മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു ദീവന്നാസ്യോസ് അഞ്ചാമന്‍ അഥവാ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍. അസ്വസ്ഥതകളും, അസ്ഥിരതയും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് അദ്ദേഹത്തിന് സഭാനേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ ഈ അസ്വസ്ഥതകളുടെ നടുവിലൂടെ സഭാനൗകയെ വിദഗ്ദമായി ഓടിച്ച് ശാന്തമായ തുറമുഖത്ത് എത്തിക്കുവാന്‍ കഴിഞ്ഞ ജ്ഞാനിയായ കപ്പല്‍ക്കാരനായിരുന്നു പുലിക്കോട്ടില്‍ തിരുമേനി. ഒരു വശത്തു നിന്നും നവീകരണക്കാരുടെയും, മറുവശത്തുനിന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെയും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു എങ്കിലും, അതിനെയെല്ലാം ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. മാര്‍ ദീവന്നാസ്യോസിന്‍റെ സാമര്‍ത്ഥ്യമില്ലായിരുന്നു എങ്കില്‍ നവീകരണക്കാര്‍ പിരിഞ്ഞുപോയപ്പോള്‍ മലങ്കരസഭയ്ക്ക് ഉണ്ടാകുമായിരുന്ന നഷ്ടം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിന്‍റെ പതിന്മടങ്ങ് ആകുമായിരുന്നു.
ഹൃദ്യമായ ഇടപെടലുകളിലൂടെ മറ്റുള്ളവരുടെ വിശ്വാസം നേടുവാന്‍ സാധിക്കുമായിരുന്നു അദ്ദേഹത്തിന്. സഹപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതും, അതില്‍ കൂടുതലും ബഹുമാനം നല്‍കുന്നത് ഒരു ബലഹീനതയായി ഒരിക്കലും അദ്ദേഹം കരുതിയിരുന്നില്ല. സഭാ ഭരണത്തിന് കൃത്യമായ ഭരണഘടനയോ എഴുതപ്പെട്ട നിബന്ധനകളോ ഇല്ലാതിരുന്ന കാലത്ത് മലങ്കര മെത്രാപ്പോലീത്തായ്ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ പ്രയോഗിക്കുവാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുവാനുള്ള ഉള്‍ക്കാഴ്ച തിരുമേനിക്കുണ്ടായിരുന്നു. അനേകര്‍ അദ്ദേഹത്തില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുവാനുള്ള കാരണവും അതുതന്നെയാണ്. ഒന്നു രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കുവാന്‍ ശ്രമിക്കുന്നു.
മലങ്കരസഭയുടെ ഏക ഭരണാധികാരിയായിരുന്ന മലങ്കര മെത്രാപ്പോലീത്തായോടൊപ്പം സഭാസ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാന്‍ രണ്ടു ട്രസ്റ്റിമാര്‍ കൂടെ വേണമെന്ന തീരുമാനം ഉണ്ടായത് 1840-ല്‍ ആണ്. സി.എം.എസ്. മിഷനറിമാരുമായി വഴിപിരിഞ്ഞപ്പോള്‍, സ്വത്ത് ഭാഗം വെയ്ക്കുവാന്‍ നിയമിതമായ മൂന്നംഗ ആര്‍ബിറ്ററേഷന്‍ കമ്മിറ്റി തയ്യാറാക്കിയ “കൊച്ചിന്‍ അവാര്‍ഡ്” എന്ന പേരില്‍ അറിയപ്പെടുന്ന രേഖയിലാണ്, ഇനി മേല്‍ സഭ തിരഞ്ഞെടുക്കുന്ന ഒരു മെത്രാപ്പോലീത്തായും, ഒരു വൈദികനും, ഒരു അത്മായക്കാരനും, ട്രസ്റ്റികളായിരിക്കുന്ന ഒരു ട്രസ്റ്റ് സഭാ സ്വത്തുക്കള്‍ ഭരിക്കണം എന്ന തീരുമാനമുണ്ടായത്.
