ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ 10-ാം ശ്രാദ്ധപെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയിരുന്നപ്പോള്‍ 2009 ജൂലൈ 23-ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം.)

ത്രീയേക ദൈവത്തിന്‍റെ വലിയ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ! അഭിവന്ദ്യരായ പിതാക്കന്‍മാരേ ബഹുമാനപ്പെട്ട റമ്പാച്ചന്‍മാരേ, വന്ദ്യരായ വൈദിക ശ്രേഷ്ഠരെ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, കര്‍ത്താവില്‍ അനുഗ്രഹിക്കപ്പെട്ട സഹോദരി സഹോദരങ്ങളേ,

10 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മില്‍ നിന്ന് ദൈവസന്നിധിയിലേക്ക് കടന്നു പോയ തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായും ഈ ആശ്രമത്തിന്‍റെ സ്ഥാപകനും അദ്ധ്യക്ഷനുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ പത്താമത് ഓര്‍മ്മപ്പെരുന്നാളില്‍ നാം സംബന്ധിക്കുകയാണ്. അഭിവന്ദ്യ തിരുമേനിയെ ഞാന്‍ ആദ്യമായി കാണുന്നത്, തിരുമേനി ഒരു വൈദികനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ സെക്രട്ടറിയായി റ്റി.ഇ.ജോര്‍ജ്ജ് അച്ചന്‍ സേവനമനുഷ്ഠിക്കുന്ന ആ കാലഘട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിയായി ഞാനും ആ പ്രസ്ഥാനത്തില്‍ സംബന്ധിച്ചത് ഓര്‍ക്കുന്നു. വളരെ ചുറുചുറുക്കോടെ ആ പ്രസ്ഥാനത്തില്‍ തിരുമേനി അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിറവേറ്റുന്നത് പലപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ കുറിച്ച് സഭയില്‍ അറിയപ്പെട്ടത് ഓമല്ലൂര്‍ സെന്‍റ് തോമസ് പളളിയുടെ വികാരി എന്നുളള ഘട്ടത്തിലാണ്. പ്രത്യേകിച്ച് വടക്കന്‍ ഭദ്രാസനത്തില്‍ ജനിച്ചു വളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്ന വൈദികന്‍ ഞങ്ങളില്‍ അഥവാ എന്‍റെ മനസ്സില്‍ എപ്പോഴും ആകര്‍ഷിക്കപ്പെടുകയും ശ്രദ്ധ പതിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഓമല്ലൂര്‍ പളളിയുടെ വിഷയം വന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുളളതും കേട്ടിട്ടുളളതും, അന്നത്തേ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ ദാനീയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി ഓമല്ലൂര്‍ പളളിയുടെ ചുമതല റ്റി.ഇ.ജോര്‍ജ്ജ് അച്ചനെ പ്രത്യേകമായി ഏല്പിക്കുകയും അദ്ദേഹം ആ ചുമതലകള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു എന്നാണ്. വളരെ വടക്ക് കിടന്നിരുന്ന ഞങ്ങളൊക്കെ ഏറെ സന്തോഷത്തോടും ആദരവോടും കൂടിയാണ് ഇതൊക്കെ കേട്ടിട്ടുളളത്.

അത് കഴിഞ്ഞ് റ്റി.ഇ.ജോര്‍ജ്ജ് അച്ചന്‍ മേല്പട്ട സ്ഥാനം അഭിഷേകം ചെയ്യപ്പെടാന്‍ തക്കവണ്ണം സഭ അദ്ദേഹത്തെ മറ്റ് നാലു പേരോടൊപ്പം തിരഞ്ഞെടുത്തു. 1978 മെയ് 15-ന് അദ്ദേഹത്തെ മേല്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് എന്‍റെ മാതൃ ഇടവകയായ കുന്നംകുളം, പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ചാണ്. ആ വിധത്തില്‍ ഒക്കെ ചിന്തിക്കുമ്പോള്‍ ഈ വന്ദ്യനായ പിതാവിന്‍റെ ആദ്യകാല ജീവിത ചരിത്രവും സഭയുമായുളള ബന്ധവും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

