ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നീ മഹാ രഹസ്യങ്ങളുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തന്‍റെ ‘കോസ്മിക് മാന്‍’ (Cosmic Man) എന്ന ഗഹനമായ ഗ്രന്ഥത്തില്‍ പറയുന്ന ഒരാശയം മാത്രം ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും വേദശാസ്ത്രജ്ഞനുമായിരുന്ന നിസ്സായിലെ വിശുദ്ധ ഗ്രീഗോറിയോസിന്‍റെ ചിന്തകളെക്കുറിച്ചുള്ള പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രബന്ധമാണ് മേല്‍പറഞ്ഞ പുസ്തകം. അതില്‍ മൂന്നാം അദ്ധ്യായമായി കൊടുത്തിരിക്കുന്ന അക്കോലുഥിയ (Akolouthia) എന്ന ആശയത്തെക്കുറിച്ച് തിരുമേനി എഴുതിയതിന്‍റെ ചുരുക്കം ആദ്യം പറയാം:
പുരാതന ഗ്രീക്ക് ചിന്തകര്‍ ഉപയോഗിച്ചിരുന്ന അക്കോലുഥിയ എന്ന വാക്കിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. മലയാളത്തില്‍ പര്യായ പദങ്ങളായി ഉപയോഗിക്കാവുന്ന അനുസ്യൂതത, ഇടമുറിയാത്ത തുടര്‍ച്ച, അനുക്രമണം, കാര്യകാരണബന്ധം, നൈരന്തര്യം, യുക്തിപരമായ പരസ്പരബന്ധം, അനന്തരഫലം തുടങ്ങിയ അര്‍ത്ഥങ്ങളില്‍ നിസ്സായിലെ ഗ്രീഗോറിയോസ് ഈ വാക്ക് തന്‍റെ കൃതികളില്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. പ്രമുഖ ഗ്രീക്ക് ദാര്‍ശനിക വ്യവസ്ഥയായിരുന്ന സ്റ്റോയിക്ക് ഫിലോസഫിയില്‍ നിന്നാണ് അദ്ദേഹം ഈ അര്‍ത്ഥങ്ങള്‍ കൂടുതലും സ്വീകരിച്ചത്. പ്രപഞ്ചത്തിന്‍റെ സ്വാഭാവികമായ താളവും യുക്തിയുമായിരുന്നു സ്റ്റോയിക്ക് ചിന്തകര്‍ക്ക് പ്രധാനം. ഈ യുക്തിക്കാണ് അവര്‍ ‘ലോഗോസ്’ എന്ന ആശയം പ്രധാനമായും ഉപയോഗിച്ചത്. ആ വിശ്വയുക്തിയുടെ താളത്തിനനുസരിച്ച് ജീവിക്കുക എന്നതായിരുന്നു ധാര്‍മ്മികമായി മനുഷ്യന് യോജിച്ചത് എന്നായിരുന്നു അവരുടെ മതം. വാക്ക്, വചനം, യുക്തി എന്നൊക്കെ നാം സാധാരണ തര്‍ജ്ജമ ചെയ്യുന്ന ലോഗോസ് എന്ന സര്‍വ്വാതിശായിയായ ശക്തിയാണ് പ്രപഞ്ചത്തില്‍ മുഴുവന്‍ വസിക്കുന്നതും അതിനെ നയിക്കുന്നതും. ലോകത്തില്‍ ഓരോന്നിനും അതിന്‍റേതായ യുക്തി (logic) അഥവാ അനുക്രമണ സ്വഭാവമുണ്ട്.
നിസ്സായിലെ ഗ്രീഗോറിയോസിന്‍റെ ചിന്തയില്‍ ഈ അനുക്രമണഭാവം അല്ലെങ്കില്‍ തുടര്‍ച്ച (follow up), അതായത് ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ട് ഉരുത്തിരിയുന്ന രീതി വളരെ പ്രധാനമായി കരുതുന്നു. ഉദാഹരണമായി, ഒരു പ്രഭാഷണം നന്നായിരിക്കുന്നു എന്ന് നാം പറയുമ്പോള്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ സമഞ്ജസമായി ചേരുന്നുണ്ടെന്നും, ആ പ്രഭാഷണത്തിന്‍റെ ഉപസംഹാരത്തിലെ നിഗമനങ്ങള്‍ എല്ലാം സ്വാഭാവികമായും മുന്‍വാദങ്ങളില്‍ നിന്ന് ഉരുത്തിരിയുന്നതാണെന്നും നാം അര്‍ത്ഥമാക്കുന്നു. ഇത് ശരിയായ അക്കോലുഥിയ ആണ്.
എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ അലക്സന്ത്രിയയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ യഹൂദ-ഗ്രീക്ക് പണ്ഡിതന്‍ ഫിലോ ഇതോടൊപ്പം ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു പദം Taxis എന്നാണ്. ക്രമം (order) എന്നര്‍ത്ഥമുള്ള ഈ വാക്കില്‍ നിന്നാണ് സുറിയാനിയില്‍ തക്സോ/തക്സാ (ഏതെങ്കിലും ശുശ്രൂഷയുടെ ക്രമം) എന്ന വാക്കുണ്ടായത്. പ്രപഞ്ചത്തില്‍ മുഴുവനുള്ള ക്രമമാണ് നമ്മുടെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്‍റെയും ആധാരം എന്ന്ഫിലോയും പറഞ്ഞു. ഇവിടെയും സ്റ്റോയിക്ക് ചിന്തയില്‍ നിന്നാണ് ഈ ആശയം വരുന്നത്. നിസ്സായിലെ ഗ്രീഗോറിയോസിന്‍റെ ചിന്തയില്‍ ഇവ രണ്ടും പ്രതിഫലിക്കുന്നു. അത് ഇങ്ങനെയൊരു ക്രമത്തിന്‍റെ അടിസ്ഥാനത്തിലാണ് ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നിവയെ ബന്ധിപ്പിക്കുന്നത്. ഇവിടെ സുപ്രധാനമായ ഒരു കാര്യം ഓര്‍ക്കണം. അക്കോലുഥിയ അഥവാ അനുസ്യൂതത എന്നത് ദൈവസൃഷ്ടിയില്‍ മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. സൃഷ്ടിക്കതീതമായി സ്രഷ്ടാവില്‍ അനുസ്യൂതതയോ ക്രമമോ ആരോപിക്കാന്‍ നമുക്ക് കഴിയുകയില്ല. ഇതു പറയാന്‍ പ്രത്യേക കാരണമുണ്ട്. യൂനോമിയോസ്, പണ്ഡിതനെങ്കിലും അരിസ്റ്റോട്ടിലിന്‍റെ യുക്തിശാസ്ത്രം വച്ചുകൊണ്ട് തിരുവെഴുത്തുകളെയും ത്രിത്വവിശ്വാസത്തെയും തെറ്റായി വ്യാഖ്യാനിച്ചതിന് എതിരെയാണ് നിസ്സായിലെ ഗ്രീഗോറിയോസ് എഴുതുന്നത്. മറ്റ് കപ്പദോക്യന്‍ പിതാക്കന്മാരായ ബസ്സേലിയോസും നാസിയാന്‍സിലെ ഗ്രീഗോറിയോസും ഇതുപോലെ തന്നെ യൂനോമിയോസിന്‍റെ വാദങ്ങള്‍ക്ക് എതിരായി എഴുതുന്നുണ്ട്. എന്നാല്‍ ഏറ്റവും ദാര്‍ശനികമായ ഗഹനതയോടെ അത് ചെയ്യുന്നത് നിസ്സായിലെ ഗ്രീഗോറിയോസാണ്.
