ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ


ഒരു ഇടവകയുടെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത് വികാരിയും ട്രസ്റ്റിയും (കൈക്കാരന്‍ / കൈസ്ഥാനി) സെക്രട്ടറിയുമാണല്ലോ. ഓരോരുത്തരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും മലങ്കര സഭാ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കൈസ്ഥാനിയ്ക്ക് സെക്രട്ടറിയെക്കാള്‍ വിപുലമായ അധികാരങ്ങളും ചുമതലകളാണുള്ളത് (ഭരണഘടന വകുപ്പുകള്‍ 16, 35).

എന്നാല്‍ പല ഇടവകകളിലും ഇടവകയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് സെക്രട്ടറിയാണ്. ഇടവകയോഗത്തിന്‍റെയും മാനേജിംഗ് കമ്മറ്റിയുടെയും മിനിറ്റ്സ് എഴുതി സൂക്ഷിക്കേണ്ട സഭാ ഭരണഘടന (വകുപ്പുകള്‍ 16, 30) പ്രകാരമുള്ള ചുമതല മാത്രമല്ല സെക്രട്ടറിക്കുള്ളത്. പ്രായോഗികതലത്തില്‍ മറ്റു പല ചുമതലകളും നിര്‍വഹിക്കേണ്ടതായി വരുന്നുണ്ട്. ഭരണഘടന പ്രകാരം നിര്‍ബന്ധമില്ലെങ്കിലും ചില ഇടവകകളില്‍ പതിവുള്ള വാര്‍ഷിക റിപ്പോര്‍ട്ട് മാനേജിംഗ് കമ്മറ്റിയ്ക്കു വേണ്ടി തയ്യാറാക്കുന്നതും ഇടവക യോഗത്തില്‍ അവതരിപ്പിക്കുന്നതും സാധാരണയായി സെക്രട്ടറിയാണ്. ഭരണഘടന നിര്‍മ്മാണ – ഭേദഗതി സമയത്ത് വിഭാവനം ചെയ്യാത്ത പല ചുമതലകളും സെക്രട്ടറിമാര്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നുണ്ട്.

സഭാഭരണഘടന നിലവില്‍ വന്ന കാലത്ത് ട്രസ്റ്റിയും സെക്രട്ടറിയും ഒരാള്‍ തന്നെയായിരുന്നു. 1934 ലെ സഭാഭരണഘടനയില്‍ “കൈക്കാരന്‍ ഇടവകയോഗത്തിന്‍റെ സെക്രട്ടറി ആയിരിക്കുന്നതും ഇടവകയോഗങ്ങളുടെ മിനിട്ട്സ് എഴുതി സൂക്ഷിക്കേണ്ടതും, ആകുന്നു” (വകുപ്പ് 16) എന്നാണ് കാണുന്നത്. അതേ ഭരണഘടനയില്‍ “കമ്മട്ടിയോഗങ്ങളുടെ മിനിട്ട്സ് സെക്രട്ടറി എഴുതി സൂക്ഷിക്കേണ്ടതാകുന്നു. ഇടവകയോഗത്തിന്‍റെ സെക്രട്ടറി തന്നെ, മാനേജിംഗുകമ്മട്ടിയുടേയും സെക്രട്ടറിയായിരിക്കുന്നതാകുന്നു”(വകുപ്പ് 26, 1934) എന്നും കാണുന്നു. 1951 ലെ ഭേദഗതിയോടെയാണ് ഈ സ്ഥാനങ്ങള്‍ വിഭജിക്കുന്നത്. ഇപ്പോഴുള്ള 16-ാം വകുപ്പിന്‍റെ ആദ്യഭാഗം 1951 ലും അവസാനഭാഗം 1967 ലും ചേര്‍ത്തതാണ്. ചുരുക്കത്തില്‍ സെക്രട്ടറി സ്ഥാനം കാലക്രമത്തില്‍ വികാസ പരിണാമം പ്രാപിച്ചതാണ്. ഇനിയും ആ സ്ഥാനം വളരേണ്ടിയിരിക്കുന്നു. എന്നാല്‍ 1951 നു മുമ്പു തന്നെ ചില ഇടവകകളില്‍ ട്രസ്റ്റിയ്ക്കു പുറമേ സെക്രട്ടറി സ്ഥാനം നിലവില്‍ വന്നിരുന്നു. കവിയൂര്‍ സ്ലീബാ പള്ളി ഉദാഹരണമാണ്. ലഭ്യമായ രേഖകള്‍ പ്രകാരം 1930 മുതലെങ്കിലും ഇവിടെ സെക്രട്ടറിയും ട്രസ്റ്റിയും ഉണ്ടായിരുന്നു. അന്ന് സ്ഥാനക്രമത്തില്‍ ട്രസ്റ്റിയെക്കാള്‍ മുമ്പിലായിരുന്നു സെക്രട്ടറി.

ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഘടനയെപ്പറ്റി സഭാ ഭരണഘടനയില്‍ (വകുപ്പ് 26) കാണുന്നത് ഇപ്രകാരമാണ്: “വികാരി ഇടവക മാനേജിംഗ് കമ്മറ്റിയുടെ പ്രസിഡന്‍റും മറ്റു പട്ടക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ വൈസ് പ്രസിഡണ്ടന്മാരും തന്നാണ്ടു കൈസ്ഥാനിയും സെക്രട്ടറിയും കാലാവധി കഴിഞ്ഞു മാറിപ്പോകുന്ന മുന്നാണ്ടു കൈസ്ഥാനിയും മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങളും ആയിരിക്കുന്നതാകുന്നു.” ഇതനുസരിച്ച് പുതിയ മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന ട്രസ്റ്റിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില ഇടവകകളിലെങ്കിലും സ്ഥാനമൊഴിയുന്ന ട്രസ്റ്റിയെ അപേക്ഷിച്ച് സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ ഉള്‍പ്പെടുത്തുന്നതാണ് കൂടുതല്‍ പ്രയോജനം. എന്നാല്‍ ഭരണഘടന അനുസരിച്ച് സ്ഥാനമൊഴിയുന്ന ട്രസ്റ്റിയെ ഒഴിവാക്കാനും പാടില്ല.

ഇടവക മാനേജിംഗ് കമ്മറ്റിയുടെ അംഗസംഖ്യ വികാരിയെ കൂടാതെ അഞ്ചിനും പതിനഞ്ചിനും ഇടയിലാണ്. ആവശ്യമെങ്കില്‍ ഇടവക മെത്രാപ്പോലീത്തായുടെ അനുമതിയോടുകൂടി മാനേജിംഗ് കമ്മറ്റിയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും അവസരമുണ്ട് (വകുപ്പ് 25). ശരാശരി അംഗസംഖ്യയുള്ള ഇടവകയില്‍ പത്തു പേരെങ്കിലും മാനേജിംഗ് കമ്മറ്റിയിലുണ്ടാകും. ആ നിലയ്ക്ക് സ്ഥാനമൊഴിയുന്ന ട്രസ്റ്റിയോടൊപ്പം സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ കൂടി മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രയാസമില്ല. സ്ഥാനമൊഴിയുന്നവരെ തൊട്ടു പിന്നാലെയുള്ള മാനേജിംഗ് കമ്മറ്റിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അപ്പോള്‍ ഇടവക മാനേജിംഗ് കമ്മറ്റിയുടെ അംഗസംഖ്യ ഓരോ വര്‍ഷവും വ്യത്യസ്തമാകാന്‍ സാദ്ധ്യതയുണ്ട്; അതിന് കുഴപ്പമില്ല. പ്രത്യേക സാഹചര്യത്തിലൊഴികെ, അംഗസംഖ്യ വികാരി ഉള്‍പ്പെടെ പതിനാറില്‍ (1 + 15) കൂടരുത് എന്നു മാത്രമേയുള്ളൂ.

