ഡോ. സാമുവൽ ചന്ദനപ്പള്ളിയെ ഓർക്കുമ്പോൾ! / ഡോ. സിബി തരകന്‍

ഗവേഷകനും പ്രഭാഷകനും മികച്ച അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന എന്റ്റെ ഗുരുനാഥൻ ഡോ .ഡോ.സാമുവൽ ചന്ദനപ്പള്ളി അന്തരിച്ചിട്ട് രണ്ടു ദശാബ്ദങ്ങൾ ആയിരിക്കുന്നു.

2000 ജൂലൈ 3നാണു ആദ്ദേഹം നമ്മോടു വിടപറഞ്ഞത്. മലയാള ഭാഷ, കേരള സംസ്ക്കാരം, കേരള ചരിത്രം, സുറിയാനി സഭാ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ പാണ്ഡിത്യവും ഗവേഷണ മികവും തെളിയിച്ചിട്ടുള്ള ചന്ദനപ്പള്ളി സാറിന്റെ മേൽനോട്ടത്തിൽ ഗവേഷണ പഠനം നടത്താൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.

അദ്ദേഹത്തെ സംബന്ധിച്ചുള്ള സ്മരണകൾ ‘മലങ്കര സഭ’ മാസികയിലും എം.ഒ.സി. പ്രസിദ്ധീകരണ വിഭാഗം 2001ൽ പ്രസിദ്ധീകരിച്ച അനുസ്മരണ ഗ്രന്ഥത്തിലും ഞാൻ പങ്കുവച്ചിട്ടുണ്ട്.

നമ്മുടെയൊക്കെ ഓർമയിൽ സുഗന്ധം പരത്തുന്ന ചില അപൂർവ്വ വ്യക്തിത്വങ്ങൾ ഉണ്ട്; കാണാമറയത്താണെങ്കിലും നമ്മുടെ ആത്മാവിന്റെ ഭാഗമാവുകയും നമ്മെ പ്രചോദിപ്പിക്കുകയും ഓർമകളിൽ ചന്ദന ഗന്ധം പരത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങൾ!

ചന്ദനപ്പള്ളി സാർ എനിക്ക് എന്നും പ്രചോദനവും മാർഗ്ഗ ദീപവും ഓർമകളിൽ ചന്ദന ഗന്ധവും ആണ്.

പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ മലയാള വിഭാഗത്തിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായി 1987 മുതൽ രണ്ടുവർഷം പഠിക്കാനും പിന്നീട് അഞ്ചു വർഷം ഗവേഷണം നടത്തുവാനും അദ്ദേഹത്തിൽനിന്ന് പ്രേചോദനം ഉൾക്കൊണ്ടു പല കാര്യങ്ങളും ചെയ്യുവാനും കഴിഞ്ഞു.

1989 ൽ എം.എ രണ്ടാം വര്ഷം പഠിക്കുമ്പോഴാണ് കോളേജിലെ മലയാളം വകുപ്പിനെ മഹാത്മാ ഗാന്ധി സർവകലാ ശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി ഉയർത്തിയത്.ഡോ.സി.ഡി.സാമുവലും ഡോ.സരോജിനി അമ്മയും ഗവേഷണ ബിരുദധാരികളായ അദ്ധ്യാപകരായി അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് അതൊരു ഗവേഷണ കേന്ദ്രമായത്.

രണ്ടാം വർഷത്തെ പരീക്ഷാഫലം അറിഞ്ഞുകഴിഞ്ഞപ്പോൾ ഇനി ഗവേഷണം നടത്തിയാൽ നന്നായിരിക്കുമെന്നുതോന്നി.

എന്റെ സഹപാഠികൾ മിക്കവാറും എല്ലാവരും ബി.എഡ്ന് ചേർന്നപ്പോൾ ഞാനൊരുത്തൻ ഗവേഷകനായി ചന്ദനപ്പള്ളി സാറിനൊപ്പം തുടർന്നു.

കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിൽ ചേരാൻ സാധ്യതയുണ്ടായിട്ടുന്നിട്ടും ചന്ദനപ്പള്ളി സാറിനൊപ്പം ചേരാൻ ആഗ്രഹിച്ചത്, അദ്ദേഹത്തിന്റെ കരുതലും പിതൃനിർവിശേഷമായ സ്നേഹവും നേരത്തെതന്നെ അനുഭവിക്കാൻ ഇടയായിട്ടുള്ളതുകൊണ്ടാണ്.