യൂനോമിയോസ് മനുഷ്യയുക്തിയുടെ ക്രമമാണ് ത്രിത്വത്തില്‍ ആരോപിക്കുന്നത്. പിതാവ് സകലത്തിന്‍റെയും കാരണവും പുത്രനും പരിശുദ്ധാത്മാവും ആ കാരണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവരുമാണ്. അതുകൊണ്ട് പുത്രനും പരിശുദ്ധാത്മാവും പിതാവിനേക്കാള്‍ താണ (subordinate) ആളത്തങ്ങളാണ് എന്ന് പഠിപ്പിച്ചു. കപ്പദോക്യന്‍ പിതാക്കന്മാര്‍ ഉറപ്പിക്കുകയും സഭ നിലനിര്‍ത്തുകയും ചെയ്ത ത്രിത്വസിദ്ധാന്തത്തിന് തീര്‍ത്തും എതിരായിരുന്നു ഇത്. സഭയുടെ ആ വിശ്വാസം അനുസരിച്ച് ഏകമായ ദൈവം മൂന്ന് ആളത്തങ്ങളായി (ക്നൂമോ/ക്നൂമാ എന്ന് സുറിയാനിയിലും ഹിപ്പോസ്റ്റാസിസ് എന്ന് ഗ്രീക്കിലും) അറിയപ്പെടുന്നു. ഈ ആളത്തങ്ങള്‍ തമ്മില്‍ സമ്പൂര്‍ണ്ണ സമത്വമാണ്. ഒന്ന്, മറ്റൊന്നിനേക്കാള്‍ വലുതോ ചെറുതോ അല്ല. ഒരേസമയം മൂന്നും വ്യതിരിക്തങ്ങളായും സാരാംശത്തില്‍ ഏക ദൈവമായും സഭ മനസ്സിലാക്കുന്നു. പെന്തിക്കോസ്തി പെരുന്നാളിന്‍റെ പ്രാര്‍ത്ഥനകളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ സൃഷ്ടിയില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട അക്കോലുഥിയയുടെ ക്രമം സ്രഷ്ടാവില്‍ ആരോപിക്കുന്നത് വളരെ ഗൗരവമേറിയ തെറ്റായി നിസ്സായിലെ ഗ്രീഗോറിയോസ് പറയുന്നു (ഓര്‍ത്തഡോക്സ് വേദശാസ്ത്രത്തിന്‍റെ മെതഡോളജിയിലെ പ്രധാന തത്വമാണിത്).
പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സുഭഗമായ യുക്തിയുടെ താളക്രമം മനുഷ്യഭാഷയുടെ അടിസ്ഥാനമാണ്. അതുപോലെതന്നെ എല്ലാവിധമായ വൈജ്ഞാനിക ഗ്രഹണത്തിന്‍റെയും (cognition) അടിസ്ഥാനം ഈ അക്കോലുഥിയ ആണ്. കണ്ണികള്‍ ഒന്നോടൊന്ന് ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു ചങ്ങല (chain) പോലെയാണ് പ്രപഞ്ചത്തിന്‍റെ ആന്തരിക പാരസ്പര്യം. അതുകൊണ്ട് ദൈവസൃഷ്ടിക്കുള്ളില്‍ എല്ലാം തമ്മില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.
പഴയനിയമവും പുതിയനിയമവും ചേര്‍ന്ന വിശുദ്ധ ഗ്രന്ഥം ഇതുപോലെ അനുസ്യൂതമായ ദൈവിക വെളിപാടാണ്. ഇവിടെ പരിശുദ്ധാത്മാവാണ് സൃഷ്ടിയിലെന്നതുപോലെ തിരുവെഴുത്തുകളിലും പാരസ്പര്യത്തിന്‍റെ അക്കോലുഥിയ സൃഷ്ടിക്കുന്നത്. വേദപുസ്തകത്തിന്‍റെ ക്രമീകരണത്തില്‍, ഉദാഹരണമായി മോശയുടെ അഞ്ച് പുസ്തകങ്ങള്‍, 150 സങ്കീര്‍ത്തനങ്ങളുടെ ക്രമാനുഗതമായ സംവിധാനം എന്നിവയെല്ലാം മനുഷ്യാത്മാവിന്‍റെ നിരന്തരമായ ആദ്ധ്യാത്മിക പരിണാമത്തെ വെളിപ്പെടുത്തുന്നതാണ്. വേദഗ്രന്ഥത്തില്‍ സൃഷ്ടി മുഴുവനിലുമെന്നതുപോലെ മനുഷ്യാത്മാവ് സവിശേഷമായ ഒരു ക്രമത്തെയാണ് അനുധാവനം ചെയ്യുന്നത്.
