റാന്നി: തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച റാന്നി, ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികനായിരുന്ന കോഴഞ്ചേരി, തേവര്‍വേലില്‍ റവ.ഫാ.റ്റി.ഇ.ജോര്‍ജ്ജ് ആണ് തനിക്ക് പിതൃ സ്വത്തായി ലഭിച്ച സ്ഥലത്ത് 1970-ല്‍ ഹോളി ട്രിനിറ്റി ആശ്രമത്തിന് ആരംഭം കുറിച്ചത്. സ്ഥാപക പിതാവിന്‍റെ 21-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 23-ന് ആശ്രമത്തില്‍ ചേരുന്ന ജൂബിലി സമ്മേളനത്തില്‍ ആശ്രമ സുപ്പീരിയറും നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ആശ്രമം വിസിറ്റര്‍ ബിഷപ്പും കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനാധിപനുമായ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രീ.രാജു എബ്രഹാം എം.എല്‍.എ ജൂബിലി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊവിഡ്-19 നിബന്ധനകള്‍ക്കു വിധേയമായിട്ടായിരിക്കും ചടങ്ങുകള്‍ നടക്കുക.