സഭയുടെ ആരാധനാ കലണ്ടർ അനുസരിച്ചു ആഗസ്‌റ്റ് ആറാം തീയതി മറുരൂപപ്പെരുന്നാൾ ആണ്. നമ്മുടെ കർത്താവ് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുൻപാകെ രൂപാന്തരപ്പെട്ടു (മർക്കോ.9.2). അതിനെ അനുസ്മരിക്കുന്ന പെരുന്നാളാണ് മറുരൂപപ്പെരുന്നാൾ. മറുരൂപപ്പെരുന്നാൾ അഥവാ feast of Transfiguration എന്നാണ് ആ പെരുന്നാൾ അറിയപ്പെടുന്നത്. ആദിമ കാലം മുതൽ പാശ്ചാത്യ പൗരസ്ത്യ സഭകൾ എല്ലാം ആചരിച്ചു വരുന്ന ഒരു പെരുന്നാളാണ് ഇത്. റോമൻ കത്തോലിക്കാ സഭ ഒൻമ്പതാം നൂറ്റാണ്ടു മുതൽ സഭയുടെ ഔദ്യോഗിക കലണ്ടറിൽ ഇതു ചേർക്കുകയും ചെയ്തു. അതുപോലെയോ അതിനേക്കാൾ മുമ്പോ ഓർത്തഡോക്സ് സഭകളും ആഗസ്‌റ്റ് ആറാം തീയതി മറുരൂപപ്പെരുന്നാൾ ആചരിക്കുന്ന പതിവുണ്ടായി.സഭയുടെ വലിയ പെരുന്നാളുകളുടെ അതായത് മോറാനായ പെരുന്നാളുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി ആണ് സുറിയാനി സഭയിലും മറ്റ് ഓർത്തഡോക്സ് സഭകളിലും ഈ പെരുന്നാൾ ആചരിക്കുന്നത്. ഇപ്പോഴും ജൂലിയാൻ കലണ്ടർ പിന്തുടരുന്ന ചില സഭകൾ ഈ പെരുന്നാൾ ആഗസ്‌റ്റ് പത്തൊൻപതാം തീയതി ആചരിക്കുന്നുണ്ട്. ഈ പെരുന്നാളിന് നമ്മുടെ സഭയിൽ കൂടാരപ്പെരുന്നാൾ എന്ന ഒരു പേര് എപ്പോഴോ തെറ്റായി കടന്നുകൂടിയിട്ടുണ്ട്. മലങ്കര സഭയിൽ നിന്ന് ഔദ്യോഗികമായി അച്ചടിച്ച പല പുസ്തകങ്ങളിലും ഡയറികളിലും കലണ്ടറുകളിലും കൂടാരപ്പെരുന്നാൾ എന്ന പേരാണ് നൽകിയിരിക്കുന്നത്. അത് തെറ്റാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. മറുരൂപപ്പെരുന്നാൾ എന്നു തന്നെ അല്ലെങ്കിൽ മറുരൂപപ്പെരുന്നാൾ എന്നുമാത്രമാണ് ഈ പെരുന്നാളിന്റെ പേര്. ഒരു പാരമ്പര്യത്തിലും ഇത് മറുരൂപപ്പെരുന്നാൾ എന്ന് കൊടുത്തു കണ്ടിട്ടില്ല.
കർത്താവിന്റെ മറുരൂപ സമയത്ത് ആത്മവിവശതയിലായ ശീമോൻ പത്രോസ് “ഞങ്ങൾ മൂന്നു കുടിൽ (കൂടാരം) പണിയട്ടെ” എന്ന് ചോദിച്ചതിന്റെ വെളിച്ചത്തിലായിരിക്കാം ആ സംഭവത്തെ അനുസ്മരിക്കുന്ന പെരുന്നാളിന് കൂടാരപ്പെരുന്നാൾ എന്ന പേര് വന്നുകൂടിയത്. പക്ഷെ സഭാ പാരമ്പര്യത്തിൽ ഈ പേര് ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസം ബഹു.റ്റി. ജെ. ജോഷ്വാച്ചനും അങ്ങനെ പറയുകയുണ്ടായി. മലങ്കര സഭയുടെ വായനക്കുറിപ്പിലും കലണ്ടറിലും മറ്റും കൂടാരപ്പെരുന്നാൾ എന്ന് എഴുതിയിരിക്കുന്നത് തിരുത്തണം എന്നും ബഹു.അച്ചൻ ആവശ്യപ്പെട്ടു.
കൂടാരപ്പെരുന്നാൾ യഹൂദന്മാരുടെ പെരുന്നാളാണ്. മിസ്രേമിൽ നിന്ന് പുറപ്പെട്ടു വാഗ്‌ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജാതി മരുഭൂമിയിൽ കൂടാരം അടിച്ചു താമസിക്കുന്നതിനെ അനുസ്മരിച്ചു യഹൂദന്മാർ ആചരിച്ചുവന്ന പെരുന്നാളാണ് കൂടാരപ്പെരുന്നാൾ. മരുഭൂമിയിൽ ജനങ്ങളുടെ കൂടാരങ്ങൾക്കു മദ്ധ്യേ യഹോവയായ ദൈവത്തിന്റെ സാന്നിധ്യം അറിയിക്കുന്ന സമാഗമന കൂടാരം ഉണ്ടായിരുന്നു. പെസഹായും പെന്തിക്കോസ്തിയും കൂടാരപ്പെരുന്നാളുമാണ് ഇന്നും യഹൂദന്മാരുടെ മൂന്നു പ്രധാന പെരുന്നാളുകൾ. യഹൂദന്മാരുടെ പെരുന്നാളാണ് കൂടാരപ്പെരുന്നാൾ. ക്രൈസ്തവ സഭയുടെ പെരുന്നാൾ മറുരൂപപ്പെരുന്നാൾ.