ഉദാഹരണ സഹിതം കാര്യം വ്യക്തമാക്കാം. വികാരിയും ട്രസ്റ്റിയും സെക്രട്ടറിയും കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗങ്ങളുള്ള മാനേജിംഗ് കമ്മറ്റിയുടെ ആകെ അംഗസംഖ്യ 13 ആണല്ലോ. മുന്നാണ്ട് ട്രസ്റ്റിയും സെക്രട്ടറിയും പുതിയ വര്‍ഷവും തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അംഗസംഖ്യ 13 തന്നെയായിരിക്കും. ഒരു സ്ഥാനി മാത്രം മാറിയാല്‍ 14 -ഉം രണ്ടു പേരും മാറിയാല്‍ 15 -ഉം ആയിരിക്കും അംഗസംഖ്യ. അതുകൊണ്ട് ഈ ഇടവകയുടെ മാനേജിംഗ് കമ്മറ്റിയുടെ ആകെ അംഗസംഖ്യ ഓരോ വര്‍ഷവും വ്യത്യസ്തമായിരിക്കും (13, 14, 15); ഇതിനു പ്രശ്നമില്ല. മറിച്ച് അംഗസംഖ്യ ക്ലിപ്തപ്പെടുത്തണമെന്നു പൊതുയോഗത്തിനു നിര്‍ബന്ധമാണെങ്കില്‍ പരമാവധി വരാവുന്ന അംഗസംഖ്യ (ഇവിടെ 15) പൊതുയോഗം നിശ്ചയിച്ചാല്‍ മതിയാകും.

വാര്‍ഡ് അടിസ്ഥാനത്തിലാണ് 10 പേരുടെ തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ പരമാവധി വരാവുന്ന (ഇവിടെ 15) അംഗസംഖ്യയിലെത്താന്‍ അവശേഷിക്കുന്ന ഒന്നോ രണ്ടോ സ്ഥാനത്തേക്ക് പൊതുവായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. പ്രാതിനിധ്യം കുറഞ്ഞ വാര്‍ഡിന്‍റെ പ്രതിനിധിയെയോ ഇടവക കൗണ്‍സിലിന്‍റെ പ്രതിനിധിയെയോ സണ്‍ഡേസ്കൂള്‍ അദ്ധ്യാപകരുടെ പ്രതിനിധിയെയോ തെരഞ്ഞെടുത്ത് അവശേഷിക്കുന്ന ഒന്നോ രണ്ടോ സ്ഥാനങ്ങള്‍ നികത്താവുന്നതാണ്. ഒരു വര്‍ഷം ഒരു വാര്‍ഡിന് കൂടുതല്‍ പ്രാതിനിധ്യം കിട്ടിയാല്‍ അടുത്ത വര്‍ഷം മറ്റൊരു വാര്‍ഡിന് കൂടുതല്‍ പ്രാതിനിധ്യം കിട്ടാമല്ലോ.
വാര്‍ഡ് അടിസ്ഥാനത്തിലോ അല്ലാതെയോ ആദ്യം മാനേജിംഗ് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുത്തശേഷം അവരില്‍ നിന്ന് പൊതുയോഗം ട്രസ്റ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്ന രീതി പിന്തുടരുന്ന ഇടവകകളുണ്ട്. മുന്നാണ്ട് ട്രസ്റ്റിയെയും സെക്രട്ടറിയെയും ആദ്യമേ തന്നെ ഉള്‍പ്പെടുത്തിയാല്‍ ജോലി വളരെ എളുപ്പമായി. അവര്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും മാനേജിംഗ് കമ്മറ്റിയില്‍ അവര്‍ക്ക് സ്ഥാനം കിട്ടുമെന്ന് ഉറപ്പാണ്.

സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയല്ല. പൊതുയോഗത്തിന് തീരുമാനിക്കാവുന്നതേയുള്ളൂ. ഇതിനുവേണ്ടി സഭാ ഭരണഘടന 129 -ാം വകുപ്പ് അനുസരിച്ചുള്ള ഉപചട്ടം വേണമെന്നില്ല. “ഈ നിയമങ്ങളില്‍ അടങ്ങിയ തത്വത്തിന് വിരോധമല്ലാത്ത ഉപചട്ടങ്ങളെ ഇടവകയോഗം, മെത്രാസന ഇടവകയോഗം, മെത്രാസന കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങള്‍ അപ്പോഴപ്പോള്‍ പാസ്സാക്കി റൂള്‍ കമ്മറ്റി വഴി മാനേജിംഗ് കമ്മറ്റിയില്‍ കൊണ്ടുവന്ന് മാനേജിംഗ് കമ്മറ്റിയുടെ അനുമതിയോടുകൂടി നടപ്പില്‍ വരുത്തിക്കൊള്ളാവുന്നതാകുന്നു” (129 -ാം വകുപ്പ്). സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ ഉള്‍പ്പെടുത്തുക എന്ന നിസ്സാര കാര്യത്തിനുവേണ്ടി റൂള്‍ കമ്മറ്റി വഴി അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ അനുമതി വാങ്ങേണ്ട കാര്യമില്ല.

ഇനിയുമൊരു ഭരണഘടനാ ഭേദഗതി ഉണ്ടാകുമ്പോള്‍ 26 -ാം വകുപ്പിന്‍റെ അവസാനം “കാലാവധി കഴിഞ്ഞു മാറിപ്പോകുന്ന മുന്നാണ്ടു സെക്രട്ടറിയെയും മാനേജിംഗ് കമ്മറ്റിയില്‍ അംഗമാക്കാവുന്നതാകുന്നു” എന്നു കൂടി ചേര്‍ക്കുന്നതു നല്ലതാണ്. ഭരണഘനാ ഭേദഗതി സമയത്ത് ആരും ശ്രദ്ധിക്കാതെ പോയതുകൊണ്ടായിരിക്കാം, 1951 ല്‍ സെക്രട്ടറി സ്ഥാനം പ്രത്യേകമാക്കിയപ്പോള്‍ (വകുപ്പ് 16) തന്നെ 26 -ാം വകുപ്പില്‍ ഈ മാറ്റം വരാതെ പോയത്. എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നതിനാല്‍ ഒന്നിലധികം ട്രസ്റ്റിമാരുള്ള വലിയ ഇടവകകളില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ പിന്നാണ്ട് മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടായേക്കാം. കണക്കനും ക്ലാര്‍ക്കും ഉള്‍പ്പെടെ ഓഫീസ് സംവിധാനമുള്ള വലിയ ഇടവകകളിലും ഇതൊരു അത്യാവശ്യമായി വരണമെന്നില്ല. ഇങ്ങനെയുള്ള ഇടവകകളില്‍ സെക്രട്ടറിക്ക് വലിയ റോള്‍ കാണുകയില്ല. സെക്രട്ടറിക്ക് കാര്യമായ റോള്‍ ഉള്ള ഇടവകകളില്‍ പൊതുയോഗത്തിന് ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍ ഉള്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നു മാത്രമേ ഈ ഭരണഘടനാ ഭേദഗതി നിര്‍ദേശം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ടാണ് “….. അംഗമാക്കേണ്ടതാകുന്നു” എന്നു നിര്‍ദേശിക്കാതെ “………. അംഗമാക്കാവുന്നതാകുന്നു” എന്നു മാത്രം നിര്‍ദേശിച്ചിരിക്കുന്നത്. ഈ അംഗത്തിന് വോട്ടവകാശം കൊടുക്കണമോ വേണ്ടയോ എന്നുള്ളത് പൊതുയോഗം തീരുമാനിക്കേണ്ടതാണ്.