മേല്പട്ടക്കാരനായി പരിശുദ്ധ സുന്നഹദോസില്‍ അദ്ദേഹം സംബന്ധിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങളും അഭിപ്രായ പ്രകടനങ്ങളും വളരെ വ്യക്തതയുളളതായിരുന്നു. തിരുമേനി ഏത് കാര്യത്തില്‍ അഭിപ്രായം പറയുമ്പോഴും തിരുമേനിയുടെ ജീവിതത്തിന്‍റെ ലക്ഷ്യവും ദിശാബോധവും വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സുന്നഹദോസില്‍ പലപ്പോഴും വളരെ കുഴഞ്ഞ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരുമേനിയുടെ അഭിപ്രായപ്രകടനങ്ങള്‍ ദിശാബോധത്തോടെയും നിയമത്തിന്‍റെ പിന്‍ബലത്തോടെയും സഭയുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുളള നന്മ കരുതിക്കൊണ്ടുമായിരുന്നു. വ്യക്തമായ ചിന്ത, ശുഷ്കാന്തിയുളള ജീവിതം, സഭയുടെ സ്വാതന്ത്ര്യത്തിന് ഒരിക്കലും ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്ന ഒരു ലക്ഷ്യം, ഇതൊക്കെ തിരുമേനിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുളളതാണ്. എങ്ങനെയെങ്കിലും കാര്യങ്ങള്‍ കൊണ്ടുപോകുക എന്നത് തിരുമേനിയില്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എല്ലാ കാര്യത്തിലും തിരുമേനിക്ക് വ്യക്തമായ ചിന്തയും, അടുക്കും ഉണ്ടായിരുന്നു എന്നാണ് തിരുമേനിയുടെ ജീവിതത്തില്‍ നിന്ന് എനിക്ക് തോന്നിയിട്ടുളളത്. എന്നെക്കാള്‍ ഏറെ തിരുമേനിയുമായി അടുത്ത് ബന്ധപ്പെട്ട് ജീവിച്ചിട്ടുളള വിശ്വാസികളും വൈദികരും പിതാക്കന്‍മാരും ആണ് എന്‍റെ മുമ്പിലിരിക്കുന്നത് എന്ന് എനിക്കറിയാം. എന്‍റെ നിരീക്ഷണത്തില്‍ ഇതൊക്കെ തിരുമേനിയില്‍ ഏറെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സഭാ ഭാസുരന്‍ ആയിരുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സഹോദരിയുടെ കൊച്ചുമകന്‍ എന്നുളള ആ ഒരു വലിയ പദവി തിരുമേനി എപ്പോഴും സ്വന്തം ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തിരുമേനിയുടെ ജീവിതത്തില്‍ 19 വര്‍ഷക്കാലം തിരുമേനി മേല്പട്ടക്കാരനായി സഭയില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായിരിക്കുന്നു. ഇന്ന് 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നമ്മുടെ സഭയുടെ പിതാക്കന്മാരൊക്കെ നമ്മുടെ സഭയ്ക്കുവേണ്ടി ഏറെ കഷ്ടം സഹിച്ചിട്ടുളളവരും അഹോരാത്രം പ്രയത്നിച്ചിട്ടുളളവരാണ്.

തിരുമേനിയുടെ ദിശാബോധത്തിന്‍റെയും വ്യക്തമായ ഉള്‍ക്കാഴ്ചയുടെയും ചില ഉദാഹരണങ്ങള്‍ നാം ഇപ്പോള്‍ ഇരിക്കുന്ന ഈ ദേവാലയത്തില്‍ തന്നെ കാണാവുന്നതാണ്. ഈ പരിശുദ്ധ മദ്ബഹായിലേക്ക് നോക്കുമ്പോള്‍ കിഴക്കെ ഭിത്തിയുടെ മുകളില്‍ ഒരു ചിഹ്നം കാണാവുന്നതാണ്. ഈ ആശ്രമത്തിന്‍റെ പേര് ഹോളി ട്രിനിറ്റി എന്നാണ്. ഓര്‍ത്തഡോക്സ് സഭാ വിശ്വാസത്തിന്‍റെ കാതലായ ഒരു വേദശാസ്ത്ര അവബോധമാണ് പരിശുദ്ധ ത്രിത്വ വിശ്വാസമെന്നു പറയുന്നത്. ആ ത്രിത്വ വിശ്വാസം എന്നുളള ആശയം മറ്റുളളവര്‍ക്കും ബോധ്യമാകത്തക്ക വിധത്തിലായിരുന്നു തിരുമേനിയുടെ ഓരോ പ്രവര്‍ത്തനശൈലിയും. ഹോളി ട്രിനിറ്റി എന്ന് ആശ്രമത്തിന് പേരു കൊടുത്തത് തന്നെ തിരുമേനിയുടെ വിശ്വാസസംബന്ധമായും വേദശാസ്ത്രപരമായുമുളള വ്യക്തത വളരെ തെളിയിക്കുന്ന ഒരു വസ്തുതയാണ്. ഹോളി ട്രിനിറ്റി എന്ന പേരില്‍ തന്നെ തിരുമേനി ഒരു സ്കൂളും, ബാലഭവനുമെല്ലാം തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുണ്ട് എന്നും നമുക്കറിയാമല്ലോ.

