായികൊള്ളാമെന്നു പാത്രിയർക്കീസ് കക്ഷിയിലെ കാതോലിക്കായും മെത്രാപ്പോലീത്താമാരും കോടതിയിൽ രേഖാമൂലം പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. അല്ലാത്ത പക്ഷം അവർ അപ്പോൾ വഹിച്ചിരുന്ന സ്ഥാനങ്ങളിൽ തുടരുവാൻ അവർക്ക് കഴിയുമായിരുന്നില്ല. അതിന് ശേഷം ആ ഭരണഘടന സ്വീകാര്യമല്ലെന്നും തങ്ങൾ മറ്റൊരു ഭരണഘടനയുണ്ടാക്കി അതാണ് അംഗീകരിക്കുന്നതെന്നും മറ്റും കോടതിയിൽ പറഞ്ഞു നോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല. 3.മാർതോമാ ശ്ലീഹ പുരോഹിതൻ പോലും അല്ലെന്ന് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ 203 -)o നമ്പർ കൽപ്പനയിൽ പറഞ്ഞിരിക്കുന്നത് കടുത്ത വേദ വിപരീതമല്ലേ? ഈ പാത്രിയർക്കീസ് ബാവാ തന്നെ എഴുതിയിട്ടുള്ള ‘സുറിയാനി സഭാ ചരിത്രം ‘ എന്ന പുസ്തകം p.149 -ൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ” AD. 28 -ലെ വസന്തകാലത്ത് മറ്റു ശിഷ്യന്മാരോടൊപ്പം മാർതോമാ ശ്ലീഹാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. “വീണ്ടും p.164-ൽ, “മലങ്കര സഭയിൽ സുവിശേഷ വിത്തു വിതച്ചതിന് ശേഷം ഈ ബാലസഭയെ ഭരിപ്പാൻ ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയങ്കാൽ എന്നീ ക്രിസ്തു മാർഗ്ഗം സ്വീകരിച്ച നാല് ബ്രാഹ്‌മണ കുടുംബങ്ങളിൽ നിന്ന് അദ്ദേഹം പട്ടക്കാരെ ഏർപ്പെടുത്തി. ” എന്നും എഴുതിയിരിക്കുന്നു. മേല്പട്ടക്കാരൻ അല്ലെങ്കിൽ എങ്ങിനെ പട്ടക്കാരെ വാഴിക്കും? മാർതോമാ സ്ലീഹായെ ഇത്രയും തരം താഴ്ത്തി കടുത്ത വേദവിപരീതം പറഞ്ഞിട്ടും മലങ്കര സഭയിൽ ഒരു വിഭാഗം ആളുകൾക്ക് യാതൊരു വേദനയും തോന്നിയില്ല എന്നുള്ളത് അത്ഭുതം തന്നെ.
(തുടരും )