വൈലോപ്പിള്ളി കവിതകളെക്കുറിച്ചുള്ള പ്രൊഫ.കെ.വി.തമ്പിസാറിന്റെ ക്ലാസ്സുകളുടെ സ്വാധീനംകൊണ്ടു ആ വിഷയത്തിൽ പഠനം നടത്താനാണ് ആഗ്രഹിച്ചത്. ഈ ആഗ്രഹം പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“തരകാ വൈലോപ്പിള്ളി കവിത ഒരുപാട്ഗവേഷകർ കൈവച്ച മേഖലയാണ്.പുതിയ ഒരു വിഷയത്തെക്കുറിച്ചു ആലോചിക്കൂ”

മറ്റൊരു വിഷയം എന്റെ മനസ്സിൽ ഇല്ലായിരുന്നു.
അപ്പോൾ അദ്ദേഹം രണ്ടുമൂന്നു വിഷയങ്ങൾ നിർദേശിച്ചു. അതിലൊന്നായിരുന്നു ‘റാവു സാഹിബ് ഓ.എം.ചെറിയാന്റെ സാഹിത്യ സംഭാവനകൾ’ എന്ന വിഷയം.

സൺഡേ സ്കൂൾ ക്‌ളാസ്സുകളിൽ എന്നോ ഈ പേര് കേട്ടതായി ഓർമ്മ വന്നു.

സാഹിത്യ ചരിത്രം വായിച്ചപ്പോഴോ എം.എ യ്ക്ക് പഠിച്ചപ്പോഴോ ഈ പേര് കേട്ടതായി ഓർമ്മ വന്നില്ല.

സത്യത്തിൽ വിഷയം അത്ര ആകർഷകമായി എനിക്കു തോന്നിയില്ല. ‘ഹൈന്ദവ ധർമ്മ സുധാകരം’, ‘ക്രിസ്തവ ധർമ്മ നവനീതം’, ‘മിശ്ശിഹാ ഭക്തി ലഹരി’, ‘കാലന്റെ കൊലയറ’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും അത്ര സുഖം തോന്നി യില്ല. എങ്കിലും മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

പ്രൊഫ.എൻ.ഐ .നൈനാൻ സാറ് അൽപ്പം ധൈര്യം തന്നു.” തരകൻ അന്വേഷണം തുടങ്ങു” എന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളോട് മാതൃസഹജമായ വാത്സല്യം പുലർത്തിയിരുന്ന സംസ്കൃതം അദ്ധ്യാപിക പ്രൊഫ.മേരി കുര്യൻ പറഞ്ഞു :

” ചന്ദനപ്പള്ളിസാറിന്റെ ഗവേഷണ താൽപ്പര്യങ്ങൾ കേരള സംസ്കാരം ,പ്രത്യേകിച്ച് ക്രൈസ്തവ സംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം മിഷനറി മലയാളം, വർത്തമാന പുസ്തകം എന്നിവയെ കേന്ദ്രീകരിച്ചാണെന്ന് അറിയാമല്ലോ.ആ രംഗത്തെ പഠനങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയിട്ടുള്ളത്.അതുകൊണ്ടു സിബിക്ക് കിട്ടിയ വിഷയം ഇപ്പോൾ അത്ര ആകർഷകമായി തോന്നുന്നില്ലെങ്കിലും ഭാവിയിൽ അത് പ്രയോജനപ്പെടും”

മേരി ടീച്ചറിന്റെ അഭിപ്രായം ശരിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.

രജിസ്ട്രേഷന് ആറുമാസത്തെ കാല താമസം ഉണ്ടായിരുന്നെങ്കിലും ഞാൻ അന്വേഷണവും പഠനവും ആരംഭിച്ചു.ഓ.എം.ചെറിയാൻ ആരായിരുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു ആദ്യ ലക്‌ഷ്യം. 1872 ൽ ജനിച്ചു 1944ൽ മരിച്ച ഓ.എം.ചെറിയാന്റെ സമകാലികരായ എഴുത്തുകാർ ആരുംതന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

അതുകൊണ്ട് അദ്ദേഹത്തെ കണ്ടിട്ടുള്ളവരും വായിച്ചിട്ടുള്ളവരും ഉണ്ടെങ്കിൽ കണ്ടെത്തുന്നത് നന്നായിരിക്കും എന്ന് തോന്നി.ചന്ദനപ്പള്ളി സാറിന്റെയും മറ്റുപലരുടെയും അഭിപ്രായം അനുസരിച്ചു കേരളത്തിലെ പ്രധാനപ്പെട്ട ഏതാനും സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും ലിസ്റ്റ് ഉണ്ടാക്കി അവരെ കണ്ടു സംസാരിക്കാനുള്ള ശ്രമം ആരംഭിച്ചു.

പലരുടെയും സഹായത്തോടെ മലയാള മനോരമയുടെ പത്രാധിപരായിരുന്ന ശ്രീ.കെ.എം.മാത്യു,സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണ പിള്ളയുടെ മകനും നാടക കൃത്തുമായിരുന്ന ടി.എൻ.ഗോപിനാഥൻ നായർ, മഹാകവി ഉള്ളൂരിന്റെ മകനും എഴുത്തുകാരനുമായ ഉള്ളൂർ പി.രാമനാഥൻ, മലയാളം ലക്സിക്കോണിന്റെ ചീഫ് എഡിറ്റർ ആയിരുന്ന ഡോ.ശൂരനാട്‌ കുഞ്ഞൻപിള്ള, മഹാ കവി.എം.പി.അപ്പൻ, മഹാ കവി ഇടയാറന്മുള കെ.എം.വർഗീസ്, മഹാ കവി പുത്തൻകാവ് മാത്തൻ തരകൻ, ദേശീയ സാഹിത്യ അക്കാദമിയുടെ സെക്രെട്ടറി ആയിരുന്ന ഡോ.കെ.എം.ജോർജ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ ആയിരുന്ന ഡോ.കെ.എം.തരകൻ, തുടങ്ങി ഒട്ടനവധി എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും നേരിൽ കണ്ടു സംഭാഷണങ്ങൾ നടത്തി.

അപ്പോഴാണ് ഓ.എം.ചെറിയാൻ എന്ന സാഹിത്യ വിസ്മയത്തെക്കുറിച്ചു കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിച്ചത്.

ഇവരുമായിട്ടുള്ള സംഭാഷണങ്ങൾ കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ ഗവേഷണത്തിനായി തെരഞ്ഞെടുത്ത വിഷയം എത്രയോ വിപുലവും സങ്കീർണവുമാണെന്നു മനസ്സിലായത്.

കവി, കഥാകൃത്, ഭാഷാ പണ്ഡിതൻ, പുരാണ പണ്ഡിതൻ, വേദ പണ്ഡിതൻ, അദ്ധ്യാപകൻ , നിരൂപകൻ, സാമൂഹ്യ പ്രവർത്തകൻ, സഭാ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിനിന്ന ഒരു മഹാ വ്യക്തിത്വത്തെയാണ് അനാവരണം ചെയേണ്ടതു് എന്ന് ബോധ്യമായി.

പിന്നീടുള്ള രണ്ടുമൂന്നു വർഷങ്ങൾ ഓ.എം.ചെറിയാന്റെ പ്രകാശിതവും അപ്രകാശിതവുമായ കൃതികൾ തേടിയുള്ള യാത്രയായിരുന്നു.’നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറണം’ എന്ന് പറയുന്നതുപോലെ ഊണിലും ഉറക്കത്തിലും ഓ.എം.ചെറിയാനായിരുന്നു മനസ്സുനിറയെ.

ആ അന്വേഷണങ്ങൾ അപരിചിതങ്ങളായിരുന്ന പല മേഖലകളിലേക്കും വ്യക്തികളിലേക്കും അവസരങ്ങളിലേക്കുമാണ് എന്നെ നയിച്ചത്.അതേക്കുറിച്ചൊക്കെ പിന്നീട് എപ്പോഴെങ്കിലും എഴുതാമെന്നു കരുതുന്നു.

1995 ൽ ‘റാവു സാഹിബ് ഓ.എം.ചെറിയാന്റെ സാഹിത്യ സംഭാവനകൾ: ഒരു പഠനം’ എന്ന ഗവേഷണ പ്രബന്ധത്തിനു പി.എഛ്.ഡി ലഭിക്കുമ്പോൾ അത് ആ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര പഠ നമായിത്തീർന്നു.(പിന്നീട് ചിലരെങ്കിലും ഈ പഠനം പകർത്തിയും രൂപമാറ്റം വരുത്തിയും ലേഖനങ്ങളും പുസ്‌തകാദ്ധ്യായങ്ങളും തയ്യാറാക്കിയാതായി കണ്ടിട്ടുണ്ട്).

കഷ്ടപ്പാടും ആശങ്കകളും നിറഞ്ഞ നാലഞ്ചു വർഷങ്ങൾ മുമ്പോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് ചന്ദനപ്പള്ളി സാറിന്റെ പിതൃതുല്യമായ സ്നേഹവും കരുതലും കൊണ്ടായിരുന്നു.

അദ്ദേഹത്തെക്കുറിച്ചുള്ള ഓര്മകൾക്കു മുമ്പിൽ ഞാൻ നമ്ര ശിരസ്കനാകുന്നു!