കൂട്ടുട്രസ്റ്റിമാരെ സഭാഭരണത്തില്‍ പങ്കാളികളാക്കിയിരുന്നു അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍. ഇക്കാര്യത്തില്‍ ബഹു. ജോസഫ് ചീരന്‍ അച്ചന്‍റെ ചില പരാമര്‍ശനങ്ങള്‍ ഏറ്റവും അനുയോജ്യമായി തോന്നുന്നു: “മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും, വൈദിക ട്രസ്റ്റിയും, അത്മായ ട്രസ്റ്റിയും തമ്മില്‍ അഭേദ്യമായ വൈകാരികബന്ധം നിലനിന്നിരുന്നു. … അത്മായ ട്രസ്റ്റിക്കും, വൈദിക ട്രസ്റ്റിക്കും സഭാഭരണത്തില്‍ തുല്യ പങ്കാളിത്തം അനുവദിച്ചിരുന്നു. ….” (ആനപ്പാപ്പി, 2001, പേജ് 13, 14, 16). ആദ്യകാല ട്രസ്റ്റിമാരോടുള്ള ഇടപെടലുകള്‍ എപ്രകാരമായിരുന്നു എന്നു തെളിയിക്കുവാന്‍ രേഖകളൊന്നും ഈ ലേഖകന്‍റെ പക്കലില്ല. എന്നാല്‍ 1893-ല്‍ കോനാട്ട് മാത്തന്‍ മല്പാന്‍ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും തമ്മില്‍ നടന്നിട്ടുള്ള എഴുത്തുകുത്തുകള്‍ പുലിക്കോട്ടില്‍ തിരുമേനിയുടെ വിശാല മനസ്കത വെളിവാക്കുന്നു.
തിരുമേനിക്കു വേണ്ടി സുറിയാനിയില്‍ കത്തുകളും മറ്റും തയ്യാറാക്കുന്നതിന് മാത്തന്‍ മല്പാന്‍റെ സഹായം പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. പാത്രിയര്‍ക്കീസിനും മറ്റും അയക്കേണ്ട കത്തുകള്‍ ആണെങ്കില്‍ പോലും അതിന്‍റെ പ്രധാന ആശയം നല്‍കിയിട്ട് ഉചിതമായ ഒരു കത്തു തയ്യാറാക്കുവാന്‍ ആവശ്യപ്പെടുക മാത്രമാണ് തിരുമേനി ചെയ്തിരുന്നത്. 1906 കന്നി 2-ന് മാത്തന്‍ മല്പാന് അയച്ച ഒരു കത്തില്‍ തിരുമേനി പറയുന്നു: “….. പാത്രിയര്‍ക്കീസ് ബാവായ്ക്കും ഒരു കത്ത് അയപ്പാനായി നമുക്കു തോന്നപ്പെട്ടപ്രകാരം ഒരു പകര്‍പ്പ് ഉണ്ടാക്കി അയയ്ക്കുന്നു. ഈ പകര്‍പ്പില്‍ ആവശ്യമില്ലാത്തതു കണ്ടാല്‍ അതു നീക്കിയും, ആവശ്യമെന്നു തോന്നുന്നതിനെ കൂട്ടിയും സുറിയാനിയില്‍ അസല്‍ എഴുതി ഇങ്ങോട്ട് അയച്ചുതരികയും വേണം.” ഇങ്ങനെ തയ്യാറാക്കി അയച്ചു കൊടുക്കുന്ന കത്തിന്‍റെ അടിയില്‍ തിരുമേനി ഒപ്പും മുദ്രയും വയ്ക്കുക മാത്രമാണ് പലപ്പോഴും ചെയ്തിരുന്നത് (1908 മിഥുനം 10-ലെ കത്ത്). അത്രമാത്രം തന്‍റെ കൂട്ടുട്രസ്റ്റിയെ വിശ്വസ്ഥനായി കരുതിയാണ് തിരുമേനി ഭരണം നിര്‍വ്വഹിച്ചിരുന്നത്. പാത്രിയര്‍ക്കീസിന് ഒരു സ്വര്‍ണ്ണ വടി സമ്മാനിക്കുന്നതിനെക്കുറിച്ച് ഉണ്ടായ ചിന്ത മലങ്കര മെത്രാപ്പോലീത്താ പ്രമുഖരുമായി ആലോചിച്ചശേഷം വൈദിക ട്രസ്റ്റിയുടെ അഭിപ്രായവും ആരായുന്നുണ്ട്. കൂട്ടു ട്രസ്റ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ താന്‍ അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയുള്ളു എന്നും ഒരു കത്തില്‍ വ്യക്തമാക്കുന്നുണ്ട് (1906 കന്നി 15). ഒരു ആലോചനക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, വിഷമഘട്ടങ്ങളില്‍ പിന്‍തുണ നല്‍കുന്ന ഒരു സുഹൃത്തുമായിരുന്നു അദ്ദേഹം. മാത്തന്‍ മല്പാനെ കുറിച്ച് മോശമായ ചില പരാമര്‍ശനങ്ങള്‍ “മലങ്കര ഇടവകപത്രിക’യില്‍ വന്നപ്പോള്‍ പത്രാധിപരെ ശാസിക്കയും, ഇനിമേല്‍ വൈദികട്രസ്റ്റിയെ സഭയുടെ പ്രസിദ്ധീകരണം അവഹേളിക്കയില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട് (1904 കുംഭം 23). കവിഞ്ഞൊഴുകിയിരുന്ന ഈ സ്നേഹപ്രകടനങ്ങളോടൊപ്പം ആവശ്യമുള്ള ഗുണദോഷങ്ങളും, താക്കീതുകളും നല്‍കുന്ന കത്തുകളും കാണുന്നുണ്ട് (1908 മകരം 11). കമ്മിറ്റി മീറ്റിഗുകളിലും മറ്റും ഏതെങ്കിലും കാരണവശാല്‍ വൈദികട്രസ്റ്റി എത്തിച്ചേരുകയില്ല എന്നു തോന്നിയാല്‍, അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുവാന്‍ നടത്തിയിട്ടുള്ള എഴുത്തുകളും ലഭ്യമാണ്. തിരുമേനിക്ക് തീരെ സുഖമില്ലാത്തതിനാല്‍ കിടന്നുകൊണ്ടാണ് എഴുതുന്നത്, തീര്‍ച്ചയായും കമ്മിറ്റിക്കു വരണം എന്നു നിര്‍ദ്ദേശം നല്‍കുന്ന ഒരു കത്ത് ഈ കൂട്ടത്തിലെ ഒരു ഉദാഹരണം മാത്രമാണ് (1908 വൃശ്ചികം 6).
പ. വട്ടശ്ശേരില്‍ തിരുമേനിയുടെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന ചില സംഭവങ്ങള്‍ പുലിക്കോട്ടില്‍ തിരുമേനി ജനാധിപത്യ തത്വങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു എന്ന് വെളിവാക്കുന്നു. വട്ടശ്ശേരില്‍ തിരുമേനിയുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി നടന്നത് 1908-ല്‍ ആണെങ്കിലും, യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് 1902 ഡിസംബര്‍ 2-ന് പ. പരുമല തിരുമേനിയുടെ 30-ാം ചരമദിനത്തില്‍ നടന്നിരുന്നു. അന്ന് പരുമലയില്‍ കൂടിയ ജനം, ഉച്ച കഴിഞ്ഞ് പുലിക്കോട്ടില്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ഒരു മീറ്റിംഗ് കൂടി. സഭയ്ക്ക് പുതിയ മെത്രാന്മാരെ ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തുകയും അതിനായി വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മല്പാന്‍റെയും, പൗലൂസ് റമ്പാന്‍റെയും പേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു (മലങ്കര ഇടവക പത്രിക, 11, 11, പേജ് 202). എന്നാല്‍ വടക്കുനിന്നു വന്ന പ്രതിനിധികള്‍, രണ്ടു മെത്രാന്മാര്‍ അപര്യാപ്തമാണെന്നും, കൂടുതല്‍ പേര്‍ ആവശ്യമാണെന്നും, അത് ആരൊക്കെയെന്ന് വലിയ തിരുമേനിയും മറ്റു മെത്രാന്മാരും കൂടി തീരുമാനിച്ചാല്‍ മതിയെന്നും അഭിപ്രായപ്പെട്ടു. ഈ തീരുമാനം എല്ലാവരും കൈയടിച്ചു പാസ്സാക്കി. ഈ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് വട്ടശ്ശേരില്‍ മല്പാനെ 1903-ല്‍ റമ്പാനാക്കിയത്. ഇടവകപത്രികയിലെ റിപ്പോര്‍ട്ടുകളിലും 1908-നു മുമ്പുതന്നെ വട്ടശ്ശേരില്‍ മല്പാന്‍റെ തിരഞ്ഞെടുപ്പ് കഴിഞ്ഞതായി പരാമര്‍ശമുണ്ട് (1907, 16, 1, പേജ് 16; 16, 12, പേജ് 225-227). വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടാതെ കാര്യങ്ങള്‍ നടത്തുവാനുള്ള സാധ്യത പുലിക്കോട്ടില്‍ തിരുമേനിക്കു ലഭിച്ചിട്ടും അത് അദ്ദേഹം ചെയ്തില്ല. മെത്രാന്‍ സ്ഥാനത്തേയ്ക്കുള്ള വിളി അതീവ ശ്രദ്ധാപൂര്‍വ്വം സ്ഥിരപ്പെടുത്തേണ്ടതാകയാല്‍, തികച്ചും ജനാധിപത്യപരമായി വീണ്ടും അസോസിയേഷന്‍ വിളിച്ചു കൂട്ടി തിരഞ്ഞെടുപ്പു നടത്തി.