അക്കോലുഥിയ അഥവാ അനുക്രമണം ഒരു ചങ്ങല പോലെയാണെന്ന് സൂചിപ്പിച്ചല്ലോ. മനുഷ്യജീവിതത്തിലേക്ക് വരുമ്പോള്‍ ഈ ചങ്ങല രണ്ടു തരത്തില്‍ കാണാം. ഒന്ന്, നന്മയുടെ ചങ്ങല (Akolouthia of the good). മറ്റത് തിന്മയുടെ ചങ്ങല (Akolouthia of the evil). മനുഷ്യന്‍ അവന്‍റെ ജീവിതവ്യവഹാരത്തില്‍ ചിലപ്പോള്‍ തിന്മയുടെ ചങ്ങലയില്‍ പെട്ടുപോകാം. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ ക്രിസ്തീയ ധര്‍മ്മം ഈ തിന്മയുടെ അനുസ്യൂതമായ ചങ്ങലയെ പൊട്ടിച്ചുകളയുകയാണ്. അത് പൊട്ടിക്കണമെങ്കില്‍ നാം നിരന്തരമായി നന്മയുടെ കണ്ണികളോട് ചേര്‍ന്നുനില്‍ക്കണം. ക്രിസ്തു പരിശുദ്ധാത്മാവിലൂടെ നമ്മെ നന്മയുടെ ചങ്ങലയില്‍ കണ്ണികളാകാന്‍ സഹായിക്കുന്നു. എന്നാല്‍ തിന്മയുടെ ചങ്ങല വളരെ ശക്തമാണ്. അതിനെ തകര്‍ക്കാന്‍ നന്മ കൊണ്ടു മാത്രമേ കഴിയുകയുള്ളു. അക്രമത്തിനെതിരെ അക്രമം പ്രയോഗിച്ചാല്‍ തിന്മയുടെ ചങ്ങലയ്ക്ക് ശക്തിയും ദൈര്‍ഘ്യവും വര്‍ദ്ധിക്കും. ഇതൊരു ന്യൂക്ലിയര്‍ ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. ഒരു തിന്മ അടുത്ത തിന്മയ്ക്ക് ഊര്‍ജ്ജമായി മാറുന്നു. ആ തിന്മ കൂടുതല്‍ ശക്തിയോടെ പുതിയ തിന്മയെ സൃഷ്ടിക്കുന്നു (സാധാരണ ഭാഷയില്‍ ഒരു മാലപ്പടക്കത്തിന്‍റെ ചിത്രം എടുത്താല്‍ മതി. അത് പടക്കങ്ങളുടെ ഒരു ശൃംഖലയാണ്. അതില്‍ ഒരറ്റത്ത് ഒന്നിനു മാത്രമേ നാം തീ കൊളുത്തുന്നുള്ളു. പക്ഷേ നിമിഷംകൊണ്ട് അത് കണ്ണികണ്ണിയായി പടര്‍ന്ന് കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്നു).
അപ്പോള്‍ ക്രിസ്തീയ ജീവിതത്തില്‍ ഈ അക്കോലുഥിയ അര്‍ത്ഥപൂര്‍ണ്ണമാകുന്നത് നന്മയുടെ കണ്ണികളെ ഇടമുറിയാതെ അനുസ്യൂതമായി നമ്മുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും കൊണ്ടുവരുമ്പോഴാണ്. എവിടെയെങ്കിലും ഒരു വിടവ് വന്നുപോയാല്‍ അവിടെ തിന്മയുടെ കണ്ണികള്‍ നുഴഞ്ഞുകയറും. ഒരിക്കല്‍ കയറിപ്പറ്റിയാല്‍ പിന്നെ അര്‍ബുദകോശങ്ങള്‍ പോലെയോ മാലപ്പടക്കം പോലെയോ അത് അഗ്നിയിലേക്കും മരണത്തിലേക്കും ഉണ്മയില്ലാത്ത ശൂന്യതയിലേക്കും നമ്മെ നയിക്കും. നമ്മുടെ ബൗദ്ധികതലത്തില്‍ നമ്മള്‍ വേദപുസ്തകം വ്യാഖ്യാനിക്കുകയും അതിന്‍റെ അനുസ്യൂതതയെക്കുറിച്ച് വാചാലമായി പറയുകയും ചെയ്താലും അതിന്‍റെ തുടര്‍ച്ച (follow up) നമ്മുടെ ധാര്‍മ്മിക ജീവിതത്തിലേക്കും ലോകവ്യവഹാരത്തിലേക്കും കൊണ്ടുവന്നില്ലെങ്കില്‍ നമ്മുടെ വേദജ്ഞാനം അര്‍ത്ഥരഹിതമാവുകയും തിന്മ അതിന്‍റെ അനസ്യൂതമായ ചങ്ങല ഉപയോഗിച്ച് നമ്മെ മരണത്തോട് ബന്ധിക്കുകയും ചെയ്യും.