പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ് കത്തനാര്‍ (1902-1986)

ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ് മാത്യു – ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ് കത്തനാര്‍ 1902-ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. യും, സി.എം.എസ്. കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളജില്‍ നിന്ന് എല്‍.റ്റി. യും കരസ്ഥമാക്കി.

പ. വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന് 1918-ല്‍ (കൊ.വ. 1094 വൃശ്ചികം 18) തോട്ടയ്ക്കാട് പള്ളിയില്‍ വച്ച് ശെമ്മാശുപട്ടവും, 1933 ജൂണ്‍ 19-നു തോട്ടയ്ക്കാട് പള്ളിയില്‍ വച്ച് കശ്ശീശാപട്ടവും സ്വീകരിച്ചു (1108 മിഥുനം 5). പ. പാമ്പാടി തിരുമേനിയുടെ കീഴില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1933-ല്‍ മദ്രാസ് ബ്രോഡ്വേ പള്ളിയില്‍ സേവനം ചെയ്തു തിരിച്ചെത്തി 1934-ല്‍ മാര്‍ അപ്രേം പള്ളിയില്‍ സഹവികാരിയായി സ്ഥാനമേറ്റു. ഈ അവസരത്തില്‍ സഭയ്ക്ക് ബോംബെ ദാദറില്‍ ദൈവാലയം സ്ഥാപിക്കുവാന്‍ നിയോഗിക്കപ്പെട്ടു. ആ പള്ളിക്ക് അടിസ്ഥാനമിട്ട് പണിയാരംഭിച്ചശേഷം വീണ്ടും തിരിച്ചെത്തി മാതൃഇടവകയുടെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.

1934 മുതല്‍ ബഹു. ഫീലിപ്പോസ് കത്തനാര്‍ മാര്‍ അപ്രേം ഇടവകയുടെ വളര്‍ച്ചയ്ക്കും, നാടിന്‍റെ ബഹുമുഖ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. ‘തോട്ടയ്ക്കാട് – മീനടം യൂണിയന്‍ യു.പി. സ്കൂള്‍’ (TMUUP School), തന്‍റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ട തോട്ടയ്ക്കാട് സെന്‍റ് തോമസ് മലയാളം ഹൈസ്കൂള്‍ (1937-38) എന്നീ സ്കൂളുകള്‍ ഈ ദേശത്തെ കുട്ടികള്‍ക്ക് ഏഴാം ക്ലാസു മുതല്‍ മുന്നോട്ടു പഠിക്കുന്നതിനു സൗകര്യമുണ്ടാക്കി.
TMUUP സ്കൂളിന്‍റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു. 1948-ല്‍ അച്ചന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്കൂള്‍ ഇംഗ്ലീഷ് ഹൈസ്കൂളാവുകയും അദ്ദേഹം അന്നു മുതല്‍ ആ സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകനായി ചുമതല ഏല്‍ക്കുകയും ചെയ്തു.

1945-ല്‍ അച്ചന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ തോട്ടയ്ക്കാട് ആശുപത്രിക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച് തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ശാഖ ഇവിടെ പ്രവര്‍ത്തനക്ഷമമാക്കി. അതിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചപ്പോള്‍ അന്നത്തെ ആരോഗ്യവകുപ്പു മന്ത്രിയെകണ്ട് അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമായി ആശുപത്രി ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും ചെയ്തു.

തോട്ടയ്ക്കാട്ടുള്ള വായനശാല (1943), വില്ലേജ് അപ്ലിഫ്റ്റു സെന്‍റര്‍, പൊതുക്കിണര്‍ എന്നിവയെല്ലാം അച്ചന്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിക്കപ്പെട്ടു. ഇന്നു കാണുന്ന പല റോഡുകളും അച്ചന്‍റെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ്. വാകത്താനം പഞ്ചായത്തിന്‍റെ പ്രസിഡന്‍റായിരുന്ന അച്ചന്‍ (1963-1979) പഞ്ചായത്തിന്‍റെ വികസനത്തിനുവേണ്ടി യത്നിച്ചു.
വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാരുടെ കാലശേഷം 1949 മുതല്‍ മാര്‍ അപ്രേം പള്ളിയുടെ വികാരിയായി. ഇന്നത്തെ നമ്മുടെ ദൈവാലയ നിര്‍മ്മാണത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പള്ളിയുടെ ആദ്യത്തെ ഓഡിറ്റോറിയം, പൊതുക്കബര്‍, തോട്ടയ്ക്കാട്ട് കവലയിലുള്ള കുരിശിന്‍തൊട്ടി (അച്ചന്‍ സംഭാവന ചെയ്ത സ്ഥലത്ത്) ഇവയൊക്കെ അച്ചന്‍റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണ്. ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ നല്‍കിയിട്ടുള്ള കൈത്താങ്ങലിനുദാഹരണമാണ് മാര്‍ അപ്രേം സണ്ടേസ്കൂള്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അച്ചന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് തോമസ് ഹൈസ്കൂളില്‍ നടന്നത്.

മലബാര്‍ ഭദ്രാസനത്തിലെ ഏറ്റുകുടുക്ക പള്ളിയുടെ പുനരുത്ഥാരണം (1979), വയനാട്ടിലെ തരിയോട് പള്ളിയുടെ നിര്‍മ്മാണം ഇവ അച്ചന്‍റെ സഭാസ്നേഹത്തെ വിളിച്ചറിയിക്കുന്നു. അദ്ദേഹം നെടുമാവ് സെന്‍റ് പോള്‍സ്, പരിയാരം സെന്‍റ് തോമസ്, ചേറ്റേടം സെന്‍റ് മേരീസ്, മാങ്ങാനം എബനേസര്‍, ആലപ്പുഴ കുപ്പപ്പുറം പള്ളി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്യുകയുണ്ടായി.

സഭാ മാനേജിംഗ് കമ്മിറ്റിയംഗം, കോട്ടയം ഭദ്രാസന സെക്രട്ടറി, സഭവക കോളജുകളുടെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. പൗരോഹിത്യ ശുശ്രൂഷകളിലും ആരാധനാനുഷ്ഠാനങ്ങളിലും നിഷ്ടയും വെടിപ്പും പുലര്‍ത്തിയിരുന്ന അച്ചന്‍ നോമ്പനുഷ്ഠാനങ്ങളില്‍ തല്‍പരനും ദൈവഭക്തനുമായിരുന്നു.
യറുശലേം, ദമാസ്കസ്, ഹോംസ്, ആലപ്പോ, അമ്മാന്‍, ബാഗ്ദാദ് എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ. പാത്രിയര്‍ക്കീസിന്‍റെ അതിഥിയായി താമസിക്കുകയും, 1979-ല്‍ യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും സന്ദര്‍ശിക്കവെ വത്തിക്കാനില്‍ പ. പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യാത്രകളെക്കുറിച്ച് “കാണേണ്ടതും കണ്ടതും” എന്ന യാത്രാവിവരണം രചിച്ചു.

ചെങ്ങളം പുളിക്കപ്പറമ്പില്‍ അന്നമ്മ ആയിരുന്നു സഹധര്‍മ്മിണി. രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്.

1986 ജൂലൈ 11-ാം തീയതി ഫീലിപ്പോസ് കത്തനാര്‍ ദിവംഗതനായി. 13-ാം തീയതി മാര്‍ അപ്രേം പള്ളിയില്‍ പ. ബസേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കബറടക്കം നടത്തി.