വളരെ കാലങ്ങള്‍ക്കിടയില്‍ മലങ്കരസഭയില്‍ നടക്കുന്ന ആദ്യത്തെ ക്രമീകൃതമായ മെത്രാന്‍ തിരഞ്ഞെടുപ്പായിരുന്നു ഇത് എന്നു കൂടി ഓര്‍ക്കണം. ആദ്യകാലങ്ങളില്‍ സഭാതലവനായിരുന്ന “ജാതിക്കുകര്‍ത്തവ്യന്‍” തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. എന്നാല്‍ അത് എത്രമാത്രം ക്രമീകൃതമായിരുന്നു എന്നു കൃത്യമായി അറിവില്ല. ഒന്നാം മാര്‍ത്തോമ്മായെ മെത്രാനായി ഉയര്‍ത്താന്‍ തീരുമാനിച്ച ആലങ്ങാട്ടെ സമ്മേളനം (1653) ഒരു ഉദാഹരണമാണ്. പിന്നീട് വാഴിക്കപ്പെട്ട മലങ്കര മെത്രാന്മാര്‍ ആരുംതന്നെ ക്രമീകൃതമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല. ജനത്തിന്‍റെ സമ്മതം ആവശ്യമാണ് എന്ന തത്വം നിലനിന്നിരുന്നിരിക്കാം. എന്നാല്‍ ഈ ജനസമ്മതം പ്രകടിപ്പിച്ചിരുന്നത് വിവിധ തരത്തിലായിരുന്നു. മുളന്തുരുത്തി സുന്നഹദോസില്‍ വച്ച് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകൃതമായി എങ്കിലും മെത്രാന്മാരെ ഈ അസോസിയേഷന്‍ തിരഞ്ഞെടുക്കണം എന്നൊരു നിയമം അവിടെ ഉണ്ടായതായി കാണുന്നില്ല. അപ്പോള്‍ സഭാഭരണഘടന ഉണ്ടാകുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്രമീകൃതമായി മെത്രാന്‍ തിരഞ്ഞെടുപ്പു നടത്തുന്ന പതിവിന് തുടക്കം കുറിച്ച ആളാണ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍. അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയും രൂപംകൊണ്ട നാള്‍ മുതല്‍ ആവശ്യമുള്ളപ്പോഴെല്ലാം വിളിച്ചുകൂട്ടി ആലോചന നടത്തുന്ന പതിവാണ് തിരുമേനിക്കുണ്ടായിരുന്നത്.
