വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് കെ. ജോൺ ചെറിയാൻ അന്തരിച്ചു

കോട്ടയം ∙ വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് തയ്യിൽ കണ്ടത്തിൽ കെ. ജോൺ ചെറിയാൻ (75) അന്തരിച്ചു. സംസ്കാരം പിന്നീട്. വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ച ജോൺ ചെറിയാൻ ഏഷ്യ ആൻഡ് പസിഫിക് അലയൻസ് ഓഫ് വൈഎംസിഎ (എപിഎവൈ)യുടെ ട്രഷറർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.

എപിഎവൈയുടെ സമാധാനം, ലോക പൗരത്വം, സാമൂഹിക പുനർനിർമാണം എന്നിവയ്‌ക്കുവേണ്ടിയുള്ള സ്ഥിരം സമിതിയുടെ അധ്യക്ഷനായിരുന്നു. യുവജന വികസന പ്രവർത്തനങ്ങൾക്ക് എപിഎവൈ ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഏഴു തവണ കോട്ടയം വൈഎംസിഎയുടെ പ്രസിഡന്റായിരുന്നു. എംആർഎഫ് സീനിയർ പർച്ചേസ് മാനേജറായും സേവനമനുഷ്ഠിച്ചു.

ഭാര്യ: സാറാക്കുട്ടി (ചെറായി മഴുവഞ്ചേരി പറമ്പത്ത് കുടുംബാംഗം) മക്കൾ: റെബേക്ക, ചെറിയാൻ ജോൺ (ആമസോൺ, ബെംഗളുരു). മരുമക്കൾ: തോമസ് മാത്യു ഇലഞ്ഞിക്കൽ (ക്യാപ്മിനി, ഹൈദരാബാദ്), മറിയ മാത്യു (പൊട്ടൻകുളം കുടുംബാംഗം).