മലങ്കര സഭാ യോജിപ്പിന്‍റെ നേട്ടങ്ങള്‍

മലങ്കര സഭാ യോജിപ്പിന്‍റെ സുവര്‍ണ്ണ വ്യാഴവട്ടക്കാലത്ത് (1958-1970) ഒട്ടേറെ രംഗങ്ങളില്‍ സഭ മുന്നേറി. അംഗബലത്തില്‍ അല്പം പിന്നിലായിരുന്നെങ്കിലും കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയെക്കാള്‍ സമൂഹത്തില്‍ സ്വാധീനം നമുക്കുണ്ടായിരുന്നു. സഭാചരിത്ര രചയിതാക്കളുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നു.

1958-ലെ മലങ്കരസഭാ യോജിപ്പ് ക്രൈസ്തവലോകത്തിനു നല്‍കിയ സംഭാവനയാണ് ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്ന വേദിയും ആഡിസ് അബാബയില്‍ 1965 ജനുവരിയില്‍ നടന്ന അതിന്‍റെ തലവന്മാരുടെ ഉച്ചകോടിയും. നമ്മുടെ സഭാമക്കളായ ഫാ. ഡോ. വി. സി. ശമുവേല്‍, ഫാ. ഡോ. കെ. സി. ജോസഫ്, ഫാ. ഡോ. പോള്‍ വര്‍ഗീസ് (പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ) എന്നിവരാണ് അതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. 1960-കളിലാണ് കല്‍ക്കദോന്യേതര സഭകളുടെ വേദിയായി അഞ്ചു സഭകള്‍ കൈകോര്‍ക്കുന്നത്. പിന്നീട് ഒരു ഉച്ചകോടി നടക്കാതെ പോയതിന്‍റെ പ്രധാന കാരണം 1975-ലെ നമ്മുടെ പിളര്‍പ്പാണ്.

മലങ്കര സഭ യോജിച്ചുനിന്ന കാലത്ത് 1965-1970 ലെ മാനേജിംഗ് കമ്മിറ്റിയും റൂള്‍ കമ്മിറ്റിയും സഭയ്ക്കു നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇരുഭാഗത്തെയും ഉന്നതനിലവാരമുള്ള പ്രഗത്ഭര്‍ ഇവയിലുള്‍പ്പെട്ടിരുന്നു. രാജ്യാന്തര പ്രശസ്തനായ നിയമജ്ഞന്‍ ഡോ. എ.ടി. മര്‍ക്കോസ് ഇവയില്‍ അംഗമായിരുന്നു. (ഇദ്ദേഹത്തിന്‍റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. സമീപകാലത്ത് നിര്യാതനായ മുന്‍ എംഎല്‍എ എ.ടി. പത്രോസ് ഇദ്ദേഹത്തിന്‍റെ സഹോദരനാണ്). രണ്ടര വര്‍ഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളോടെയും ചര്‍ച്ചകളിലൂടെയുമാണ് 1967-ല്‍ സഭാഭരണഘടന (വകുപ്പുകള്‍ 6-44) ഭേദഗതി ചെയ്തത്. ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി ചട്ടങ്ങള്‍’ (1970), The Rules of Procedure of the Managing & Working Committees (1966), The Holy Episcopal Synod of the Orthodox Syrian Church of the East : Constitution and Functions (1967) തുടങ്ങിയവ ഈ കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. വളരെ കാലത്തിനു ശേഷമാണ് ഇവയ്ക്ക് ചെറിയ ഭേദഗതികള്‍ പോലുമുണ്ടായത്.

ഈ കാലത്താണ് സഭാംഗങ്ങളായ എം.എല്‍.എ. മാര്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത്. 1970-ല്‍ 133 പേരില്‍ കുറഞ്ഞത് 10 പേര്‍ സഭാംഗങ്ങളായിരുന്നു. 1965-ല്‍ ഇത്രയുംപേര്‍ ജയിച്ചെങ്കിലും അന്നു നിയമസഭ കൂടിയില്ല. കക്ഷിവഴക്കു തുടങ്ങിയതിനെ തുടര്‍ന്ന് രാഷ്ട്രീയ കക്ഷികള്‍ സഭയെ തഴയാന്‍ തുടങ്ങി. മറുകക്ഷിയുടെ കാലുവാരല്‍ കാരണം പലരും പരാജയപ്പെട്ടിട്ടുണ്ട്. ഈ കാരണം പറഞ്ഞ് ജയസാദ്ധ്യതയുള്ള പലര്‍ക്കും സീറ്റു നിഷേധിക്കുന്നുമുണ്ട്. ഡോ. പി. സി. അലക്സാണ്ടര്‍ക്കു രാഷ്ട്രപതി/ഉപരാഷ്ട്രപതി സ്ഥാനം നിഷേധിക്കുന്നതിനും കക്ഷിവഴക്ക് കാരണമായിട്ടുണ്ടത്രേ.