തിരുമേനിക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും മെത്രാനായി വാഴിക്കുവാന്‍ ജനം നല്‍കിയ അധികാരമാണ് അദ്ദേഹം വേണ്ടെന്നു വച്ചത്. ആരൊക്കെയാണ് മെത്രാന്‍ സ്ഥാനത്തിന് യോഗ്യന്മാര്‍ എന്ന് ആരാഞ്ഞുകൊണ്ട് മാത്തന്‍ മല്പാന് അയച്ച ഒരു കത്തും ശ്രദ്ധേയമാണ്. “മകനെ, നമ്മുടെ വൃദ്ധതയെയും ക്ഷീണത്തെയും കുറിച്ച് വിചാരിച്ചാല്‍ ഭരണത്തിനുള്ള നമ്മുടെ കാലം കഴിഞ്ഞിരിക്കുന്നു. … വടക്കേ ദിക്കിലെ ഇപ്പോഴത്തെ ഭരണങ്ങള്‍ വളരെ കുഴപ്പം തന്നെ. അതിനാല്‍ വടക്കേ ദിക്കിലേക്ക് ആരെ വേണ്ടൂ എന്ന് മല്പാന്‍ തന്നെ നന്നായി ആലോചിച്ച് നിശ്ചയിക്കുന്നുവോ ആ നിശ്ചയത്തെ നാം സ്വീകരിക്കുകയും, എഴുതി അയയ്ക്കുകയും ചെയ്തുകൊള്ളാം. വടക്കേ ദിക്കില്‍ ഇതിലേക്ക് യോഗ്യരായി ഒന്നോ രണ്ടോ പുള്ളികളെ നാം കാണുന്നുണ്ടെങ്കിലും അവരിലൊരാള്‍ ദീനക്കാരനും, മറ്റൊരാള്‍ ഒരുവിധം വൃദ്ധനുമായിരിക്കുന്നു. പിന്നെ ആരെല്ലാമോ, മല്പാനു തന്നെ അറിയാം. അതിനാല്‍ എത്രയും വേഗത്തില്‍ ആളെ തിരഞ്ഞെടുത്ത് വേഗത്തില്‍ എഴുതി അയപ്പാന്‍ വിചാരിക്കണം” (1903 ചിങ്ങം 18). മാത്തന്‍ മല്പാന്‍ എന്തു മറുപടി കൊടുത്തു എന്ന് അറിയില്ല. ഏതായാലും ഒരു സ്വേഛാധിപതിയായി സ്വന്ത ഇഷ്ടക്കാരെ മെത്രാന്മാരായി തിരുകി കയറ്റാനുള്ള നടപടിയല്ല പുലിക്കോട്ടില്‍ തിരുമേനി സ്വീകരിച്ചത്.
ഇരുമ്പുദണ്ഡുകൊണ്ട് തന്‍റെ അധികാരങ്ങള്‍ പൂര്‍ണ്ണമായി പ്രയോഗിക്കുന്ന ഒരു ഭരണമായിരുന്നില്ല മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റേത്. നിരന്തരമായ സമ്പര്‍ക്കത്തിലൂടെയും, സ്നേഹസമ്പൂര്‍ണ്ണമായ ഇടപെടലില്‍ കൂടെയും തന്‍റെ സഹപ്രവര്‍ത്തകരുടെയും, സമുദായ പ്രമുഖരുടെയും, സഭയിലെ വിശ്വാസികളുടെയും വിശ്വാസം നേടുവാന്‍ സാധിച്ചതാണ് അദ്ദേഹത്തിന്‍റെ വിജയ കാരണം. നവീകരണക്കാരുമായുള്ള കോടതി വ്യവഹാരങ്ങളില്‍ വിജയിക്കുക എന്നത് ആദ്യപടി മാത്രമായിരുന്നു. കേസ് ജയിച്ച ശേഷം അത് നടത്തിയെടുത്ത് സ്വത്തുക്കള്‍ പിടിച്ചു പറ്റാന്‍ മാത്രമായിരുന്നു തിരുമേനി ശ്രമിച്ചത് എങ്കില്‍ സഭയ്ക്ക് സഹിക്കേണ്ടി വരുമായിരുന്ന നഷ്ടം വലുതാകുമായിരുന്നു. എന്നാല്‍ കേസുകള്‍ ജയിച്ചശേഷം ഇടവകകള്‍ സന്ദര്‍ശിക്കുകയും, അവിടുത്തെ ജനങ്ങളെ നേരില്‍ കാണുകയും, അവരെ സഭയില്‍ പിടിച്ചുനിര്‍ത്തുവാന്‍ പരിശ്രമിക്കുകയും ചെയ്തതിലൂടെയാണ് തന്‍റെ ദൗത്യത്തെ യഥാര്‍ത്ഥ വിജയത്തിലെത്തിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചത്.