ഇടവക ഭരണ സംവിധാനം തുടര്‍ച്ചാസ്വഭാവമുള്ളതാണ്. ഒരു വര്‍ഷത്തെ മാനേജിംഗ് കമ്മറ്റിയിലെ 20% – 30% അംഗങ്ങള്‍ അടുത്ത വര്‍ഷത്തെ മാനേജിംഗ് കമ്മറ്റിയില്‍ അംഗമാകുന്നത് നല്ലതാണ്. പക്ഷേ അതിന് വ്യവസ്ഥാപിതമായ മാര്‍ഗമില്ലല്ലോ. പല ഇടവകകളിലും എല്ലാ അംഗങ്ങളും മാറാനിടയുണ്ട്. ആ നിലയ്ക്ക് ഏറ്റവും കുറഞ്ഞത് സ്ഥാനമൊഴിയുന്ന ട്രസ്റ്റിയും സെക്രട്ടറിയും തൊട്ടു പിന്നാലെയുള്ള മാനേജിംഗ് കമ്മറ്റിയില്‍ അംഗമാകുമ്പോള്‍ ഇരു മാനേജിംഗ് കമ്മറ്റികളും (മുന്നാണ്ട്, തന്നാണ്ട്) തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളായി വര്‍ത്തിക്കും. ഇരുവരുടെയും അനുഭവങ്ങളും പരിചയസമ്പത്തും പിന്നാലെ വരുന്നവര്‍ക്ക് സഹായകമായിരിക്കും. മിക്ക ഇടവകകളിലും പുതിയ ഭരണസമിതി മാര്‍ച്ച് അവസാനം തെരഞ്ഞെടുക്കപ്പെടുകയും ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ഏപ്രില്‍ – മെയ് മാസങ്ങളില്‍ കൂടുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്നാണ്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത് മുന്നാണ്ട് സെക്രട്ടറിയും മുന്നാണ്ട് വാര്‍ഷിക കണക്ക് അവതരിപ്പിക്കേണ്ടത് മുന്നാണ്ട് ട്രസ്റ്റിയുമാണ്. ചില ഇടവകകളില്‍ തന്നാണ്ട് സെക്രട്ടറിയും തന്നാണ്ട് ട്രസ്റ്റിയുമാണ് ഇവ അവതരിപ്പിക്കുന്നത്. ഏതായാലും അഞ്ചു പേര്‍ (വികാരിയും മുന്നാണ്ട് – തന്നാണ്ട് ട്രസ്റ്റി – സെക്രട്ടറിമാരും) കാര്യമായി സഹകരിച്ചാല്‍ മാത്രമേ ഇതു സുഗമമായി നടപ്പാക്കാനാകൂ. ആ നിലയ്ക്ക് മുന്നാണ്ട് സെക്രട്ടറി മാനേജിംഗ് കമ്മറ്റിയില്‍ അംഗമാകേണ്ടത് എത്രയും അഭികാമ്യമാണ്. വാര്‍ഷിക പൊതുയോഗം കൂടുന്നതുവരെ മുന്നാണ്ട് ട്രസ്റ്റി – സെക്രട്ടറിമാരുടെ ഉത്തരവാദിത്തം പൂര്‍ണമായി അവസാനിക്കുന്നില്ല.

ബാഹ്യകേരള ഭദ്രാസനങ്ങളില്‍, പ്രത്യേകിച്ച് ബാഹ്യഭാരത ഇടവകകളില്‍ പലയിടത്തും സ്ഥാനമൊഴിയുന്ന ട്രസ്റ്റിയെയും സെക്രട്ടറിയെയും പിന്നാണ്ട് മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്താറുണ്ട്. മലങ്കര സഭാ തലത്തില്‍ നോക്കിയാല്‍ സ്ഥാനമൊഴിയുന്ന അസോസിയേഷന്‍ സെക്രട്ടറിയെ വര്‍ക്കിംഗ് കമ്മറ്റിയിലും സ്ഥാനമൊഴിയുന്ന വൈദികട്രസ്റ്റിയെയും അയ്മേനിട്രസ്റ്റിയെയും സഭാ മാനേജിംഗ് കമ്മറ്റിയിലും ഉള്‍പ്പെടുത്തുന്നുണ്ട്. സെക്രട്ടറിയെക്കാള്‍ സമുദായ കൂട്ടു ട്രസ്റ്റിമാര്‍ സ്ഥാനക്രമത്തില്‍ ഉയര്‍ന്നവരാണെങ്കിലും സഭയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുള്ളത് സെക്രട്ടറിയായതുകൊണ്ടാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തുന്നത്. സഭാ ഭരണഘടന 87-ാം വകുപ്പനുസരിച്ചും സഭാ മാനേജിംഗ് കമ്മറ്റിയുടെയും വര്‍ക്കിംഗ് കമ്മറ്റിയുടെയും നടപടിച്ചട്ടങ്ങള്‍ അനുസരിച്ചും ഇതു നിര്‍ബന്ധമല്ലെങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലയൊരു കീഴ്വഴക്കമാണ്. ഇതുപോലെ സ്ഥാനമൊഴിയുന്ന മെത്രാസന സെക്രട്ടറിയെ അടുത്ത മെത്രാസന കൗണ്‍സിലില്‍ അംഗമാക്കുന്നതും നല്ലതാണ്. (മെത്രാസന കൗണ്‍സിലിന്‍റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ മെത്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിംഗ് കമ്മറ്റിയംഗങ്ങളെ അതാത് മെത്രാസന കൗണ്‍സിലില്‍ വോട്ടവകാശമില്ലാത്ത അംഗങ്ങളാക്കാവുന്നതല്ലേ?)

സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ ഇടവക മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം നല്‍കിയ നിര്‍ദേശം ഇങ്ങനെ സംഗ്രഹിക്കാം: “സ്ഥാനമൊഴിയുന്ന ട്രസ്റ്റിയെ അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ പോലും ഇടവക മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പൊതുയോഗം നിശ്ചയിക്കുന്നുവെങ്കില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഇടവക മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പക്ഷേ അദ്ദേഹത്തെ പേരു നിര്‍ദേശിച്ചു തന്നെ തെരഞ്ഞെടുക്കണം. വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തുന്ന ഇടവകകളില്‍ അദ്ദേഹത്തെ പൊതുവായോ വാര്‍ഡിന്‍റെ പ്രതിനിധിയായോ തെരഞ്ഞെടുക്കാവുന്നതാണ്. മുന്നാണ്ട് ട്രസ്റ്റിയെയും സെക്രട്ടറിയെയും ഉള്‍പ്പെടുത്തുമ്പോള്‍ ഇടവക മാനേജിംഗ് കമ്മറ്റിയുടെ ആകെ അംഗസംഖ്യയില്‍ ഓരോ വര്‍ഷവും ചെറിയ വ്യത്യാസം (ഒന്നോ രണ്ടോ) വരുന്നതില്‍ കുഴപ്പമില്ല. അത് പരമാവധി സംഖ്യയില്‍ (1 + 15) കവിയാതിരുന്നാല്‍ മാത്രം മതി. മുന്നാണ്ട് ട്രസ്റ്റിയെയും സെക്രട്ടറിയെയും ഉള്‍പ്പെടുത്തി, വാര്‍ഡ് അടിസ്ഥാനത്തിലോ അല്ലാതെയോ ആദ്യം മാനേജിംഗ് കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുത്തിട്ട് അവരില്‍ നിന്ന് പൊതുയോഗം ട്രസ്റ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്ന രീതിയും നല്ലതാണ്. പൊതുയോഗത്തില്‍ നടക്കേണ്ട ഏതു തെരഞ്ഞെടുപ്പും ആലോചനാ വിഷയത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ നടത്താവൂ.”

മാര്‍ച്ച് പകുതിയ്ക്കുശേഷം (മിക്കവാറും 18, 25 തീയതികളില്‍) മലങ്കര സഭയിലെ മിക്ക ഇടവകകളിലും ഇടവക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ഈ അവസരത്തില്‍ സ്ഥാനമൊഴിയുന്ന ട്രസ്റ്റിയോടൊപ്പം സ്ഥാനമൊഴിയുന്ന സെക്രട്ടറിയെ കൂടി ഇടവക മാനേജിംഗ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഒരു പതിവ് നമുക്ക് ആരംഭിക്കാവുന്നതല്ലേ?

(ലേഖകന്‍റെ ഫോണ്‍ നമ്പര്‍ – 9446412907)

ബഥേല്‍ പത്രിക 2012 ഫെബ്രുവരി ലക്കത്തില്‍ (പേജ് 11 – 13) പ്രസിദ്ധീകരിച്ച ലേഖനം