തിരുമേനി കാലം ചെയ്ത ശേഷം തിരുമേനിയുടെ ജീവിത സന്ദേശങ്ങള്‍ വായിച്ചറിയുമ്പോഴാണ് വളരെ സമ്പത്ത് തിരുമേനി സഭയ്ക്കുവേണ്ടി സമ്പാദിച്ചു വച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കുന്നത്. അതുപോലെ തന്നെ വളരെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സംഗതിയാണ് പിതൃസ്വത്ത് കണക്ക് പറഞ്ഞ് വാങ്ങിയിട്ട് അത് പരിശുദ്ധ സഭയ്ക്ക് മുതല്‍ കൂട്ടായി ദാനം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് എന്ന പിതാവിന്‍റെ മാതൃക. ഇത് വളരെ സവിശേഷത ഉളള ഒന്നാണ്. ആ വിധത്തില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അധികം പിതാക്കന്‍മാര്‍ ശ്രദ്ധിച്ചിരുന്നോ എന്ന് എനിക്ക് അറിയാന്‍ പാടില്ല. എന്നാല്‍ കാലം ചെയ്ത ദീയസ്കോറോസ് തിരുമേനി തന്‍റെ പിതൃസ്വത്താണ് ഹോളിട്രിനിറ്റി ആശ്രമം ആക്കി രൂപാന്തരപ്പെടുത്തിയത്. തിരുമേനി തന്‍റെ ജീവിതത്തില്‍ ഏത് ദൗത്യം ഏറ്റെടുത്തുവോ ആ ദൗത്യത്തിനുവേണ്ടി മാത്രം ജീവിക്കുകയും അത് പൂര്‍ത്തീകരിക്കുവാനായി തന്നാല്‍ ആവോളം ശ്രദ്ധിക്കുകയും ചെയ്തിട്ടുളള ഒരു പിതാവാണ്.

തിരുമേനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ സഭയെ കുറിച്ച് ഉണ്ടായിരുന്നു. ആ സ്വപ്നങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും ഒരു പക്ഷെ സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു കാണുകയില്ല. തിരുമേനിയുടെ അങ്ങനെയുളള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ഇന്ന് നമുക്ക് പ്രത്യേകം ഉത്തരവാദിത്വമുണ്ട്, ചുമതലയുണ്ട്, എന്നുളളത് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ആ പരിശുദ്ധ പിതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളാണിത്. ഈ ഓര്‍മ്മ പെരുന്നാളില്‍ തിരുമേനി നമുക്ക് നല്‍കിയ ജീവിത സങ്കല്പങ്ങള്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം നാം ശ്രദ്ധിക്കണം, ശ്രമിക്കണം.

മെത്രാപ്പോലീത്താമാര്‍ കല്പനകള്‍ എഴുതാറുണ്ടല്ലോ. കല്പന എഴുതുമ്പോള്‍ കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് തിരുമേനി പറയുന്ന ഒരു വാചകമുണ്ട്. ڇഎടോ ഈ കല്പന നാളെ കഴിഞ്ഞ് ഒരു പക്ഷേ കോടതിയുടെ മുമ്പില്‍ ചെല്ലേണ്ടിവരും.ڈ അതുകൊണ്ട് മുറ തെറ്റാതെ വാക്കുകള്‍ക്ക് കുത്ത്, കോമ എല്ലാം ഉപയോഗിക്കണം. എന്ന്. ഈ കാര്യത്തില്‍ അഭിവന്ദ്യ ദീയസ്കോറോസ് തിരുമേനിയും അതിസമര്‍ത്ഥമായിട്ടാണ് ചിന്തിച്ചിട്ടുളളത്. ഏത് കാര്യങ്ങള്‍ വരുമ്പോഴും അതിലെ നിയമ വശങ്ങള്‍ തിരുമേനി ഏറ്റവും ശ്രദ്ധിക്കുമായിരുന്നു. അതെ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു.

ഞാന്‍ എന്‍റെ വാക്കുകള്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഒരു ചെറിയ അനുസ്മരണ സമ്മേളനം ആണല്ലോ ഇപ്പോള്‍ ഇവിടെ നടക്കുന്നത്. ആ പരിശുദ്ധ പിതാവിന്‍റെ മദ്ധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ ! ആ പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം ! ആ പിതാവ് സ്വര്‍ഗ്ഗ സന്നിധിയില്‍ ദൈവത്തൊടൊപ്പം, കര്‍ത്താവായ യേശുക്രിസ്തുവിനോടൊപ്പം, വിശ്രമിച്ച് ഉയര്‍ത്തെഴുന്നേറ്റ് രണ്ടാമത്തെ വരവില്‍ നമുക്ക് ഒരുമിച്ച് ക്രിസ്തുവിനെ എതിരേല്ക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ !