മുൻ MLA എ. റ്റി. പത്രോസ് നിര്യാതനായി

എ.ടി. പത്രോസ്, മാമ്മലശ്ശേരി (മുൻ MLA)

സംസ്ഥാന നിയമസഭയിലേക്കുള്ള മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1965 മാര്ച്ച് നാലിനാണ്. ഒരു കക്ഷിക്കും നിയമസഭയില് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്ന്ന് നിയമസഭ പിരിച്ചുവിട്ടു. മാര്ച്ച് 25ന് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തി. ആ തെരഞ്ഞെടുപ്പില് വിജയിച്ചവരില് 25പേര് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. പിന്നീടൊരിക്കലും ഈ 25പേര് എംഎല്എ സ്ഥാനാര്ഥികളായി കേരള നിയമസഭയിലേക്ക് മത്സരിച്ചിട്ടുമില്ല. പിരിച്ചുവിട്ട അന്നത്തെ നിയമസഭയിലെ എ.ടി. പത്രോസ്. മൂവാറ്റുപുഴ മണ്ഡലത്തില് നിന്നാണ് പത്രോസ് മത്സരിച്ചു ജയിച്ചത്. കേരളാ കോണ്ഗ്രസിലെ എ.ടി. പത്രോസിന് 18929 വോട്ടുകളും തൊട്ടടുത്ത എതിര് സ്ഥാനാര്ഥി കോണ്ഗ്രസിലെ ഇ.പി. പൗലോസിന് 14659 വോട്ടുകളും കിട്ടി. സിപിഐയിലെ എന്. പരമേശ്വരന് നായര്ക്ക് 11281 വോട്ടുകള്. എസ്എസ്പിയിലെ കെ.വി. പോളിന് 5546 വോട്ടുകള്. നിയമസഭ പിരിച്ചുവിട്ടതിനാല് നിയമസഭാംഗം എന്ന നിലയില് പെന്ഷനോ മറ്റ് ആനുകൂല്യങ്ങളോ ആര്ക്കുംകിട്ടിയില്ല.

രാമമംഗലം പഞ്ചായത്തിന്റെ പ്രസിഡന്റായി 18വര്ഷം പ്രവര്ത്തിച്ച പത്രോസ് രാമമംഗലത്തുകാര്ക്ക് ഇപ്പോഴും എംഎല്എ പത്രോസ് തന്നെ. മാമലശ്ശേരി ബസ് സ്റ്റോപ്പും പത്രോസിന്റെ പേരില്. നാട്ടുകാര്ക്ക് അദ്ദേഹം പത്രോസും ചിലപ്പോള് പീറ്ററും മറ്റുചിലപ്പോള് ചെല്ലപ്പനുമാണ്.

കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ കോളെജ് അധ്യാപകനാകാനായിരുന്നു എ.ടി. പത്രോസിനും മോഹം. കൈക്കൂലിക്കും അഴിമതിക്കും സാധ്യതയുള്ള സര്ക്കാര് ഉദ്യോഗങ്ങളൊന്നും അദ്ദേഹത്തിന്റെ കുടുംബത്തില് ആരും ഇഷ്ടപ്പെട്ടില്ല. ക്ഷുഭിത യൗവനത്തിന്റെ കാലത്ത് കോല്ക്കത്തയിലെ ലോ കോളെജ് യൂനിയന് പ്രവര്ത്തനത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്ത്തനം ആരഭിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളിലെമ്പാടും സഞ്ചരിച്ചു. ആ കാഴ്ചകളും അനുഭവങ്ങളും തന്റെ നിലപാടുകളും സമീപനങ്ങളും രൂപീകരിക്കുന്നതില് ഏറെ സ്വാധീനം ചെലുത്തി. ലോ കോളെജിലെ പഠനത്തിനു ശേഷം അദ്ദേഹം ഹൈക്കോടതിയില് അഭിഭാഷകനായി എന്റോള് ചെയ്തു. ഏറ്റവും വേണ്ടപ്പെട്ടവരാണ് കക്ഷിയെങ്കില്ക്കൂടി ഗുമസ്തനെക്കൊണ്ട് വക്കീല് ഫീസ് വാങ്ങുന്ന പ്രായോഗികത തന്നെക്കൊണ്ടാവില്ലെന്ന് അറിയാമായിരുന്ന പത്രോസ് കോടതിയിലേക്കു പോയില്ല. 18 വര്ഷം അദ്ദേഹം രാമമംഗലം പഞ്ചായത്തു പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ സമയനിഷ്ഠയും കണിശതയും പല ഉദ്യോഗസ്ഥര്ക്കും അസൗകര്യങ്ങള് ഉണ്ടാക്കി. പക്ഷെ ഈ അനിഷ്ടം നിലനില്ക്കുമ്പോഴും പത്രോസിലെ സംശുദ്ധമായ വ്യക്തിത്വത്തെയും ഭരണകര്ത്താവിനെയും അവര് ബഹുമാനിച്ചിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് 1965ലെ തെരഞ്ഞെടുപ്പില് അദ്ദേഹം കേരളാ കോണ്ഗ്രസ് സ്ഥാനാര്ഥിയായത്. കേരളാ കോണ്ഗ്രസ് പത്രോസിനെ തേടി വരികയായിരുന്നു. 1963ല് 32ാമത്തെ വയസില് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തു പ്രസിഡന്റായ പത്രോസ് 4270 വോട്ടുകള്ക്ക് 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിലെ ഇ.പി. പൗലോസിനെ പരാജയപ്പെടുത്തി. ആകെ പോള് ചെയ്ത വോട്ടിന്റെ 37.55% അദ്ദേഹം നേടി. നിയമസഭയില് എത്തിയില്ലെങ്കിലും 1965-67 കാലയളവില് നിയമസഭാംഗം എന്ന നിലയില് വികസന സമിതികളില് അദ്ദേഹം സജീവമായിരുന്നു. തുടര്ന്ന് 1990വരെ സഹകരണ മേഖലയിലും അദ്ദേഹം സജീവമായിരുന്നു.